കൊടും ക്രൂരലോകത്തൊരു മനുഷ്യാവകാശ ദിനം

യുദ്ധങ്ങളും മനുഷ്യാവകാശ ലംഘനങ്ങളും ഇല്ലായ്മ ചെയ്യാൻ രൂപവത്കൃതമായ ഐക്യരാഷ്ട്ര സഭ ഇവയെപ്പറ്റി കണക്കെടുപ്പ് നടത്തുന്ന സമിതിയായി ഒതുങ്ങിയെങ്കിലും, ആണ്ടിലൊരിക്കൽ മനുഷ്യാവകാശ ദിനം ആചരിക്കാനുള്ള അതിന്റെ ആഹ്വാനം ലോകം പാലിച്ചുപോരുന്നുണ്ട്! ആധുനിക ലോകത്തിന്, മനുഷ്യാവകാശങ്ങളെയും മാനവികതയെയുംപറ്റി ഒരക്ഷരം ഉരിയാടാനുള്ള അർഹത ഇല്ലേയില്ല എന്നതാണ് നേര്

മൗലികാവകാശങ്ങൾക്കു വേണ്ടിയുള്ള മനുഷ്യസഞ്ചയങ്ങളുടെ ആർത്തനാദങ്ങൾക്ക് ചെവികൊടുക്കാത്ത ലോകം ഇന്ന്​ മനുഷ്യാവകാശ ദിനം ആചരിക്കുകയാണ്. ലോകത്തിന്റെ ഒരു കോണിൽ മനുഷ്യാവകാശ സംരക്ഷണ പ്രതിജ്ഞയും പ്രഖ്യാപനങ്ങളും നടക്കു​േമ്പാൾ മറ്റൊരിടത്ത്​ ബോംബുകളുടെ ഹുങ്കാരശബ്​ദവും കുഞ്ഞുങ്ങളുടെ തേങ്ങിക്കരച്ചിലുമാണ്​ കേൾക്കാനുള്ളത്​.

യുദ്ധങ്ങളും മനുഷ്യാവകാശ ലംഘനങ്ങളും ഇല്ലായ്മ ചെയ്യാൻ രൂപവത്കൃതമായ ഐക്യരാഷ്ട്ര സഭ ഇവയെപ്പറ്റി കണക്കെടുപ്പ് നടത്തുന്ന സമിതിയായി ഒതുങ്ങിയെങ്കിലും, ആണ്ടിലൊരിക്കൽ മനുഷ്യാവകാശ ദിനം ആചരിക്കാനുള്ള അതിന്റെ ആഹ്വാനം ലോകം പാലിച്ചുപോരുന്നുണ്ട്! ആധുനികലോകത്തിന്, മനുഷ്യാവകാശങ്ങളെയും മാനവികതയെയുംപറ്റി ഒരക്ഷരം ഉരിയാടാനുള്ള അർഹത ഇല്ലേയില്ല എന്നതാണ് നേര്.

നിഷേധിക്കപ്പെടുന്ന മൗലികാവകാശങ്ങൾ

ലോകത്ത് വർഷംപ്രതി 31 ലക്ഷം കുട്ടികളുൾപ്പെടെ 90 ലക്ഷം പേർ വിശന്നുപൊരിഞ്ഞു മരിച്ചുവീഴുന്നു. 100 മില്യൻ ജനങ്ങൾ തലചായ്ക്കാൻ ഇടമില്ലാതെ തെരുവുകളിൽ അലയുന്നു. എട്ടു ബില്യൺ ജനസംഖ്യയിൽ മൂന്നിലൊന്നിനും കുടിനീർ ലഭ്യമല്ല. 795 മില്യൺ ജനം, അതായത് ലോക ജനസംഖ്യയുടെ ഒമ്പതിലൊന്ന് പേർ പോഷകാഹാരക്കുറവിനാൽ നിത്യരോഗികളാണ്. ഇവരിൽ 789 മില്യൺ ജനങ്ങളും വികസ്വര രാജ്യങ്ങളിലാണ്. ഓരോ ദിവസവും ലോകത്ത് 102 കോടി ജനം പട്ടിണി കടിച്ചിറക്കിയാണ് അന്തിയുറങ്ങുന്നത്. പട്ടിണിക്കാർ 780 മില്യണും വികസ്വര രാഷ്ട്രങ്ങളിൽതന്നെ. ലോകജനതയിൽ പകുതിയും രണ്ടര ഡോളറിൽ താഴെ മാത്രം വരുമാനമുള്ളവരാണ്.

ലോകത്ത് 2.2 ബില്യൺ കുട്ടികളുണ്ട്. ഇവരിൽ ഒരു ബില്യൺ മുഴുപട്ടിണിക്കാരാണ്. 650 മില്യൺ കുട്ടികൾക്ക് അന്തിയുറങ്ങാൻ പാകത്തിൽ വീടുകളില്ല. ഫലസ്തീൻ, യുക്രെയ്ൻ, സിറിയ, ഇറാഖ്, അഫ്ഗാൻ എന്നിവിടങ്ങളിലെ 14 മില്യൺ കുട്ടികൾ യുദ്ധങ്ങളും സംഘട്ടനങ്ങളും മൂലമുള്ള ദുരിതങ്ങൾക്ക് ഇരകളാണ്. 60 മില്യൺ കുട്ടികൾ ലോകത്ത് വിദ്യാഭ്യാസം ലഭിക്കാത്തവരാണ്. ദാരിദ്ര്യമാണ് കാരണം. എന്നാൽ, ലോകരാഷ്ട്രങ്ങൾ പട്ടാളച്ചെലവുകൾക്കായി എരിയിച്ചുകളയുന്ന അഞ്ചു ദിവസത്തെ തുക മതി ലോകത്തെ മുഴുവൻ കുട്ടികളുടെയും ഒരു വർഷത്തെ വിദ്യാഭ്യാസാവശ്യങ്ങൾക്ക്​.

രാഷ്ട്രങ്ങൾ അഭയാർഥി പ്രവേശനം തടയാൻ അതിർത്തികൾ അടക്കുന്നു. അഭയാർഥികളെ നിർദയം പുറത്താക്കുന്നു. അഭയാർഥി ക്യാമ്പുകളിൽനിന്ന് കാണാതായ പതിനായിരക്കണക്കിന്​ കുട്ടികൾ ലൈംഗിക ചൂഷണത്തി​ന്റെയും മനുഷ്യക്കടത്തി​ന്റെയും ഇരകളായിട്ടുണ്ടാവാമെന്ന്​ ലോകം ഭയപ്പെടുന്നു.

ലോകത്ത് 49 ശതമാനം ആളുകളും നിരക്ഷരരാണെന്നാണ് കണക്ക്. ഇവരിൽ മൂന്നിൽ രണ്ട് പേരും സ്ത്രീകളാണ്. അക്ഷരജ്ഞാനമില്ലാത്ത 98 ശതമാനം ആളുകളും വികസ്വര രാജ്യങ്ങളിലാണ്.

ജനകോടികൾക്ക് മൗലികാവകാശങ്ങൾപോലും ലഭ്യമല്ലാത്തതിന് ദാരിദ്ര്യമാണ് പ്രശ്നമായി ഭരണാധികാരികൾ ഉയർത്തിക്കാട്ടുന്നത്. എന്നാൽ, ലോകരാഷ്ട്രങ്ങൾ ഒരു വർഷം പട്ടാളച്ചെലവുകൾക്കായി ഉപയോഗിക്കുന്നത് 1.5 ട്രില്യൺ (ഒന്നര ലക്ഷം കോടി) ഡോളറാണ് എന്ന കാര്യം ഓർക്കുക.

ശുദ്ധജലം ലഭിക്കാത്തവർ, ദരിദ്രർ, പോഷകാഹാരക്കുറവിനാൽ നിത്യരോഗികളായവർ തുടങ്ങി അവശരും അശരണരുമായ ജനവിഭാഗങ്ങൾ മഹാഭൂരിഭാഗവും വികസ്വര രാജ്യങ്ങളിലാണ്. വിഭവങ്ങളിലും സാക്ഷരതയിലുമുള്ള വികസിത-വികസ്വര രാജ്യങ്ങൾ തമ്മിലെ അന്തരം ഭീമമാണെന്ന് യു.എൻ ചൂണ്ടിക്കാട്ടുന്നു. ഈ അന്തരത്തിന് രണ്ട് കാരണങ്ങളുണ്ട്. ഒന്ന്, തെറ്റായ സമ്പദ് ഘടനയാണ്. പലിശയിലും ചൂഷണത്തിലും അധിഷ്ഠിതമായ സാമ്പത്തിക വ്യവസ്ഥയാണ് ലോകം പിന്തുടരുന്നത്. അതുവഴി ഉള്ളവർ കൂടുതൽ തടിച്ചുകൊഴുക്കുകയും ഇല്ലാത്തവർ പിന്നെയും മെലിഞ്ഞൊട്ടുകയും ചെയ്യുന്നു. രണ്ട്, സാമ്രാജ്യത്വ ശക്തികളുടെ യുദ്ധക്കൊതിയാണ്. അവർ വിഭവങ്ങൾക്കായി ദുർബല രാഷ്ട്രങ്ങളിൽ ബോംബുകൾ വർഷിക്കുന്നു. മനുഷ്യർ മരിച്ചുവീഴുകയും രാഷ്ട്രങ്ങൾ തകരുകയും ചെയ്യുന്നു. അങ്ങനെ വൻ രാഷ്ട്രങ്ങളും ദുർബല രാഷ്ട്രങ്ങളും തമ്മിലെ അന്തരം വീണ്ടും വർധിക്കുന്നു.

മനുഷ്യാവകാശങ്ങൾ പഠനവിഷയമാകണം

ലോകജനതക്കും ഭരണാധികാരികൾക്കും മനുഷ്യാവകാശങ്ങളെപ്പറ്റിയുള്ള അറിവും അവബോധവും ലഭ്യമാക്കിയിട്ടില്ലെന്ന യാഥാർഥ്യം മനുഷ്യസ്നേഹികളെ അമ്പരപ്പിക്കുന്നതാണ്​. അവകാശങ്ങൾ അംഗീകരിച്ചുകൊടുക്കാൻ ഭരണാധികാരികൾക്കും നേടിയെടുക്കാൻ ജനങ്ങൾക്കും മനുഷ്യാവകാശങ്ങളെയും മാനവികതയെയുംപറ്റി അറിയണമല്ലോ. മനുഷ്യാവകാശങ്ങൾ നമ്മുടെ വിദ്യാഭ്യാസ പദ്ധതികളിൽ കാര്യമായ ഇടംപിടിച്ചിട്ടേയില്ല. ചില സന്നദ്ധ സംഘടനകൾ മാത്രമാണ് ഈ രംഗത്ത് ബോധവത്കരണം നടത്തിക്കൊണ്ടിരിക്കുന്നത്. അവർക്കാകട്ടെ എമ്പാടും പരിമിതികളുണ്ടുതാനും.

മാനവികചിന്തയുള്ള സമൂഹത്തിന്​ മാ​ത്രമേ സമസൃഷ്ടികളുടെ അവകാശങ്ങൾ അംഗീകരിക്കാനും സുസാധ്യമാക്കിക്കൊടുക്കാനും കഴിയുകയുള്ളൂ. സാമൂഹിക പ്രതിബദ്ധത ദൈവചിന്തയിലും വിശ്വാസത്തിലും അധിഷ്ഠിതമാകു​േമ്പാൾ സമസൃഷ്ടികളുടെ അവകാശങ്ങൾ നിറവേറ്റേണ്ടതും നിർവഹിച്ചുകൊടുക്കേണ്ടതും തന്റെ ബാധ്യതയാണെന്ന വിചാരമുണ്ടാകും മനുഷ്യന്. ഇത്​ ഉൾക്കൊള്ളാൻ ഭരണാധികാരികളും ഭരണീയരും തയാറല്ല. ലോകത്തെ മനുഷ്യാവകാശ ലംഘനങ്ങളുടെയും യുദ്ധക്രൂരതകളുടെയും അടിസ്ഥാന കാരണവും മറ്റൊന്നല്ലതന്നെ.

(മുതിർന്ന മാധ്യമപ്രവർത്തകനും മാനവികത

വിഷയങ്ങളിൽ ​ഗവേഷകനുമാണ്​ ലേഖകൻ)

Tags:    
News Summary - A human rights day in a brutal world

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-11-14 01:21 GMT