ഗൾഫിൽനിന്ന് അവധിക്ക് നാട്ടിൽവന്ന യുവാവ് അതികഠിനമായ വയറുവേദനയും പനിയുമ ായി കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലെത്തി. പ്രമേഹ രോഗ ലക്ഷണങ്ങളെതുടർന്ന് ഇയാൾ ന ാട്ടിലെ ഒരു ‘മാന്ത്രികവൈദ്യ’നെ ഏതാനും ദിവസങ്ങൾക്കു മുമ്പ് സമീപിച്ചിരുന്നു. ഇരുമ്പ ൻ പുളി ജ്യൂസ് ദിവസവും ഒാരോ ഗ്ലാസ്വീതം കുടിക്കാനായിരുന്നു വൈദ്യരുടെ നിർദേശം. മൂന് നു ദിവസത്തെ മരുന്നുസേവകൊണ്ട് ഒന്നും സംഭവിച്ചില്ല. നാലാം നാൾ ശാരീരികാസ്വാസ്ഥ്യം ത ുടങ്ങി. ഒരുരക്ഷയുമില്ലെന്ന് കണ്ടപ്പോഴാണ് ആശുപത്രിയിലെത്തിയത്. സാധാരണയായി അച്ചാറുണ്ടാക്കാനും മീൻകറിയിൽ സാധാരണ പുളിക്ക് പകരമായും ഒക്കെ ഉപയോഗിക്കുന്ന ഇര ുമ്പൻ പുളിയിൽ ഒാക്സാലിക് ആസിഡിെൻറ അളവ് വളരെ കൂടുതലാണ്. നാലുദിവസം അതിെൻറ ജ ്യൂസ് കഴിച്ച ആളുടെ അവസ്ഥ പിന്നെ പറയാനുണ്ടോ? സ്വാഭാവികമായും അത് അയാളുടെ കിഡ്നിയെ സാരമായി ബാധിച്ചിരുന്നു. ഭാഗ്യത്തിന് തുടക്കത്തിൽതന്നെ കണ്ടെത്താൻ കഴിഞ്ഞതിനാൽ 10 ദിവസത്തെ ഹിമോഡയാലിസിസിനു ശേഷം അദ്ദേഹത്തിന് ആരോഗ്യം തിരിച്ചുകിട്ടി.
ഇരുമ്പൻ പുളി സംബന്ധിച്ച് നിരവധി നാട്ടറിവുകളുണ്ട്. നീർവീക്കം, തടിപ്പ്, വാതം, മുണ്ടിനീര്, വിഷജന്തുക്കളുടെ കടിമൂലമുണ്ടാകുന്ന മുറിവ് എന്നിവക്കൊക്കെ ഇത് നാടൻ ചികിത്സകർ ഉപയോഗിക്കാറുണ്ട്. ഇൗ നാട്ടറിവുകളുടെ നിജസ്ഥിതി സംബന്ധിച്ച് കേരളത്തിലെ ആറ് ഡോക്ടർമാർ നടത്തിയ പഠനത്തിൽ ഇരുമ്പൻ പുളിയിലെ ഒാക്സാലിക് അംശത്തിെൻറ അധിക അളവ് വലിയ അപകടം സൃഷ്ടിക്കുന്നതായി കണ്ടെത്തി. മാന്ത്രിക വൈദ്യന്മാരുടെ കെണിയിൽപെട്ട് ദിവസങ്ങളോളം ഇരുമ്പൻ പുളി ജ്യൂസ് കഴിച്ച് വൃക്ക തകരാറിലായ പത്തുപേരുടെ ചികിത്സാവിവരങ്ങളുടെ അടിസ്ഥാനത്തിലായിരുന്നു പഠനം. ഇതിൽ മൂന്നുപേരെ ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവരാൻ കഴിഞ്ഞു; ബാക്കിയുള്ളവരെ ദീർഘകാലം ഡയാലിസിസിന് വിധേയമാേക്കണ്ടിവന്നുവെന്നും ഡോക്ടർമാർ പറയുന്നു. നാലുവർഷം മുമ്പ് ഇൗ പഠനം ‘ഇന്ത്യൻ ജേണൽ ഒാഫ് നെേഫ്രാളജി’യിൽ പ്രസിദ്ധീകരിച്ചു. വയനാട്ടിലെ പ്രമുഖ സ്വകാര്യ ആശുപത്രിയിലെ നാല് ഡോക്ടർമാർ ഇതേ വിഷയത്തിൽ മറ്റൊരു പഠനം നടത്തിയപ്പോഴും സമാന ഫലമാണ് ലഭിച്ചത്. മൂന്നു രോഗികളുടെ (അതിൽ രണ്ടും സ്ത്രീകളായിരുന്നു) ചികിത്സാ വിവരങ്ങളാണ് ഇവർ പഠനവിധേയമാക്കിയത്.
കെണിയൊരുക്കി പരസ്യങ്ങൾ
നിരന്തരം നൽകുന്ന പരസ്യങ്ങളിലൂടെയാണ് വ്യാജന്മാർ അപ്രമാദിത്വം സ്ഥാപിച്ചെടുക്കുന്നത്. അക്കാദമിക് യോഗ്യതയുള്ള ആയുർവേദ ഡോക്ടർമാരെ ഇവർ രണ്ടാംകിടക്കാരും അലോപ്പതിക്കാരെ അനുകരിക്കുന്നവരുമാക്കി ചിത്രീകരിക്കുന്നു. ഇൗ പ്രചാരണത്തിലൂടെ, യഥാർഥ വൈദ്യന്മാർ തങ്ങളാണെന്ന് സമർഥിക്കും. അതോടെ സാധാരണക്കാർ ഇവരുടെ കെണിയിൽ അകപ്പെടുകയും ചെയ്യും. വ്യാജന്മാർ തയാറാക്കിയ പല രഹസ്യക്കൂട്ടുകളും എന്തുമാത്രം അപകടകരമാണെന്ന് ഇതിനകംതന്നെ തെളിയിക്കപ്പെട്ടിട്ടുണ്ട്. ഇന്ത്യൻ ജേണൽ ഒാഫ് ഗ്യാസ്ട്രോ എൻട്രോളജിയുടെ കഴിഞ്ഞ മാർച്ച് ലക്കത്തിൽ പ്രസിദ്ധീകരിച്ച ഗവേഷണ പ്രബന്ധം അത്തരമൊരു പഠനമാണ്. കരൾരോഗ വിദഗ്ധനായ ഡോ. സിറിയക് അബി ഫിലിപ്പിെൻറ നേതൃത്വത്തിലുള്ള സംഘമാണ് ഇൗ പഠനം നടത്തിയത്. ആയുർവേദമെന്നും പച്ചമരുന്നെന്നും പറഞ്ഞ് ഒരു പഠനവും നടത്താതെ മാർക്കറ്റിലേക്ക് ഒഴുകുന്ന മാന്ത്രിക മരുന്നുകളുടെ ഉപയോഗം കേരളത്തിൽ ഗുരുതരമായ തോതിൽ കരൾ രോഗങ്ങൾക്ക് കാരണമാകുന്നുവെന്നാണ് പഠനം വ്യക്തമാക്കുന്നത്. മാന്ത്രിക വൈദ്യന്മാരുടെ ചികിത്സമൂലം അസുഖം വഷളായി ആധുനിക വൈദ്യ ചികിത്സക്കെത്തിയ നൂറോളം പേരെ പരിശോധിച്ചാണ് ഗവേഷകർ ഇത്തരമൊരു നിഗമനത്തിലെത്തിയത്. മിക്കവരും പരസ്യങ്ങൾ വഴിയാണ് മാന്ത്രിക മരുന്നുകളെക്കുറിച്ച് അറിഞ്ഞതെന്ന് രോഗികളുമായും അവരുടെ ബന്ധുക്കളുമായും നടത്തിയ കൂടിക്കാഴ്ചയിൽനിന്ന് വ്യക്തമായിട്ടുണ്ട്്. ഇവരിൽനിന്ന് കണ്ടെടുത്ത മാന്ത്രിക മരുന്നുകൾ വിദഗ്ധ പരിശോധനക്ക് അയച്ചപ്പോൾ സംഘത്തിന് ഞെട്ടിക്കുന്ന വിവരങ്ങളാണ് ലഭിച്ചത്.
മിക്ക മരുന്നുകളിലും ലെഡ്, മെർക്കുറി, ആഴ്സനിക്, കാഡ്മിയം, ആൻറിമണി തുടങ്ങിയ സാന്ദ്രത കൂടിയ ലോഹങ്ങളുടെ സാന്നിധ്യം കണ്ടെത്തി. അതും അനുവദനീയമായ അളവിെൻറ പതിനായിരത്തിലധികം മടങ്ങ് കൂടുതൽ. വൊളൈറ്റൽ ഒാർഗാനിക് കോംപൗണ്ട് എന്ന വിഷപദാർഥവും ഇൗ മരുന്നുകളിൽ സ്ഥിരീകരിച്ചു. ഇത്തരം മരുന്നുകൾ വിൽപന നടത്തുന്ന 26 കമ്പനികളുടെ വിവരങ്ങളും റിേപ്പാർട്ടിലുണ്ട്. സ്ഥിരമായി മാധ്യമങ്ങളിൽ പരസ്യങ്ങളായി പ്രത്യക്ഷപ്പെടുന്നവയാണ് ഇതിൽ പലതും.
കറ്റാർവാഴയുടെ സമയം
പൊടുന്നനെയാണ് അലോവിര (കറ്റാർവാഴ) താരമായത്. ഇപ്പോൾ സർവരോഗ സംഹാരിയുടെ പദവിയിലെത്തി. ബാബാ രാംദേവിെൻറ ‘പതഞ്ജലി’ എന്ന ബിസിനസ് സാമ്രാജ്യത്തിൽ ഏറ്റവും വിറ്റുവരവുള്ള ഉൽപന്നങ്ങളിലൊന്നാണ് കറ്റാർവാഴ ജ്യൂസ്. പണ്ടുതൊേട്ട ഇതിെൻറ ഒൗഷധ ഗുണങ്ങൾ നാട്ടറിവുകളുടെ ഭാഗമാണ്. രക്തശുദ്ധിക്ക് ഉത്തമ മരുന്നായി കറ്റാർവാഴ ഉപയോഗിക്കാറുണ്ട്. ജീവകങ്ങൾ, അമിനോഅമ്ലങ്ങൾ, ഇരുമ്പ്, മാംഗനീസ്, കാൽസ്യം, സിങ്ക്, എൻസൈമുകൾ തുടങ്ങിയവ അടങ്ങിയിരിക്കുന്നുവെന്ന് ശാസ്ത്രീയമായി തെളിയിക്കപ്പെട്ടതുമാണ്. അതിനപ്പുറമൊന്നുമില്ല. എന്നാലിപ്പോൾ പ്രമേഹം, ആർത്രൈറ്റിസ്, അമിത കൊളസ്ട്രോൾ തുടങ്ങി അർബുദത്തിന് വരെ മരുന്നായി പല ‘മാന്ത്രികരും’ കറ്റാർവാഴ നിർദേശിക്കുന്നു.
ഏതാനും വർഷങ്ങൾക്കു മുമ്പ്, അമേരിക്കയിലെ ഹെൽത്ത് ആൻഡ് ഹ്യൂമൻ സർവിസ് ഡിപ്പാർട്മെൻറിലെ ഗവേഷകർ നടത്തിയ പഠനത്തിൽ കറ്റാർവാഴയുടെ ദോഷഫലങ്ങളെക്കുറിച്ച് പറയുന്നുണ്ട്. എലികളിൽ നടത്തിയ പഠനത്തിൽ കറ്റാർ വാഴയിലുള്ള അലോയിൻ എന്ന പദാർഥം അവയുടെ കുടലിൽ അർബുദത്തിന് കാരണമായെന്നായിരുന്നു കണ്ടെത്തൽ. പദാർഥങ്ങളിലെ വിഷാംശം കണ്ടെത്തുന്നത് സംബന്ധിച്ച ദേശീയ പദ്ധതിയുടെ ഭാഗമായിട്ടായിരുന്നു ഇൗ ഗവേഷണം. ഇതു സംബന്ധിച്ച വിശദമായൊരു ലേഖനം 2011 ഏപ്രിലിലെ ന്യൂ സയൻറിസ്റ്റ് മാസിക പ്രസിദ്ധീകരിച്ചു. ഇതേതുടർന്ന്, യു.എസ് ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷൻ അലോയിൻ അടങ്ങിയ പദാർഥങ്ങൾ നിരോധിച്ചു. അലോയിനെ കാർസിനോജൻ 2ബി പട്ടികയിൽ (അർബുദത്തിന് കാരണമാകുന്ന പദാർഥങ്ങളുടെ പട്ടികയിലൊന്ന്) ഉൾപ്പെടുത്തുകയും ചെയ്തു.
അമേരിക്കയടക്കം പല രാജ്യങ്ങളിലും അലോവിര ജ്യൂസിന് നിരോധനമേർപ്പെടുത്തുേമ്പാഴാണ് അതേ ഉൽപന്നം ഇന്ത്യയിൽ കോടിക്കണക്കിന് വിറ്റുപോകുന്നത്. അടുത്തകാലത്ത്, ഖത്തർ പോലുള്ള പല രാജ്യങ്ങളും ഇൗ ഉൽപന്നം നിരോധിച്ചു. പതഞ്ജലിയുടെ മറ്റ് ഉൽപന്നങ്ങളിൽ പലതും നാട്ടറിവ് പാരമ്പര്യത്തെ മുതലെടുത്ത് വിറ്റഴിക്കുന്നവയാണ്. പലതും കൈയോടെ പിടികൂടിയിട്ടും നിയന്ത്രിക്കാൻ അധികാരികൾക്ക് കഴിയുന്നില്ല. 2017 ജനുവരിയിൽ ആസ്കി (അഡ്വടൈസിങ് സ്റ്റാൻഡേഡ് കൗൺസിൽ ഒാഫ് ഇന്ത്യ) പുറത്തുവിട്ട റിപ്പോർട്ട് പ്രകാരം, പതഞ്ജലി മാധ്യമങ്ങൾക്ക് നൽകുന്ന പരസ്യങ്ങളിലെ അവകാശ വാദങ്ങളിൽ 80 ശതമാനത്തിലധികവും വ്യാജമാണ്. 33 ഉൽപന്നങ്ങളിൽ 25െൻറ അവകാശവാദങ്ങളും പൂർണമായും കളവാണെന്ന് ആസ്കി വ്യക്തമാക്കുന്നു. സാധാരണക്കാരുടെ അജ്ഞത മുതലെടുത്ത് കള്ളപ്പരസ്യങ്ങളിലൂടെ തടിച്ചുകൊഴുത്ത വേറെയും മാന്ത്രിക മരുന്ന് കമ്പനികൾ സർക്കാർ തണലിൽ ഇവിടെ സസുഖം വാഴുന്നു.
നാളെ: കേന്ദ്രവും നിയമവും വ്യാജന്മാർക്കൊപ്പം
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.