''കരുണാവാൻ നബി മുത്തുരത്നമോ''
(അനുകമ്പാദശകം, നാരായണഗുരു)
രാഷ്ട്രീയ ഭരണകൂടശക്തിയായ ഹിന്ദുത്വം ഒരുവേള അധികാരകേന്ദ്രത്തിൽനിന്ന് പുറന്തള്ളപ്പെട്ടാലും ആയിരത്താണ്ടുകളായി നിലനിന്നുപോരുന്ന ബ്രാഹ്മണ്യത്തിന്റെ സാംസ്കാരിക ഭൂമികയിലൂന്നിനിന്നുകൊണ്ട് ഇവിടെ തുടരുകതന്നെ ചെയ്യും. സാംസ്കാരികമായി ആഴത്തിൽ വേരുള്ള സാംസ്കാരിക ബ്രാഹ്മണ്യത്തിന്റെ സമ്പൂർണ വിനാശത്തിലൂടെയല്ലാതെ രാഷ്ട്രീയഹിന്ദുത്വത്തെ പരാജയപ്പെടുത്തുക എന്നത് അത്രമേൽ എളുപ്പവുമല്ല. ഇന്ത്യയിൽ സങ്കീർണമായി പല വിതാനങ്ങളിൽ പ്രവർത്തിച്ചുപോരുന്ന സാംസ്കാരിക ഹിന്ദുത്വം അതിന്റെ ഗതിവേഗം വർധിപ്പിക്കുന്നതിനുള്ള ഇന്ധനമായാണ് ഏകാത്മകമായ ഹിന്ദുസ്വത്വഭാവന അവതരിപ്പിക്കുന്നത്. കാലങ്ങളായി ഇന്ത്യൻസമൂഹത്തിൽ പ്രചരിപ്പിച്ചുകൊണ്ടിരിക്കുന്ന ഇസ്ലാമിക/മുസ്ലിം അപരവത്കരണത്തിലൂടെയാണ് സാംസ്കാരിക ബ്രാഹ്മണ്യ ഹിന്ദുത്വം 'ഇന്ത്യൻ ദേശീയതയെ' മതാത്മക ഹിംസായുക്തികളിലൂടെ പ്രക്ഷേപിച്ചുകൊണ്ടിരിക്കുന്നത്. ഈ പ്രചാരണത്തിന്റെ അവസാനത്തെ ഉദാഹരണമായാണ് പ്രവാചകനായ മുഹമ്മദ് നബിയെ നിന്ദ്യമായി അവമതിച്ചുകൊണ്ട് ഹിന്ദുത്വശക്തികൾ രംഗത്തുവന്നിരിക്കുന്നത്.
ഇതൊരു നബിവിമർശനമാണെന്ന് ഇന്ത്യയുടെ ചരിത്രപാരമ്പര്യത്തെ സംബന്ധിച്ച് അജ്ഞരായ ആളുകൾക്ക് മാത്രമേ പറയാൻ കഴിയൂ. എന്തെന്നാൽ, മുഹമ്മദ് നബിയെ വിമർശിക്കുന്നതിലൂടെ ഒരുസമൂഹത്തെതന്നെ പൈശാചികവത്കരിക്കുകയാണ് ഹിന്ദുത്വർ. വലിയ രീതിയിൽ മുസ്ലിം ജനവിഭാഗങ്ങൾ അരികുവത്കരിക്കപ്പെടുകയും പൈശാചികവത്കരിക്കപ്പെടുകയും ചെയ്യുന്ന ഇന്ത്യൻസാഹചര്യത്തിൽ അതിന് ആക്കംകൂട്ടുന്ന ഒന്നായി മാത്രമാണ് പ്രവാചകനിന്ദ കലാശിക്കുക.
ഹിന്ദുരാഷ്ട്ര സാക്ഷാത്കരണം ലക്ഷ്യമിട്ടുകൊണ്ടുള്ള വർധിച്ച പ്രവർത്തനങ്ങളിലാണ് ബ്രാഹ്മണ്യ ഭരണകൂടശക്തികൾ ഇപ്പോൾ ഏർപ്പെട്ടിരിക്കുന്നത്. ഇന്ത്യയിലെ സ്ഥലനാമങ്ങളുടെ പൗരാണികവത്കരണവും മസ്ജിദുകളുടെ മേലുള്ള കടന്നുകയറ്റവും അവകാശവാദങ്ങളുമെല്ലാം തന്നെ പരസ്യമായ ഹിന്ദുരാഷ്ട്ര പ്രഖ്യാപനമാണ്. അയോധ്യയിൽ ക്ഷേത്രത്തിന് ശിലാസ്ഥാപനം നടത്തിയ സന്ദർഭത്തിൽ അവിടെ ഉരുവിട്ട മന്ത്രങ്ങളിലൊന്നിൽ ഇന്ത്യാമഹാരാജ്യത്തെ ഹിന്ദുത്വസാമ്രാജ്യമായി അവതരിപ്പിക്കാനുള്ള ശ്രമങ്ങൾ ഉൾക്കൊണ്ടിരുന്നു. ഇതിന്റെയെല്ലാം ഭാഗമായാണ് വർധിച്ചുവരുന്ന ന്യൂനപക്ഷ ഹിംസകളും നിന്ദ്യമായ അപവാദ പ്രചാരണങ്ങളും.
മതങ്ങളെ മുൻനിർത്തിയുള്ള ചരിത്രപഠനങ്ങളും വിമർശന വിചാരങ്ങളും മനുഷ്യസമൂഹത്തിന്റെ പുരോഗമനാത്മകമായ മുന്നേറ്റത്തിന് അനിവാര്യമാണ്. ഇന്ത്യൻ ഭരണഘടന സായൻസിക ചിന്തയെയും ശാസ്ത്രീയ യുക്തിവിചാരത്തെയും ഉയർത്തിപ്പിടിക്കുന്ന അനന്യമായ ജീവിക്കുന്ന ഗ്രന്ഥപാഠമാണെന്നത് മേൽ സൂചിപ്പിച്ച വിമർശന വിചാരങ്ങൾക്ക് ഇന്ത്യൻ സാഹചര്യത്തിൽ പ്രസക്തിയും വർധിപ്പിക്കുന്നുണ്ട്. എന്നാൽ, ഈ വിമർശന വിചാരങ്ങൾ ഹിംസാത്മകമായ അപരവത്കരണത്തെ സാധൂകരിക്കുന്ന ഒന്നായിത്തീരുമ്പോൾ അവ സൂക്ഷ്മവിചാരത്തോടെ ഉപയോഗിക്കാനുള്ള ദീർഘദർശനം അതിനിറങ്ങി പുറപ്പെടുന്നവർക്കുണ്ടായിരിക്കണം.
ഹിന്ദുത്വരുടെ ഇസ്ലാമിക/നബി വിമർശനങ്ങൾ കൃത്യമായ ഇസ്ലാമിക് ഫോബിയയിൽ അധിഷ്ഠിതമായി സൃഷ്ടിക്കപ്പെടുന്നവയാണെങ്കിൽ വലതുപക്ഷവത്കരിക്കപ്പെട്ട ഒരുപറ്റം 'യുക്തിവാദികളും' ഹിന്ദുത്വരുടെ ആഖ്യാനങ്ങൾ അതേ അളവിൽതന്നെ പിൻപറ്റുന്നതും കാണാം. ആത്യന്തികമായി ഹിന്ദുത്വരുടെ മുസ്ലിം പേടിയെ 'ആധികാരികമാക്കി' തീർക്കുന്ന യുക്തിമുറകളാണ് കേരളത്തിലെ ഒരുപറ്റം നവ നാസ്തിക വൃന്ദങ്ങളും പിന്തുടരുന്നത്. ഒരുവേള ഇക്കൂട്ടർ ഹിന്ദുത്വരുടെ 'വലംകൈയായി' പ്രവർത്തിച്ചുപോവുകയും ചെയ്യുന്നു. അതുകൊണ്ടുതന്നെ സാമൂഹികനീതിയും ജനാധിപത്യ ചിന്തകളിലും നിലയുറപ്പിക്കുന്നവർ ഇരുകൂട്ടരിൽനിന്ന് അകന്നുനിൽക്കേണ്ടത് അനിവാര്യമായിരിക്കുന്നു.
ഏറ്റവും നിന്ദ്യമായി അപരമത വിദ്വേഷം കൊണ്ടാടുമ്പോൾ അതിനെതിരെ ചരിത്രത്തിൽ മുമ്പേ നടന്ന കേരളത്തിന്റെ വിപ്ലവാത്മക നവോത്ഥാന കർതൃത്വമായ നാരായണ ഗുരുവിന്റെ ഓർമകൾക്ക് വലിയ പ്രാധാന്യമുണ്ട്. ''പലമത സാരവുമേകം' എന്ന് പ്രഖ്യാപിച്ചതിലൂടെ മതവിദ്വേഷ പ്രചാരണങ്ങൾക്കാണ് ഗുരു തടയിട്ടത്. പള്ളികൾ നിർമിക്കാനും തനിക്ക് മടിയില്ല എന്ന് പ്രഖ്യാപിച്ചതിലൂടെ ഗുരു സാമൂഹികനീതിയുടെ സാഹോദര്യ തത്ത്വമാണ് ഉയർത്തിപ്പിടിച്ചത്. ഇസ്ലാം മതത്തെ ചരിത്രപരമായി വിശകലനംചെയ്ത ഗുരു അതിൽ സാഹോദര്യത്തിന്റെ മഹാതത്ത്വമാണ് ഉള്ളടങ്ങിയതെന്ന് കണ്ടെത്തുന്നതിലൂടെ നീതിയുടെ ദർശനത്തെ മനുഷ്യജീവിതത്തിലേക്ക് കടത്തിവിടാനാണ് ശ്രമിച്ചതെന്ന് കാണാം. 'കരുണാവാൻ നബി മുത്തുരത്നം' എന്ന് പ്രവാചകനെ ഏറ്റവും മനോഹരമായി ഗുരുവിന് പരിഭാഷപ്പെടുത്താൻ കഴിഞ്ഞത് ഗുരു ഇന്ത്യയുടെ സവിശേഷ സാഹചര്യങ്ങളും ബ്രാഹ്മണ്യത്തിന്റെ പ്രതിപ്രവർത്തനങ്ങളും അറിഞ്ഞിരുന്നതതുകൊണ്ടുതന്നെയാണ്. ഇതിനെല്ലാമുപരി ഗുരു നബിയെയും ഇസ്ലാമിനെയും കാരുണ്യമായും സാഹോദര്യമായും അതുല്യമായി, അനന്യമായി അടയാളപ്പെടുത്തിയതിലൂടെ ചരിത്രത്തിന്റെ സന്ദിഗ്ധ ഘട്ടത്തിൽ വെളിച്ചംതൂവുകയും ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.