തദ്ദേശഭരണ സ്ഥാപനങ്ങളിൽ പി.എസ്.സി മുഖേന തിരഞ്ഞെടുക്കുന്ന സെക്രട്ടറിമാരാണല്ലോ പ്രവർത്തിക്കുന്നത്. അവർക്ക് വിധേയത്വവും കണക്ക് പറയേണ്ട ബാധ്യതയും പ്രാഥമികമായും സർക്കാറിനോടാണ്. സഹകരണ ബാങ്കുകളിൽ പി.എസ്.സി മുഖേന തിരഞ്ഞെടുക്കുന്ന സെക്രട്ടറിമാരെ നിയമിക്കുകയാണെങ്കിൽ ഭരണപരമായി അവർക്ക് നിലവിലുള്ള അടിമത്തപരമായ വിധേയത്വ മനോഭാവത്തിൽ സമൂലമാറ്റം സാധ്യമാകുന്നതാണ്
ബാങ്കുകളിലെ വായ്പകളിലും നിക്ഷേപങ്ങളിലും നടക്കുന്ന തട്ടിപ്പും വെട്ടിപ്പും ആശങ്കപ്പെടുത്തുന്ന തലത്തിലേക്ക് കാര്യങ്ങളെ എത്തിച്ചിരിക്കുന്നു. രാഷ്ട്രീയ സമ്മർദത്താലും മറ്റും പൂഴ്ത്തിവെക്കപ്പെട്ടുവെന്ന് ആരോപിക്കപ്പെടുന്ന ഓഡിറ്റ് റിപ്പോർട്ടുകളിലും ഇൻസ്പെക്ഷൻ റിപ്പോർട്ടുകളിലും അടങ്ങിയ തട്ടിപ്പിന്റെ കഥകൾ ഓരോന്നായി ഇപ്പോൾ പുറത്തുവന്നുകൊണ്ടിരിക്കുകയാണ്. നിക്ഷേപിച്ച തുക ബാങ്കിൽനിന്ന് തിരിച്ചു കിട്ടാതെ ചികിത്സ മുടങ്ങി ഫിലോമിന എന്ന വീട്ടമ്മ മരണപ്പെട്ടതോടെയാണ് കരുവന്നൂരിലെ തട്ടിപ്പ് പുറംലോകത്തെത്തിയത്.
വയനാട്ടിലെ പുൽപ്പള്ളി ബാങ്കിലെ വെട്ടിപ്പ് പുറത്ത് വന്നത് വൻ വായ്പാത്തട്ടിപ്പിനിരയായ രാജേന്ദ്രൻ നായർ എന്ന കർഷകൻ ജീവനൊടുക്കുന്നതോടെയാണ്. ഇവിടെയും പൊതുജനത്തിന്റെ കണ്ണിൽപൊടിയിടുന്നതിനാണ് പതിവ് രീതിയിലുള്ള അന്വേഷണം സർക്കാർ പ്രഖ്യാപിച്ചിട്ടുള്ളത് എന്നാണ് ആരോപണം. 2015 മുതൽ 2023വരെ ബാങ്കിൽ നടന്ന ഇടപാടുകളാണ് അന്വേഷണപരിധിയിൽ ഉൾപ്പെട്ടിട്ടുള്ളത്.
പുൽപ്പള്ളി ബാങ്ക് തട്ടിപ്പിന് ഒരുപ്രത്യേകത ഉണ്ട്. ഒരു ഉന്നത രാഷ്ട്രീയ നേതാവ് സഹകരണ ബാങ്ക് തട്ടിപ്പ് ആരോപിക്കപ്പെട്ട് സംസ്ഥാനത്ത് അറസ്റ്റിലാകുന്നതും റിമാൻഡിൽ ജയിലിൽ കിടന്നതും ഇത് ആദ്യമാണ്. കെ.പി.സി.സി ജനറൽ സെക്രട്ടറി കെ.കെ. അബ്രഹാമാണ് അറസ്റ്റിലായത്. കരുവന്നൂർ വിഷയത്തിൽ മുൻ സഹകരണ മന്ത്രിയാണ് ആരോപണ നിഴലിൽ. ഇങ്ങനെയൊന്നുമായിരുന്നില്ല ഉന്നത രാഷ്ട്രീയ നേതാക്കളും സഹകരണ സ്ഥാപനങ്ങളുമായുള്ള ബന്ധം ഒരു കാലത്ത്. അവർ ഉത്തരവാദിത്തങ്ങളിലും ചുമതലകളിലും സത്യസന്ധത പുലർത്തിയവരായിരുന്നുവെന്നതാണ് ദീർഘകാലം സഹകരണ മേഖലയുടെ ഭാഗമായി പ്രവർത്തിച്ച ലേഖകന്റെ അനുഭവം.
ത്രിതല പഞ്ചായത്ത് സംവിധാനം വികാസം പ്രാപിച്ചുവരുന്നതിന് മുമ്പുള്ള ഒരു കാലം സംസ്ഥാനത്തെ സഹകരണ സ്ഥാപനങ്ങൾ പാർലമെന്ററി ജനാധിപത്യ ഭരണസംവിധാനത്തിന്റെ പരിശീലനക്കളരിയായിരുന്നു. അങ്ങനെ പരിശീലനം ലഭിച്ചവരായിരുന്നു പിന്നീട് സഹകരണ വകുപ്പ് മന്ത്രിമാർ എന്ന നിലയിൽ ഭരണസംവിധാനത്തിന് മികച്ച സംഭാവനകൾ അർപ്പിച്ച എം.വി. രാഘവൻ, പി.ആർ. കുറുപ്പ് മുതലായ നേതാക്കൾ.
ഇന്ന് കാര്യങ്ങളാകെ തകിടം മറിഞ്ഞിരിക്കുന്നു. കരുവന്നൂർ നിക്ഷേപ-വായ്പ തട്ടിപ്പിന്റെ പശ്ചാത്തലത്തിൽ സമഗ്ര നിയമ ഭേദഗതിയിലൂടെ സഹകരണ ബാങ്കിങ് മേഖല സംശുദ്ധമാക്കാനുള്ള നടപടികൾ സ്വീകരിക്കുമെന്ന് സർക്കാർ പ്രഖ്യാപിച്ചിരുന്നു. സഹകരണ ഭേദഗതി നിയമം ഇപ്പോൾ നിയമസഭ അംഗീകരിച്ചിരിക്കുന്നു. ബാങ്ക് പ്രസിഡന്റുമാർ പദവിയിൽ തുടരുന്നത് തുടർച്ചയായ മൂന്ന് തവണ കാലാവധിയിൽ പരിമിതപ്പെടുത്തിയത് സുപ്രധാന ഭേദഗതിയായാണ് ബന്ധപ്പെട്ടവർ അവകാശപ്പെടുന്നത് (ഭരണസമിതികളുടെ കാലാവധി മൂന്ന് വർഷമായിരുന്ന ഒരു കാലത്ത് പ്രസിഡന്റുമാർ പദവിയിൽ തുടരുന്നത് തുടർച്ചയായ രണ്ട് തവണയിൽ പരിമിതപ്പെടുത്തിക്കൊണ്ടുള്ള ചട്ടം ഉണ്ടായിരുന്നു എന്ന വസ്തുത ഇവിടെ ഓർമിക്കാതിരിക്കുന്നില്ല). തട്ടിപ്പും വെട്ടിപ്പും സംഭവിച്ചാൽ ക്രിമിനൽ നടപടികളുടെ ഭാഗമായി സ്വീകരിക്കേണ്ട ചില നിയമ ഭേദഗതികളും അംഗീകരിക്കപ്പെട്ടിട്ടുണ്ട്. എന്നാൽ ഈ പൊടിക്കൈ പ്രയോഗങ്ങളൊക്കെ സഹകരണ ബാങ്കിങ് മേഖലയിൽ ആഴത്തിൽ വേരൂന്നിയ വൈറസ് ബാധയെ ചെറുക്കാൻ പര്യാപ്തമാണെന്ന് തോന്നുന്നില്ല.
കേരളത്തിൽ 1600ൽ പരം പ്രാഥമിക സർവിസ് സഹകരണ ബാങ്കുകൾ പ്രവർത്തിക്കുന്നുണ്ട്. എൽ.ഡി.എഫ് 60 ശതമാനവും യു.ഡി.എഫ് 35 ശതമാനവും ഇരുമുന്നണികളിലുംപെടാത്ത ബി.ജെ.പി അടക്കമുള്ള കക്ഷികൾ അഞ്ച് ശതമാനവും ബാങ്കുകളെ നിയന്ത്രിക്കുന്നു. പാർലമെന്ററി ജനാധിപത്യ ഭരണവ്യവസ്ഥയിൽ അനിവാര്യമായി ഉണ്ടായിരിക്കേണ്ട പ്രതിപക്ഷം ഇല്ലായെന്നത് പോയിട്ട് തെറ്റുകളും കുറ്റങ്ങളും കണ്ടാൽ ഭരണസമിതി യോഗങ്ങളിൽ അതു പ്രകടിപ്പിക്കാനുള്ള അവസരം കടുത്ത പാർട്ടി അച്ചടക്കത്തിന്റെ ചട്ടക്കൂടിൽ അംഗങ്ങൾക്ക് പോലും നിഷേധിക്കപ്പെടുന്നു. ചോദ്യം ചെയ്യപ്പെടാത്ത, കാലങ്ങളായുള്ള ഈ അധികാര കുത്തക ഭരണ സമിതികൾക്ക് നിയമത്തെ കാറ്റിൽ പറത്തി എന്തും ഏതും ചെയ്യാൻ പ്രേരകമാകുന്നു.
ക്രമക്കേടുകൾ റിപ്പോർട്ട് ചെയ്യപ്പെട്ട ബാങ്കുകളിൽ ദൃശ്യമാകുന്ന ഒരു പൊതുസ്വഭാവം അവരുടെ ദൈനംദിന ഭരണകാര്യങ്ങളിൽ ഭരണഘടനാതീത ബാഹ്യശക്തികൾ നിരന്തരം ഇടപെടുകയും നിയന്ത്രിക്കുകയും ചെയ്യുന്നുവെന്നതാണ്. ബാങ്കുകൾ അടക്കമുള്ള സഹകരണ സ്ഥാപനങ്ങളിൽ ഭരണസമിതി എടുക്കുന്ന തീരുമാനങ്ങൾ നടപ്പാക്കേണ്ട ഉത്തരവാദിത്തം സെക്രട്ടറിമാരിൽ നിക്ഷിപ്തമാണ്. പണത്തിന്റെയും മറ്റു സ്വത്തുവഹകളുടെയും നിയമപരമായ സൂക്ഷിപ്പ് ചുമതലയും അവർക്കാണ്. സെക്രട്ടറി അറിയാതെ, അംഗീകരിക്കാതെ ധനസംബന്ധമായ ഒരു ക്രയവിക്രയവും ബാങ്കുകൾ അടക്കമുള്ള സഹകരണ സ്ഥാപനങ്ങളിൽ നിയമപരമായി നടക്കാൻ സാധ്യമല്ല. എന്നാൽ, ഒരു സെക്രട്ടറി എത്ര സത്യസന്ധനും സമർഥനുമായാൽപോലും ഭരണസമിതിയുടെ ഇംഗിതത്തിന് വിധേയമായി മാത്രമെ പ്രവർത്തിക്കാനാവൂ. ഭരണസമിതി പാസാക്കുന്ന വായ്പകൾ അത് നിയമവിരുദ്ധമായാൽപോലും അവ അപേക്ഷകർക്ക് വിതരണം ചെയ്യപ്പെട്ട് പോകുന്നത് സെക്രട്ടറിമാർക്ക് അത് പ്രതിരോധിക്കാൻ കഴിയാത്തതുകൊണ്ടാണ്. അതല്ലെങ്കിൽ ഭരണസമിതികളോട് പുലർത്തുന്ന ഭയംകൊണ്ടുള്ള അമിത വിധേയത്വം കൊണ്ടാണ്. തദ്ദേശഭരണ സ്ഥാപനങ്ങളിൽ പി.എസ്.സി മുഖേന തിരഞ്ഞെടുക്കുന്ന സെക്രട്ടറിമാരാണല്ലോ പ്രവർത്തിക്കുന്നത്. അവർക്ക് വിധേയത്വവും കണക്ക് പറയേണ്ട ബാധ്യതയും പ്രാഥമികമായും സർക്കാറിനോടാണ്. സഹകരണ ബാങ്കുകളിൽ പി.എസ്. സി മുഖേന തിരഞ്ഞെടുക്കുന്ന സെക്രട്ടറിമാരെ നിയമിക്കുകയാണെങ്കിൽ ഭരണപരമായി അവർക്ക് നിലവിലുള്ള അടിമത്തപരമായ വിധേയത്വ മനോഭാവത്തിൽ സമൂലമാറ്റം സാധ്യമാകുന്നതാണ്. സഹകരണ വകുപ്പിൽനിന്ന് സഹകരണ ഇൻസ്പെക്ടർമാരെ ഡെപ്യൂട്ടേഷൻ വ്യവസ്ഥയിൽ സെക്രട്ടറിമാർക്ക് പകരം ചീഫ് എക്സിക്യൂട്ടീവുമാരായി നിയമിക്കുന്നതും പരീക്ഷിക്കാവുന്നതാണ്.
ലേഖകന്റെ ഒരു അനുഭവം പറഞ്ഞ് കുറിപ്പ് അവസാനിപ്പിക്കാം: വർഷങ്ങൾക്ക് മുമ്പ് സഹകരണ മേഖലയിൽ തട്ടിപ്പിന്റെ കഥകൾ അധികം കേൾക്കാതിരുന്നൊരു കാലം മലപ്പുറം ജില്ലയിലെ ഒരു താലൂക്ക് പ്രവർത്തന പരിധിയായിട്ടുള്ള സഹകരണ സംഘത്തിൽ സർക്കാർ ഡെപ്യൂട്ടേഷനിൽ സീനിയർ ഇൻസ്പെക്ടർ - ചീഫ് എക്സിക്യൂട്ടിവ് ഓഫിസറായി ഞാൻ നിയമിതനാവുന്നു. സംഘം പ്രസിഡന്റ് ഒരു പ്രമുഖ എം.എൽ.എ, ഭരണസമിതി അംഗങ്ങൾ പഞ്ചായത്ത് പ്രസിഡന്റുമാർ അടക്കമുള്ള പ്രാദേശിക രാഷ്ട്രീയ നേതാക്കൾ. സംഘത്തിന്റെ ആഭിമുഖ്യത്തിൽ വലിയ വിൽപന നടക്കുന്ന ഒരു ന്യായവില മെഡിക്കൽ സ്റ്റോർ പ്രവർത്തിച്ചിരുന്നു. വാർഷിക സ്റ്റോക്ക് പരിശോധനയിൽ ഒരു വലിയ തുകയുടെ കുറവ് കണ്ടു. ഭരണപരമായ പ്രാഥമിക നടപടിയെന്ന നിലയിൽ മാനേജരെ അന്വേഷണ വിധേയമായി സർവിസിൽ നിന്ന് സസ്പെൻഡ് ചെയ്തു. സ്റ്റോക്കിൽ കുറവ് കണ്ട തുക സിവിൽ നടപടികളിലൂടെ ഈടാക്കാമെന്നായിരുന്നു ഭരണസമിതി നിലപാട്. മാനേജർ വിശ്വാസ വഞ്ചനയും പണാപഹരണവും നടത്തിയിരിക്കുന്നുവെന്നും അതുകൊണ്ട് അയാളെ ക്രിമിനൽ നടപടികൾക്ക് വിധേയമാക്കണമെന്നുമുള്ള ഒരു നിർദേശം ഞാൻ ഭരണസമിതി മുമ്പാകെ വെച്ചു. എന്നാൽ നിയമപരമെന്നതിനേക്കാൾ രാഷ്ട്രീയ കാഴ്ചപ്പാടോടെ കാര്യങ്ങളെ വിലയിരുത്തിയ ഭരണസമിതിക്ക് ഇത് സ്വീകാര്യമായിരുന്നില്ല. എന്നാൽ നടപടി സ്വീകരിക്കേണ്ടത് നിയമപരമായ ബാധ്യതയാണെന്ന ബോധ്യമുണ്ടായിരുന്ന ഞാൻ എന്റെ പ്രാഥമിക ഉത്തരവാദിത്തവും വിധേയത്വവും സർക്കാറിനോടാണെന്ന സമീപനം സ്വീകരിച്ചു. സർക്കാറിലുള്ള മേലധികാരികളിൽനിന്ന് അനുമതിയും പിന്തുണയും സ്വീകരിച്ച് ചീഫ് എക്സിക്യൂട്ടിവ് ഓഫിസർ എന്ന നിലയിൽ ഞാൻ പരാതി നൽകി. പൊലീസ് കേസ് രജിസ്റ്റർ ചെയ്തു പ്രതിയെ അറസ്റ്റ് ചെയ്തു. വിചാരണക്ക് ശേഷം പ്രതിയെ ഒരു വർഷം കഠിനതടവിന് കോടതി ശിക്ഷിച്ചു. ഹൈകോടതിയിൽ വരെ പ്രതി അപ്പീൽ നൽകിയെങ്കിലും തള്ളപ്പെട്ടു. കോടതി വിധി വലിയ സന്ദേശമാണ് അന്ന് സഹകരണമേഖലക്ക് പകർന്ന് കൊടുത്തത്. വളച്ചു കെട്ടില്ലാതെ പറയട്ടെ പൊതുമുതൽ അപഹരിക്കുന്നവർക്കെതിരെയുള്ള ആ സന്ദേശം സഹകരണ ബാങ്കിങ് മേഖലയിൽ ഇന്ന് കൂടുതൽ കൂടുതൽ പ്രസക്തമാണ്.
(റിട്ട.സഹകരണ ജോയന്റ് രജിസ്ട്രാറാണ്
ലേഖകൻ)
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.