അല്ല, പ്രവാസി മന്ത്രാലയം ഉണ്ടായിട്ടെന്ത്?

പ്രവാസികാര്യ മന്ത്രാലയത്തിന്‍െറ പിറവിയും മരണവും കണ്ട ഒരു പത്രലേഖകനെന്ന നിലക്ക് പറയട്ടെ: ജന്മം നല്‍കിയ കുഞ്ഞിനെ വികലാംഗനാക്കുകയാണ് യു.പി.എ സര്‍ക്കാര്‍ ചെയ്തത്. എന്‍.ഡി.എ സര്‍ക്കാരോ, 12ാം വയസില്‍ അതിനെ തല്ലിക്കൊന്നു. അതിലപ്പുറമെന്ത്? പ്രവാസികളുടെ ക്ഷേമകാര്യങ്ങള്‍ നോക്കാന്‍ കേന്ദ്രത്തിലും കേരളത്തിലുമൊക്കെ പ്രത്യേക മന്ത്രിയും വകുപ്പും ഉണ്ടാകുന്നത് അങ്ങേയറ്റം നന്ന്. പക്ഷേ, പ്രവാസികളുടെ പേരില്‍ മന്ത്രിമാര്‍ക്കോ അവരുടെ ബ്രോക്കര്‍മാര്‍ക്കോ മൂന്നാംകിട ബിസിനസുകള്‍ അന്താരാഷ്ട്ര തലത്തില്‍ കൊണ്ടുനടക്കാനുള്ള ഏര്‍പ്പാടാക്കി മാറ്റിയ ഒരു വെള്ളാനയാണ് പ്രവാസികാര്യ വകുപ്പെങ്കില്‍, അത്തരത്തിലൊന്ന് ഇല്ലാതെ പോകുന്നതില്‍ നെഞ്ചത്തടിച്ച് നിലവിളിക്കേണ്ട കാര്യം സാധാരണക്കാരായ പ്രവാസികള്‍ക്ക് ഇല്ല. തനിക്ക് താന്‍ മാത്രമാണെന്ന് തിരിച്ചറിഞ്ഞു കൊണ്ടു തന്നെ നൈപുണ്യവും ഇഛാശക്തിയും മുതലാക്കി, പണിയെടുക്കാന്‍ ആരോഗ്യമുള്ള കാലത്തോളം അവന്‍ അന്യനാടിനെ സ്വന്തം നാടായിക്കണ്ട് അവിടത്തെ സാധ്യതകള്‍ ഉപയോഗപ്പെടുത്തുക തന്നെ ചെയ്യും. ലോകത്തിന്‍െറ നാനാഭാഗങ്ങളിലേക്ക് ജീവിതമാര്‍ഗം തേടി കേരളത്തില്‍ നിന്നും മറ്റു സംസ്ഥാനങ്ങളില്‍ നിന്നും കുടിയേറിയവര്‍ എത്രയോ ലക്ഷമാണ്! പ്രവാസികാര്യ മന്ത്രാലയം വരുന്നതിന് എത്രയോ മുമ്പേ, അകലങ്ങളിലെ ജീവിത സാധ്യതകള്‍ തേടി അലഞ്ഞവര്‍. മരുഭൂമിയിലും മഞ്ഞുമേഖലകളിലും മല്ലടിച്ച് അവര്‍ സ്വദേശത്തേക്ക് അയക്കുന്ന പണത്തിന്‍െറ കൊഴുപ്പാണ് യഥാര്‍ഥത്തില്‍, രാഷ്ട്രീയ പാര്‍ട്ടികളുടെയും സര്‍ക്കാറിന്‍െറയും കണ്ണ് പ്രവാസ ലോകത്ത് എത്തിച്ചത്.

വാജ്പേയി സര്‍ക്കാറിന്‍െറ കാലത്ത് എല്‍.എം സിങ്വിയാണ് ബി.ജെ.പിയുടെ വകയായി വാര്‍ഷിക പ്രവാസി സമ്മേളനങ്ങള്‍ തുടങ്ങിവെച്ചത്. 2004ല്‍ യു.പി.എ സര്‍ക്കാര്‍ അധികാരത്തില്‍ വന്നപ്പോള്‍ വിദേശകാര്യ വകുപ്പിന്‍െറ ചില ചുമതലകള്‍ അടര്‍ത്തിമാറ്റി പ്രധാനമന്ത്രി മന്‍മോഹന്‍സിങ് പ്രവാസികാര്യ മന്ത്രാലയം ഉണ്ടാക്കി. ആദ്യം ജഗദീഷ് ടൈറ്റ്ലര്‍, പിന്നെ ഓസ്ക്കാര്‍ ഫെര്‍ണാണ്ടസ്, അതുകഴിഞ്ഞ് മലയാളിയായ വയലാര്‍ രവി എന്നിങ്ങനെ പ്രവാസികാര്യ മന്ത്രിമാര്‍ ഉണ്ടായി.
നരേന്ദ്രമോദി പ്രധാനമന്ത്രിയായപ്പോള്‍ വിദേശകാര്യത്തിനും പ്രവാസികാര്യത്തിനും ഒറ്റ മന്ത്രി മതിയെന്നു തീരുമാനിച്ചു. വാര്‍ഷിക പ്രവാസി സമ്മേളനം 2016ല്‍ വേണ്ടെന്നു വെച്ചു. പ്രവാസി ഭാരതീയ ദിവസ് പരിപാടികള്‍ ഒറ്റ ദിവസത്തെ ‘അനുസ്മരണ’മായി ഒതുങ്ങി. ഇക്കുറി അത് നടക്കുന്നതിന് മുമ്പേ, പ്രവാസികാര്യ മന്ത്രാലയം ഇല്ലാതായെന്ന് വകുപ്പു മന്ത്രി സുഷമാ സ്വരാജ് ‘ട്വീറ്റ്’ ചെയ്തു. ഒരു മന്ത്രാലയം തന്നെ ഇല്ലാതാക്കാനും ഇന്നത്തെ കാലത്ത് ഒരു ട്വിറ്റര്‍ സന്ദേശം മതി! പ്രവാസികാര്യ മന്ത്രാലയം വിദേശകാര്യ മന്ത്രാലയത്തോട് വീണ്ടും ഒട്ടിച്ചു ചേര്‍ക്കുമ്പോള്‍, വലിയതെന്തോ കൈവിട്ടുപോയെന്ന നഷ്ടബോധമാണ് പ്രവാസികള്‍ക്കിടയില്‍ നുരഞ്ഞു പൊന്തുന്നത്. ശരിയാണ്. മാതൃഭൂമിയില്‍ നിന്നും ബന്ധുക്കളില്‍ നിന്നുമെല്ലാം അകന്ന്, പരദേശത്ത് കഴിയേണ്ടി വരുന്നവരുടെ പ്രയാസങ്ങള്‍ മാറ്റിയെടുക്കാന്‍, അവരുടെ ക്ഷേമത്തിന്, നാടുമായി ബന്ധിപ്പിച്ചു നിര്‍ത്താന്‍, മെച്ചപ്പെട്ട നിക്ഷേപ സാധ്യതകള്‍ നല്‍കി വികസനത്തില്‍ പങ്കാളിയാക്കാനെല്ലാം ക്രിയാത്മകമായി പ്രവര്‍ത്തിക്കേണ്ട മന്ത്രാലയമാണ് ഇല്ലാതാകുന്നത്. ഇനി വിദേശകാര്യ വകുപ്പിലെ പിടികിട്ടാത്ത ഉപവിഭാഗങ്ങളിലൂടെയാണ് ഇനി പ്രവാസി ഓരോ കാര്യത്തിനും നിരങ്ങേണ്ടത്.

പ്രതിവര്‍ഷം 100 കോടിയില്‍ താഴെ മാത്രം ബജറ്റ് വിഹിതമുള്ള ഒരു മന്ത്രാലയമായിരുന്നു പ്രവാസികള്‍ക്ക് വേണ്ടി ഉണ്ടായിരുന്നത്. ആ പണത്തില്‍ നല്ളൊരു പങ്ക് മൂന്നു ദിവസത്തെ പ്രവാസി ഭാരതീയ കൂത്തിനും കൂത്താട്ടത്തിനുമായി വിനിയോഗിച്ചെന്നാണ് ചരിത്രം. പല സംസ്ഥാനങ്ങളില്‍ പല വര്‍ഷങ്ങളിലായി നടന്ന പ്രവാസി സമ്മേളനം പണക്കൊഴുപ്പിന്‍െറ മദപ്പാടുള്ള പ്രവാസിക്ക് പട്ടും വളയും പെരുമയും ചാര്‍ത്തിക്കൊടുക്കാനുള്ള വേദി കൂടിയായിരുന്നു. ഉപജീവനം തേടുന്ന പ്രവാസിയും അവന്‍െറ പ്രയാസങ്ങളുമെല്ലാം അതിനിടയില്‍ ഞെരിഞ്ഞമര്‍ന്നു കിടന്നു. ജഗദീഷ് ടൈറ്റ്ലറെയും ഓസ്ക്കാര്‍ ഫെര്‍ണാണ്ടസിനെയും വെറുതെ വിടാം. പ്രവാസികാര്യ മന്ത്രാലയം താല്‍ക്കാലിക ഇരിപ്പിടമായി മാത്രം കണ്ടവര്‍. അവിടേക്ക് വയലാര്‍ രവി കടന്നു വന്നപ്പോള്‍, ഭരണത്തഴക്കമുള്ള കൈകളില്‍ നിന്ന് ചില നല്ല തുടക്കങ്ങള്‍ പ്രതീക്ഷിച്ചവരാണ് പ്രവാസി സമൂഹം. നിരാശയും രോഷവുമാണ് വയലാര്‍ രവി കോരി വിളമ്പിയത്. പരാതിയും പ്രയാസങ്ങളും കേള്‍ക്കാനും പരിഹരിക്കാനും അദ്ദേഹത്തിന് മനസില്ലായിരുന്നു. യഥാര്‍ഥ പ്രവാസിയെ അകറ്റിനിര്‍ത്തിയ മന്ത്രിയെന്ന് രവിയെ ചരിത്രം സാക്ഷ്യപ്പെടുത്തുമെന്ന് പറയേണ്ടി വരുന്നു. ലോക്സഭാ സ്പീക്കറായിരുന്ന കാലത്ത് സോമനാഥ് ചാറ്റര്‍ജി ഒരു പരിപാടിയില്‍ രവിയെ കളിയാക്കിയത്, നാട്ടില്‍ നില്‍ക്കാന്‍ സമയമില്ലാത്ത വിധം പറന്നു നടക്കുന്ന പ്രവാസികാര്യ മന്ത്രിയെന്നായിരുന്നു.

പ്രവാസ നാടുകളിലെ അനിശ്ചിതാവസ്ഥയും പേറി മലയാളികളടക്കമുള്ള പ്രവാസികള്‍ നാട്ടിലേക്ക് ഭാണ്ഡക്കെട്ടു മുറുക്കിയ സമയങ്ങളുണ്ടായിരുന്നു. അവരുടെ പുനരധിവാസത്തെക്കുറിച്ച് അഴകുള്ള പ്രസ്താവനകള്‍ വെണ്ടക്ക തലക്കെട്ടായി വന്നതല്ലാതെ എന്തു സംഭവിച്ചു? വോട്ടവകാശം, എമിഗ്രേഷന്‍ നിയമം, ജയിലുകള്‍ കഴിയുന്ന നിരപരാധികള്‍, തട്ടിക്കൊണ്ടു പോയ പ്രവാസികളുടെ മോചനം എന്നിങ്ങനെ നീളുന്ന ഒരുപാട് വിഷയങ്ങളെക്കുറിച്ച് അക്കമിട്ടു നിരത്തുന്നില്ല. അക്ബര്‍ ഭവനിലെ പ്രവാസികാര്യ മന്ത്രാലയം അതിലേക്കൊന്നും ശ്രദ്ധാപൂര്‍വം കണ്ണുവെക്കാത്ത നോക്കുകുത്തിയായി. കണ്ണിനും ജീവനും പോറലേല്‍ക്കാതെ സൗദി ജയിലില്‍ നിന്ന് നൗഷാദ് എന്നൊരാള്‍ നാട്ടിലത്തെിയത് ഓര്‍മ വരുന്നു. കാര്യമെന്തു പറഞ്ഞാലും അത്, വിദേശകാര്യ സഹമന്ത്രി ഇ. അഹ്മദിന്‍െറ മിടുക്കായിരുന്നു. അഥവാ, സൗദി രാജാവ് റിപ്പബ്ളിക്ദിന വിശിഷ്ടാതിഥിയായി എത്തുന്ന സവിശേഷ സാഹചര്യത്തിലായിരുന്നു. കഴിഞ്ഞ കൊല്ലം പ്രവാസി ഭാരതീയ സമ്മാന്‍ നേടിയ അഷ്റഫ് എന്ന മലയാളിക്ക് അതിനുള്ള അര്‍ഹത ആരും ചോദ്യം ചെയ്തില്ല. അതിനു മുന്‍വര്‍ഷങ്ങളില്‍ ഡല്‍ഹിയില്‍ ചരടുവലിക്കാനും മന്ത്രിമാരെ പലേടത്തും കൊണ്ടുനടക്കാനും കെല്‍പുള്ള വമ്പന്മാര്‍ പ്രവാസി സമ്മാനം സംഘടിപ്പിക്കുകയായിരുന്നുവെന്ന് ആര്‍ക്കാണ് അറിയാത്തത്? ഇങ്ങനെ സ്വാധീനിച്ച് പത്മ പുരസ്ക്കാരം വരെ പ്രവാസി മുതലാളിമാര്‍ വാങ്ങുകയും മുഴുക്കോള പത്രപരസ്യങ്ങളില്‍ അവര്‍ നിറഞ്ഞു നില്‍ക്കുകയും ചെയ്തു. പാവം പ്രവാസിക്കും പത്രവായനക്കാര്‍ക്കുമാണ് അന്നേരം നാണം വന്നത്! പ്രവാസികളുമായി പാലമിടാനും വിടുവേലക്കുമായി ഡല്‍ഹിയില്‍ മൂന്നു മലയാളി പത്രക്കാര്‍ക്കാണ് 10 വര്‍ഷത്തെ അമേരിക്കന്‍ വിസ തരപ്പെടുത്തി കൊടുത്തതെന്നു കൂടി കൂട്ടിച്ചേര്‍ക്കാം. കേരളത്തിലേക്ക് നോക്കിയാല്‍, കുവൈത്തില്‍ കാലു കുത്താന്‍ ദശാംശം മായ്ച്ചു കളഞ്ഞ് 20-25 ലക്ഷം രൂപ വരെ പാവം മലയാളി നഴ്സുമാരില്‍ നിന്ന് ഒരു വങ്കന്‍ ഊറ്റിയെടുത്തു വന്നിരുന്നത് അറിയാത്ത ഭാവത്തിലാണ് പ്രവാസികാര്യ വകുപ്പ് കുടപിടിച്ചു നിന്നത്.

കേന്ദ്രം നിര്‍ത്തിയ പ്രവാസി സമ്മേളന കൊട്ടുകുരവകള്‍ കേരളത്തില്‍ തുടര്‍ന്നു കൊണ്ടുപോകുന്ന കേരളത്തിലെ പ്രവാസികാര്യ വകുപ്പിന് എന്താണ് ആത്മാര്‍ഥതയെന്ന് ചോദിക്കാന്‍ തോന്നിപ്പോകുന്നു. സംസ്ഥാന സര്‍ക്കാര്‍ പ്രവാസിക്ക് വേണ്ടി വിലപിക്കുന്നതും വോട്ടും പണവും കണ്ടാണ്. പ്രവാസികാര്യ മന്ത്രാലയത്തിന്‍െറ ഉദ്ദേശലക്ഷ്യങ്ങള്‍ ഷണ്ഡീകരിച്ച്, സ്വന്തം കാര്യവും സ്വന്തക്കാരുടെ കാര്യവും മുന്നോട്ടു നീക്കാനുള്ള മറയായി പ്രവാസികാര്യം എന്നൊരു വകുപ്പ് ഇല്ലാതിരിക്കുന്നതാണ് ഭേദം. പ്രവാസികാര്യ വകുപ്പു നമുക്കു വേണം എന്നു മനസില്‍ വാദിക്കുമ്പോള്‍, അതുണ്ടായിട്ട് 12 കൊല്ലം കൊണ്ട് എന്തു നേടി എന്നാണ് ചോദിക്കാന്‍ വരുന്നത്. പിഴവുകള്‍ തീര്‍ത്തെടുക്കേണ്ടതിനു പകരം, പ്രവാസികള്‍ക്ക് പ്രതീക്ഷയായിത്തീരേണ്ട ഒരു മന്ത്രാലയത്തെ കൊന്നുകളയുകയാണോ വേണ്ടിയിരുന്നത് എന്ന ചോദ്യത്തിന് അത് ഉത്തരമാവുന്നുമില്ല.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-11-14 01:21 GMT