2002 ഫെബ്രുവരി 27ന് ബലിപെരുന്നാൾ ആഘോഷിക്കാൻ ഭർത്താവ് യാക്കൂബിനും മകൾ സാലിഹക്കുമൊപ്പം രാധിക്പൂരിലെ തറവാട്ടുവീട്ടിലേക്ക് പോയ അന്നായിരുന്നു ഗോധ്രയിലെ ട്രെയിൻ തീവെപ്പ്. തൊട്ടടുത്ത ദിനം വിശ്വഹിന്ദു പരിഷത് ഗുജറാത്ത് ബന്ദിന് ആഹ്വാനം ചെയ്തു. രാധിക്പൂരിലും മുസ്ലിംവീടുകളും കടകളും അക്രമത്തിനിരയാകുന്നതു കണ്ടു ബിൽക്കീസിന്‍റെ കുടുംബം മൂന്നു നാലു ഗ്രാമങ്ങൾക്കപ്പുറം ദേവ്ഗഢ് ബരിയയിലുള്ള യാക്കൂബിന്‍റെ വീട്ടിലേക്കു പോകാൻ തീരുമാനിച്ചു.
യാക്കൂബും അളിയനും നേരത്തേ പുറപ്പെട്ടു. കുടുംബത്തിലെ സ്ത്രീകളടക്കമുള്ള പതിനഞ്ചുപേരുടെ സംഘത്തിൽ പിറകിലായിരുന്നു ബിൽക്കീസിന്‍റെ യാത്ര. ആദ്യനാൾ സംഘത്തിന് രാത്രി അഭയം നൽകിയത് ചുന്ദഡിയിലെ ഹിന്ദു കുടുംബങ്ങളാണ്. കാൽനട സംഘത്തിന്‍റെ രണ്ടാം നാളിലെ അഭയകേന്ദ്രം കുവാജർ ഗ്രാമത്തിലെ പള്ളിയായിരുന്നു.
അവിടെവെച്ച് കൂട്ടത്തിലെ പൂർണ ഗർഭിണിയായിരുന്ന ഷമീമ ഒരു കുഞ്ഞിനു ജന്മം നൽകി. ഗ്രാമത്തിലെ ഒരു വീട്ടിൽനിന്ന് പ്രാഥമിക ശുശ്രൂഷ കഴിഞ്ഞ് പിറ്റേന്നാൾ യാത്രതിരിച്ച അവരെ വഴിയിൽ ഒരു ആദിവാസി തന്‍റെ വീട്ടിലേക്കു ക്ഷണിച്ചു അവരെ ആദിവാസി വേഷം കെട്ടിച്ചു. യാത്രയിൽ തിരിച്ചറിയപ്പെടാതിരിക്കാനായിരുന്നു അയാളുടെ സഹായം. മാർച്ച് മൂന്നിന് യാത്ര തുടരുന്നതിനിടെ അഞ്ചുമാസം ഗർഭിണിയായ ബിൽക്കീസ് നിർജലീകരണം ബാധിച്ച് തളർന്നു.
തലേന്നാൾ പ്രസവം കഴിഞ്ഞ ഷമീമും ചോരക്കുഞ്ഞിനെയുമെടുത്തു നടന്നു തളർന്നിരുന്നു. ഒരുഭാഗത്ത് വയലും മറുഭാഗത്ത് വനപ്രദേശവുമായതിനാൽ വിശ്രമിച്ചുപോകാം എന്നുകരുതി അവർ തങ്ങിയതേയുള്ളൂ, രണ്ടു ജീപ്പിൽ വാളും കത്തിയും വടികളുമായെത്തിയ മുപ്പതോളം പേർ അവരെ വളഞ്ഞു. പന്ത്രണ്ടുപേരെങ്കിലും ബിൽക്കീസിന്‍റെ സ്വന്തം നാട്ടുകാർ. അവരിലൊരാൾ ബിൽക്കീസിന്‍റെ പിഞ്ചുകുഞ്ഞിനെ വാങ്ങി തല പാറയിലിടിച്ചു വലിച്ചെറിഞ്ഞു.
മധ്യവയസ്കരായ രണ്ടുപേർ ബിൽക്കീസിനെ കടന്നുപിടിച്ച് വിവസ്ത്രയാക്കി മരത്തിൽ ചേർത്തുകെട്ടുമ്പോൾ കെഞ്ചിനോക്കി. ഭീകരർ വഴങ്ങിയില്ല. കൂടെയുണ്ടായിരുന്ന ഷമീമിനെയും മറ്റു സ്ത്രീകളെയും അവർ മാനഭംഗത്തിനിരയാക്കി കൊന്നു. കൂട്ടിനുവന്ന രണ്ടു പുരുഷന്മാരെയും. ചോരക്കുഞ്ഞിനെ കഴുത്തുഞെരിച്ചു വലിച്ചെറിഞ്ഞു. രണ്ടുനാൾ കഴിഞ്ഞു ബോധം വീണ്ടെടുത്ത ബിൽക്കീസ് ഒരു വിധം ഇഴഞ്ഞും നീങ്ങിയും അടുത്തുള്ള ആദിവാസി ഗ്രാമത്തിലെത്തി.
ഒരു സ്ത്രീ അവൾക്ക് വസ്ത്രം നൽകി. സമീപത്തുകണ്ട പൈപ്പിൽനിന്ന് വെള്ളം കുടിച്ചതോടെ ജീവൻ വീണ്ടുകിട്ടിയതുപോലെ. ആ ഉണർവ് ഒരു പോരാട്ടത്തിനുള്ള ഉന്മേഷത്തിലേക്കായിരുന്നു. അവിടെ കണ്ട ഒരു ഹോംഗാർഡിനോട് കഥകളെല്ലാം പറഞ്ഞു. അയാൾ അവളെ സമീപത്തുള്ള ലിംഖേഡ പൊലീസ് സ്റ്റേഷനിലെത്തിച്ചു. തന്നെയും കുടുംബാംഗങ്ങളെയും ആക്രമിച്ചവരുടെ പേരുവിവരമടക്കം അവർ നൽകിയെങ്കിലും പൊലീസ് അവർക്ക് ബോധിച്ച കാര്യങ്ങൾ ചേർത്താണ് എഫ്.ഐ.ആർ ഇട്ടത്.
എന്നാൽ, ബിൽക്കീസും ഭർത്താവ് യാക്കൂബും വിട്ടുകൊടുത്തില്ല. ‘ആ ദുരന്തമുഖത്തുനിന്ന് ശ്വാസം നിലയ്ക്കാതെ അവൾ പിടിച്ചുനിന്നത് ദൈവാധീനത്താലുള്ള ഹിമ്മത്തി (കരുത്തി)ലാണ്. അക്രമികൾ ഏതാനും തെളിവുകൾ അവശേഷിപ്പിച്ചതും അല്ലാഹുവിന്‍റെ ഇടപെടൽതന്നെ. ആ ദൈവസഹായത്തിന്‍റെയും ആത്മവിശ്വാസത്തിന്‍റെയും കരുത്തിൽ നീതി ലഭ്യമാക്കുവോളം അവർ പൊരുതി.
ഗുജറാത്ത് പൊലീസിനെ വിട്ട് ദേശീയ മനുഷ്യാവകാശ കമീഷനിലും സി.ബി.ഐയിലുമെത്തി. കേന്ദ്രത്തിൽ ബി.ജെ.പി ഭരിക്കുമ്പോഴും സി.ബി.ഐ ജോയന്‍റ് ഡയറക്ടർ വിവേക് ദുബെയുടെ സഹായത്തെയും അവർ ദൈവിക ഇടപെടലെന്നു കണ്ടു. അങ്ങനെ ഗുജറാത്തിലെ മരണവ്യാപാരികളിൽ ഒരുപറ്റത്തിനും അവർക്ക് അരുനിന്ന ഉദ്യോഗസ്ഥർക്കും ജീവപര്യന്തം ശിക്ഷ വാങ്ങിക്കൊടുക്കുവോളം ബിൽക്കീസ് പൊരുതിനിന്നു. അത്യാപത്തിൽ തന്നെ ചേർത്തുപിടിച്ച ഭർത്താവ് യാക്കൂബിന്‍റെ കൈത്താങ്ങിൽ.
ന്യൂഡൽഹി: കുറ്റവാളിയായ രാധേ ശ്യാം ഭഗവാൻ ദാസ് കേസിലെ വസ്തുതകൾ മറച്ചുവെച്ച് കബളിപ്പിച്ചുവെന്നും അങ്ങനെ നേടിയെടുത്ത ഉത്തരവിലൂടെയാണ് മോചനം സാധ്യമാക്കിയതെന്നും സുപ്രീംകോടതി വിമർശിച്ചു. സുപ്രീംകോടതിക്കും ഗുജറാത്ത് സെഷൻസ് കോടതിക്കും തെറ്റുപറ്റിയെന്ന് വ്യക്തമാക്കിയ ബെഞ്ച് ജസ്റ്റിസ് അജയ് രസ്തോഗി അധ്യക്ഷനായ ബെഞ്ച് പുറപ്പെടുവിച്ച വിവാദ ഉത്തരവ് റദ്ദാക്കുകയും ചെയ്തു.
അതിന്റെ അടിസ്ഥാനത്തിൽ ഗുജറാത്ത് സർക്കാർ കൈക്കൊണ്ട നടപടികളും റദ്ദാക്കുകയാണെന്ന് ബെഞ്ച് വിധിച്ചു. ജയിലിന് പുറത്തുനിന്നുകൊണ്ട് നിയമപ്രകാരം ഇനി മഹാരാഷ്ട്ര സർക്കാറിനെ മോചനത്തിനായി സമീപിക്കാൻ തങ്ങളെ അനുവദിക്കണമെന്ന കുറ്റവാളികളുടെ ആവശ്യം ബെഞ്ച് തള്ളിയ കോടതി, നിയമം ലംഘിച്ച കുറ്റവാളികളെ തിരികെ ജയിലിലേക്ക് അയച്ചേ മതിയാകൂ എന്നും 11 കുറ്റവാളികളും കീഴടങ്ങണമെന്നും വിധിച്ചു.
മഹാരാഷ്ട്ര സർക്കാറിന് മോചനത്തിന് അപേക്ഷ നൽകാൻ 2019ൽ ഗുജറാത്ത് ഹൈകോടതി രാധേ ശ്യാം ഭഗവാൻ ദാസിനോട് നിർദേശിച്ചതാണെന്ന് ജസ്റ്റിസ് നാഗരത്ന തന്‍റെ വിധിയിൽ ചൂണ്ടിക്കാട്ടി. ആ വിധി സുപ്രീംകോടതിയിൽ ചോദ്യം ചെയ്യാതെയാണ് മോചനം ഗുജറാത്ത് സർക്കാറിനെ കൊണ്ട് ചെയ്യിക്കാൻ രാധേ ശ്യാം പുതിയ ഹരജിയുമായി എത്തിയത്. മഹാരാഷ്ട്ര സർക്കാറിനെ നേരത്തെ സമീപിച്ചതും മുംബൈ ജഡ്ജി ആവശ്യം തള്ളിയതും ഹരജിയിൽ മറച്ചുവെച്ചു.
നിയമപ്രകാരം അപേക്ഷ പരിഗണിക്കേണ്ടത് ഗുജറാത്ത് സർക്കാർ അല്ലെന്നിരിക്കേ കുറ്റവാളികളുടെ മോചനത്തിലേക്ക് നയിച്ച ജസ്റ്റിസ് അജയ് രസ്തോഗി അധ്യക്ഷനായ ബെഞ്ച് പുറപ്പെടുവിച്ച ഉത്തരവ് നിയമപരമായി നിലനിൽക്കില്ല. മോചനത്തിനുള്ള അപേക്ഷ ഗുജറാത്ത് സർക്കാർ പരിഗണിക്കണമെന്നായിരുന്നു ജസ്റ്റിസ് അജയ് രസ്തോഗി അധ്യക്ഷനായ ബെഞ്ചിന്റെ വിധി.
ഗുജറാത്ത് ജില്ലാ സെഷൻസ് കോടതി നടപടി രണ്ട് നിലക്ക് ദുഷിച്ചതാണ്. ഒന്ന്) രാധേ ശ്യാം അടക്കമുള്ള 11 പ്രതികൾക്ക് ശിക്ഷ വിധിച്ച കോടതിയുടെ അധിപനല്ല ആ ജഡ്ജി. രണ്ട്) ശിക്ഷ വിധിക്കുന്ന ജഡ്ജി സ്വതന്ത്രമായ അധികാരമുള്ള സ്ഥാപനമാണെന്നിരിക്കേ അദ്ദേഹം ജയിൽ ഉപദേശക സമിതി അംഗമാകാൻ പറ്റില്ല.
2002 മാർച്ച് 3: 2002ലെ ഗുജറാത്ത് വംശഹത്യക്കിടെ ബിൽക്കീസ് ബാനു കൂട്ടമാനഭംഗത്തിനിരയായി. കുടുംബത്തിലെ 14 പേർ കൊല്ലപ്പെട്ടു.
മാർച്ച് 4: ബിൽക്കീസ് ബാനു ലിംഖേദ പൊലീസ് സ്റ്റേഷനിൽ പരാതി നൽകി. കുറ്റവാളികളുടെ പേരുകൾ പരാതിയിൽ പറഞ്ഞു. എന്നാൽ, എഫ്.ഐ.ആറിൽ ഉൾപ്പെടുത്തിയില്ല.
2003 മാർച്ച് 25: കേസ് എഴുതിത്തള്ളാൻ നീക്കം
2003 ഏപ്രിൽ: ബിൽക്കീസ് ദേശീയ മനുഷ്യാവകാശ കമീഷനെ സമീപിക്കുന്നു. കമീഷൻ മുതിർന്ന അഭിഭാഷകൻ ഹരീഷ് സാൽവെയോട് സുപ്രീംകോടതിയിൽ ബിൽക്കീസ് ബാനുവിനുവേണ്ടി ഹാജരാകാൻ ആവശ്യപ്പെട്ടു.
‘ഇന്നാണ് എന്റെ പുതുവർഷപ്പിറവി; താങ്ങായി നിന്നവർക്ക് ഹൃദയത്തിൽ നിന്നും നന്ദി’- ബിൽക്കീസ് ബാനു
മുംബൈ: ‘ഇന്നാണ് എനിക്ക് യഥാർഥത്തിൽ പുതുവർഷം പിറന്നത്. എന്റെ കണ്ണുകളിലൂടെ ആശ്വാസത്തിന്റെ കണ്ണീരൊഴുകി. ഒന്നര വർഷത്തിനുശേഷം ഞാനിന്ന് ആദ്യമായി പുഞ്ചിരിച്ചു. മക്കളെ പുണർന്നു. സുപ്രീംകോടതിയോട് നന്ദിയുണ്ട്.’- പ്രതികൾക്ക് ഗുജറാത്ത് സർക്കാർ നൽകിയ ഇളവ് റദ്ദാക്കിയുള്ള സുപ്രീംകോടതി വിധിയെക്കുറിച്ച് അഭിഭാഷക മുഖേന ബിൽക്കീസ് ബാനു നൽകിയ പ്രതികരണക്കുറിപ്പിലെ വാക്കുകളാണിത്.
മുമ്പ് പറഞ്ഞിട്ടുണ്ട്, ഇന്നും ഞാനത് ആവർത്തിക്കുന്നു. എന്റേതുപോലെയുള്ള യാത്ര ഒരിക്കലും ഒറ്റക്ക് നടത്താനാവില്ല. ഭർത്താവും കുട്ടികളും എന്റൊപ്പമുണ്ട്. വെറുപ്പിന്റെ സമയത്ത് സ്നേഹംകൊണ്ട് എന്നെ പൊതിഞ്ഞ സുഹൃത്തുക്കളുണ്ട്. ഓരോ പ്രയാസത്തിലും അവരെന്റെ കൈകൾ ചേർത്തുപിടിച്ചു. നീതിന്യായ വ്യവസ്ഥയിലെ വിശ്വാസം ചോർന്നുപോകാതെ ചേർത്തുപിടിച്ച് രണ്ട് പതിറ്റാണ്ടിലേറെയായി ഒപ്പം നടന്ന അസാധാരണക്കാരിയായ ശോഭ ഗുപ്തയാണ് എന്റെ അഭിഭാഷക.
‘എന്റെ കുടുംബത്തെ നശിപ്പിക്കുകയും എന്റെ അസ്തിത്വത്തിന് ഭീഷണിയാകുകയും ചെയ്തവർക്ക് ശിക്ഷ പൂർത്തിയാക്കും മുമ്പ് മോചനം നൽകിയപ്പോൾ തകർന്നുപോയിരുന്നു. എന്റെ ധൈര്യം വറ്റിപ്പോയതായി അന്നെനിക്ക് തോന്നി. ഐക്യദാർഢ്യവുമായി സ്ത്രീകളുൾപ്പെടെ ആയിരക്കണക്കിനാളുകൾ രംഗത്തുവന്നു. അവർ എനിക്കൊപ്പം നിന്നു. എനിക്കുവേണ്ടി സംസാരിച്ചു. സുപ്രീംകോടതിയിൽ പൊതുതാൽപര്യ ഹരജികൾ നൽകി’- ബിൽക്കീസ് കുറിപ്പിൽ പറഞ്ഞു.
തനിക്ക് മാത്രമല്ല ഇന്ത്യയിലെ എല്ലാ സ്ത്രീകൾക്കും നീതി എന്ന ആശയം വീണ്ടെടുക്കാനും പോരാടാനുമുള്ള ഇച്ഛാശക്തി നൽകിയവരോട് അവർ നന്ദിപറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.