സെപ്റ്റംബർ ഒന്നിനുണ്ടായ ലാത്തിച്ചാർജിനു ശേഷം മഹാരാഷ്ട്രയിലെ പല ജില്ലകളിലും ബന്ദ് നടന്നുവരുകയാണ്. മറാത്തകളും ഒ.ബി.സികളും ധൻഗാറുകളും പലയിടങ്ങളിലും പ്രക്ഷോഭത്തിലാണ്. കോടതിയിൽ നിലനിൽക്കില്ലെന്ന് ഉറപ്പാണെങ്കിലും തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് മറാത്തകളെ ആശ്വസിപ്പിച്ചുവെന്ന് വരുത്താനായി, സംവരണം ഏർപ്പെടുത്തി തലയൂരുന്ന പതിവ് ഇത്തവണ നടക്കുമോ എന്നു കണ്ടറിയണം
തൊഴിൽ, വിദ്യാഭ്യാസ മേഖലകളിൽ സംവരണം വേണമെന്ന് മഹാരാഷ്ട്രയിലെ മറാത്തകൾ ആവശ്യപ്പെടാൻ തുടങ്ങിയിട്ട് പതിറ്റാണ്ടുകളായി. 2014ൽ അന്നത്തെ കോൺഗ്രസ്-എൻ.സി.പി സഖ്യ സർക്കാറും 2018 ൽ ബി.ജെ.പി-ശിവസേന സഖ്യസർക്കാറും തെരഞ്ഞെടുപ്പ് ലക്ഷ്യത്തോടെ സംവരണം ഏർപ്പെടുത്തിയെങ്കിലും കോടതി കടമ്പ കടക്കാൻ അതിനു കഴിഞ്ഞില്ല. മൊത്തസംവരണം 50 ശതമാനം കടക്കാൻ പാടില്ലെന്നാണ് ചട്ടം. നിലവിൽ മഹാരാഷ്ട്രയിലെ മൊത്ത സംവരണം 62 ശതമാനമാണ്. ഈ ഒറ്റക്കാര്യംകൊണ്ടാണ് ഏർപ്പെടുത്തിയ സംവരണം കോടതിയിൽ പരാജയപ്പെട്ടത്.
ഇനിയും അതുതന്നെയാണ് സംഭവിക്കാൻ പോകുന്നതെന്ന് സർക്കാറിനും മറാത്തകൾക്കും നന്നായി അറിയാം. വർഷങ്ങൾക്ക് മുമ്പ് ഒ.ബി.സിയിൽ ഉൾപ്പെടുത്തിയ മറാത്തകളിലെ ഉപ വിഭാഗമാണ് കുൻഭികൾ. ശേഷിച്ച മറാത്തകളെയും കുൻഭി വിഭാഗത്തിൽ ഉൾപ്പെടുത്തി തടിയൂരുക എന്ന ഏക വഴിയേ സർക്കാറിന് മുന്നിലുള്ളൂ. അതിനാൽ, ഹൈദരാബാദ് നിസാമുമാരുടെ ഭരണകാലത്ത് അവരുടെ പരിധിയിലായിരുന്ന മറാത്ത്വാഡയിലെ മറാത്തകളെ മറാത്ത-കുൻഭി വിഭാഗത്തിൽ ഉൾപ്പെടുത്തി ഒ.ബി.സി സംവരണം നൽകാനാണ് ഏക്നാഥ് ഷിൻഡെ പക്ഷ ശിവസേന-ബി.ജെ.പി- അജിത് പവാർ പക്ഷ എൻ.സി.പി സഖ്യ സർക്കാർ തീരുമാനിച്ചത്.
കുൻഭി ഒ.ബി.സി സാക്ഷ്യപത്രം ലഭിക്കണമെങ്കിൽ നിസാമുമാരുടെ കാലത്തെ വിദ്യാഭ്യാസ, റവന്യൂ രേഖകൾ കൈവശം വേണമെന്ന നിബന്ധനയുണ്ട്. ഇത് സംവരണം ഏതാനും പേർക്ക് മാത്രമായി ചുരുക്കും. അതിനാൽ, ഈ നിബന്ധന എടുത്തുമാറ്റണമെന്ന് മറാത്തകൾ ആവശ്യപ്പെടുന്നു.
കീറാമുട്ടിയായ മറാത്ത സംവരണ ആവശ്യം വീണ്ടും ശക്തമായത് മുമ്പത്തെ പോലെ ലോക്സഭ, മഹാരാഷ്ട്ര നിയമ തെരഞ്ഞെടുപ്പുകൾ പടിവാതിൽക്കൽ എത്തിയ പശ്ചാത്തലത്തിലാണ്. ഇത്തവണ ജൽനയിൽ മനോജ് ജരാൻഗെ പാട്ടീൽ തുടങ്ങിയ നിരാഹാര സമരവും സമരക്കാർക്കുനേരെ പൊലീസ് നടത്തിയ ലാത്തിച്ചാർജും തുടർന്നുള്ള സംഘർഷവുമാണ് വിഷയം രൂക്ഷമാക്കിയത്. അതോടെ, പുതിയ മറാത്ത നായകൻ പിറക്കുകയും ചെയ്തു. ആരാണ് ലാത്തിച്ചാർജിന് ഉത്തരവിട്ടതെന്ന ചോദ്യം ബാക്കിയാകുന്നുണ്ട്. ബി.ജെ.പി നേതാവായ ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസിനാണ് ആഭ്യന്തര വകുപ്പ്. പൊലീസ് നടപടിയിൽ പങ്കില്ലെന്ന് ആണയിട്ട ഫഡ്നാവിസ് സംഭവത്തിൽ മാപ്പ് ചോദിക്കുകയും ചെയ്തു.
മറാത്ത സംവരണത്തെ ഒരിക്കൽ എതിർത്ത അവരുടെ കൂട്ടത്തിൽനിന്നുള്ള പ്രബല നേതാവായ എൻ.സി.പി അധ്യക്ഷൻ ശരത്പവാർ പൊലീസ് അതിക്രമത്തെ രൂക്ഷമായി വിമർശിച്ച് സമരക്കാർക്ക് പിന്തുണയുമായി രംഗത്തുവന്നിരിക്കുകയാണ്. സംസ്ഥാന ജനസംഖ്യയിൽ 33 ശതമാനം വരുന്ന മറാത്തകളെ പിണക്കാൻ ആർക്കാണ് ധൈര്യംവരുക. മുമ്പ് മഹാരാഷ്ട്ര മുഖ്യമന്ത്രിയായിരിക്കെ ഭൂവുടമകളും രാഷ്ട്രീയപ്രമുഖരുമടങ്ങിയ മറാത്ത സമുദായത്തെ സാമൂഹികവും സാമ്പത്തികവുമായി പിന്നാക്ക വിഭാഗമായി കാണാനാകില്ലെന്ന് നിലപാടെടുത്തയാളാണ് ശരത്പവാർ. മറാത്തകളുടെ സംവരണ ആവശ്യത്തിന് ശാശ്വതമായ പരിഹാരം കാണണമെന്നും മൊത്തസംവരണം 50 കവിയരുതെന്ന ചട്ടം കേന്ദ്രസർക്കാർ തിരുത്തണമെന്നും അദ്ദേഹം ഇപ്പോൾ ആവശ്യപ്പെടുന്നു. പ്രതിപക്ഷ സഖ്യമായ എം.വി.എയിലെ മറ്റു കക്ഷികളായ ഉദ്ധവ് താക്കറെ പക്ഷ ശിവസേനയും കോൺഗ്രസും മറാത്തകൾക്കൊപ്പമാണ്.
മറാത്ത സമരനായകൻ മനോജ് ജരാൻഗെ പാട്ടീലിന്റെ സമ്മർദത്തിനു വഴങ്ങി കുൻഭി വിഭാഗത്തിലുൾപ്പെടുത്തി മറാത്തകൾക്ക് ഒ.ബി.സി സംവരണം നൽകാൻ തീരുമാനിച്ചെങ്കിലും സർക്കാർ കൂടുതൽ കുരുക്കിലാവുകയാണ് ചെയ്തത്. തങ്ങളുടെ അവകാശത്തിൽ കൈയിട്ട് വാരുന്നതിനെ എതിർത്ത് ഒ.ബി.സി സംഘടനകൾ പ്രതിഷേധ റാലികൾ തുടങ്ങി. ഒപ്പം നാടോടി വിഭാഗത്തിൽപ്പെട്ട ഇടയ സമുദായമായ ധൻഗാറുകൾ തങ്ങളെ പട്ടികവർഗത്തിലുൾപ്പെടുത്തണമെന്ന ആവശ്യം ശക്തമാക്കുകയും ചെയ്തു.
സംസ്ഥാന ജനസംഖ്യയിൽ 52 ശതമാനം വരുന്ന ഒ.ബി.സികളെയും ഒരു രാഷ്ട്രീയ പാർട്ടിക്കും പിണക്കാനാവില്ല. ജൽനയിൽ മറാത്ത സംവരണക്കാർക്കുനേരെയുള്ള ലാത്തിച്ചാർജിന്റെ പേരിൽ മൂന്ന് പൊലീസ് ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തത് ഒ.ബി.സിക്കാരുടെ പ്രതിഷേധത്തിന് ആക്കംകൂട്ടിയിട്ടുണ്ട്. ഒ.ബി.സിയിൽെപട്ട വഞ്ചാര സമുദായക്കാരാണ് സസ്പെൻഷനിലായ രണ്ട് ഉദ്യോഗസ്ഥർ. സെപ്റ്റംബർ ഒന്നിനുണ്ടായ ലാത്തിച്ചാർജിനുശേഷം മഹാരാഷ്ട്രയിലെ പല ജില്ലകളിലും ബന്ദ് നടന്നുവരുകയാണ്. മറാത്തകളും ഒ.ബി.സികളും ധൻഗാറുകളും പലയിടങ്ങളിലും പ്രക്ഷോഭത്തിലാണ്.
കോടതിയിൽ നിലനിൽക്കില്ലെന്ന് ഉറപ്പാണെങ്കിലും തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് മറാത്തകളെ ആശ്വസിപ്പിച്ചുവെന്ന് വരുത്താനായി, സംവരണം ഏർപ്പെടുത്തി തലയൂരുന്ന പതിവ് ഇത്തവണ നടക്കുമോ എന്നു കണ്ടറിയണം. 2014 ൽ തെരഞ്ഞെടുപ്പിന്റെ വക്കിലെത്തി നിൽക്കെയാണ് കാലാവധി പൂർത്തിയാക്കുന്ന അന്നത്തെ കോൺഗ്രസ്-എൻ.സി.പി സർക്കാർ മറാത്തകൾക്ക് 16 ശതമാനവും മുസ്ലിംകൾക്ക് അഞ്ച് ശതമാനവും സംവരണം ഏർപ്പെടുത്തിയത്. അതു പക്ഷേ, തെരഞ്ഞെടുപ്പിൽ പ്രതിഫലിച്ചില്ല.
ബി.ജെ.പി-ശിവസേന സഖ്യം ഭരണത്തിൽ വന്നു. തൊട്ടുപിന്നാലെ ബോംബെ ഹൈകോടതി സംവരണം റദ്ദാക്കി. മുസ്ലിംകൾക്ക് വിദ്യാഭ്യാസത്തിൽ അഞ്ചു ശതമാനം സംവരണം നിലനിർത്തിയായിരുന്നു വിധി. 2018 ൽ ദേവേന്ദ്ര ഫഡ്നാവിസ് മുഖ്യനായ അന്നത്തെ ബി.ജെ.പി-ശിവസേന സർക്കാർ സാമൂഹിക സാമ്പത്തിക പിന്നാക്ക വർഗ നിയമംകൊണ്ടുവന്ന് മറാത്തകൾക്ക് 16 ശതമാനം സംവരണം വീണ്ടും ഏർപ്പെടുത്തി. കാർഷിക പ്രതിസന്ധിയും തുടർന്നുള്ള സാമ്പത്തിക പ്രയാസവും കാരണം മറാത്തകൾ സാമൂഹിക സാമ്പത്തിക മേഖലകളിൽ പിന്നാക്കം പോയെന്ന കമീഷന്റെ പഠന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലായിരുന്നു ഇത്.
റിപ്പോർട്ടിന്റെ ബലത്തിൽ ബോംബെ ഹൈകോടതി സംവരണം ശരിവെച്ചെങ്കിലും 12 ശതമാനമായി കുറച്ചു. മാത്രമല്ല; മുസ്ലിം സംവരണവും പരിഗണിക്കണമെന്ന് പറയുകയും ചെയ്തു. തൊട്ടുപിന്നാലെ വന്ന തെരഞ്ഞെടുപ്പിൽ ബി.ജെ.പി വലിയ ഒറ്റക്കക്ഷിയായെങ്കിലും സഖ്യ കക്ഷിയായ ശിവസേന ഉടക്കി കോൺഗ്രസും എൻ.സി.പിയുമായി കൈകോർത്തതോടെ ഭരണം പോയി. ശിവസേന, എൻ.സി.പി, കോൺഗ്രസ് കൂട്ടുകെട്ടിലെ മഹാ വികാസ് അഗാഡി (എം.വി.എ) ഭരണത്തിനിടയിൽ 2021 ൽ സുപ്രീംകോടതി മറാത്ത സംവരണം റദ്ദാക്കി.
ഇത് എം.വി.എ സർക്കാറിന് എതിരെ ബി.ജെ.പിക്ക് കരുത്തുറ്റ ആയുധമായി. എന്നാൽ, അന്നത്തെ അതേ അവസ്ഥ ഇപ്പോൾ ബി.ജെ.പിക്കു മുന്നിൽ വന്നുപെട്ടിരിക്കുന്നു. ആഗസ്റ്റ് 29 ന് തുടങ്ങിയ നിരാഹാര സമരം താൽക്കാലികമായി വ്യാഴാഴ്ച മനോജ് ജരാൻഗെ പാട്ടീൽ അവസാനിപ്പിച്ചെങ്കിലും ഒരു മാസത്തിനകം സർക്കാറിന് ഒരു പോംവഴി കണ്ടേപറ്റൂ. ഒരുമാസത്തിനകം മറാത്തകൾക്ക് കുൻഭി സാക്ഷ്യപത്രം നൽകിയില്ലെങ്കിൽ കൂടുതൽ ജനങ്ങളുമായി വീണ്ടും നിരാഹാര സമരം തുടങ്ങുമെന്നാണ് പാട്ടീലിന്റെ മുന്നറിയിപ്പ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.