എൻജിനീയറായി ജീവിതമാരംഭിച്ച് ഏഴാം റാേങ്കാടെ ഐ.എ.എസ് പാസായി, റവന്യൂ ബോർഡ് മെംബറായി, അഡീഷനൽ ചീഫ് സെക്രട്ടറിയായി റിട്ടയർ ചെയ്ത ഡോ. ഡാനിയൽ ബാബുപോൾ ഒരേസമയം പ്രഗല്ഭനായ ഭരണാധികാരിയും പ്രതിഭാധനനായ എഴുത്തുകാരനും ദൈവശാസ്ത്ര പണ്ഡിതനും സാംസ്കാരിക നായകനുമായിരുന്നുവെന്നതാണ് വിസ്മയിപ്പിക്കുന്ന സത്യം. സ്വതഃസിദ്ധമായ നർമബോധം അക്ഷരങ്ങളെ ആസ്വാദ്യമാക്കിയതാണ് അദ്ദേഹത്തിെൻറ രചനകൾക്ക് ഏറെ വായനക്കാരെയും വാക്കുകൾക്ക് ശ്രോതാക്കളെയും നേടിക്കൊടുത്തതെന്ന് പറയാതെ വയ്യ.
‘മാധ്യമ’വുമായി അടുത്തബന്ധം പുലർത്തിയിരുന്ന ബാബു പോളിനോട് പത്രത്തിൽ ഒരു സ്ഥിരം പംക്തി തുടങ്ങണമെന്നാവശ്യെപ്പടാൻ ഞങ്ങളെ പ്രേരിപ്പിച്ചത് സുദീർഘകാലം ബ്യൂറോക്രസിയുടെ മർമസ്ഥാനങ്ങളിൽ വിരാജിച്ച ഒരു മഹദ്വ്യക്തിത്വത്തിെൻറ അനുഭവസമ്പത്തിൽനിന്ന് പുത്തൻ തലമുറകൾക്ക് പലതും പഠിക്കാനുണ്ടാവുമെന്ന വിശ്വാസവും ഒപ്പംതന്നെ സരസമായ ആഖ്യാനരീതി അനുവാചകരെ പിടിച്ചുനിർത്തുമെന്ന കണക്കുകൂട്ടലുമായിരുന്നു. ഞങ്ങളുടെ പ്രതീക്ഷ അനുഗൃഹീത തൂലികാകാരൻ അസ്ഥാനത്താക്കിയില്ല എന്ന തിരിച്ചറിവ്, ഒരു വ്യാഴവട്ടക്കാലം എല്ലാ ബുധനാഴ്ചകളിലും അദ്ദേഹത്തിെൻറ ‘മധ്യരേഖ’ മുടങ്ങാതെ പ്രസിദ്ധീകരിക്കാൻ പ്രേരിപ്പിക്കുകയായിരുന്നു. ഇൗ ഒരൊറ്റ പംക്തി മാധ്യമത്തെ അതേവരെ അപരിചിതമായിരുന്ന അരമനകളിലേക്കും ഉന്നത ഉദ്യോഗസ്ഥ മേശപ്പുറങ്ങളിലേക്കുമെത്തിച്ചു. ആനുകാലിക സംഭവങ്ങളെ ഗതകാലാനുഭവങ്ങളുമായി വിളക്കിച്ചേർത്ത് അവതരിപ്പിക്കുകയായിരുന്നു മധ്യരേഖയുടെ സാമാന്യശൈലി.
2015 ജനുവരി നാലിന് പുറത്തിറങ്ങിയ മാധ്യമം പത്രത്തിൽ മധ്യരേഖക്ക് വിരാമമിട്ടുകൊണ്ട് ബാബു പോൾ എഴുതി:
‘‘മാധ്യമം പത്രാധിപരുടെ രണ്ട് നിർദേശങ്ങൾ എെൻറ എഴുത്തുവഴികൾ മാറ്റി. ഒരിക്കലും ഒരു സർവിസ് സ്റ്റോറി എഴുതുകയില്ല എന്ന് ഉറപ്പിച്ചിരുന്ന എന്നെക്കൊണ്ട് കഥ ഇതുവരെ എഴുതിച്ചത് ഒ. അബ്ദുറഹ്മാൻ സാഹിബും വയലാർ ഗോപകുമാറുമാണ്. ഇന്ന് മലയാളത്തിൽ ഏറ്റവും കൂടുതൽ വിറ്റുപോവുന്ന സർവിസ് സ്റ്റോറിയാണ് ആറു കൊല്ലത്തിനിടെ ആറാം പതിപ്പിൽ എത്തിനിൽക്കുന്ന ആ കൃതി. പിന്നെ ഈ പംക്തി. ഒരിക്കലും ഒരു പ്രതിവാരപംക്തി കൃത്യമായി എഴുതാൻ കഴിയുമെന്ന ചിന്ത എനിക്കുണ്ടായിരുന്നില്ല. സ്നേഹപൂർവമായ നിർബന്ധവും ധൈര്യപ്പെടുത്തലുംകൊണ്ട് എന്നെ ‘മധ്യരേഖ’യുടെ കർത്താവാക്കിയതും അബ്ദുറഹ്മാൻ സാഹിബ് തന്നെ. നന്ദിയാരോട് ചൊല്ലേണ്ടൂ എന്ന കവിസംശയം എനിക്കില്ല. അത് ‘മാധ്യമം’ പത്രാധിപരോടുതന്നെ.’’
പത്രത്തിെൻറ ലേഔട്ടിലും ഉള്ളടക്കത്തിലും മാറ്റം വരുത്താൻ സമയമായി എന്ന ആലോചനയും തീരുമാനവുമാണ് മധ്യരേഖക്ക് ഭരതവാക്യം ചൊല്ലാൻ പ്രേരണയായത്. അല്ലെങ്കിൽ 12 വർഷക്കാലം ഒരു കോളം ആരുടേതായാലും മുടക്കമില്ലാതെ ഏതെങ്കിലും പത്രത്തിൽ തുടർന്നതിന് ഉദാഹരണം അധികമില്ലെന്ന് തീർച്ച. പിന്നീടും ഡോ. ബാബുപോളിെൻറ അഭിപ്രായമോ നിരീക്ഷണമോ പ്രസക്തമെന്ന് തോന്നിയ വിഷയങ്ങൾ മുന്നിൽ വരുേമ്പാൾ അദ്ദേഹത്തെ അതിനായി നിർബന്ധിക്കുകയും ഒരു വൈമനസ്യവും കാട്ടാതെ അതെഴുതിത്തരുകയും ചെയ്യുമായിരുന്നു.
കേരളത്തിനകത്തും പുറത്തും ‘മാധ്യമം’ സംഘടിപ്പിച്ച സവിശേഷ പരിപാടികളുടെ വേദികളെ ധന്യമാക്കാനും ആ വലിയ മനുഷ്യൻ വൈമുഖ്യം കാട്ടിയില്ല. അേദ്ദഹത്തിെൻറ വൈവിധ്യപൂർണമായ ജീവിതത്തെ ആധാരമാക്കി ഒരു ഡോക്യുമെൻററി പ്രസിദ്ധ സംവിധായകൻ കമൽ തയാറാക്കിക്കൊണ്ടിരുന്നപ്പോൾ മുഖ്യമായും ‘മധ്യരേഖ’യെക്കുറിച്ച് സംസാരിക്കാൻ ഒരിക്കൽ തിരുവനന്തപുരത്ത് ഞാൻ ക്ഷണിക്കപ്പെട്ടതോർക്കുന്നു. പിന്നീട് പക്ഷേ, ഡോക്യുമെൻററിയെക്കുറിച്ചൊന്നും കേട്ടില്ല. ഏത് സഭാപിതാവിനെക്കാളും സമഗ്രമായി വേദം പഠിച്ച, വേദശബ്ദ രത്നാകരം എന്ന ബൃഹത്തായ ബൈബിൾ നിഘണ്ടുവിെൻറ കർത്താവായിരുന്ന ബാബുപോൾ ഇസ്ലാം ഉൾപ്പെടെയുള്ള മതങ്ങളെക്കുറിച്ചും നന്നായി പഠിച്ചിരുന്നു എന്നുകൂടി ചേർത്തുപറയണം. നമ്മുടെ കാലഘട്ടത്തിലെ ആ അപൂർവ പ്രതിഭാധനെൻറ ദീപ്ത സ്മരണക്ക് കൃതജ്ഞതാപൂർവം ഈ വരികൾ സമർപ്പിക്കട്ടെ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.