കുഞ്ഞീബി എന്ന ലൈംഗിക തൊഴിലാളി കോഴിക്കോട് ടൗൺ പൊലീസ് സ്റ്റേഷനിലെ ലോക്കപ്പിൽ തൂങ്ങിമരിച്ചുകിടക്കുന്ന ചിത്രം ചോയിക്കുട്ടി പകർത്തി മാധ്യമത്തിൽ പ്രസിദ്ധീകരിച്ചത് എൺപതുകളുടെ ഒടുവിൽ വലിയ രാഷ്ട്രീയ കോലാഹലം സൃഷ്ടിച്ച സംഭവമായിരുന്നു
തോളിൽ കാമറയും തൂക്കി നഗരത്തിലൂടെ കാൽനടയായി നീങ്ങുന്ന സി. ചോയിക്കുട്ടി എന്ന ഫോട്ടോഗ്രാഫർ ഏതാനും വർഷങ്ങൾ മുമ്പുവരെ കോഴിക്കോടിന്റെ സ്ഥിരം കാഴ്ചയായിരുന്നു. രോഗാതുരനായി തീരെ കിടപ്പിലാകുന്നതുവരെ ആ യാത്ര അദ്ദേഹം തുടർന്നു. കാമറയും ഫോട്ടോഗ്രഫിയുമായിരുന്നു ചോയിക്കുട്ടിയുടെ ജീവിതം. അതിനിടയിൽ അദ്ദേഹം ജീവിക്കാൻ മറന്നുപോയി.
കോഴിക്കോട് ബേപ്പൂർ സ്വദേശിയായ ചോയിക്കുട്ടി ആദ്യകാല ഫോട്ടോഗ്രാഫറായ വിൻസന്റ് മാഷിന്റെ ചിത്രാ സ്റ്റുഡിയോയിലാണ് ഫോട്ടോഗ്രഫി അഭ്യസിച്ചത്. കോഴിക്കോട്ട് ഒരുകാലത്ത് അറിയപ്പെടുന്ന സായാഹ്നപത്രമായിരുന്ന കാലിക്കറ്റ് ടൈംസിലാണ് ഫോട്ടോ ജേണലിസ്റ്റ് ദൗത്യത്തിന്റെ തുടക്കം. 1987ൽ ‘മാധ്യമം’ ആരംഭിച്ചപ്പോൾ പത്രത്തിന്റെ ആദ്യ ഫോട്ടോഗ്രാഫറായി. സമൂഹത്തിന്റെ എല്ലാ തട്ടിലുമുള്ള ആളുകളുമായി ബന്ധമുള്ള ഈ ജനകീയ ഫോട്ടോഗ്രാഫറെ അറിയാത്തവർ കോഴിക്കോട്ട് അക്കാലത്ത് കുറവായിരുന്നു.
കുഞ്ഞീബി എന്ന ലൈംഗിക തൊഴിലാളി കോഴിക്കോട് ടൗൺ പൊലീസ് സ്റ്റേഷനിലെ ലോക്കപ്പിൽ തൂങ്ങിമരിച്ചുകിടക്കുന്ന ചിത്രം ചോയിക്കുട്ടി പകർത്തി മാധ്യമത്തിൽ പ്രസിദ്ധീകരിച്ചത് എൺപതുകളുടെ ഒടുവിൽ വലിയ രാഷ്ട്രീയ കോലാഹലം സൃഷ്ടിച്ച സംഭവമായിരുന്നു. ലോക്കപ്പിന്റെ ജനാലയിൽ കുഞ്ഞീബി തൂങ്ങിനിൽക്കുന്നതായിരുന്നു ചിത്രം. അവരുടെ കാൽ നിലത്തു മുട്ടിയിരുന്നു. പൊലീസ് കുഞ്ഞീബിയെ കൊന്ന് കെട്ടിത്തൂക്കിയതാണെന്ന് ആക്ഷേപം ഉയർന്നു. കെ. അജിതയുടെ നേതൃത്വത്തിലെ അന്വേഷി വനിത സംഘടന കുഞ്ഞീബിയുടെ മരണത്തിൽ അന്വേഷണം ആവശ്യപ്പെട്ട് സമരം തുടങ്ങി. ലൈംഗിക തൊഴിലാളികൾക്കും മനുഷ്യാവകാശങ്ങൾ ഉണ്ടെന്ന് സമൂഹം തിരിച്ചറിയാൻ കുഞ്ഞീബിയുടെ മരണം കാരണമായി. കോഴിക്കോട് ടൗൺ സ്റ്റേഷനിലെ എസ്.ഐയെയും ഏതാനും പൊലീസുകാരെയും സർവിസിൽനിന്ന് സസ്പെൻഡ് ചെയ്യാൻ അന്നത്തെ നായനാർ സർക്കാർ നിർബന്ധിതമായി.
ഒരു പഴഞ്ചൻ സ്കൂട്ടറിലായിരുന്നു ചോയിക്കുട്ടിയുടെ ആദ്യകാല യാത്ര. സ്കൂട്ടർ ഉപയോഗ ശൂന്യമായപ്പോൾ നടത്തത്തിലേക്കു മാറി. നഗരത്തിന്റെ മുക്കിലും മൂലയിലും കാമറയുമായി ചോയിക്കുട്ടി എത്തും. ആത്മസംതൃപ്തിക്കു വേണ്ടിയാണ് ചിത്രങ്ങൾ എടുക്കുന്നതെന്നായിരുന്നു അദ്ദേഹത്തിന്റെ നിലപാട്. ഒരു പത്രസ്ഥാപനത്തിന്റെ ഫോട്ടോഗ്രാഫറായി ജോലി നോക്കുമ്പോൾ അത്തരത്തിലൊരു നിലപാടുമായി ഒരാൾക്ക് മുന്നോട്ടുപോകുക പ്രയാസമാണ്. നല്ല ചിത്രങ്ങൾ തന്റെ സ്വകാര്യ ശേഖരത്തിൽ സൂക്ഷിക്കുകയും മറ്റു ചിത്രങ്ങൾ പത്രത്തിന് നൽകുകയുംചെയ്യുന്ന ചോയിക്കുട്ടിയുടെ ശൈലി അംഗീകരിക്കാൻ ഞാൻ അടക്കം ‘മാധ്യമ’ത്തിൽ എഡിറ്റോറിയൽ വിഭാഗത്തിലെ ഉത്തരവാദപ്പെട്ട തസ്തികകളിൽ ഇരിക്കുന്നവർക്ക് കഴിയില്ലായിരുന്നു. ഇണങ്ങിയും പിണങ്ങിയും ഞങ്ങൾ കുറെ മുന്നോട്ടുപോയി. ഒടുവിൽ മാധ്യമത്തിലെ ഫോട്ടോഗ്രാഫർ ജോലി രാജിവെച്ച് ചോയിക്കുട്ടി പുറത്തേക്കുപോയി. ഒരു ആനയാണ് അതിനു നിമിത്തമായത്.
പാപ്പാനെ കൊലപ്പെടുത്തി ചിന്നംവിളിച്ച് കോഴിക്കോട് നഗരവീഥിയിലൂടെ കിലോമീറ്ററുകൾ ഓടിയ ആനയെ ഓർത്തിരിക്കുന്നവർ ഇപ്പോഴുമുണ്ടാകും. പൊലീസ് സൂപ്രണ്ട് ആയി റിട്ടയർചെയ്ത സുഭാഷ് ബാബു അന്ന് സർക്കിൾ ഇൻസ്പെക്ടർ ആണെന്നാണോർമ. ആന പാപ്പാനെ കൊന്നതറിഞ്ഞ് ഉച്ചയോടെ സ്ഥലത്തെത്തിയ അദ്ദേഹം ആനയെ രാത്രി മയക്കുവെടിവെച്ച് തളക്കുന്നതുവരെ അതിന്റെ പിറകിൽതന്നെ ഉണ്ടായിരുന്നു. കൊമ്പിൽ ചോരയുമായി വിറളിയെടുത്ത് ആന നഗരപ്രദക്ഷിണം നടത്തുമ്പോൾ ഫോട്ടോഗ്രാഫർമാരും റിപ്പോർട്ടർമാരും അതിനെ പിന്തുടർന്നു. സുഭാഷ് ബാബുവിന്റെ ജീപ്പിൽ ഇടം കിട്ടിയതിനാൽ ഞാനടക്കം ഏതാനും പത്രക്കാർക്ക് നടക്കേണ്ടിവന്നില്ല. ബിലാത്തിക്കുളത്ത് അരങ്ങിൽ ശ്രീധരന്റെ വീടിനുമുന്നിൽ ആനയെ രാത്രി മയക്കുവെടി വെക്കുന്നതുവരെ ചോയിക്കുട്ടി സ്ഥലത്തുണ്ടായിരുന്നു. പിന്നീട് ആ രാത്രി അദ്ദേഹത്തെ കണ്ടില്ല. ഓഫിസിൽ എത്തി വാർത്ത തയാറാക്കി ചിത്രത്തിനുവേണ്ടി ഏറെ നേരം കാത്തിരുന്നിട്ടും ചോയിക്കുട്ടി വന്നില്ല. ഒടുവിൽ പടം ഇല്ലാതെ പത്രം ഇറക്കേണ്ടിവരുമെന്ന അവസ്ഥവന്നപ്പോൾ നഗരത്തിൽ ആഷാ സ്റ്റുഡിയോ നടത്തുന്ന മുരളിയെ വിളിച്ച് സഹായിക്കണമെന്ന് അഭ്യർഥിച്ചു. മുരളി നൽകിയ ഒരടിപൊളി ചിത്രം വെള്ളിമാടുകുന്നിലെത്തി ന്യൂസ് എഡിറ്റർക്ക് കൊടുത്തപ്പോഴാണ് ശ്വാസം നേരെ വീണത്.
പിറ്റേന്നിറങ്ങിയ എല്ലാ പത്രങ്ങളിലും ആനയുടെ പിന്നിൽ ഓടുന്ന ചോയിക്കുട്ടി ഉണ്ടായിരുന്നു. ഒന്നും അറിയാത്തമട്ടിൽ ബ്യൂറോയിൽ കയറിവന്ന ചോയിക്കുട്ടിയോട് ഒരൊറ്റ വാചകമേ ചോദിച്ചുള്ളൂ; എന്തിനാണ് നിങ്ങൾ ഈ കാമറയും തൂക്കി നടക്കുന്നതെന്ന്. ഏതൊരാളും ചോദിച്ചുപോകുന്ന ചോദ്യം. ഒരു മറുപടിയും പറയാതെ ഇറങ്ങിപ്പോയ ചോയിക്കുട്ടി രാജിനൽകിയ വിവരമാണ് പിന്നീടറിഞ്ഞത്. രാജി പിൻവലിക്കാൻ ഞാൻ നടത്തിയ ശ്രമം പരാജയപ്പെട്ടു. ഒരു പത്രത്തിന്റെയും ചട്ടക്കൂടിൽ നിന്ന് തനിക്കു ജോലിചെയ്യാൻ പറ്റില്ലെന്നാണ് അദ്ദേഹം മറുപടി നൽകിയത്. അതിൽ ഞാൻ നിസ്സഹായനായി. എന്നാൽ, ഞങ്ങൾ തമ്മിലെ സ്നേഹബന്ധത്തെ അത് തെല്ലും ബാധിച്ചില്ല. ഏറെ അടുപ്പമുണ്ടായിട്ടും എനിക്ക് മനസ്സിലാക്കാൻ പറ്റാതെപോയ കാരക്ടർ; അതാണ് ചോയിക്കുട്ടി.
(മാധ്യമം മുൻ ഡെപ്യൂട്ടി എഡിറ്ററാണ് ലേഖകൻ)
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.