ചെങ്ങന്നൂരിൽ സംഭവിച്ചത്...

ന്യൂനപക്ഷം ഇല്ലാത്ത യു.ഡി.എഫ് എന്നാൽ ഒറ്റ വാക്കിൽ പറഞ്ഞാൽ വട്ടപ്പൂജ്യം എന്നാണ് ചെങ്ങന്നൂർ തെളിയിച്ചത്. കോൺഗ്രസിന്‍റെ ഈ പരമ്പരാഗത സീറ്റിൽ ചരിത്രത്തിലെ ഏറ്റവും വലിയ പരാജയം  ഐക്യജനാധിപത്യ മുന്നണി ഏറ്റു വാങ്ങിയത് രണ്ടു കൊല്ലം തികച്ച പിണറായി സർക്കാർ പൊലീസ് അതിക്രമങ്ങളുടെ പേരിൽ മുൾമുനയിൽ നിൽക്കുമ്പോഴാണ്. 

വരാപ്പുഴയിലെ ശ്രീജിത്തിന്‍റെ കസ്റ്റഡി മരണത്തിലും മാന്നാനത്തെ കെവിൻ ജോസഫിന്‍റെ പൊലീസ് സ്‌പോൺസേർഡ് മരണത്തിലും എൽ.ഡി.എഫ് സർക്കാർ വിഷമ സന്ധിയിൽ നിൽക്കുമ്പോഴാണ് ചെങ്ങന്നൂർ ഉപതെരഞ്ഞെടുപ്പിൽ ജനങ്ങൾ സമ്മതിദാനാവകാശം വിനിയോഗിച്ചത്. എൽ.ഡി.എഫ്, യു.ഡി.എഫ്, എൻ.ഡി.എ  മുന്നണികൾ കട്ടക്ക് നിന്നു നടത്തിയ പോരാട്ടം. അതിൽ ഇരുപത്തിനായിരത്തിനു മുകളിൽ ഭൂരിപക്ഷവുമായി സി.പി.എമ്മിലെ സജി ചെറിയാന്‍റെ വിജയം അസാധാരണവും തിളക്കമാർന്നതുമാണ്.

ചെങ്ങന്നൂർ ഫലം അപഗ്രഥിക്കുമ്പോൾ ഒറ്റ നോട്ടത്തിൽ തന്നെ വ്യക്തമാകുന്ന കാര്യം യു.ഡി.എഫിന്റെ ശക്തി സ്രോതസ്സായ മതന്യൂനപക്ഷങ്ങൾ ഉപതെരഞ്ഞെടുപ്പിൽ കോൺഗ്രസിനെ പൂർണമായി കയ്യൊഴിഞ്ഞു എന്നാണ്. മണ്ഡലത്തിലെ ക്രിസ്ത്യൻ- മുസ്‌ലിം വോട്ടർമാർ ഇത്തവണ അരിവാൾ ചുറ്റിക നക്ഷത്രത്തിൽ വോട്ട് ചെയ്യാൻ ഒരു മടിയും കാണിച്ചില്ല. അതിലേക്കു അവരെ നയിച്ചതാകട്ടെ, ഹിന്ദു വോട്ടിൽ കണ്ണു നട്ടു കോൺഗ്രസും ബി ജെപിയും നടത്തിയ തെരഞ്ഞെടുപ്പു പ്രചാരണമാണ്. 

കോൺഗ്രസിലെ ശോഭനാ ജോർജ് മൂന്നു തവണയും അതിന്‍റെ തുടർച്ചയായി പി.സി വിഷ്ണുനാഥ്‌ രണ്ടു തവണയും ജയിച്ച ചെങ്ങന്നൂരിൽ 2014 ലെ തെരഞ്ഞെടുപ്പിൽ സി.പി.എമ്മിലെ രാമചന്ദ്രൻ നായരാണ് തെരഞ്ഞെടുക്കപ്പെട്ടത്. വിഷ്ണുനാഥിനെ അദ്ദേഹം 7983 വോട്ടിന് തോൽപിച്ചു. രാമചന്ദ്രൻ നായർക്ക് 52880 ഉം വിഷ്ണുനാഥിന് 44897 ഉം വോട്ടുകൾ കിട്ടി. എൻ.ഡി.എ സ്ഥാനാർഥിയായി മത്സരിച്ച ബി.ജെ.പിയിലെ പി.എസ് ശ്രീധരൻപിള്ള  ഇരുമുന്നണികളേയും ഞെട്ടിച്ചു 42682 വോട്ടുകൾ നേടി. മുൻ തെരഞ്ഞെടുപ്പിൽ കിട്ടിയതിനേക്കാൾ ഏഴിരട്ടി അധികമായിരുന്നു അത്. 

2011ൽ വിഷ്ണുനാഥ്‌ ജയിച്ചപ്പോൾ കിട്ടിയത് 65156 വോട്ടുകളായിരുന്നു. 2016 ൽ തോറ്റപ്പോൾ കുറവ് വന്നത് 20259 വോട്ടുകളാണ്. രാമചന്ദ്രൻ നായർക്കാകട്ടെ, മുൻ തെരഞ്ഞെടുപ്പിൽ സി.പി.എമ്മിലെ സി.എസ് സുജാതക്ക് കിട്ടിയതിനേക്കാൾ 224 വോട്ട് മാത്രമേ അധികം ലഭിച്ചുള്ളൂ. കോൺഗ്രസിന്‍റെ ഹിന്ദു വോട്ട് ബാങ്ക് ചോർന്നു ബി. ജെ.പിയിലേക്ക് പോയപ്പോൾ അതിന്‍റെ അനുകൂല്യത്തിലാണ് സി.പി.എം സ്ഥാനാർഥി തെരഞ്ഞെടുക്കപ്പെട്ടത്. വെള്ളാപ്പള്ളി നടേശന്‍റെ കാർമികത്വത്തിൽ  അദ്ദേഹത്തിന്‍റെ മകൻ തുഷാർ വെള്ളാപ്പള്ളി പ്രസിഡന്‍റായി രൂപീകരിച്ച ബി.ഡി.ജെ.എസിന്‍റെ സാന്നിധ്യവും ബി.ജെ.പിക്ക് വോട്ട് വർധിക്കാൻ കാരണമായി. 

രാമചന്ദ്രൻ നായരുടെ മരണത്തോടെ ഒഴിവു വന്ന ചെങ്ങന്നൂരിൽ ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നതിന് എത്രയോ മുൻപേ മൂന്നു മുന്നണികളും അരയും തലയും മുറുക്കി ഗോദയിൽ ഇറങ്ങിയിരുന്നു. സ്ഥാനാർഥി നിർണയത്തിൽ കോൺഗ്രസ് കൈക്കൊണ്ടത് കഴിഞ്ഞ തവണ നഷ്ടപ്പെട്ട ഹിന്ദു വോട്ടുകൾ തിരിച്ചു പിടിക്കുക എന്ന തന്ത്രമാണ്‌. ഇങ്ങനെയൊരു ലക്‌ഷ്യം മുന്നിൽ കണ്ടായിരുന്നു ഡി വിജയകുമാറിനെ നിർത്തിയത്. സീറ്റ് പിടിച്ചെടുക്കാൻ കഴിയുമെന്ന പ്രതീക്ഷയോടെ ശ്രീധരൻ പിള്ളയെ ബി.ജെ.പി വീണ്ടും ഇറക്കിയപ്പോൾ  ജില്ലാ സെക്രട്ടറിയായിരുന്ന സജി ചെറിയാനെ സി.പി.എം അശ്വമേധത്തിനയച്ചു. 

സാമുദായികത അരങ്ങു തകർത്ത തെരഞ്ഞെടുപ്പ് പ്രചാരണമാണ് ചെങ്ങന്നൂരിൽ നടന്നത്. മതമേലധ്യക്ഷന്മാരുടെ അരമനകളിൽ നേതാക്കന്മാർ പല തവണ കയറിയിറങ്ങി. എൻ.എസ്.എസിന്‍റെ സുകുമാരൻ നായർ പതിവ് പോലെ സമദൂരവും ശരിദൂരവുമൊക്കെ പറഞ്ഞെങ്കിലും മുന്നാക്ക സമുദായങ്ങളിലെ പിന്നാക്കക്കാർക്കു ദേവസ്വം നിയമനങ്ങളിൽ സംവരണം നൽകിയ പിണറായി സർക്കാറിന്‍റെ നടപടിയിൽ സന്തുഷ്ടി രേഖപ്പെടുത്തി. ബി.ഡി.ജെ.എസുകാരിൽ ഒരാൾക്ക് പോലും വാഗ്ദാനം ചെയ്ത പദവി  നൽകാത്തതിൽ ക്ഷുഭിതനായ വെള്ളാപ്പള്ളി നടേശൻ ബി.ജെ.പിയുമായി പരസ്യമായി ഇടഞ്ഞു. മകൻ തുഷാർ എൻ.ഡി.എ യിൽ തന്നെ നിലയുറച്ചെങ്കിലും ഇടതു സ്ഥാനാർഥിക്ക് അനുകൂലമായ സന്ദേശമാണ് വെള്ളാപ്പള്ളിയിൽ നിന്നു വന്നത്.

ഹിന്ദു വോട്ടുകളുടെ പിറകെ കോൺഗ്രസ് പോയപ്പോൾ കൈവശം ഭദ്രമായി ഉണ്ടായിരുന്ന ക്രിസ്ത്യൻ -മുസ്‌ലിം വോട്ടുകൾ ഇടതുപക്ഷം പതിച്ചെടുത്തു. യു.ഡി.എഫ് ഭരിക്കുന്ന  മാന്നാർ അടക്കം പഞ്ചായത്തുകളിൽ സജിചെറിയാന് ലഭിച്ച മുൻ‌തൂക്കം ന്യൂനപക്ഷ വോട്ടുകൾ കൂട്ടത്തോടെ ഇടതുപക്ഷത്തേക്ക്  ഒഴുകിയെത്തി എന്നാണ് വെളിപ്പെടുത്തുന്നത്. മുമ്പൊരു തെരഞ്ഞെടുപ്പിലും കാണാത്ത പ്രതിഭാസമാണിത്. ബി.ജെ.പിയുടെ തീവ്ര ഹിന്ദുത്വത്തിനു ബദലായി കോൺഗ്രസ് അവതരിപ്പിച്ച മൃദു ഹിന്ദുത്വം മത ന്യൂനപക്ഷങ്ങൾ ആശങ്കയോടെയാണ് കണ്ടത്. അവരത് ഒറ്റയടിക്ക് തള്ളിക്കളഞ്ഞു. അവർ വിശ്വാസമർപ്പിച്ചത് സി.പി.എമ്മിലാണ്. ആർ.എസ്.എസിനെതിരെ വിട്ടുവീഴ്ചയില്ലാത്ത നിലപാട് എൽ.ഡി.എഫ് അവതരിപ്പിച്ചപ്പോൾ ആർ.എസ്.എസിന്‍റെ വോട്ടും ആകാം എന്ന സമീപനമാണ് യു.ഡി.എഫ് കൈക്കൊണ്ടത്. യു.ഡി.എഫ് സ്ഥാനാർഥി ഡി വിജയകുമാറിനെ ആർ.എസ്.എസ് സഹയാത്രികനായി കോടിയേരി ബാലകൃഷ്ണൻ അവതരിപ്പിച്ചപ്പോൾ വേണ്ട വിധത്തിൽ അതു പ്രതിരോധിക്കാൻ കോൺഗ്രസിന് കഴിഞ്ഞില്ല.

കഴിഞ്ഞ തെരഞ്ഞെടുപ്പിനെ അപേക്ഷിച്ചു 1450 വോട്ടുകൾ അധികം ലഭിച്ചതു ചൂണ്ടികാണിച്ചു യു ഡി എഫിന്റെ അടിത്തറ തകർന്നിട്ടില്ല എന്നാണ് കോൺഗ്രസ് നേതൃത്വം വാദിക്കുന്നത്. എന്നാൽ 2011 ലെ കോൺഗ്രസ് വോട്ടുമായി താരതമ്യം ചെയ്യുമ്പോൾ വലിയ അന്തരമാണ് പ്രകടമാകുന്നത്. അന്നു നഷ്ടപ്പെട്ട വോട്ടുകൾ തിരിച്ചു കൊണ്ടു വരാൻ കോൺഗ്രസിനു കഴിഞ്ഞിട്ടില്ല. രണ്ടു കൊല്ലം മുൻപ് രാമചന്ദ്രൻ നായർക്ക് കിട്ടിയതിനേക്കാൾ 14423 വോട്ടുകളാണ് സജി ചെറിയാന് കൂടുതലായി ലഭിച്ചത്.ഇടതുപക്ഷം പ്രതീക്ഷിച്ചതിനും അപ്പുറത്തുള്ള വിജയം. വിജയ പ്രതീക്ഷയുമായി വന്ന പി എസ്  ശ്രീധരൻ പിള്ളക്ക് 2016 ലെ തെരഞ്ഞെടുപ്പിനേക്കാൾ 7412 വോട്ട് കുറവാണ്. പിള്ളക്ക് കഴിഞ്ഞ തവണ ലഭിച്ച ബി ഡി ജെ എസിന്റെ വോട്ടുകൾ സി പി എമ്മിലേക്ക് പോയെന്നാണ്‌ കരുതേണ്ടത്. 

യു.ഡി.എഫ് വിട്ടുപോയ ശേഷം ഉപതെരഞ്ഞെടുപ്പിന്‍റെ അവസാന നിമിഷം നാടകീയമായി തിരിച്ചു വന്ന കെ.എം മാണി തീർത്തും അപ്രസക്തനായി എന്നതും ചെങ്ങന്നൂർ നൽകുന്ന പാഠമാണ്. പ്രചാരണ വേളയിൽ മാണിയുടെ വോട്ട് വലിയ ചർച്ചാ വിഷയമാക്കിയതു സി.പി.ഐയാണ്. മാണിയുടെ വോട്ടിനു വേണ്ടി സി.പി.എം നടത്തിയ ശ്രമങ്ങളെ സി.പി.ഐ പരസ്യമായി എതിർത്തു. ഇടത് മുന്നണിയിൽ  മാണിയെ എടുക്കുന്നതിനെ എതിർത്ത കാനം രാജേന്ദ്രൻ  ചെങ്ങന്നൂരിൽ മാണിയുടെ വോട്ട് വേണ്ടെന്ന് പരസ്യമായി പ്രഖ്യാപിക്കുകയും അതിന്‍റെ പേരിൽ സി.പി.ഐയും സി.പി.എമ്മും അകന്നു പോകുകയും ചെയ്തു, ഇടതു മുന്നണി പ്രവേശം അങ്ങേയറ്റം ദുഷ്കരമാണെന്നു തിരിച്ചറിഞ്ഞ മാണി മുസ്‌ലിം ലീഗ് നേതാവ് പി.കെ കുഞ്ഞാലിക്കുട്ടിയുടെ മാധ്യസ്ഥത്തിൽ യു.ഡി.എഫിൽ തിരിച്ചു  വന്നു. തന്‍റെ മുഖം രക്ഷിക്കാനായി ഉമ്മൻചാണ്ടിയെയും രമേശ് ചെന്നിത്തലയേയും  മാണി പാലായിലെ വീട്ടിൽ വരുത്തി. ഇതെല്ലം കഴിഞ്ഞു ചെങ്ങന്നൂരിൽ പോയി യു.ഡി.എഫിന് വോട്ടു അഭ്യർത്ഥിച്ച മാണിയെ ക്രിസ്ത്യൻ വോട്ടർമാർ തള്ളി. മാണിയുടെ പിന്തുണ യു.ഡി.എഫിനും വോട്ട് എൽ.ഡി.എഫിനും എന്നതാണ് യഥാർത്ഥത്തിൽ സംഭവിച്ചത്.
  

Tags:    
News Summary - Chengannur Byelection Analysis-Open Forum

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.