കൊല്ലം ജില്ലയിലെ കടയ്ക്കൽ മൂക്കുന്നം സ്വദേശി യഹിയ കഴിഞ്ഞ ദിവസം ഒരു സാഹസം കാട്ടി . ബാർബർഷാപ്പിൽ പോയി തന്റെ കഷണ്ടിത്തലയിൽ അവശേഷിക്കുന്ന മുടിയിൽ പാതി വടിച്ചു .പ്രധാനമന്ത്രി നരേന്ദ്രമോദിയെ ജനം എന്നു താഴെയിറക്കുന്നുവോ ,അന്നേ ഈ പകുതി ഭാഗത്തു മുടി വളർത്തൂ എന്നാണ് യഹിയയുടെ പ്രതിജ്ഞ. ഒരു മുൻ ചായ വില്പനക്കാരനോട് തട്ടുകടക്കാരന്റെ മൻ കി ബാത്ത് എന്ന പേരിൽ ഫേസ്‌ബുക്കിൽ ഇതു വ്യാപകമായി ഷെയർ ചെയ്യപ്പെടുകയാണ്.
ഗൾഫിൽ പോയി ഗതി പിടിക്കാതെ തിരികെ നാട്ടിൽ വന്നു തട്ടുകട നടത്തി സ്വയം വെച്ചും വിളമ്പിയും കുടുംബം പോറ്റുന്ന യഹിയക്ക് തന്റെ പക്കലുണ്ടായിരുന്ന 23,000 രൂപ വരുന്ന നിരോധിത നോട്ടുകൾ മാറാൻ രണ്ടു ദിവസം ബാങ്കിന് മുന്നിൽ ക്യൂ നിന്നിട്ടും സാധിച്ചില്ല. സഹകരണ ബാങ്കിൽ മാത്രം അക്കൗണ്ട് ഉള്ള ദശ ലക്ഷക്കണക്കിന് പാവപ്പെട്ട ഇന്ത്യക്കാരിൽ ഒരാളാണ് യഹിയ. കറൻസി നിരോധത്തിന്റെ ദുരിതം പേറുന്ന ഈ സാധാരണ മനുഷ്യരോട് ക്യാഷ്‌ലെസ്സ് സൊസൈറ്റിയെ കുറിച്ചാണ് ഇപ്പോൾ നരേന്ദ്രമോദി സംസാരിക്കുന്നത്.
റയിൽവേ സ്റ്റേഷനിൽ ചായ വിറ്റു ജീവിതം പുലർത്തിയ കാലത്തെ കുറിച്ച് ആവേശത്തോടെയും അഭിമാനത്തോടെയും നരേന്ദ്രമോദി തെരഞ്ഞെടുപ്പുകാലത്തു പ്രസംഗിച്ചിരുന്നു.. അതുകേട്ടു ആവേശഭരിതരായവർ കുറച്ചൊന്നുമല്ല. മോദി പ്രധാനമന്ത്രി ആയപ്പോൾ സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തിൽ ആദ്യമായൊരു അടിസ്ഥാന വർഗക്കാരൻ ഭരണചക്രം തിരിക്കാനെത്തുന്നു എന്ന് മാധ്യമങ്ങൾ പെരുമ്പറ മുഴക്കി. രാഷ്ട്ര തന്ത്രവും സാമ്പത്തിക ശാസ്ത്രവുമൊക്കെ അറിഞ്ഞിരുന്ന മുൻ പ്രധാനമന്ത്രിമാരിൽ നിന്നു വ്യത്യസ്തനായി സാധാരണക്കാരന്റെ ജീവിതം തൊട്ടറിഞ്ഞ ആൾ എന്നൊക്കെ ആയിരുന്നു മോദിയെ കുറിച്ചുള്ള വിശേഷണങ്ങൾ. അദ്ദേഹം പ്രധാനമന്ത്രി ആയതിൽ വലിയ പ്രതീക്ഷ പുലർത്തിയവരുണ്ട് .അവരുടെ ദൈനംദിന ജീവിതം വഴിമുട്ടിക്കുകയാണ് കറൻസി നിരോധം എന്ന വീണ്ടുവിചാരം ഇല്ലാത്ത പ്രവർത്തിയിലൂടെ മോദി ചെയ്തത്.
കള്ളപ്പണം കണ്ടെത്താനെന്ന പേരിൽ നടപ്പാക്കിയ മോദിയുടെ സാമ്പത്തിക പരിഷ്‌കാരം കള്ളപ്പണക്കാരനെയും സമ്പന്നനെയും തെല്ലും ബാധിച്ചില്ല. അവരെല്ലാം തന്നെ കരിമ്പണം വെളുപ്പിച്ചെടുക്കുകയോ വിദേശത്തു സുരക്ഷിത നിക്ഷേപമായി മാറ്റുകയോ ചെയ്തു. പൊതുമേഖലാ ബാങ്കിലോ ഷെഡ്യൂൾഡ് ബാങ്കിലോ ന്യൂ ജനറേഷൻ ബാങ്കിലോ അക്കൗണ്ടുള്ള ഇടത്തരക്കാരനും ഈ പ്രതിസന്ധിയിൽ ഒരു പരിധിവരെ പിടിച്ചു നിൽക്കാൻ കഴിയുന്നു. .എന്നാൽ ഗ്രാമങ്ങളിലെയും നഗരങ്ങളിലെയും പാവപ്പെട്ടവർ ജീവിതം മുന്നോട്ടു കൊണ്ടുപോകാൻ പെടാപ്പാടു പെടുന്നു.
കൂലിപ്പണി എടുത്തു അന്നന്നത്തെ അരി വാങ്ങുന്നവർ, ഓട്ടോറിക്ഷയും ടാക്‌സിയും ഓടിച്ചു ജീവിക്കുന്നവർ, ചെറുകിട കച്ചവടക്കാർ, തെരുവ് കച്ചവടക്കാർ, ചെറിയ സ്ഥാപനങ്ങളിൽ പണിയെടുക്കുന്നവർ, ചെറുകിട ഹോട്ടലുകാർ, , തട്ടുകടക്കാർ എന്നിങ്ങനെ സമൂഹത്തിന്റെ താഴെ തട്ടിലുള്ള ജനവിഭാഗം മോദിയൻ പരിഷ്കാരത്തിൽ അന്തംവിട്ടു നിൽക്കുകയാണ്. അവരോടാണ് കറൻസി നിരോധം രണ്ടാഴ്ച പിന്നിട്ടപ്പോൾ ക്യാഷ്‌ലെസ് സൊസൈറ്റിയെ കുറിച്ച് നരേന്ദ്രമോദി മൻ കി ബാത്ത് നടത്തിയത്.
എ.ടി.എം കാർഡുകൾ, ക്രെഡിറ്റ് കാർഡുകൾ, ഇ-വാലറ്റുകൾ, മൊബൈൽ ആപ്ലിക്കേഷനുകൾ തുടങ്ങിയവ ഉപയോഗിച്ച് കറൻസി രഹിത സമൂഹമായി മാറണമെന്നാണ് പ്രധാനമന്ത്രിയുടെ ആഹ്വാനം. ഇന്ത്യയിൽ ബാങ്ക് അക്കൗണ്ട് ഉള്ളവർ മൊത്തം ജനസംഖ്യയുടെ പകുതി പോലും വരില്ല എന്നാണ് കണക്ക് . കാർഡുകളിലൂടെ ക്യാഷ്‌ലെസ് ഇടപാട് നടത്തുന്നവർ ചെറിയൊരു ശതമാനം മാത്രമാണ്. മൊബൈൽ ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്തെടുക്കാൻ പറ്റിയ സ്മാർട്ട് ഫോണുകൾ ഉള്ളത് ചെറിയൊരു ജനവിഭാഗത്തിനു മാത്രം. പ്രതിമാസ ശമ്പളക്കാർ, നഗരങ്ങളിലെ ഇടത്തരക്കാർ , സമൂഹത്തിന്റെ ഉന്നത ശ്രേണിയിലുള്ളവർ തുടങ്ങിയവരാണ് ഇലക്ട്രോണിക് പേയ്‌മെന്റിലൂടെ സാമ്പത്തികാവശ്യങ്ങൾ നിറവേറ്റുന്നത്. ഒരു ശരാശരി ഇന്ത്യക്കാരൻ ഇതിലേക്ക് എത്തണമെങ്കിൽ ഇനിയും കാതങ്ങൾ ഏറെ താണ്ടേണ്ടി വരും. ഈ യാഥാർഥ്യം തിരിച്ചറിയാതെ കറൻസി നിരോധിച്ചു ജനജീവിതം താറുമാറാക്കിയ പ്രധാനമന്ത്രി ഇന്നാട്ടിൽ തന്നെയാണോ കഴിയുന്നതെന്ന സംശയം ഓരോ ഇന്ത്യക്കാരനും ചോദിക്കുക സ്വാഭാവികം മാത്രം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.