സംസ്ഥാനത്ത് ഓപൺ സർവകലാശാല സ്ഥാപിക്കുന്നത് സംബന്ധിച്ച ചർച്ചകൾ പൂർണതയിലെത്തുന്നത് ഒന്നാം പിണറായി വിജയൻ സർക്കാറിന്റെ അവസാനകാലത്താണ്. സംസ്ഥാന ഉന്നത വിദ്യാഭ്യാസ കൗൺസിൽ സർക്കാറിന് സമർപ്പിച്ച റിപ്പോർട്ടിെൻറ അടിസ്ഥാനത്തിൽ കേരള സർവകലാശാല മുൻ പ്രോ വൈസ്ചാൻസലർ ഡോ. ജെ. പ്രഭാഷിനെ സ്പെഷൽ ഓഫിസറായി സർക്കാർ നിയമിച്ചു. സർവകലാശാല തുടങ്ങുന്നതിന്റെ മുഴുവൻ പ്രശ്നവശങ്ങളെയും സാധ്യതകളെയും മുൻകരുതലുകളെയും സമഗ്രമായി പ്രതിപാദിക്കുന്ന, സർവകലാശാലയുടെ ഘടനയും മാതൃക ഓർഡിനൻസും ഉൾപ്പെടുന്ന റിപ്പോർട്ട് ഡോ. പ്രഭാഷ് സർക്കാറിന് സമർപ്പിക്കുകയും ചെയ്തു. ആ റിപ്പോർട്ട് അവഗണിച്ച് സെക്രട്ടേറിയറ്റിലെ റിട്ട. ഉദ്യോഗസ്ഥന് പുറംകരാർ നൽകിയാണ് ഒരു വർഷത്തിനുശേഷം സർക്കാർ കരട് ഓർഡിനൻസ് തയാറാക്കിയത്. അവിടം മുതൽ ഓപൺ സർവകലാശാലയുടെ അപഥ സഞ്ചാരം തുടങ്ങുകയായിരുന്നു.
സ്റ്റേറ്റ് സർവകലാശാല തുടങ്ങുന്ന രീതിയിൽ ഓപൺ സർവകലാശാല തുടങ്ങാനാകുമോ എന്നതായിരുന്നു ആദ്യം നേരിട്ട പ്രശ്നം. സംസ്ഥാന/ കേന്ദ്രസർക്കാർ പാസാക്കുന്ന നിയമത്തിന്റെ അടിസ്ഥാനത്തിൽ യു.ജി.സിയുടെ 2(എഫ്) അംഗീകാരമായാൽ ഒരു സർവകലാശാലക്ക് പ്രവർത്തനമാരംഭിക്കാം. എന്നാൽ, ഓപൺ സർവകലാശാലക്ക് കോഴ്സ് നടത്താൻ 2017ലെ ഓപൺ ആൻഡ് ഡിസ്റ്റൻസ് ലേണിങ് സംബന്ധിച്ച യു.ജി.സി െറഗുലേഷൻ പ്രകാരം അംഗീകാരം വേണമെന്ന അടിസ്ഥാന വിവരംപോലും സർക്കാറിന് അറിയാതെപോയി.
ഓർഡിനൻസ് അടിയന്തരമായി നിയമസഭയിൽ ബില്ലായി കൊണ്ടുവന്ന് ഒന്നാം പിണറായി സർക്കാറിന്റെ അവസാന നിയമസഭ സമ്മേളനത്തിൽ പാസാക്കുകയും ഗവർണർ ഒപ്പുവെക്കുകയും ചെയ്തതോടെ നിയമമായി മാറി. ഇതിന്റെ ബലത്തിൽ സർവകലാശാലക്ക് യു.ജി.സിയുടെ 2(എഫ്) അംഗീകാരം ലഭിച്ചെങ്കിലും കോഴ്സ് നടത്താനാകില്ലെന്ന് വ്യക്തമായി. അതിന് മുന്നൊരുക്കങ്ങൾ ഏറെയുണ്ടെന്ന് സർക്കാറും സർവകലാശാലയും അപ്പോഴാണ് തിരിച്ചറിയുന്നത്. അധ്യാപകർ, അക്കാദമിക് സമിതികൾ, പഠന സാമഗ്രികൾ, പഠന കേന്ദ്രങ്ങൾ, മേഖല കേന്ദ്രങ്ങൾ തുടങ്ങിയവ സജ്ജീകരിച്ച് വിശദമായ റിപ്പോർട്ട് സഹിതം സമർപ്പിച്ചാൽ മാത്രമേ കോഴ്സിന് യു.ജി.സിയുടെ ഡിസ്റ്റൻസ് എജുക്കേഷൻ ബ്യൂറോയുടെ അംഗീകാരം ലഭിക്കൂ. ഇക്കാര്യങ്ങളെല്ലാം ഡോ. ജെ. പ്രഭാഷ് സമർപ്പിച്ച റിപ്പോർട്ടിൽ വ്യക്തമായി പ്രതിപാദിച്ചിരുന്നു.
ആ റിപ്പോർട്ട് തന്നെ അവഗണിച്ചതിന്റെ പരിണതഫലമാണ് ഓപൺ സർവകലാശാല നടത്തിപ്പിൽ ഇന്ന് നേരിടുന്ന പ്രതിസന്ധി. സർവകലാശാല ആക്ട് നിലവിൽ വന്നതോടെ 2021ൽ കേരള, കാലിക്കറ്റ് സർവകലാശാലകൾക്ക് വിദൂര കോഴ്സുകൾ നടത്തുന്നതിന് തടസ്സം നേരിട്ടു. നിലവിൽ വന്ന ഓപൺ സർവകലാശാലക്ക് കോഴ്സ് നടത്താനുള്ള അനുമതി ലഭിച്ചതുമില്ല. ഇക്കാര്യം ചൂണ്ടിക്കാട്ടി 'മാധ്യമം' വാർത്തകൾ പുറത്തുവിട്ടതോടെ പ്രതിസന്ധി തിരിച്ചറിഞ്ഞ സർക്കാർ, ആക്ടിലെ 63ാം വ്യവസ്ഥ ഉപയോഗിച്ച് കഴിഞ്ഞ വർഷം വിദൂര, പ്രൈവറ്റ് രജിസ്ട്രേഷൻ കോഴ്സുകൾ മറ്റു സർവകലാശാലകളിൽ തുടരാൻ അനുമതി നൽകിയാണ് പ്രതിസന്ധിക്ക് താൽക്കാലിക പരിഹാരം കണ്ടത്.
യു.ജി.സിയിൽ നിന്ന് ഓപൺ സർവകലാശാലയുടെ 12 ബിരുദ കോഴ്സുകൾക്കും അഞ്ച് പി.ജി കോഴ്സുകൾക്കും അംഗീകാരം ലഭിക്കുമെന്ന പ്രതീക്ഷയിലാണ് മറ്റു സർവകലാശാലയിലെ മുഴുവൻ പ്രവേശന നടപടികളും സർക്കാർ വിലക്കി സർക്കുലർ പുറപ്പെടുവിച്ചത്. ഓപൺ സർവകലാശാലക്കൊപ്പം മറ്റു സർവകലാശാലകളിൽ കൂടി സമാന്തര പഠന മാർഗം 'ഓപൺ' ആക്കിയ തമിഴ്നാട് ഉൾപ്പെടെയുള്ളവരുടെ മാതൃകയിലേക്ക് മാറുന്നതാണ് പ്രതിസന്ധിക്കുള്ള പോംവഴി.
കേരളത്തിലെ പ്രധാന സർവകലാശാലകളായ കേരള, കാലിക്കറ്റ്, എം.ജി, കണ്ണൂർ സർവകലാശാലകളെല്ലാം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നത്. സ്വാശ്രയ കോളജുകളിൽനിന്ന് പ്രതിവർഷം ലഭിക്കുന്ന അഫിലിയേഷൻ ഫീസ് സർവകലാശാലകളുടെ പ്രധാന വരുമാന മാർഗമാണ്. മെഡിക്കൽ, നഴ്സിങ്, എൻജിനീയറിങ് കോഴ്സുകൾ ഈ സർവകലാശാലകളിൽനിന്ന് വേർപെടുത്തിയ ഘട്ടം മുതൽ തുടങ്ങിയ പ്രതിസന്ധിയെ കൂടുതൽ ആഴത്തിലേക്ക് എത്തിക്കാനായിരിക്കും വിദൂരവിദ്യാഭ്യാസ കോഴ്സുകൾകൂടി വിലക്കുന്ന നടപടി വഴിവെക്കൂ.
സാമ്പത്തിക പ്രതിസന്ധികാരണം ജീവനക്കാരുടെ പെൻഷൻ ഭാരം സർവകലാശാലകളുടെ തലയിൽവെക്കാൻ ധനവകുപ്പ് നടപടികൾ ആരംഭിക്കുകയും ചെയ്തിട്ടുണ്ട്. സർവകലാശാലകളിൽ പ്രത്യേക പെൻഷൻ ഫണ്ട് രൂപവത്കരിക്കണമെന്ന 2022ലെ ജനുവരി 19ലെ ഉത്തരവ് ജീവനക്കാരിൽനിന്ന് ഉയർന്ന കടുത്ത എതിർപ്പിനെ തുടർന്ന് താൽക്കാലികമായി മരവിപ്പിച്ചുനിർത്തിയിരിക്കുകയാണ്. ഈ ഉത്തരവ് ഏതു ഘട്ടത്തിലും സർക്കാർ പുനരുജ്ജീവിപ്പിച്ചേക്കും. നിലവിൽ കാലിക്കറ്റ്, കേരള, എം.ജി, കണ്ണൂർ സർവകലാശാലകൾക്ക് സർക്കാറിന്റെ ബജറ്റ് വിഹിതത്തിന് പുറത്തുലഭിക്കുന്ന അധിക റവന്യൂ വരുമാനമാണ് വിദൂര, പ്രൈവറ്റ് രജിസ്ട്രേഷനുകളുടേത്. വിദൂര, പ്രൈവറ്റ് രജിസ്ട്രേഷൻ വിലക്കുന്നതോടെ ഈ സർവകലാശാലകൾ കൂടുതൽ സാമ്പത്തിക പ്രതിസന്ധിയിൽ അകപ്പെടും.
െറഗുലർ പഠനം സാധ്യമാകാത്ത വിദ്യാർഥികളെ പതിറ്റാണ്ടുകളായി ഉപരിപഠനത്തിന് സഹായിക്കുന്ന സ്ഥാപനങ്ങളാണ് കേരളത്തിലങ്ങോളമിങ്ങോളമുള്ള പാരലൽ കോളജുകൾ. ഉയർന്ന വിദ്യാഭ്യാസ യോഗ്യതയുണ്ടായിട്ടും സർക്കാർ ജോലി ലഭിക്കാത്ത അനേകർക്ക് പാരലൽ കോളജുകൾ തൊഴിൽ മേഖല കൂടിയാണ്. സർവകലാശാലകളിൽ പ്രൈവറ്റ് രജിസ്ട്രേഷൻ നേടുന്ന വിദ്യാർഥികളാണ് പ്രധാനമായും പാരലൽ കോളജുകളിൽ എത്തുന്നത്. സ്വാശ്രയ കോളജുകൾ ഈടാക്കുന്നതിനേക്കാൾ കുറഞ്ഞ തുകയാണ് പാരലൽ കോളജുകൾ ഫീസായി ഈടാക്കുന്നത് എന്നതിനാൽ സാമ്പത്തികമായി പിന്നിൽ നിൽക്കുന്ന കുട്ടികൾക്കുപോലും ഇവ ആശ്രയ കേന്ദ്രങ്ങളാണ്. സ്വകാര്യ വ്യക്തികളുടേതിന് പുറമെ സഹകരണ മേഖലയിൽ പ്രവർത്തിക്കുന്ന പാരലൽ കോളജുകളും ഏറെയാണ്. വിദൂരവിദ്യാഭ്യാസത്തിനൊപ്പം നാലു സർവകലാശാലകളിലെ പ്രൈവറ്റ് രജിസ്ട്രേഷൻ കൂടി വിലക്കുന്നതോടെ പാവപ്പെട്ട വിദ്യാർഥികളുടെ ഉപരിപഠനം തടയപ്പെടുന്നതിനൊപ്പം ഒരു തൊഴിൽമേഖല കൂടി പ്രതിസന്ധിയിലാകും.
-തുടരും
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.