കേരളത്തിലെ പ്രമുഖനായ ഒരു യുവ മാധ്യമാവതാരകനുമായി കുറച്ചുവര്‍ഷങ്ങള്‍ക്കുമുമ്പ് നടത്തിയ സംഭാഷണത്തിനിടയില്‍ അദ്ദേഹം ചോദിച്ചു. ‘ബാബരി മസ്ജിദ് തകര്‍ക്കപ്പെട്ട സമയത്ത് മതേതര ഇന്ത്യ മുഴുക്കെ മുസ്ലിംകളുടെ കൂടെയായിരുന്നു. മതേതരമാവുക എന്നാല്‍, മുസ്ലിംകളുടെ കൂടെ നില്ക്കലാണെന്ന് നിര്‍വചിക്കപ്പെട്ട സന്ദര്‍ഭം. പിന്നെ എങ്ങനെയാണ് കുറച്ചുകഴിയുമ്പോഴേക്ക് പൊതു സമൂഹം ഇങ്ങനെ മുസ്ലിം വിരുദ്ധമായിത്തീര്ന്നത്?’ കറകളഞ്ഞ മതേതരവാദിയായ ആ മാധ്യമസുഹൃത്ത് പറഞ്ഞില്ലെങ്കിലും സന്ദേഹത്തില്‍ ധ്വനിപ്പിച്ച കാര്യം മുസ്ലിംകളുടെ കൈയിലിരിപ്പുകൊണ്ടല്ലേ കാര്യങ്ങള്‍ ഇങ്ങനെ ആയത് എന്നായിരുന്നു. ഗാന്ധിവധത്തിനുശേഷം രാജ്യം നേരിട്ട ഏറ്റവും വലിയ ദുരന്തമാണ് ബാബരിധ്വംസനമെന്ന് അന്ന് ഉപരാഷ്ട്രപതിയായിരുന്ന കെ.ആര്. നാരായണന് പറഞ്ഞിരുന്നു. ഗാന്ധിവധം കൊണ്ട് സംഘ്പരിവാറിന് കനത്ത നഷ്ടമാണുണ്ടായത്. ബാബരിധ്വംസനം അവര്‍ക്ക് ലാഭമായിരുന്നു.
മതേതരസമൂഹത്തിന് ധ്വംസനത്തിനു മുമ്പും പിമ്പും ആശയപരമായി അതിനെ ചെറുക്കാന്‍ കഴിയാതെ പോയതാണ് അതിെൻറ കാരണം. ബാബരി തകര്‍ച്ചയുടെ തൊട്ടുമുമ്പും പിമ്പുമുള്ള കാലത്ത് ഇടതുപക്ഷമാണ് ഒരു പരിധിവരെ ഈ ദൗത്യം നിറവേറ്റാന്‍ ശ്രമിച്ചത്. സോവിയറ്റ് യൂനിയെൻറ പതനത്തിനു ശേഷം ഇടതുപക്ഷത്തിെൻറ സാമൂഹിക രാഷ്ട്രീയ പ്രസക്തിതന്നെ ഫാഷിസത്തിനെതിരായ ശക്തമായ പ്രതിരോധം എന്നതായിരുന്നു. പിന്നീട് കോണ്ഗ്രസിനെപോലെതന്നെ ഇടതുപക്ഷവും അത് ഒരു പരിധിവരെ ഉപേക്ഷിക്കുകയായിരുന്നു.
90 മുതൽ ആരംഭിച്ച മറ്റൊരു പ്രവണതയെ തിരിച്ചറിയുമ്പോഴാണ് മാധ്യമസുഹൃത്തിെൻറ അന്വേഷണത്തിെൻറ ശരിയായ ഉത്തരം ഉരുത്തിരിച്ചെടുക്കാനാവുക. സോവിയറ്റ് യൂനിയെൻറ തകര്‍ച്ചയോടെ ആരംഭിച്ച ഏകധ്രുവ ലോകമാണത്. അതിന് സാമ്പത്തികമായി വഴിപ്പെടുത്തുന്ന പ്രക്രിയയായിരുന്നു ആഗോളവത്കരണം. വിദേശനയത്തില്‍ അമേരിക്കയുമായുള്ള സൗഹൃദവും ഇസ്രായേലുമായുള്ള നയതന്ത്രബന്ധത്തിെൻറ സമാരംഭവും. ഇതിലൂടെ പുതിയ ഏകധ്രുവ ലോകത്തിലേക്ക് ഇന്ത്യ കണ്ണിചേരുകയായിരുന്നു.
കമ്യൂണിസ്റ്റ് ചേരിയുടെ തകര്‍ച്ചയിലൂടെ നിലനിൽപിനാവശ്യമായ ശത്രുവിനെ നഷ്ടപ്പെട്ട് സാമ്രാജ്യത്വം ഇസ്ലാമിനെയും മുസ്ലിംകളെയും ശത്രുവായി കണ്ടെത്തുകയും പ്രതിഷ്ഠിക്കുകയുമായിരുന്നു. അത് ഒരു പ്രതിരോധ ചികിത്സയുമില്ലാതെ പടര്ന്നുപിടിച്ചതിെൻറ ഫലമായിരുന്നു ബാബരിയാനന്തരം ഇന്ത്യയില്‍ സംഭവിച്ച കീഴ്മേല്‍ മറിച്ചില്‍. സാമ്രാജ്യത്വം സൃഷ്ടിച്ച ഇസ്ലാമോഫോബിയയുടെ അനുകൂല സാഹചര്യം കാരണമാണ് ഗാന്ധിവധം കൊണ്ട് പരിക്കുപറ്റിയ സംഘ്പരിവാറിന് ബാബരിധ്വംസനം കൊണ്ട് ലാഭം ലഭിച്ചത്. ഇടതുപക്ഷമടക്കമുള്ള മതേതര ചേരി ഇതിനെ തിരിച്ചറിഞ്ഞ് പ്രതിരോധിക്കാന്‍ ശ്രമിച്ചില്ല. എന്ന് മാത്രമല്ല ഒരു പരിധിവരെ ഇസ്ലാം പേടിയുടെ യുക്തികള്‍ക്കകത്ത് അകപ്പെടുകയും ചെയ്തു. പള്ളി തകര്‍ത്തതിെൻറ ഞെട്ടലില്‍ മുസ്ലിം പക്ഷത്തുനിന്നുള്ളവരും അന്തരീക്ഷം സാധാരണഗതി പ്രാപിച്ചപ്പോള്‍ മുസ്ലിം വിരുദ്ധരായിത്തീര്ന്നത് മുസ്ലിംകളുടെ കൈയിലിരിപ്പിെൻറ ദോഷംകൊണ്ടല്ല, പുതിയ ഇസ്ലാം പേടിയുടെ അന്തരീക്ഷത്തിെൻറ വിഷലിപ്തതയുടെ സാന്ദ്രതകാരണമാണ്.
ന്യൂനപക്ഷ വര്‍ഗീയത ഭൂരിപക്ഷ വര്‍ഗീയത മുതലായ ഉപകരണങ്ങള്‍ മാത്രമുപയോഗിച്ച് ബാബരിയാനന്തര കാലത്തിെൻറ മാറ്റങ്ങളെ വിലയിരുത്താന്‍ കഴിയില്ല. സാമ്രാജ്യത്വം സൃഷ്ടിച്ച ഇസ്ലാം പേടിയുടെ സുനാമിതന്നെ ആഞ്ഞടിച്ച ഒരു കാലത്തെ അങ്ങനെതന്നെ തിരിച്ചറിഞ്ഞാലേ ഈ പ്രശ്നെത്ത മനസ്സിലാക്കാന്‍ കഴിയൂ. ഇസ്ലാമോഫോബിയ എന്ന രാഷ്ട്രീയ ആശയം ഉപയോഗിച്ചല്ലാതെ നമുക്ക് ഇതിനെ വിശകലനം ചെയ്ത് ശരിയായ ഉത്തരത്തില്‍ എത്താനാവില്ല. ഇസ്ലാമും മുസ്ലിംകളുമായി ബന്ധപ്പെട്ട നമ്മുടെ സമീപനങ്ങളില്‍ ആശങ്കകളാല്‍ നിരവധി യുക്തിരാഹിത്യങ്ങള്‍ ഉണ്ട്. അതിെൻറ യുക്തി ഇസ്ലാം പേടിയുടെ യുക്തിമാത്രമാണ്.
നേരത്തെതന്നെ നിലവിലുള്ളതും പുതുതായി ശക്തിപ്പെട്ടതുമായ ഇസ്ലാം ഭീതിയുടെ അന്തരീക്ഷത്തില്‍ ബാബരി മസ്ജിദിെൻറ തകര്‍ച്ചയെ ഒരു രാഷ്ട്രീയ വിഷയമാക്കി മുന്നോട്ടു കൊണ്ടുപോവാന്‍ മുഖ്യധാര മതേതര രാഷ്ട്രീയത്തിനോ മുസ്ലിം സമൂഹത്തിനോ സാധ്യമായില്ല. യഥാര്‍ഥത്തില്‍ ബാബരി ധ്വംസനത്തെ ഉന്നയിക്കാന്‍ കഴിയാത്ത സാമൂഹിക സാഹചര്യത്തെ തന്നെ പ്രശ്നവത്കരിക്കുകയും രാഷ്ട്രീയവത്കരിക്കുകയുമായിരുന്നു മതേതരപക്ഷം ചെയ്യേണ്ടിയിരുന്നത്. അതുകൊണ്ടുതന്നെ സംഘ്പരിവാര്‍ ഒഴിഞ്ഞ പോസ്റ്റില്‍ നിരന്തരം ഗോളടിച്ചുകൊണ്ടിരുന്നു. അതിെൻറ ഫലമാണ് കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ അവര്‍ നേടിയ വിജയം.
ബാബരിതകര്ക്കലിനെയും ഇസ്ലാം ഭീതിയേയും ശക്തമായി മതേതര രാഷ്ട്രീയ പ്രമേയങ്ങളാക്കി ഉയര്‍ത്തിക്കൊണ്ട് മാത്രമേ സംഘ്പരിവാറിെൻറ തേരോട്ടത്തെ പ്രതിരോധിക്കാന്‍ കഴിയുകയുള്ളൂ. ബാബരിധ്വംസനവും പടര്‍ന്നുപിടിക്കുന്ന ഇസ്ലാം പേടിയും മുസ്ലിംകളുടെ മാത്രം പ്രശ്നമല്ല, രാജ്യത്തിെൻറ പൊതുവായ വിഷയമാണെന്ന ബോധമാണ് മുസ്ലിംകള്ക്കും മറ്റു മതേതരവിശ്വാസികള്‍ക്കും ഉണ്ടാവേണ്ടത്. ബാബരി മസ്ജിദുമായി ബന്ധപ്പെട്ട് പരിഹരിക്കപ്പെടേണ്ട അടിയന്തര വിഷയം യഥാര്‍ഥത്തില്‍ വസ്തു തര്‍ക്കമല്ല.
തകര്‍ത്ത പള്ളി പുനര്‍നിർമിക്കുക എന്നതാണ്. അതിനുശേഷമാണ് വസ്തു തര്‍ക്കത്തില്‍ യഥാര്‍ഥത്തില്‍ വിധി തീര്‍പ്പു കൽപിക്കേണ്ടത്. ഇപ്പോള്‍ കോടതിയുടെ മുമ്പില്‍ ഇത് രണ്ട് കേസുകളായി നിലനില്‍ക്കുകയാണ്. തകര്‍ക്കപ്പെട്ട മന്ദിരം പുനര്‍നിർമിക്കുകയാണ് ആദ്യം ചെയ്യേണ്ടത് എന്നത് ഒരു നിയമവിഷയമല്ല. ഒരു രാഷ്ട്രീയ വിഷയമാണ്. പക്ഷേ ഇത് പറയാനുള്ള ശേഷി മതേതര രാഷ്ട്രീയത്തിനോ മുസ്ലിം സമൂഹത്തിനോ ഇല്ലാതെപോയി എന്നതാണ് ബാബരി ദുരന്തത്തേക്കാള്‍ വലിയ ദുരന്തം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.