ജനുവരി കഴിഞ്ഞാല്‍ ജിയോ എന്തു ചെയ്യും?

വോയ്സ് കോളുകള്‍ക്ക് പണം നല്‍കുന്ന കാലം കഴിഞ്ഞത്രെ. പക്ഷെ, വോയ്സ് കോളുകള്‍ വിളിക്കാന്‍ ഇന്‍റര്‍നെറ്റ് ഡാറ്റക്ക് പണം നല്‍കേണ്ട കാലമാണ് ഇനി വരുന്നത്. ഡാറ്റയുണ്ടെങ്കില്‍ മാത്രമേ ഇനി വിളി നടക്കൂ. മൊബൈല്‍ ഫോണുകള്‍ക്ക് തൊട്ടാല്‍പൊള്ളുന്ന വിലയുള്ള കാലമുണ്ടായിരുന്നു. വരുന്ന വിളികള്‍ക്ക് (ഇന്‍കമിങ്) പോലും പൈസ കൊടുക്കേണ്ട നാളുകള്‍. അന്നേരം 500 രൂപയുടെ മൊബൈല്‍ ഫോണിലൂടെ സാധാരണക്കാരനെ തങ്ങളിലേക്ക് അടുപ്പിച്ച റിലയന്‍സ് ഇത്തവണ മറ്റൊരു തന്ത്രവുമായാണ് എത്തുന്നത്. മറ്റൊരു സിമ്മും പ്രവര്‍ത്തിക്കാത്ത സി.ഡി.എം.എ ഫോണുകള്‍ ആയിരുന്നു അന്ന് അനില്‍ അംബാനിയുടെ റിലയന്‍സ് വാങ്ങിപ്പിച്ചത്. ചെവി തുളക്കുന്ന ഒച്ചയില്‍ കീ കീ എന്ന് അലച്ചിരുന്ന മോണോഫോണിക് റിങ്ടോണുള്ള നോക്കിയ ഫോണുകളുടെ സ്ഥാനത്ത് റിലയന്‍സിന്‍െറ ഫോണുകള്‍ ഇമ്പമുള്ള പോളിഫോണിക് റിങ്ടോണുകള്‍ കാതിലെത്തിച്ചു. മൊബൈല്‍ ഫോണ്‍ വില കുറഞ്ഞ് സാങ്കേതികവിദ്യ വികസിച്ചപ്പോള്‍ ആളുകള്‍ റിലയന്‍സിനെ ഉപേക്ഷിച്ച് മറ്റ് കമ്പനികളുടെ പിറകെപോയി. പിന്നെ ഏത് ഫോണിലും ഇടാവുന്ന ജി.എസ്.എം സിമ്മുമായി എത്തിയെങ്കിലും പച്ചതൊട്ടില്ല.

വര്‍ഷങ്ങള്‍ക്കുശേഷം സ്മാര്‍ട്ട്ഫോണുകള്‍ ഏവരെയും കീഴടക്കിയ കാലത്താണ് ഒന്നും രണ്ടും മൂന്നും കഴിഞ്ഞ് നാലാംതലമുറയില്‍ എത്തിനില്‍ക്കുന്ന മൊബൈല്‍ സാങ്കേതികവിദ്യയെ കൂട്ടുപിടിച്ച് മുകേഷ് അംബാനിയുടെ റിലയന്‍സ് ജിയോ ഇന്‍ഫോകോം അരങ്ങുവാഴാനെത്തുന്നത്. ഫോര്‍ജിയും വീഡിയോ കോളും വ്യാപകമാവാത്ത നാട്ടിലേക്കാണ് ഈ വഴിയില്‍ മാത്രം കണ്ണുനട്ട് റിലയന്‍സിന്‍െറ കടന്നുവരവ്. നിലവില്‍ ഇന്ത്യയില്‍ ഇന്‍റര്‍നെറ്റ് ഉപയോഗിക്കുന്നത് 15 ശതമാനം ആള്‍ക്കാരാണ്. ഇന്ത്യന്‍ ജനസംഖ്യയുടെ 90 ശതമാനത്തെ 2017 മാര്‍ച്ചോടെ കൈപ്പിടിയില്‍ ഒതുക്കുകയാണ് ലക്ഷ്യമെന്ന് റിലയന്‍സ് ചെയര്‍മാന്‍ മുകേഷ് അംബാനി പ്രഖ്യാപിച്ചിട്ടുണ്ട്. ഉടന്‍ 10 കോടി ഉപഭോക്താക്കളെയാണ് പ്രതീക്ഷിക്കുന്നത്. 18,000 നഗരങ്ങളും രണ്ട് ലക്ഷം ഗ്രാമങ്ങളും ജിയോ ഫോര്‍ജി നെറ്റ്വര്‍ക്കിന്‍െറ പരിധിയിലാണ്. ജീവനക്കാര്‍, കച്ചവടക്കാര്‍, അഭ്യൂദയകാംക്ഷികള്‍ എന്നിവരെല്ലമായി പരീക്ഷണഘട്ടത്തില്‍ 15 ലക്ഷം ഉപഭോക്താക്കളാണ് ജിയോക്ക് ഇപ്പോഴുള്ളത്.

ഞെട്ടിത്തരിച്ച് കമ്പനികള്‍

വന്‍ പ്രചാരണങ്ങളുടെ അകമ്പടിയോടെയുള്ള വരവില്‍ നിലവിലെ മൊബൈല്‍ സേവന ദാതാക്കളുടെ ചങ്കിടിപ്പേറി. ജിയോക്ക് രാജ്യവ്യാപകമായി ഫോര്‍ജി നെറ്റ്് വര്‍ക്കുണ്ട്. നിലവിലെ വമ്പന്‍ കമ്പനികള്‍ക്ക് പലര്‍ക്കും ഇല്ലാത്തതും അതാണ്. ത്രീജി തന്നെ നഗരങ്ങള്‍ കേന്ദ്രീകരിച്ചാണ്. പല കമ്പനികളും തെരഞ്ഞെടുത്ത വന്‍നഗരങ്ങളില്‍ മാത്രമാണ് ഫോര്‍ജി സേവനം നല്‍കുന്നത്. ഇതിനിടെ രാജ്യമെങ്ങും ഫോര്‍ജി എല്‍.ടി.ഇ എന്ന വാഗ്ദാനം നല്‍കിയ ജിയോയെ കണ്ട് ഞെട്ടാതിരിക്കുന്നതെങ്ങനെ? കൂടാതെ കുറഞ്ഞനിരക്കെന്ന മുദ്രാവാക്യംകേട്ട് എയര്‍ടെലും ബി.എസ്.എൻ.എല്ലും നിരക്കുകള്‍ കുത്തനെ കുറച്ചപ്പോള്‍ അതിലുമേറെ ഇളവുമായി വൊഡാഫോണുമെത്തി. എയര്‍ടെല്‍ നിരക്കുകള്‍ 80 ശതമാനം വരെ കുറച്ചു. ഒരു ജി.ബിക്ക് താഴെയുള്ള ഡാറ്റ നിരക്ക് ഐഡിയയും കുറച്ചു. ഫോര്‍ജി സേവനം വിപുലമാക്കാനും കമ്പനികള്‍  നെട്ടോട്ടത്തിലാണ്. റിലയന്‍സിന്‍െറ സൗജന്യ കാലയളവായ ഡിസംബര്‍ വരെ ടെലികോം മേഖലയില്‍ കടുത്ത മത്സരം തന്നെ പ്രതീക്ഷിക്കാം. നിരക്കു കുറച്ചും ചെപ്പടിവിദ്യകള്‍ കാട്ടിയും ആളുകളെ പിടിച്ചു നിര്‍ത്താനും പിടിച്ചെടുക്കാനുമുള്ള പോരാട്ടം ഉപഭോക്താവിന് ഗുണംചെയ്യുമെന്ന് കരുതാം.

സൗജന്യം നാലുമാസം

ആരംഭ സമ്മാനം എന്ന നിലയില്‍ ഡിസംബര്‍ 31 വരെയാണ് ജിയോ സൗജന്യ ഉപയോഗത്തിന്‍െറ നാളുകള്‍.  ഇതനുസരിച്ച് ഇന്ത്യയില്‍ പരിധിയില്ലാതെ സൗജന്യമായി ലോക്കല്‍ കോളുകളും എസ്.റ്റി.ഡി വോയ്സ് കോളുകളും വിളിക്കാം. ഇന്ത്യക്കുള്ളില്‍ റോമിങ്ങിനും ഈ കാലയളവില്‍ കാശു നല്‍കണ്ടേ. ഡാറ്റ പ്ലാനുകളില്‍ ജിയോ ആപ് ഉപയോഗവും സൗജന്യമാണ്. 2017 ജനുവരി ഒന്ന് മുതല്‍ ഇതിന് ചാര്‍ജ് ഈടാക്കിത്തുടങ്ങും. ഡാറ്റ ചാര്‍ജ് മാത്രം വരുമെങ്കിലും ലോക്കല്‍, എസ്.റ്റി.ഡി വീഡിയോ കോളുകളും സൗജന്യമാണ്. അണ്‍ലിമിറ്റഡ് ഫോര്‍ജി എല്‍ടിഇ രാത്രി പ്ലാനുണ്ട്. അത് പുലര്‍ച്ചെ രണ്ട് മുതല്‍ അഞ്ചുവരെയാണ്. മറ്റ് സേവനദാതാക്കളെ പോലെ അര്‍ധരാത്രി 12 മുതല്‍ രാവിലെ ആറുവരെയല്ല. ഇപ്പോള്‍ എല്ലാ സ്മാര്‍ട്ട്ഫോണ്‍ ബ്രാന്‍ഡുകള്‍ക്കും ജിയോ ഫോര്‍ജി ഓഫറുണ്ട്. ആദ്യം ഇത് റിലയന്‍സ് ലൈഫ് ഫോണുകള്‍ക്ക് മാത്രമായിരുന്നു. ഇനി സ്മാര്‍ട്ട്ഫോണ്‍ ഇല്ലെങ്കില്‍ വൈ ഫൈ റൂട്ടറായ ജിയോഫൈ (JioFi) ഡിവൈസ് ഉപയോഗിച്ച് 10 ഉപകരണങ്ങളില്‍ ജിയോ ഫോര്‍ജി ഉപയോഗിക്കാം. റിലയന്‍സ് ഡിജിറ്റല്‍ സ്റ്റോറിലോ ഡിജിറ്റല്‍ എക്സ്പ്രസ് മിനി സ്റ്റോറിലോ തിരിച്ചറിയല്‍ രേഖകളും ഫോട്ടോയുമായി ചെന്നാല്‍ ജിയോ ഫോര്‍ജി സിം കാര്‍ഡ് കിട്ടും. രണ്ട് ലക്ഷം കടകളില്‍ സിം  സെപ്റ്റംബര്‍ അഞ്ച് മുതല്‍ ലഭ്യമാകും.

ജിയോയില്‍ എങ്ങനെ വി.ഒ എൽ.ടി.ഇ?

ശബ്ദ, വീഡിയോ സേവനങ്ങള്‍ നല്‍കാന്‍ റിലയന്‍സ് ജിയോ ആശ്രയിക്കുന്നത് വോയ്സ് ഓവര്‍ എൽ.ടി.ഇയെ ആണ്. ത്രീജി, ടുജി കണക്ടിവിറ്റിയിലേക്ക് താഴാതെ സേവനങ്ങള്‍ നല്‍കുകയാണ് ഇവിടെ. ഇതിനായി ജിയോ പണ്ട് മൊബൈല്‍ വിപ്ലവത്തിന് തിരി കൊളുത്തിയ അനില്‍ അംബാനിയുടെ റിലയന്‍സ് കമ്യൂണിക്കേഷന്‍സുമായി (RCom) കൈകോര്‍ത്തിട്ടുണ്ട്. ജിയോയും ആര്‍കോമും ചേര്‍ന്ന്  17 സര്‍ക്കിളുകളില്‍ സ്പെക്ട്രം പങ്കിടുന്നുണ്ട്. വി.ഒ എൽ.ടി.ഇ സേവനത്തിനായി ആര്‍കോമിന് എല്ലാ സര്‍ക്കിളുകളിലും കാര്യക്ഷമമായ 850 Mhzല്‍ ബാന്‍ഡുണ്ട്. 13 സര്‍ക്കിളുകളില്‍ 2100 Mhz സ്പെക്ട്രത്തില്‍ ഉദാരവുമാണ്. ജിയോക്ക് വി.ഒ എൽ.ടി.ഇ സേവനത്തിന് എല്ലാ സര്‍ക്കിളുകളിലും 2300 Mhz ബാന്‍ഡാണുള്ളത്. ഇത് 850 Mhz ബാന്‍ഡിനേക്കാള്‍ കാര്യക്ഷമത കുറഞ്ഞതാണ്.

എന്താണ് വി.ഒ എൽ.ടി.ഇ?

നാലാംതലമുറ മൊബൈല്‍ സേവനമായ ഫോര്‍ജി അതിവേഗവും ഗുണമേന്മയും അത്തുചേരുന്നതാണ്. ഫോര്‍ജിയില്‍ കുറച്ചുകൂടി വികസിത സാങ്കേതികവിദ്യയാണ് എൽ.ടി.ഇ അഥവാ ലോങ് ടേം ഇവല്യൂഷന്‍. അതിവേഗമുള്ള ബ്രോഡ്ബാന്‍ഡ് സേവനത്തിന്‍െറ സാങ്കേതിക നിലവാരമാണ് എൽ.ടി.ഇ എന്നു പറയുന്നത്. വി.ഒ എൽ.ടി.ഇ (VoLTE) എന്ന് പറഞ്ഞാല്‍ വോയ്സ് ഓവര്‍ ലോങ് ടേം ഇവല്യൂഷന്‍. ഇന്‍റര്‍നെറ്റ് പ്രോട്ടോക്കോള്‍ അടിസ്ഥാനമായ എൽ.ടി.ഇ നെറ്റ് വര്‍ക്കാണിത്. എൽ.ടി.ഇ നെറ്റ് വര്‍ക്കില്‍ ശബ്ദകോളുകള്‍ വിളിക്കാനുള്ള സംവിധാനമാണ് വി.ഒ എൽ.ടി.ഇ.

സാധാരണ മൊബൈല്‍ നെറ്റ് വര്‍ക്കിനേക്കാള്‍ നിലവാരം കൂടിയ ഹൈ ഡെഫനിഷന്‍ ശബ്ദ കോളിങ് ആണ് വി.ഒ എൽ.ടി.ഇ സമ്മാനിക്കുന്നത്. സുവ്യക്തമായ ശബ്ദം, മിഴിവുള്ള വീഡിയോ, വേഗത്തില്‍ കോള്‍ ലഭിക്കല്‍, ഇന്‍റര്‍നെറ്റും വോയ്സും കോളുകളും ഒരേസമയം ഉപയോഗിക്കല്‍ എന്നിവ വി.ഒ എൽ.ടിയില്‍ സാധ്യമാകും. സഞ്ചരിക്കുമ്പോള്‍ സെക്കന്‍ഡില്‍ 100 മുതല്‍ 150 മെഗാബിറ്റ്സ് വരെയും അനങ്ങാതെ നില്‍ക്കുമ്പോള്‍ സെക്കന്‍ഡില്‍ ഒരു ജി.ബി വരെയും ഡാറ്റ വേഗമുണ്ട്. സാധാരണ ഇന്‍റര്‍നെറ്റ് പ്രവര്‍ത്തിക്കുന്നതുപോലെ ഐ.പി (ഇന്‍റര്‍നെറ്റ് പ്രോട്ടോക്കോള്‍) മള്‍ട്ടിമീഡിയ സബ്സിസ്റ്റം നെറ്റ് വര്‍ക്കിനെ ആശ്രയിച്ചാണ് വി.ഒ എൽ.ടി.ഇയുടെ പ്രവര്‍ത്തനം.

എന്നാല്‍ ടുജി, ത്രീജി സേവനങ്ങള്‍ സര്‍ക്യൂട്ട് സ്വിച്ചിങ് സംവിധാനത്തിലാണ് പ്രവര്‍ത്തിക്കുന്നത്. ഡാറ്റക്കും കോളിനും ബാന്‍ഡുകള്‍ മാറിമാറി പ്രവര്‍ത്തിക്കേണ്ടിവരുന്നു. അതിനാല്‍ കോള്‍ വിളിക്കുമ്പോള്‍ ഡാറ്റ കണക്ഷനോ, ഡാറ്റ എടുക്കുമ്പോള്‍  കോള്‍ വിളിക്കാനോ കഴിയില്ല. ഇനി ത്രീജിയില്‍ പരിമിതമായി രണ്ടും ഒരേസമയം ചെയ്യാനായാലും കോള്‍ കട്ടാകലും നെറ്റ് വര്‍ക്ക് പോകലും അടക്കമുള്ള പ്രശ്നങ്ങള്‍ ഉറപ്പാണ്. തെല്ല് കാലതാമസവും എടുക്കാറുണ്ട്. വിഒ എല്‍ടിഇയില്‍ ഡാറ്റ ഉപയോഗിക്കുമ്പോള്‍ തന്നെ ശബ്ദ കോളുകളും വിളിക്കാന്‍ കഴിയും. ഗുണനിലവാരവും കുറയുന്നില്ല. കോള്‍ മുറിയലും നെറ്റ് വര്‍ക്ക് കട്ടാകലും അടക്കമുള്ള പ്രശ്നവും അലട്ടില്ല.

പല റേഡിയോ ബാന്‍ഡുകള്‍ മാറാതെ ശബ്ദവും ഡാറ്റയും നല്‍കാന്‍ വി.ഒ എൽ.ടി.ഇ സേവനദാതാക്കള്‍ക്ക് അവസരമൊരുക്കുന്നു. ടുജി, ത്രീജി നെറ്റ്വര്‍ക്കുകളിലെ പോലെ സര്‍ക്യൂട്ട് സ്വിച്ച്ഡ് വോയ്സ് നെറ്റ്വര്‍ക്ക് സേവനമല്ല, എൽ.ടി.ഇ ഡാറ്റ നെറ്റ് വര്‍ക്കിനൊപ്പം തന്നെയുള്ള സൗകര്യമാണ് ശബ്ദകോളുകളും. ത്രീജി (മൂന്നാംതലമുറ)യേക്കാള്‍ മൂന്നുമടങ്ങും രണ്ടാംതലമുറ (ടുജി)യേക്കാള്‍ ആറുമടങ്ങും ശബ്ദ, ഡാറ്റ ശേഷിയുണ്ട് വി.ഒ എൽ.ടി.ഇക്ക്. ചെലവിലും പ്രവര്‍ത്തനത്തിലും നിരവധി ഗുണങ്ങളുമുണ്ട്. സാധാരണ ശബ്ദത്തേക്കാള്‍ കൂടുതല്‍ കാര്യക്ഷമമായി സ്പെക്ട്രം ഉപയോഗിക്കാന്‍ കഴിയുന്നു. 2014 മേയില്‍ സിംഗപ്പൂരില്‍ സിങ്ടെല്‍ ആണ് സാംസങ് ഗ്യാലക്സി നോട്ട് ത്രീയുമായി ചേര്‍ന്ന് ആദ്യ വാണിജ്യ വി.ഒ എൽ.ടി.ഇ സേവനം ആരംഭിച്ചത്.

ജിയോ ആപ്

ഇനി ജിയോ ആപിന്‍െറ കാര്യമെടുത്താല്‍ ഉപയോഗത്തിന് വാര്‍ഷിക വരിസംഖ്യ 15,000 രൂപയാണ്. ജനുവരി വരെ സൗജന്യമാണ്. ജിയോ ടി.വി ആപ്പില്‍ 300 ടി.വി ചാനലുകളും ജിയോ സിനിമയില്‍ 6,000 സിനിമകളും 60,000ത്തോളം മ്യൂസിക് വീഡിയോകളും 10 ഭാഷകളിലെ ഒരുലക്ഷത്തോളം ടി.വി ഷോ എപ്പിസോഡുകളും ഉണ്ട്. ജിയോ മ്യൂസികില്‍ പത്ത് ഭാഷകളിലെ  ഒരുകോടി പാട്ടുകളുണ്ട്. ജിയോ മാഗസിന്‍, ജിയോ ന്യൂസ് എന്നിവയില്‍ ആയിരക്കണക്കിന് പത്രങ്ങളും മാസികകളുമുണ്ട്. പണമിടപാടിന് ജിയോ വാളറ്റുമുണ്ടെന്ന് മുകേഷ് അംബാനി വ്യക്തമാക്കുന്നു.

എന്തുകൊണ്ട് കോളുകള്‍ സൗജന്യം?

റിലയന്‍സ് ജിയോയില്‍ കോളുകള്‍ സൗജന്യമാണ്. സാദാ ശബ്ദകോളുകളുടെ സ്ഥാനത്ത് വീഡിയോ കോളുകള്‍ എന്ന വിപ്ലവകരമായ തുടക്കമാണ് ജിയോ ലക്ഷ്യമിടുന്നത്. ഹൈ ഡെഫനിഷന്‍ (എച്ച്.ഡി) കോളിനും പണമില്ല. കാരണം വി.ഒ എൽ.ടി.ഇയില്‍ ഡാറ്റ നെറ്റ് വര്‍ക്ക് തന്നെയാണ് കോളിനും ഉപയോഗിക്കുന്നത്. അതിനാല്‍ രണ്ടിനും വെവ്വേറെ പണം ഈടാക്കേണ്ട കാര്യമില്ല. ഡാറ്റ അല്ലെങ്കില്‍ ഇന്‍റര്‍നെറ്റ് കണക്ഷനെ ഒരു തരത്തിലും ബാധിക്കാതെ വോയ്സ് സേവനവും നല്‍കാനുള്ള ശേഷി ജിയോയുടെ നെറ്റ് വര്‍ക്കിനുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.

അണിയറക്കളികള്‍

ജിയോക്ക് വേണ്ടിയുള്ള നിക്ഷേപം 1.34 ലക്ഷം കോടി രൂപയാണ്. ഫോര്‍ജി നെറ്റ് വര്‍ക്ക് സ്ഥാപിക്കാന്‍ മാത്രം നല്‍കിയത് 1.5 ലക്ഷം കോടിയാണ്. ഉടനെങ്ങും ലാഭത്തില്‍ ആകില്ലെന്ന് ഉറപ്പാണ്. അഞ്ച് വര്‍ഷം കൊണ്ട് ജിയോ ലാഭകരമാക്കും എന്നാണത്രെ മുകേഷ് അംബാനിയുടെ പ്രതീക്ഷ. ഇതാണ് കണ്ടറിയേണ്ടത്. 500 രൂപയില്‍ താഴെ പ്രീപെയ്ഡില്‍ മൂന്നും പോസ്റ്റ്പെയ്ഡില്‍ ഒന്നും പ്ലാനുകള്‍ മാത്രമാണുള്ളത്. ഇപ്പോള്‍ അണ്‍ലിമിറ്റഡ് 4ജി ഡാറ്റ എന്നത് സൗജന്യ കാലയളവിന് ശേഷം പ്രതിദിനം 4 ജിബിയായി ചുരുങ്ങും. അത് കഴിഞ്ഞാല്‍ സെക്കന്‍ഡില്‍ 128 കിലോബൈറ്റ്സ് ആയിരിക്കും വേഗം. ആദ്യ റീചാര്‍ജ് ആയി 499 രൂപയുടെ പ്ലാന്‍ മാത്രമേ പറ്റൂ. ഏത് പ്ലാന്‍ ആയാലും ഡാറ്റ പരിധി കഴിഞ്ഞാല്‍ ഒരു ജി.ബിക്ക് 250 വീതം നല്‍കേണ്ടിവരും. രാത്രിയില്‍ അണ്‍ലിമിറ്റഡ് 4ജി ഡാറ്റ എന്നത് പുലര്‍ച്ചെ രണ്ട് മണിമുതല്‍ അഞ്ച് മണിവരെയുള്ള മൂന്ന് മണിക്കൂര്‍ ആണെന്നോര്‍ക്കണം. മറ്റ് കമ്പനികള്‍ക്ക് അര്‍ധരാത്രി 12 മണിമുതല്‍ രാവിലെ ആറുവരെയാണ്. ജിയോയുടെ താരിഫില്‍ എല്ലാ പാക്കേജുകളും പരമാവധി 28 ദിവസത്തെ കാലാവധി മാത്രമുള്ളവയാണ്. അതുകൊണ്ട് ഒരു വര്‍ഷം 12 റീചാര്‍ജുകള്‍ക്ക് പകരം 13 റീചാര്‍ജുകള്‍ കിട്ടും. വോയ്സ് കോള്‍ മാത്രമാണെങ്കില്‍ കുഴപ്പമില്ല. എന്നാല്‍ ഇവിടെ അവസരങ്ങള്‍ പരമാവധി നല്‍കി ഡാറ്റയുടെ ഉപഭോക്താക്കളാക്കുകയാണ് ജിയോ ലക്ഷ്യമിടുന്നത്. ഉയര്‍ന്ന പ്ലാനായ 4,999 രൂപക്ക് 75 ജി.ബി മാത്രമാണ് ലഭിക്കുക. ഫലത്തില്‍ ഒരു ജി.ബിക്ക് 66 രൂപയിലധികമാകും. പത്തുലക്ഷം വൈ ഫൈ ഹോട്ട്സ്പോട്ടുകള്‍ സ്ഥാപിച്ച് ഉപയോഗം വ്യാപകമാക്കിയാലും എല്ലായിടത്തും റേഞ്ച് കിട്ടില്ല. കാരണം വൈ ഫൈ ഹോട്ട്സ്പോട്ട് പരിധി 30 മീറ്റര്‍ മാത്രമാണ്.

എല്ലാ ഫോണുകളും പറ്റില്ല

ഫോര്‍ജി ഫോണുകള്‍  ജിയോ സിമ്മില്‍ പ്രവര്‍ത്തന ക്ഷമമാണോയെന്ന് പരിശോധിച്ച് ഉറപ്പുവരുത്തണം. കാരണം ജിയോയുടെ വീഡിയോ കോളിനെ പിന്തുണക്കുമെങ്കിലും ആപ്പുകള്‍ പലതിലും പ്രവര്‍ത്തിക്കില്ല. ഡാറ്റ ഉപയോഗിച്ചുള്ള വോയ്സ് കോളുകള്‍ ആയതിനാല്‍ പലരും വാങ്ങിയ സാധാരണ ഫോര്‍ജി എൽ.ടി.ഇ അല്ലെങ്കില്‍ സാദാ ഫോര്‍ജി സ്മാര്‍ട്ട്ഫോണുകളില്‍ ജിയോ സിം പ്രവര്‍ത്തിക്കില്ല. അത്തരം ഫോണുകളില്‍ ഈ സിമ്മിട്ട് കോള്‍ വിളിക്കാന്‍ കഴിയില്ല. അതിന് വി.ഒ എൽ.ടി.ഇ (VoLTE) സംവിധാനമുള്ള ഫോണുകള്‍ തന്നെ വേണം. ഷിയോമിയുടെ റെഡ്മീ ടു പ്രൈം, റെഡ്മീ നോട്ട് ത്രീ, എം.ഐ 5, എം.ഐ മാക്സ്, റെഡ്മീ ത്രീ എസ്, റെഡ്മീ ത്രീ എസ് പ്രൈം എന്നിവ ഫോര്‍ജി എൽ.ടി.ഇ വീഡിയോ കോളുകളെ പിന്തുണക്കുമെങ്കിലും ജിയോയുടെ ആപിനെ പിന്തുണക്കുന്നില്ല.

പ്രീപെയ്ഡ് പ്ലാനുകള്‍

ഒരു ജി.ബിക്ക് 50 രൂപക്ക് ജിയോ ഡാറ്റ നല്‍കുന്നില്ല. പ്രീപെയ്ഡിന് 19 രൂപയിലാണ് തുടക്കം. 19 രൂപക്ക് 100 എം.ബി ഫോര്‍ജി എൽ.ടി.ഇ ഡാറ്റ പകല്‍ ലഭിക്കും. രാത്രി അണ്‍ലിമിറ്റഡ് ഡാറ്റയുമുണ്ട്. ഒരു ദിവസ കാലാവധിയുള്ള പ്ലാനില്‍ 200 എം.ബി സൗജന്യ വൈ ഫൈ ഡാറ്റയുമുണ്ട്. കൂടാതെ അണ്‍ലിമിറ്റഡ് വോയ്സ് കോളുകളും 100 എസ്.എം.എസും ജിയോ ആപ് സബ്സ്ക്രിപ്ഷനുമുണ്ട്. ഏഴ് ദിവസം കാലാവധിയുള്ളതിന് 129 രൂപ നല്‍കണം. 750 എം.ബി ഡാറ്റയും 1.5 ജി.ബി സൗജന്യ വൈ ഫൈ ഡാറ്റയും 100 എസ്.എം.എസും ജിയോ ആപും ലഭിക്കും. 299 രൂപക്ക് 21 ദിവസ കാലാവധിയും രണ്ട് ജി.ബി ഡാറ്റയും നാല് ജി.ബി വൈഫൈ ഡാറ്റയും ലഭിക്കും. 100 എസ്.എം.എസ് ദിവസവും ലഭിക്കും. 499 രൂപക്ക് നാല് ജി.ബിയും എട്ട് ജി.ബി വൈ ഫൈ ഡാറ്റയും 100 എസ്.എം.എസുമുണ്ട്. 28 ദിവസമാണ് കാലാവധി.

പോസ്റ്റ് പെയിഡ് പ്ലാനുകള്‍

റിലയന്‍സ് ജിയോയുടെ ഇന്‍റര്‍നെറ്റ് ഡാറ്റ പ്ലാനുകള്‍ പോസ്റ്റ്പെയിഡ് ഉപഭോക്താക്കള്‍ക്ക് 149 രൂപയില്‍ തുടങ്ങി 4,999 രൂപയില്‍ അവസാനിക്കുന്നു. പോസ്റ്റ് പെയിഡില്‍ 149 രൂപക്ക് 300 എം.ബി ഡാറ്റ ലഭിക്കും. ഒരു മാസമാണ് കാലാവധി. 100 എസ്.എം.എസ് സൗജന്യമാണ്. 499 രൂപക്ക് നാല് ജി.ബിയും എട്ട് ജി.ബി വൈ ഫൈ ഡാറ്റയുമുണ്ട്. 999 രൂപക്ക് 10 ജി.ബിയും 20 ജി.ബി വൈ ഫൈ ഡാറ്റയുമുണ്ട്. 1,499 രൂപക്ക് 20 ജി.ബിയും 40 ജി.ബി വൈ ഫൈ ഡാറ്റയുമുണ്ട്. 2,499 രൂപക്ക് 35 ജി.ബിയും 70 ജി.ബി വൈഫൈ ഡാറ്റയും 3,999 രൂപക്ക് 60 ജി.ബിയും 120 ജി.ബി വൈഫൈ ഡാറ്റയും 4,999 രൂപക്ക് 75 ജി.ബിയും 150 ജി.ബി വൈഫൈ ഡാറ്റയുമുണ്ട്. 28 ദിവസം കാലാവധിയും ദിവസം 100 സൗജന്യ എസ്.എം.എസുമാണ് എല്ലാത്തിനും ലഭിക്കുക. കൂടാതെ 20, 35, 60, 75 ജി.ബി പ്ലാനുകള്‍ക്ക് യഥാക്രമം 30, 50, 80, 100 സൗജന്യ ഐ.എസ്.ഡി മിനിറ്റും കിട്ടും.

വില കുറഞ്ഞ വി.ഒ എൽ.ടി.ഇ സ്മാര്‍ട്ട്ഫോണുകള്‍

ഏറെ വിലയുള്ള ഫോണുകളില്‍ മാത്രമാണ് വി.ഒ എല്‍.ടി.ഇ സേവനം ലഭിക്കുക എന്ന് കരുതിയെങ്കില്‍ തെറ്റി. രാജ്യത്ത് നിരവധി കമ്പനികള്‍ വി.ഒ എൽ.ടി.ഇ സേവനം നല്‍കുന്ന വില കുറഞ്ഞ ഹാന്‍ഡ്സെറ്റുകള്‍ ഇറക്കുന്നുണ്ട്. റിലയന്‍സ് ജിയോക്ക് മാത്രം ലൈഫ് ബ്രാന്‍ഡില്‍ 20ഓളം ഹാന്‍ഡ്സെറ്റുകളുണ്ട്. ഇതില്‍ ഏറ്റവും വില കുറഞ്ഞത് 2,999 രൂപയുടെ ലൈഫ് ഫ്ലെയിം 3 ആണ്. ഇന്‍റക്സ് ക്ളൗഡ് സ്ട്രിങ് വി 2.0ക്ക് 6,499 രൂപയാണ് വില. 4,666 രൂപ നല്‍കിയാല്‍ സ്വൈപ് എലൈറ്റ് 2 കിട്ടും. 6,999 രൂപയുടെ ഇന്‍റക്സ് അക്വാ സെക്വര്‍ എന്ന മോഡലും ഈ നിരയിലുണ്ട്. കാര്‍ബണ്‍ ക്വാട്ട്റോ എല്‍ 45ന് 4,499 രൂപ, ടിസന്‍ ഓപറേറ്റിങ് സിസ്റ്റം ഉപയോഗിക്കുന്ന സാംസങ് സെഡ് 2വിന്  4590 രൂപ, കാര്‍ബണ്‍ ഓറക്ക് 3,777 രൂപ, പാനസോണിക് പി 55ന് 5,699 രൂപ, വീഡിയോകോണ്‍ ഗ്രാഫൈറ്റ് 1 V45EDക്ക് 5,999 രൂപയും നല്‍കിയാല്‍ മതി.

ജിയോയുടെ വെബ്സൈറ്റില്‍ പറഞ്ഞിട്ടുള്ള വി.ഒ എൽ.ടി.ഇ സൗകര്യമുള്ള ഫോണുകൾ:

റിലയന്‍സ് ലൈഫ്: Reliance LYF Earth 1, Reliance LYF Earth, Reliance LYF Flame 1, Reliance LYF Flame 2, Reliance LYF Flame 3, Reliance LYF, Flame 4, Reliance LYF Flame 5, Reliance LYF Flame 6, Reliance LYF Flame 7, Reliance LYF Flame 8, Reliance LYF Water 1, Reliance LYF Water 10, Reliance LYF Water 2, Reliance LYF Water 3, Reliance LYF Water 4, Reliance LYF Water 5, Reliance LYF Water 6, Reliance LYF Water 7, Reliance LYF Water 8, Reliance LYF Wind 1(16GB), Reliance LYF Wind 1(8GB), Reliance LYF Wind 2, Reliance LYF Wind 3, Reliance LYF Wind 4, Reliance LYF Wind 5, Reliance LYF Wind 6, Reliance LYF Wind 7

സാംസങ്: Samsung A8 VE (SMA800I), Samsung Galaxy A5 (SMA500G), Samsung Galaxy A5 (2016) (A510FD), Samsung Galaxy A7 (SMA700FD), Samsung Galaxy A7 (2016) (A710FD), Samsung Galaxy A8 (SMA800F), Samsung Galaxy Core Prime 4G (SMG360FY), Samsung Galaxy J2 (2016) (SMJ210F), Samsung Galaxy J3 (2016), Samsung Galaxy J5 (SMJ500F), Samsung Galaxy J7 (SMJ700F), Samsung Galaxy te 4 (SMN910G),  Samsung Galaxy te 4 Edge (SMN915G),  Samsung Galaxy te 5 (SMN920G),  Samsung Galaxy S6 (SMG920I),  Samsung Galaxy S6 Edge (SMG925I),  Samsung Galaxy S6 Edge Plus (SMG928G), Samsung GalaxyJ2 (SMJ200G),  Samsung J Max,  Samsung J5 (2016) (SMJ510F),  Samsung J7 (2016) (SMJ710F), Samsung te 5 Duos (SMN9208), Samsung ON5 (SMG550FY), Samsung ON5 Pro(SMG550FY), Samsung ON7 (Mega On – SMG600FY), Samsung ON7 Pro(SMG600FY), Samsung S7 (SMG930F), Samsung S7 Edge (SMG935F), Samsung Galaxy J2 Pro, Samsung Galaxy te 7, Samsung Z2

അസൂസ്: Asus Zenfone 3 Deluxe ZS570KL, Asus Zenfone 3 Ultra (ZU680KL),  Asus Zenfone 3 ZE552KL (Libra), Asus Zenfone 3 Laser ZC551KL (Scorpio), Asus Zenfone 3 ZE520KL (Leo). ബ്ലാക്ക്ബെറി: BlackBerry Priv (STV1003). കൂള്‍പാഡ്: Coolpad Max, Coolpad Mega 2.5D (Y83). ജിയോണി: Gionee F103 (2 GB), Gionee S Plus,  Gionee F103 (3 GB), Gionee Elife S6,  Gionee M5 Plus, Gionee P5L, Gionee F103 pro, Gionee S6s. ഇന്‍ഫോക്കസ്: Infocus M370, Infocus M535, Infocus M680, Infocus M370I, Infocus M535+.

ഇന്‍റക്സ്: Intex Cloud String, Intex Aqua Eco 4G, Intex Aqua 4G, Intex Aqua Ace 2,  Intex Aqua Craze,  Intex Aqua Power 4G, Intex Aqua S7, Intex Cloud String V2.0, Intex Aqua Ace Mini, Intex Aqua Strong 5.1, Intex Aqua Raze, Intex Aqua 4G Strong, Intex Aqua Shine 4G, Intex Aqua Music, Intex Aqua Secure, Intex Aqua View കാര്‍ബണ്‍: Karbonn Aura, Karbonn Quattro L45 IPS, Karbonn Quattro L55 HD, Karbonn Aura Power ലാവ: Lava X10, Lava X28, Lava X81, Lava V5, Lava X50, Lava A71, Lava A72, Lava A88, Lava A76, Lava A89, Lava X46, Lava X38, Lava X38 (2GB), Lava X17, Lava X11.

ലിഇകോ: LeEco Le 2, LeEco Le Max 2 ലെനോവോ: Lenovo Vibe Shot എല്‍.ജി: LG XCAM (K580i),  LG X Screen (K500I), LG Google Nexus 5x (LGH791),  LG G4 Stylus 4G, LG G5, LG Spirit 4G H442, LG K7, LG K10, LG Stylus 2 Plus, LG K520 – Stylus 2 മൈക്രോമാക്സ്: Micromax YU Yunique Plus, Micromax YU Yunique YU4711, Micromax Canvas Sliver 5 (Q450), Micromax Canvas Amaze (Q491), Micromax Yu Yuphoria (YU5010A), Micromax Yu te (YU6000), Micromax Canvas Mega 2 Q426.

മോട്ടോറോള: Motorola Moto G (3rd Gen), Motorola New Moto E (Moto E 2nd Gen), Motorola Moto X Play, Motorola G Turbo, Motorola G4, Motorola G4 Plus വണ്‍പ്ലസ്: Oneplus 3 ഒനിഡ: Onida I4G1, ഒപ്പോ: Oppo F1, Oppo A37, Oppo F1 Plus, Oppo F1S പാനസോണിക്: Panasonic P55 vo 4G, Panasonic Eluga Arc 2, Panasonic Eluga I2 (2gb), Panasonic Eluga I2 (3gb), Panasonic Eluga Arc, Panasonic Eluga Icon 2, Panasonic Eluga I3, Panasonic Eluga A2, Panasonic Eluga സോണി: Sony Xperia Z5 Dual (E6883), Sony Xperia Z5 Premium Dual, Sony Xperia X (F5122)

ടി.സി.എല്‍: TCL 560, TCL 562 വീഡിയോകോണ്‍: Videocon Krypton 3 V50JG, Videocon Graphite 1 V45ED (4 Band), Videocon Graphite 1 V45ED (6 Band), Videocon Q1 വിവോ: Vivo Y21L,  Vivo V3, Vivo V3 Max ഷിയോമി: Xiaomi Redmi 2 Prime (H2X), Xiaomi Redmi te 3 (H3A), Xiaomi Mi5, Xiaomi Mi Max, Xiaomi Redmi 3s, Xiaomi Redmi 3s Prime സോളോ: Xolo Era 4G.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-11-14 01:21 GMT