പുരസ്കാരങ്ങൾ ന്യൂജനിലേക്ക്

കിതച്ചുകൊണ്ട് പഴയ കളിക്കാർ മാറി നിൽക്കുേമ്പാൾ ചോരയും നീരുമുള്ള ചെറുപ്പക്കാർ കളത്തിലിറങ്ങുക സ്വാഭാവികം. ഇവിടെ കളിക്കളം വെള്ളിത്തിരയാണ്. കളിക്കുന്നവർ പുതിയ പിള്ളേരും. കഴിഞ്ഞവർഷം മുതൽ സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങൾ ന്യൂജനറേഷെൻറ കൈകളിലേക്കാണ് പോവുന്നത്.  പോയവർഷം നിവിൻ പോളിയും സുദേവ് നായരും മികച്ച നടനുള്ള പുരസ്കാരം പകുത്തു. ചാർലിയെന്ന ചിത്രത്തിലൂടെ ഈ വർഷം ദുൽഖർ സൽമാൻ മികച്ച നടനായംഗീകരിക്കെപ്പട്ടിരിക്കുന്നു. വളരെ കുറച്ച് ചിത്രങ്ങളുമായി സൂപ്പർതാര പദവിയിലേക്ക്  കയറിച്ചെല്ലുന്ന ഘട്ടത്തിൽ ഇൗ യുവ പ്രതിഭയുടെ കയ്യിൽ എത്തിച്ചേരുന്ന അംഗീകാരത്തിന് മാറ്റേറുന്നു. പുരസ്കാരപ്പട്ടികയിൽ പിതാവുകൂടിയായ മമ്മൂട്ടിയുമായി ഇേഞ്ചാടിഞ്ച് പോരാട്ടം നടത്തിയാണ് ദുൽഖർ അവാർഡിന് അർഹനായത്. ഒരുപക്ഷേ പുതു തലമുറ ചിത്രങ്ങളെ പോലെ മമ്മൂട്ടി പോലും ആലോചിക്കാത്ത ട്വിസ്റ്റാണ് പുരസ്കാര നിർണയത്തിലുമുണ്ടായത്. മമ്മൂട്ടിയും പൃഥ്വിരാജും ജയസൂര്യയുമാണ് മികച്ച നടനുള്ള അവാർഡ് പട്ടികയിലുണ്ടായിരുന്നത്. അവസാന നിമിഷം പട്ടികയിലേക്ക് കയറി ദുൽഖർ  അവാർഡ് നേടുന്നതാണ് പിന്നീട് കണ്ടത്.

ചാർലിയെന്ന ചിത്രം കണ്ടിറങ്ങിയവരുടെ മനസിൽ ദുൽഖറിന്‍റെ കഥാപാത്രം മായാതെ നിൽക്കുമെന്നതിൽ സംശയമില്ല. ജൂറിയുടെ മനസിലും ചാർലി തങ്ങിനിന്നതാവും പളളിക്കൽ നാരായണ മേനോനെയും മൊയ്തീനെയും തള്ളി ചാർലി തന്നെ അവാർഡ് നേടിയത്. ചിത്രത്തിൽ ഒരു കാറ്റായി വന്ന് മനസ് കീഴടക്കുന്നവനാണ് ചാർലി. അയാളെ കാത്ത് നിൽകുന്നവർക്ക് വേണ്ടിയല്ല, കാത്ത് നിൽക്കാത്തവർക്കിടയിലേക്ക് അപ്രതീക്ഷിതമായി വന്ന് സന്തോഷം നിറച്ച് പെട്ടെന്ന് അപ്രത്യക്ഷമാകുന്നവനാണ് ചാർലി.

ഒരു പ്രവാചക ദൗത്യത്തെയാണ് ചാര്‍ലി ഓര്‍മിപ്പിക്കുന്നത്. വേശ്യക്ക് സ്നേഹം നല്‍കുന്ന യേശുവായും കള്ളന് ഭക്ഷണം നല്‍കുന്ന സൂഫിയായും ചാര്‍ലി മാറുന്നുണ്ട്. ആത്മീയാന്വേഷകനായി യാത്ര ചെയ്യുന്ന സൂഫീ ഗുരുവാണ് അയാള്‍. കൈയ്യില്‍ ഒന്നുമില്ലാതെ, ഭൗതികമായി ഒന്നും സമ്പാദിക്കാതെ ദൈവിക പ്രണയത്തിന് വേണ്ടി മാത്രം യാത്ര ചെയ്യുന്ന 'ധനികന്‍'.
മുൻ കാല ചിത്രങ്ങളെ അപേക്ഷിച്ച് ദുൽഖർ പ്രകടനം കൊണ്ട് വിസ്മയിപ്പിച്ച ചിത്രമായിരുന്നു ഇത്. ചിത്രത്തിലെ ചാർലി മലയാളി കണ്ട് മറന്ന മോഹൻലാൽ കഥാപാത്രങ്ങളായിരുന്നുവെന്ന ആക്ഷേപം ഉയർന്നിരുന്നു. എന്നാൽ മറ്റു ചിത്രങ്ങളിൽ ഉണ്ടായിരുന്ന 'മമ്മൂട്ടി' അനുകരണം കുടഞ്ഞ് കളഞ്ഞ ദുൽഖർ ആയിരുന്നു സത്യത്തിൽ അത്. മമ്മൂട്ടിയിൽ നിന്നും ഏറെ ദൂരെയുള്ള ദുൽഖറിനെയായിരുന്നു ആരാധകരും കൈ നീട്ടി സ്വീകരിച്ചത്.

എന്ന് നിന്‍റെ മൊയ്തീനിന് ശേഷം യുവമനസുകൾ കീഴടക്കിയ സമയത്താണ് ചാർലിയിലൂടെ പാർവതി വീണ്ടും  അമ്പരപ്പിച്ചത്. ഒാരോ ചിത്രത്തിലും പാർവതി വരുത്തുന്ന ഗെറ്റപ്പുകളെല്ലാം കണ്ട് കണ്ണ് മിഴിച്ച് നിൽക്കുകയായിരുന്നു പ്രേക്ഷകർ. മൊയ്തീനിലെ കാഞ്ചന മനസ്സിൽ നീറ്റലായി നിൽക്കുമ്പോഴാണ് ചാർലിയിലെ ടെസ്സ ആരാധകരുടെ മനസ് നിറച്ചത്. നോട്ട്ബുക്കിലൂടെ മലയാളത്തിൽ വന്ന് ഇടക്കാലത്ത് തമിഴിലേക്ക് ചേക്കേറിയ പാർവതി ബാംഗ്ലൂർ ഡെയ്സിലൂടെ ശക്തമായ തിരിച്ചുവരവാണ് നടത്തിയത്. സത്യാന്വേഷികളായ സൂഫീ ഗുരുക്കളെ തേടി ശിഷ്യര്‍ നടത്തുന്ന യാത്രയെ പോലെയായിരുന്നു ടെസ ചാർലിയിലേക്ക് നടത്തിയ യാത്ര.

‘ഒരാൾപൊക്കത്തിലൂ’ടെ തന്‍റെ  മിടുക്ക് മലയാളികൾക്കു കാണിച്ച് തന്ന സംവിധായകനായിരുന്നു സനൽകുമാർ ശശിധരൻ. ഒരാൾപൊക്കത്തേക്കാൾ പൊക്കം കൂടിയ ചിത്രമാണ് 'ഒഴിവുദിവസത്തെ കളി'യെന്ന് നിരൂപകർ അടിവരയിട്ടതിന്‍റെ തെളിവാണ് ഈ സിനിമ തന്നെ മികച്ച ചിത്രമായി തെരഞ്ഞെടുത്തത്. മലയാളത്തിൽ വാണിജ്യസിനിമകളുടെ ഭാഗമാകാതെ കലാമൂല്യ സിനിമയൊരുക്കുന്ന സമാന്തര വിഭാഗക്കാർക്ക് പുരസ്കാരങ്ങൾ ലഭിക്കുന്നുവെന്നത് ശുഭസൂചകമാണ്. കഴിഞ്ഞവർഷം സുദേവന്‍റെ ‘ക്രൈം നമ്പറി’നും ജയരാജിന്‍റെ ‘ഒറ്റാലി’നും ശേഷം അർഹിക്കുന്ന കൈകളിൽ തന്നെയാണ് പുരസ്കാരം എത്തിയത്.
 

‘ബെസ്റ്റ് ആക്ടർ’ എന്ന മമ്മൂട്ടി ചിത്രത്തിനും ‘എ.ബി.സി.ഡി’ എന്ന ദുൽഖർ ചിത്രത്തിനും ശേഷമാണ് മാർട്ടിൻ പ്രക്കാട്ട് ചാർലിയൊരുക്കുന്നത്. മറ്റ് രണ്ട് ചിത്രങ്ങളും കൊമേഷ്യൽ ചേരുവയിലൊരുക്കിയ മാർട്ടിൻ വാണിജ്യ– കലാമൂല്യ ചേരുവകൾക്ക് ഇടയിൽ നിൽകുന്ന ചിത്രമായാണ് ചാർലിയൊരുക്കിയത്. അതിനാൽ തന്നെ രണ്ടുതരത്തിലുള്ള പ്രേക്ഷകരെ നേടാനും ചിത്രത്തിനായിട്ടുണ്ട്. എന്ന് നിന്‍റെ മൊയ്തീൻ ഒരുക്കി‍യ ആർ.എസ് വിമലും ഈ രീതി തന്നെയാണ് പിന്തുടർന്നത്. എന്ന് നിന്‍റെ മൊയ്തീൻ മികച്ച ചിത്രമെന്ന പട്ടികയിൽ നിന്ന് ജനപ്രിയ ചിത്രമെന്ന പട്ടികയിലാണ് ഇടം പിടിച്ചത്.

2015ൽ പ്രേക്ഷകർ നെഞ്ചേറ്റിയ മികച്ച ചിത്രങ്ങൾക്കെല്ലാം അവാർഡ് ലഭിച്ചത് സംസ്ഥാന അവാർഡിന്‍റെ മികവ് തന്നെയാണ് വിളിച്ചോതുന്നതെന്ന് ചുരുക്കം. പുരസ്കാരത്തിന്‍റെ അകമ്പടിയായി വരുന്ന പതിവ് വിവാദങ്ങൾ ഒഴിഞ്ഞ്നിന്നതും യാദൃശ്ചികമല്ല.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.