ഡബ്ബിങ് ആർട്ടിസ്റ്റ് എന്ന നിലയിൽ സ്റ്റുഡിയോയുടെ സുരക്ഷിതമായ നാലു ചുമരുകൾക്കുള്ളിലായിരുന്നു എെൻറ സിനിമ ജീവിതം. അതിനപ്പുറത്തേക്കുള്ള സ്ത്രീകളുടെ പ്രശ്നങ്ങൾ\ബുദ്ധിമുട്ടുകൾ അറിയാനുള്ള സാഹചര്യം അന്നുണ്ടായിരുന്നില്ല. 40 വർഷമായി സിനിമ മേഖലയിലുണ്ട്. മുതലാളിമാർമാത്രം സിനിമ നിർമിക്കുന്ന ‘മുതലാളിത്ത’ കാലഘട്ടത്തിലാണ് ഇൗ മേഖലയിലെത്തുന്നത്. ആളുകൾ ഒന്നിച്ച് ഡബ്ബ് ചെയ്യുന്ന അക്കാലത്ത് പലപ്പോഴും വെളുപ്പിന് നാലു മണിക്ക് ജോലികഴിഞ്ഞ് പ്രൊഡക്ഷൻകാരുടെ കാറിൽ ഡ്രൈവറോടൊപ്പം ഒറ്റക്ക് വീട്ടിലേക്ക് മടങ്ങിയിട്ടുണ്ട്. അപ്പോഴൊന്നും പറയത്തക്ക ബുദ്ധിമുട്ടുകൾ അനുഭവിക്കേണ്ടിവന്നിട്ടില്ല. ഇപ്പോൾ ഡബ്ബിങ് ആർട്ടിസ്റ്റ് എന്നതിൽനിന്ന് മാറി നടി എന്ന നിലയിൽ മൂന്ന് ചിത്രങ്ങളിൽ അഭിനയിച്ചപ്പോഴും പ്രശ്നങ്ങൾ നേരിടേണ്ടി വന്നിട്ടില്ല. മകളെപ്പോലെ ഞാൻ കാണുന്ന ആ നടിക്ക് നേരിട്ട ദുരന്തം എെൻറ അനുഭവത്തിൽ മലയാള സിനിമയിൽ ആദ്യ സംഭവമാണ്. പക്ഷേ, മലയാള സിനിമക്ക് സംഭവിക്കുന്ന മൂല്യച്യുതിയെ ഇൗ സംഭവം അടയാളപ്പെടുത്തുന്നു. പഴയ കാലത്ത് സിനിമ ഒരു അഭിനിവേശമായി കൊണ്ടുനടന്നവരായിരുന്നു നടീനടന്മാരും സംവിധായകരും നിർമാതാക്കളും. സിനിമ എന്നതായിരുന്നു അവരുടെ ആഹ്ലാദം. ഇന്ന് ദുരുദ്ദേശ്യങ്ങളുമായാണ് പലരും സിനിമ നിർമിക്കാനെത്തുന്നത്. സിനിമരംഗത്തെ കുറിച്ച് പുറത്തു കേൾക്കുന്ന കെട്ടുകഥകൾ വിശ്വസിച്ചെത്തുന്ന ഇവർ സിനിമക്കുള്ളിലെത്തുേമ്പാഴാണ് താൻ വിചാരിച്ച മട്ടിലല്ല കാര്യങ്ങൾ എന്നറിയുന്നത്. ഇന്നിപ്പോൾ സിനിമ കലയെന്നത് മാറി കച്ചവടമായി. ഇതിനകത്ത് ചിലർ റിയൽ എസ്റ്റേറ്റ് ബിസിനസ് ചെയ്യുന്നു. മയക്കുമരുന്ന് കേസിൽ കുറച്ചാളുകൾ പിടിക്കപ്പെടുന്നു. അപ്പോഴെല്ലാം വ്യക്തികളെ സംരക്ഷിക്കാനാണ് പലരും ശ്രമിക്കുന്നത്. അതിനുപകരം എവിടെയാണ് അഴിച്ചുപണിയേണ്ടത് എന്നും എവിടെയാണ് ശുദ്ധീകരിക്കേണ്ടത് എന്നും ആരും ചിന്തിക്കുന്നില്ല.
സിനിമലോകത്താണ് സ്ത്രീകൾക്ക് ഏറ്റവുമധികം പീഡനമേൽക്കുന്നതെന്നാണ് പൊതുജനങ്ങളുടെ ധാരണ. സമൂഹത്തിൽ എല്ലായിടത്തും സ്ത്രീകൾ അനുഭവിക്കുന്ന പ്രശ്നങ്ങൾതന്നെയാണ് സിനിമയിലുമുള്ളത്. സിനിമ മേഖലക്ക് ആകർഷണം കൂടുതലുള്ളതുകൊണ്ടായിരിക്കാം അവിടെയുള്ള പ്രശ്നങ്ങൾക്ക് കൂടുതൽ പൊതുജന\മാധ്യമ ശ്രദ്ധ ലഭിക്കുന്നത്. സമൂഹത്തിലുള്ള അത്രതന്നെ വിവാഹമോചനങ്ങളാണ് സിനിമരംഗത്തും നടക്കുന്നത്. എന്നാൽ, സിനിമക്കാർക്ക് കുടുംബ ജീവിതമില്ല, നടി\നടൻ കുടുംബത്തിനകത്ത് നിൽക്കുന്നവരല്ല എന്ന പൊതുധാരണ നിലനിൽക്കുന്നുണ്ട്. അവരും മനുഷ്യരാണ്. പുരുഷ മേധാവിത്വത്തിനകത്താണ് ഇന്ന് മലയാള സിനിമയുള്ളത്. പുരുഷനാണ് സിനിമയിൽ മാർക്കറ്റുള്ളത് എന്നതിനാൽ അവരുടെ നിയന്ത്രണത്തിലാണ് മൊത്തം സിനിമരംഗം. ഒരുതരം കോക്കസാണിത്. സിനിമനിർമാണം, വിതരണം, സ്റ്റുഡിയോ തുടങ്ങി എല്ലാം ഒാരോ താരത്തിനും സ്വന്തമായുണ്ട്. മിക്കപ്പോഴും സിനിമയിൽ നായിക നടിയുൾപ്പെടെയുള്ളവരെ തീരുമാനിക്കുന്നതും പുരുഷ താരങ്ങളാണ്. ഇത് മലയാളത്തിൽ മാത്രമല്ല, ഇന്ത്യൻ സിനിമയിൽതന്നെ പുരുഷാധിപത്യം നിലനിൽക്കുന്നുണ്ട്. ഇങ്ങനെ സിനിമയെ സ്വന്തമാക്കി നിലനിർത്താൻ അവരെ സഹായിക്കുന്നതിൽ മാധ്യമങ്ങൾക്കും പൊതുജനങ്ങൾക്കും പങ്കുണ്ട്. മലയാളത്തിൽ വിപണിമൂല്യമുള്ള ഒരേയൊരു നടി മഞ്ജുവാര്യർ മാത്രമായിരിക്കും. സിനിമ നൽകിയ താരപരിവേഷവും അതുവഴി ലഭിച്ച അധികാര-സാമൂഹിക ബന്ധങ്ങളും സ്വാധീനവും താരങ്ങൾ മുതലെടുക്കാൻ തുടങ്ങിയതോടെയാണ് വലിയതോതിലുള്ള മൂല്യച്യുതി സിനിമമേഖലയെ ബാധിച്ചത്.
സംഘടനകളുടെ കടന്നുവരവോടെയാണ് സിനിമമേഖലയിൽ തൊഴിലെടുക്കുന്നവർക്ക് മാന്യമായ വേതനം ലഭിക്കുന്ന സാഹചര്യമുണ്ടായത്. വണ്ടിെച്ചക്കുകൾ ഇന്ന് പഴങ്കഥയാണ്. ചികിത്സ ധനസഹായമുൾപ്പെടെയുള്ള പദ്ധതികൾ ഇൗ മേഖലയിലുള്ളവർക്ക് വലിയൊരളവിൽ ആശ്വാസമാണ്. ‘അമ്മ’ മുന്നൂറിലേറെ പേർക്ക് 5000 രൂപ മാസാന്ത പെൻഷൻ നൽകുകയും വീടുവെച്ച് നൽകുകയും ചെയ്യുന്നുണ്ട്. ഇത്തരമൊരു സംഘടന മലയാളത്തിൽ മാത്രമാണുള്ളത് എന്നതും അംഗീകരിച്ചേ തീരൂ. ഇതെല്ലാം സംഘബോധം കൊണ്ട് ലഭിച്ച നേട്ടങ്ങളാണ്. പക്ഷേ, നടി ആക്രമിക്കപ്പെട്ട സംഭവത്തിൽ ഇൗ സംഘബോധമുണ്ടായില്ല എന്നതും സത്യമാണ്. നടിയുെട പ്രശ്നത്തിൽ സിനിമമേഖലയിലെ എല്ലാ സംഘടനകളും ഒന്നിച്ച് പ്രതികരിക്കണമായിരുന്നു. നടിയുൾപ്പെടുന്ന സംഘടനയുടെ മാത്രം പ്രശ്നമല്ലിത്. സിനിമലോകത്തെ ഒന്നാകെ ഉലച്ചുകളഞ്ഞ സംഭവമാണിത്. അതിെൻറ ഗൗരവം സിനിമമേഖല ഉൾക്കൊണ്ടില്ല എന്നതിൽ വ്യക്തിപരമായി വേദനയുണ്ട്. ഇൗ വിഷയത്തിൽ എന്തെങ്കിലും നടപടിയുണ്ടാകണമെന്നത് മാധ്യമങ്ങളുടേയും സമൂഹത്തിേൻറയും മാത്രം ആവശ്യമാണോ എന്ന് തോന്നിപ്പോയിട്ടുണ്ട്. മാധ്യമങ്ങളിൽ ഇത് ചർച്ചയായതുകൊണ്ടാണ് ഭരണകൂടവും പൊലീസും പ്രാധാന്യപൂർവം വിഷയത്തെ സമീപിച്ചത്. സിനിമമേഖല ഒന്നടങ്കം മാധ്യമങ്ങൾക്കും പൊതുസമൂഹത്തിനുമൊപ്പം നിന്നിരുന്നെങ്കിൽ ഇപ്പോഴുള്ളതിെൻറ പതിന്മടങ്ങ് പ്രതിഫലനം സൃഷ്ടിച്ചേനെ.
ആലുവ മജിസ്ട്രേറ്റിൻെറ വസതിയിൽ ദിലീപിനെ ഹാജാരാക്കാനെത്തിയപ്പോൾ
ഞങ്ങളൊന്നും ഇത്തരം കാര്യങ്ങളിൽ ഇടപെടേണ്ടതില്ല എന്ന നിലപാടാണ് സിനിമമേഖലയിലുള്ളവർ സ്വീകരിച്ചത്. അതിനാലാണ് ‘രണ്ട് മണിക്കൂറല്ലേ അവൾ പീഡിപ്പിക്കപ്പെട്ടത്’ എന്ന് ഒരു നിർമാതാവിന് പറയാൻ ധൈര്യം വരുന്നത്. ഒരു മനുഷ്യന് പറയാൻ കഴിയാത്ത വാക്കാണത്. ഇത്തരക്കാർ സിനിമയെ കാണുന്നത് വെറും കച്ചവടമായാണ്. ഇരയേയും പ്രതിയേയും സമീകരിച്ചുകൊണ്ട് നടൻ സലിം കുമാർ നടത്തിയ പ്രസ്താവനയും വേദനിപ്പിച്ചു. പിന്നീട് അദ്ദേഹം പ്രസ്താവന പിൻവലിച്ചെങ്കിലും ആരോപണവിധേയരായവർക്കെതിരെ പറയാതെ പെൺകുട്ടിക്കെതിരെമാത്രം പറയുന്നത് ആർക്കുവേണ്ടിയുള്ള മുൻകൂർ ജാമ്യമാണ്? നടിയും സലിം കുമാറും അംഗമായ സംഘടന അദ്ദേഹത്തെ ശാസിക്കാൻ തയാറായില്ല എന്നത് ഖേദകരമാണ്. നടൻ ശ്രീനിവാസൻ ഇൗ വിഷയത്തിൽ കഴിഞ്ഞ ദിവസം നടത്തിയ പ്രസ്താവന നിരുത്തരവാദപരമാണ്. ആ പെൺകുട്ടിയുടെ കാര്യം ‘അമ്മ’ നോക്കിക്കൊള്ളും, സമൂഹം നോക്കേണ്ടതില്ല എന്ന് എങ്ങനെയാണ് അദ്ദേഹത്തിന് പറയാൻ കഴിയുന്നത്. നാളെ ഇതേ സംഘടനയിൽപെട്ട മറ്റൊരു പെൺകുട്ടിക്ക് നടുറോഡിൽ എന്തെങ്കിലും ദുരനുഭവമുണ്ടായാൽ, സമൂഹം അതിൽ ഇടപെടേണ്ടതില്ല സംഘടന നോക്കിക്കോളും എന്നാണോ അദ്ദേഹം പറയുന്നത്? ഒരു വ്യക്തിയുടെ ജീവനും മാനവുമായി ബന്ധപ്പെട്ട സുപ്രധാന വിഷയത്തിൽ അദ്ദേഹത്തെപ്പോലെ മുതിർന്നൊരാളിൽനിന്ന് കുറേക്കൂടി ഉത്തരവാദിത്തത്തോടെയുള്ള നിലപാടുകളാണ് സമൂഹം പ്രതീക്ഷിക്കുന്നത്.
ആ പെൺകുട്ടിയുടെ വേദനയുടെ ആഴം കാണാൻ സിനിമപ്രവർത്തകർക്ക് കഴിഞ്ഞില്ല എന്നത് സങ്കടകരമാണ്. യോഗത്തിൽ വിഷയം ഉന്നയിക്കണമെന്ന് അംഗങ്ങളായ പല സുഹൃത്തുക്കളോടും ഞാൻ ആവശ്യപ്പെട്ടിരുന്നു. ചലച്ചിത്ര പ്രവർത്തകരായ വനിതകളുടെ കൂട്ടായ്മ ‘വുമൺ ഇൻ സിനിമ കലക്ടീവ്’ (ഡബ്ല്യു.സി.സി) അംഗങ്ങളായ മൂന്നുപേരും ആ യോഗത്തിലുണ്ടായിരുന്നു. പക്ഷേ, ഒന്നും സംഭവിച്ചില്ല. ഇതേക്കുറിച്ച് സംഘടനയിലെ മറ്റ് വനിത അംഗങ്ങളോട് ചോദിച്ചപ്പോൾ ഞങ്ങളുടെ നിലനിൽപിനുവേണ്ടി നിശ്ശബ്ദരായി എന്നാണ് പറഞ്ഞത്. എന്തു നിലനിൽപാണിത്? നാളെ ഇപ്പറഞ്ഞ ആളുകൾക്കും ഇതേ അനുഭവം വരാം. സംഘടന നൽകുന്ന എല്ലാ സേവനങ്ങളേക്കാളും വലുതാണ് ഒരു പെൺകുട്ടിക്ക് നൽകുന്ന പിന്തുണയും അതുവഴിയുണ്ടാകുന്ന സുരക്ഷിതത്വവും. മലയാള സിനിമയിൽ സ്ത്രീകൾക്ക് മാത്രമായുണ്ടാക്കിയ സംഘടനക്ക് സത്യസന്ധമായി എത്രത്തോളം മുന്നോട്ടുപോകാൻ കഴിയുമെന്നതിൽ സംശയമുണ്ട്. ഒരു നിർമാതാവിനോ സംവിധായകനോ എതിരെ പരാതിപറയാൻ ഒരു പെൺകുട്ടിയും തയാറാവില്ല. പരാതി കൊടുത്താൽ തങ്ങൾക്ക് അവസരം നഷ്ടമാകും എന്ന ഭയം എല്ലാവർക്കുമുണ്ട്. എല്ലാ തൊഴിൽ മേഖലയിലും ഇതാണ് സംഭവിക്കുന്നത്. സി.ബി.െഎയുടെ ഇേൻറണൽ കംപ്ലയിൻറ് അതോറിറ്റി അംഗമാണ് ഞാൻ. വൈശാഖ കമ്മിറ്റി റിപ്പോർട്ട് പ്രകാരം എല്ലാ സർക്കാർ സ്ഥാപനങ്ങളിലും ഇത്തരം സമിതി രൂപവത്കരിച്ചിട്ടുണ്ട്. പക്ഷേ, പരാതിപ്പെട്ടാൽ സഹപ്രവർത്തകർ പോലും പിന്തുണക്കാനുണ്ടാകില്ല എന്നതാണ് വസ്തുത.
എറണാകുളത്ത് അമ്മ ജനറൽബോഡി യോഗത്തിനിടെ മാധ്യമപ്രവർത്തകരോട് കയർക്കുന്ന നടന്മാരായ മുകേഷും ദേവനും
റിയൽ എസ്റ്റേറ്റ്, മയക്കുമരുന്ന്, പെൺവാണിഭ മാഫിയകളുടെയെല്ലാം പേരിൽ സിനിമമേഖല ഇന്ന് പഴി കേട്ടുകൊണ്ടിരിക്കുകയാണ്. അൽപം ചിലർ ചെയ്യുന്ന വൃത്തികേടുകൾക്ക് ഒരു വിനോദ വ്യവസായമേഖല ഒന്നാകെ പഴികേൾക്കേണ്ട സാഹചര്യമാണുള്ളത്. ഇത് ഇല്ലാതാക്കാൻ മലയാള സിനിമയുടെ നെടുംതൂണുകളായ മമ്മൂട്ടിയും മോഹൻലാലും രംഗത്തുവരണം. മലയാള സിനിമക്ക് വേണ്ടി അവർ സംസാരിക്കണം. കാരണം, അവരുടെ മൗനം സമ്മതമായാണ് പൊതുസമൂഹം കണക്കാക്കുക. ആ നടിക്കുണ്ടായ ദുരന്തം മലയാള സിനിമയിൽ ആദ്യത്തേതും അവസാനത്തേതുമാകെട്ട എന്നാെണെൻറ പ്രാർഥന.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.