മുസ്ലിം ലീഗ് അഭിമുഖീകരിക്കുന്ന ഏറ്റവും വലിയ പ്രശ്നത്തിന് പാർട്ടിയോളം പ്രായമുണ്ടെന്ന് പറയേണ്ടിവരും. മുസ്ലിം സമുദായത്തെ എങ്ങനെ രാഷ്ട്രീയ മുഖ്യധാരയിൽ നിലനിർത്തുക എന്ന ദൗത്യം ഇന്നത്തെ ദേശീയ പശ്ചാത്തലത്തിൽ എങ്ങനെ മുന്നോട്ടു കൊണ്ടുപോകും എന്നതാകും പാർട്ടിയെ ഏറ്റവും അലട്ടുന്ന കാര്യം.
കേരളംപോലുള്ള ഒരു സംസ്ഥാനത്ത് വർഗീയ ധ്രുവീകരണം ഉണ്ടാകാതെ സൂക്ഷിക്കുന്നതിൽ ലീഗ് വഹിച്ച പങ്ക് ഒട്ടും ചെറുതല്ല. മലബാറിലെ അടിസ്ഥാനവർഗങ്ങളുടെയും ന്യൂനപക്ഷങ്ങളുടെയും ഉന്നമനത്തിന് മുസ്ലിം ലീഗ് നൽകിയ സംഭാവനകളും വലുതാണ്. 1977 നു മുമ്പ്, ഹൈസ്കൂളുകൾ അന്യമായിരുന്ന മലബാറിൽ ഇന്നിപ്പോൾ ആവശ്യത്തിന് വിദ്യാഭ്യാസ സ്ഥാപനങ്ങളുണ്ടെങ്കിൽ അതിലെ ലീഗിന്റെ പങ്ക് എടുത്തു പറഞ്ഞേ തീരൂ.
സി.എച്ച് സെൻററുകൾ, ഡയാലിസിസ് സെൻററുകൾ, കാൻസർ ആശുപത്രികൾ, ബൈത്തുറഹ്മ എന്നിങ്ങനെ മാനവസേവ രംഗത്തും ലീഗിന്റെ കൈയൊപ്പുകൾ പതിച്ച മുന്നേറ്റങ്ങൾ നിരവധി. പ്രവാസികൾക്കിടയിൽ സജീവമായ കെ.എം.സി.സി എന്ന സംഘടനയും ലീഗിന്റെ കീഴിലുള്ളതത്രേ.
1973ലെ ഇന്ത്യൻ യൂനിയൻ മുസ്ലിം ലീഗിന്റെ പിളർപ്പിനുശേഷം അഖിലേന്ത്യ മുസ്ലിം ലീഗ് (എ.ഐ.എം.എൽ)രൂപം കൊണ്ടപ്പോൾ ആ വിഭാഗത്തെ ചേർത്തുനിർത്തിയ സി.പി.എമ്മും അതിന്റെ നേതാവായ ഇ.എം.എസ്സും നിരന്തരം പറഞ്ഞത്,‘അടുത്ത തെരഞ്ഞെടുപ്പ് കഴിയുമ്പോൾ യഥാർഥ മുസ്ലിം ലീഗ് ഏതെന്നു തിരിച്ചറിയാം’ എന്നാണ്.
സി.അച്യുതമേനോന്റെ നേതൃത്വത്തിലെ ഐക്യമുന്നണി ഭരണത്തിൽ ഇന്ത്യൻ യൂനിയൻ മുസ്ലിം ലീഗ് പ്രധാന പങ്കാളികളിൽ ഒന്നായിരുന്നു. 1977ലെ തെരഞ്ഞെടുപ്പിൽ കേരളത്തിൽ ഐക്യമുന്നണി വൻ ഭൂരിപക്ഷത്തിൽ ജയിച്ചു. അഖിലേന്ത്യ ലീഗിന് വെറും മൂന്നു സീറ്റ് ലഭിച്ചപ്പോൾ ഐ.യു.എം.എൽ നേടിയത് 17 സീറ്റാണ്.
രാജൻ കേസിനെ തുടർന്ന് കെ. കരുണാകരന് ഒരു മാസത്തിനുള്ളിൽ മുഖ്യമന്ത്രിസ്ഥാനം രാജിവെക്കേണ്ടിവന്നു. പകരം വന്ന എ.കെ. ആൻറണിയും ഒരു വർഷത്തിനുള്ളിൽ ദേശീയ നേതൃത്വവുമായുള്ള അഭിപ്രായഭിന്നതയിൽ രാജിവെച്ചു. തുടർന്ന് സി.പി.ഐ നേതാവ് പി.കെ. വാസുദേവൻ നായർ മന്ത്രിസഭയുടെ ഗതിയും അതേവഴിയിൽ അവസാനിച്ചപ്പോൾ സി.എച്ച്. മുഹമ്മദ് കോയ എന്ന ലീഗിന്റെ എക്കാലത്തെയും പ്രഗത്ഭനായ നേതാവ് മുഖ്യമന്ത്രിയായി.
പക്ഷേ, ആറുമാസം, അതായത് ഇഷ്ടദാന ബിൽ പാസാകുന്നതുവരെ മാത്രമെ ആ മന്ത്രിസഭക്കും ആയുസ്സുണ്ടായുള്ളൂ. ആൻറണിയുടെ കോൺഗ്രസ് വിഭാഗവും സി.പി.ഐയും ഇടതുമുന്നണിയിലെത്തിയപ്പോൾ ഇ.കെ. നായനാർ സർക്കാർ 1980ൽ 90 സീറ്റുകളുമായി അധികാരത്തിൽ വന്നു.
ഇപ്പുറത്ത് കരുണാകരൻ, യു.ഡി.എഫ് മുന്നണിയുടെ രൂപവത്കരണം നടത്തുകയായിരുന്നു. ഐ.യു.എം.എൽ, കേരള കോൺഗ്രസ് ജോസഫ് ഗ്രൂപ്, ആർ.എസ്.പി, പി.എസ്.പി, എൻ.ഡി.പി, എസ്.ആർ.പി എന്നീ കക്ഷികൾ യു.ഡി.എഫിൽ വന്നു. ഏറെ താമസിയാതെ നായനാർ സർക്കാർ ന്യൂനപക്ഷങ്ങൾക്കെതിരെ തിരിഞ്ഞു.
‘ക്വാളിഫിക്കേഷൻ, അക്കമഡേഷൻ, ഡിക്ലറേഷൻ’ തുടങ്ങിയ സംജ്ഞകളുമായി അറബി അധ്യാപകരെ ഒതുക്കുകയായിരുന്നു ആദ്യപടി. അതിനെതിരെ സി.എച്ച് സന്ധിയില്ല സമരം പ്രഖ്യാപിച്ചു. മറ്റു സമുദായ സംഘടനകളും പിന്തുണച്ചതോടെ സമരം കടുത്തു. 1980 ജൂലൈ 30ന് വിവിധ ജില്ലകളിൽ യൂത്ത് ലീഗുകാർ കലക്ടറേറ്റ് മാർച്ച് നടത്തി.
മലപ്പുറത്ത് പൊലീസ് വെടിവെപ്പിൽ മജീദ്,റഹ്മാൻ, കുഞ്ഞിപ്പ എന്നീ പ്രവർത്തകർ കൊല്ലപ്പെട്ടു. ഒരു പൊലീസ് ഉദ്യോഗസ്ഥനും മരണമടഞ്ഞു (അത് ഹൃദയസ്തംഭനം മൂലമായിരുന്നുവെന്ന് പിന്നീട് പൊലീസ് റിപ്പോർട്ട് ചെയ്തു). തുടർന്ന് അറബി അധ്യാപകർക്കെതിരെ നായനാർ സർക്കാർ ഏർപ്പെടുത്തിയ എല്ലാ നടപടികളും നിരുപാധികം പിൻവലിച്ചു.
കെ.പി.എ. മജീദും പി.കെ.കെ. ബാവയുമായിരുന്നു അന്നു യൂത്ത് ലീഗ് പ്രസിഡൻറും ജനറൽ സെക്രട്ടറിയും. മുസ്ലിം ലീഗ് നേതൃത്വത്തിൽ ശിഹാബ് തങ്ങൾ, സി.എച്ച്. മുഹമ്മദ് കോയ, ബി.വി. അബ്ദുല്ലക്കോയ, ഇബ്രാഹിം സുലൈമാൻ സേട്ട്, പി. സീതിഹാജി, തുടങ്ങിയ പ്രഗത്ഭരും. ലീഗിന് ഏറ്റവും കൂടുതൽ വളർച്ചയുണ്ടായ കാലഘട്ടമാണ്, നായനാർ ഭരിച്ച 1980 മുതൽ ’82 വരെ എന്ന് കാണാം.
തന്റെ മുന്നണിയിലെ അസ്വസ്ഥതകളെ തുടർന്ന് ’82ൽ നായനാർ രാജിവെച്ചതും നമ്പാടന്റെ കൂറുമാറ്റവും കരുണാകരന്റെ കാസ്റ്റിങ് വോട്ട് മന്ത്രിസഭയും ചരിത്രം. തുടർന്ന് ആൻറണിയുടെ കോൺഗ്രസ് വിഭാഗവും കെ.എം. മാണിയുടെ കേരള കോൺഗ്രസ് വിഭാഗവും എത്തിയതോടെ യു.ഡി.എഫ് ശക്തമായി.
’82ലെ തെരഞ്ഞെടുപ്പിൽ കരുണാകരൻ മന്ത്രിസഭ അധികാരത്തിലെത്തി. സി.എച്ച് ഉപമുഖ്യമന്ത്രിയും യു.എ. ബീരാൻ ഭക്ഷ്യമന്ത്രിയും ഇ. അഹമ്മദ് വ്യവസായമന്ത്രിയുമായി. എന്നാൽ 1983 സെപ്റ്റംബർ 28ന് സി.എച്ച്. മുഹമ്മദ്കോയയുടെ മരണം പൊടുന്നനെ സംഭവിച്ചു. ലീഗിനെ സംബന്ധിച്ചിടത്തോളം വലിയൊരു ഷോക്കായിരുന്നു അത്.
സി.എച്ചിനു ശേഷം അവുക്കാദർകുട്ടി നഹ ഉപമുഖ്യമന്ത്രി പദവും നിയമസഭ കക്ഷി നേതൃത്വവും ഏറ്റെടുത്തു. ലോക്സഭയിൽ ഇബ്രാഹിം സുലൈമാൻ സേട്ടും ജി.എം.ബനാത്ത് വാലയും രാജ്യസഭയിൽ ബി.വി. അബ്ദുല്ലക്കോയയും ഉണ്ടായിരുന്ന നാളുകൾ ലീഗിന്റെ പുഷ്കല കാലമായി വിലയിരുത്തപ്പെടുന്നു.
ഷാബാനു കേസിലുണ്ടായ സുപ്രീംകോടതി വിധി ലീഗിന്റെ ചരിത്രത്തിൽ മറ്റൊരു വഴിത്തിരിവായി. ഈ വിധിയെ സ്വാഗതം ചെയ്ത ഇ.എം.എസ് ശരീഅത്തിനെതിരെ ശക്തമായ പ്രചാരണ പരിപാടികൾ ആസൂത്രണം ചെയ്തു. ഈ ഇടപെടലിനെതിരെ സമുദായത്തിലെ വിവിധ സംഘടനകളെ അണിനിരത്തുന്നതിൽ ലീഗ് വലിയ പങ്കുവഹിച്ചു.
മുസ്ലിം പേഴ്സനൽ ലോ ബോർഡ് ചെയർമാനായ അബുൽ ഹസൻ അലി നദ്വി അടക്കമുള്ളവരെ അവർ രംഗത്തിറക്കി. ശരീഅത്ത് സംരക്ഷണത്തിനായി പാർലമെൻറിൽ ജി.എം. ബനാത്ത് വാല സ്വകാര്യബിൽ അവതരിപ്പിച്ചു. സ്വകാര്യബിൽ പിൻവലിക്കണമെന്നും പകരം സർക്കാർ തന്നെ ഔദ്യോഗികമായ ബിൽ അവതരിപ്പിക്കാമെന്നും പ്രധാനമന്ത്രി രാജീവ് ഗാന്ധി വാക്കുകൊടുത്തു.
പിന്നീട് നിയമം പാസാക്കുകയും ചെയ്തു. അക്കാലത്ത് ഇ.എം.എസിന് മറുപടി നൽകാൻ സജീവമായി രംഗത്തുണ്ടായിരുന്നത് സീതി ഹാജിയായിരുന്നു. തിരുവനന്തപുരം പ്രസ് ക്ലബിൽ വാർത്തസമ്മേളനം നടത്തവേ ഇതേപ്പറ്റി ചോദിച്ചപ്പോൾ, ‘ഇ.എം.എസിന് മറുപടി പറയാൻ ഞാൻ പോരേ?’ എന്നായിരുന്നു മറുചോദ്യം.
ശരീഅത്തിനെതിരായ ആക്രമണത്തിൽ പൊറുതിമുട്ടിയ അഖിലേന്ത്യ ലീഗ് ഇടതുമുന്നണിക്കുള്ളിൽ എതിർശബ്ദം ഉയർത്തി. പാർലമെൻററി പാർട്ടിനേതാവ് പി.എം. അബൂബക്കർ അന്ന് നിയമസഭയിൽ നടത്തിയ പ്രസംഗം വികാരനിർഭരമായിരുന്നു. ഇ.എം.എസിനെയും സി.പി.എമ്മിനെയും പേരെടുത്ത് വിമർശിച്ചുകൊണ്ട് മുന്നണി വിടാനുള്ള തീരുമാനം അദ്ദേഹം പ്രഖ്യാപിച്ചു.
തുടർന്ന് അഖിലേന്ത്യ ലീഗ് ഇന്ത്യൻ യൂനിയൻ മുസ്ലിം ലീഗിൽ ലയിച്ചു. നിരുപാധികമുള്ള ആ ലയനത്തിൽ മുൻകാല ചരിത്രമൊന്നും ചർച്ച വിഷയമാക്കരുതെന്ന തീരുമാനം പുതുമ നൽകുന്നതായിരുന്നു. ‘മറക്കുക, പൊറുക്കുക’- അതായിരുന്നു, ലയനത്തിന്റെ ഏക ഉപാധി. അതിനു മുമ്പോ അതിനു ശേഷമോ ആ വിധത്തിൽ ഒരു ലയനം ഏതെങ്കിലും പാർട്ടിയിൽ നടന്നതായി ഓർക്കുന്നില്ല.
ബാബരി ധ്വംസനവും പ്രതിസന്ധികളും
സി.പി.എമ്മിൽ ബദൽരേഖയെ തുടർന്ന് ഒരു പൊട്ടിത്തെറി ആരംഭിച്ചത് അക്കാലത്താണ്. എം.വി. രാഘവനും സംഘവും പുറത്തായി. സി.പി.എമ്മിൽ നിൽക്കുമ്പോൾ ലീഗിന്റെ ഏറ്റവും വലിയ വിമർശകനായിരുന്നു രാഘവനെ യു.ഡി.എഫിൽ ഉൾപ്പെടുത്തുന്നതിലും 1987ലെ തെരഞ്ഞെടുപ്പിൽ ഇ.പി. ജയരാജനെതിരെ അഴീക്കോട് നിർത്തി ജയിപ്പിക്കുന്നതിലും ലീഗ് വലിയ പങ്കുവഹിച്ചു.
തുടർഭരണത്തിനുള്ള എല്ലാ രാഷ്ട്രീയ സാഹചര്യം ഉണ്ടായിട്ടും 1987 ലെ തെരഞ്ഞെടുപ്പിൽ യു.ഡി.എഫ് തോറ്റത് മുന്നാക്ക സംവരണം ഏർപ്പെടുത്താനുള്ള കരുണാകരന്റെ നീക്കമായിരുന്നെന്ന് പിന്നീട് വിലയിരുത്തപ്പെട്ടു. 1991ലെ തെരഞ്ഞെടുപ്പിൽ വീണ്ടും യു.ഡി.എഫ് അധികാരത്തിലെത്തുമ്പോൾ ലീഗ്, 19 സീറ്റ് നേടിയിരുന്നു.
പി.കെ. കുഞ്ഞാലിക്കുട്ടി, പി.കെ.കെ. ബാവ, ഇ.ടി. മുഹമ്മദ് ബഷീർ, സി.ടി. അഹമ്മദലി എന്നീ യുവതുർക്കികൾ മന്ത്രിമാരായി. അക്കാലയളവിലാണ് സംഘ്പരിവാർ അയോധ്യയിൽ ബാബരി മസ്ജിദ് തകർക്കുന്നത്. അബ്ദുന്നാസിർ മഅ്ദനിയുടെ നേതൃത്വത്തിൽ ഐ.എസ്.എസ് എന്ന സംഘടനയും തുടർന്ന് പി.ഡി.പിയും ഉണ്ടായത്, ലീഗിന് തലവേദനയായി.
ബാബരിപള്ളി പൊളിക്കുന്നതിന് കൂട്ടുനിന്ന കോൺഗ്രസ് നയിക്കുന്ന യു.ഡി.എഫ് വിടണമെന്നായിരുന്നു ഇബ്രാഹിം സുലൈമാൻ സേട്ട് അടക്കമുള്ള മുതിർന്ന നേതാക്കളുടെ നിലപാട് പാർട്ടിയെ ചിന്താകുഴപ്പത്തിലാക്കി. തീവ്രനിലപാട് പാടില്ലെന്നും മുന്നണിയിൽ തുടർന്നുകൊണ്ട് കോൺഗ്രസിനെ വിമർശിച്ചാൽ മതിയെന്നും പാണക്കാട് മുഹമ്മദലി ശിഹാബ് തങ്ങളുടെ നേതൃത്വത്തിലുള്ള സംസ്ഥാന നേതൃത്വം തീരുമാനിച്ചതോടെ ഒരു പിളർപ്പ് കൂടിയുണ്ടായി.
ഇബ്രാഹിം സുലൈമാൻ സേട്ടിനെപ്പോലൊരു അതികായൻ വിട്ടുപോയെങ്കിലും ലീഗിന്റെ അടിത്തറക്ക് ഇളക്കമുണ്ടാക്കാൻ ആ പിളർപ്പിന് കഴിഞ്ഞില്ല. എന്നാൽ കരുണാകരന്റെ യു.ഡി.എഫിലെ അധീശത്വത്തിൽ അസ്വസ്ഥരായിരുന്ന ലീഗ് നേതൃത്വം കോൺഗ്രസിലെ എതിർപക്ഷമായിരുന്ന ആൻറണി ഗ്രൂപ്പുമായി ഇതിനിടെ കൈകോർത്തു.
ഐ.എസ്.ആർ.ഒ ചാരക്കേസിൽ കരുണാകരനെതിരെ ആൻറണി ഗ്രൂപ്പിനൊപ്പം ലീഗും ചേർന്നപ്പോൾ സ്വാഭാവികമായും കേരള കോൺഗ്രസിന്റെ ഗ്രൂപ്പുകളും യോജിച്ചു. കരുണാകരഗ്രൂപ് മുന്നണിയിൽ ഒറ്റപ്പെട്ടു. നരസിംഹറാവുവിന്റെ കേന്ദ്ര നേതൃത്വവും കൈവിട്ടപ്പോൾ കരുണാകരന് രാജിവെക്കേണ്ടിവന്നു. ആൻറണി മുഖ്യമന്ത്രിയായി. എന്നാൽ 1996 ലെ തെരഞ്ഞെടുപ്പിൽ യു.ഡി.എഫിന് പരാജയം രുചിക്കേണ്ടിവന്നു.
2001ൽ വീണ്ടും ആൻറണിയുടെ നേതൃത്വത്തിൽ യു.ഡി.എഫ് അധികാരത്തിൽ വന്നു. ആ മന്ത്രിസഭയിൽ ലീഗിന് ഏറെക്കാര്യങ്ങൾ ചെയ്യാൻ കഴിഞ്ഞു. അതുവരെ പ്രഫഷനൽ കോളജുകളുടെ കാര്യത്തിൽ പിന്നിലായിരുന്ന സംസ്ഥാനം ഒരു കുതിച്ചുചാട്ടത്തിന് സാക്ഷ്യംവഹിച്ചു.
സംസ്ഥാനമെങ്ങും സ്വാശ്രയ കോളജുകൾ വന്നു. അതിന് നേതൃത്വം നൽകാൻ അന്ന് വിദ്യാഭ്യാസമന്ത്രിയായിരുന്ന നാലകത്തുസൂപ്പിക്കാണ് സാധിച്ചത്. ലീഗ് അതിൽ ഏറെ പഴി കേട്ടെങ്കിലും പിൽക്കാലത്ത് അതൊരു വിദ്യാഭ്യാസ വിപ്ലവമായിതന്നെ വിലയിരുത്തപ്പെട്ടു.
അതേസമയം, ലീഗിന്റെ പ്രതിച്ഛായക്ക് ഏറെ മങ്ങലേൽപിച്ച പല സംഭവവികാസങ്ങളും അക്കാലത്തുണ്ടായി. എ.കെ. ആൻറണിക്കെതിരെ ഒളിയാക്രമണങ്ങൾ നടത്തിയ ഉമ്മൻ ചാണ്ടി വിഭാഗത്തോടൊപ്പം ലീഗ് നേതൃത്വവും കൈകോർത്തു. പിന്നീട് ലോക്സഭ തെരഞ്ഞെടുപ്പിലെ യു.ഡി.എഫിന്റെ ദയനീയ പരാജയത്തെ തുടർന്ന് ആൻറണി രാജിവെക്കുമ്പോൾ യു.ഡി.എഫിന് പുതിയൊരു മുഖം രൂപംകൊള്ളുകയായിരുന്നു.
യു.ഡി.എഫ് എന്നാൽ ഉമ്മൻ ചാണ്ടി, കെ.എം. മാണി, പി.കെ. കുഞ്ഞാലിക്കുട്ടി എന്നീ ത്രയങ്ങളാണ് എന്നതിലേക്ക് കാര്യങ്ങൾ മാറി. പക്ഷേ, അതിനിടെ ഐസ്ക്രീം പാർലർക്കേസ് കുഞ്ഞാലിക്കുട്ടിക്കെതിരെ പ്രതിപക്ഷം ആയുധമാക്കി. ലീഗിന്റെ ശോഭകെട്ടു. 2004 ലെ ലോക്സഭ തെരഞ്ഞെടുപ്പിൽ മഞ്ചേരിയിൽ കെ.പി.എ. മജീദ് പരാജയപ്പെട്ടത് ലീഗിന് അതിഭയങ്കര തിരിച്ചടിയായി.
ലീഗ് ഒരിക്കലും പ്രതീക്ഷിക്കാത്ത പ്രഹരമായിരുന്നു അത്. കഷ്ടകാലം അവിടെ അവസാനിച്ചില്ല. 2006 ലെ നിയമസഭ തെരഞ്ഞെടുപ്പിൽ പി.കെ. കുഞ്ഞാലിക്കുട്ടി, എം.കെ. മുനീർ, ഇ.ടി. മുഹമ്മദ് ബഷീർ എന്നിവരടക്കമുള്ള മുതിർന്ന നേതാക്കളെല്ലാം പരാജയപ്പെട്ടു. ലീഗ് വൻതകർച്ചയെ ആഭിമുഖീകരിച്ച കാലഘട്ടം.
എന്നാൽ തെറ്റുകൾ തിരുത്തി, പാർട്ടിയെ മുന്നോട്ടുനയിക്കുന്നതിന് മുഹമ്മദലി ശിഹാബ്തങ്ങൾ മുൻകൈയെടുത്തു. 2009 ൽ തങ്ങളുടെ നിര്യാണത്തെ തുടർന്ന് സംസ്ഥാന അധ്യക്ഷ പദമേറ്റെടുത്ത ഹൈദരലി ശിഹാബ് തങ്ങൾ 2011ലെ തെരഞ്ഞെടുപ്പിലേക്ക് പാർട്ടിയെ സജ്ജമാക്കി.
എൻ. ഷംസുദ്ദീൻ, പി.കെ. ബഷീർ, കെ.എം. ഷാജി, പി. ഉബൈദുല്ല തുടങ്ങിയ പുതുമുഖങ്ങളെ സ്ഥാനാർഥികളാക്കി വിജയിപ്പിച്ചത് ഹൈദരലി ശിഹാബ് തങ്ങളാണ്. എതിർപക്ഷത്തുണ്ടായിരുന്ന മഞ്ഞളാംകുഴി അലിയെ പാർട്ടിയിൽ കൊണ്ടുവന്ന് വിജയിപ്പിച്ച് അഞ്ചാം മന്ത്രിയാക്കി. അതുവരെ പരാജയം മാത്രം അറിഞ്ഞിരുന്ന അഡ്വ. ടി.എ. അഹമ്മദ് കബീർ ആദ്യമായി എം.എൽ.എ ആയി.
സാമ്പത്തികമായി ബുദ്ധിമുട്ടിയ പാർട്ടിക്ക് ഡിജിറ്റൽ സംവിധാനത്തിലൂടെ 13 കോടിയുടെ ഫണ്ട് സമാഹരണം നടത്തി, ഡിജിറ്റലായി അംഗത്വ കാമ്പയിൻ നടത്തി, 27 ലക്ഷം അംഗങ്ങളെ ചേർത്തു. അതിൽ 51 ശതമാനവും വനിതകളായിരുന്നു എന്നത്, മാറ്റൊരു മാറ്റമായി.
യു.ഡി.എഫിന്റെ 2016 ലെ പരാജയത്തെ തുടർന്ന് ലീഗ് വീണ്ടും ഒതുങ്ങി. എന്നാൽ ആ തെരഞ്ഞെടുപ്പിൽ പുതുമുഖങ്ങളായ മികച്ച ചില പാർലമെന്റേറിയന്മാരെ ലീഗിനു ലഭിച്ചു. തുടർന്നുവന്ന ലോക്സഭ തെരഞ്ഞെടുപ്പിൽ കുഞ്ഞാലിക്കുട്ടി പാർലമെൻറിലേക്ക് മത്സരിച്ചപ്പോൾ, എം.കെ. മുനീർ നിയമസഭ കക്ഷി നേതാവായി.
2021ലെ നിയമസഭ തെരഞ്ഞെടുപ്പിൽ യു.ഡി.എഫിന് വിജയം പ്രതീക്ഷിച്ച ലീഗ് കുഞ്ഞാലിക്കുട്ടിയെ വീണ്ടും കേരളത്തിലേക്ക് കൊണ്ടുവന്നു. എന്നാൽ ഇടതുപക്ഷം ഭരണത്തുടർച്ച നേടി യു.ഡി.എഫിനെ ഞെട്ടിച്ചു. തുടർച്ചയായി പ്രതിപക്ഷത്തിരിക്കേണ്ടിവന്ന ലീഗിൽ അസ്വസ്ഥതകളുണ്ട്.
അതിലുപരി, കേന്ദ്ര ഭരണത്തിന്റെ നടപടികൾ ഉണ്ടാക്കുന്ന സമ്മർദങ്ങളുണ്ട്. അതിനെതിരെയുള്ള ലീഗിന്റെ ശബ്ദം ദുർബലമാണ് എന്ന ആരോപണം അണികളിലുണ്ട്. നേതൃത്വം ഈ പുതിയ അവസ്ഥാന്തരങ്ങളെ എങ്ങനെ നേരിടുമെന്നതാണ്, എഴുപത്തഞ്ചു കടക്കുന്ന ലീഗിന്റെ മുന്നിലുള്ള ചിന്താവിഷയം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.