പ്ലസ് വൺ പ്രവേശനം കാപട്യം എന്നാണ് അവസാനിപ്പിക്കുക?

മുൻവർഷങ്ങളിലേതുപോലെ, സംസ്ഥാനത്തെ പ്ലസ് വൺ പ്രവേശനം ഈ വർഷവും സങ്കീർണമായിക്കൊണ്ടിരിക്കുകയാണ്. കാസർകോട് മുതൽ പാലക്കാട് വരെയുള്ള ജില്ലകളിൽനിന്ന് അപേക്ഷിച്ച 2,42,782 വിദ്യാർഥികളിൽ 1,16,536 വിദ്യാർഥികൾക്ക് മാത്രമാണ് ഹയർ സെക്കൻഡറി ഡയറക്ടറേറ്റ് പ്രസിദ്ധീകരിച്ച അലോട്ട്മെന്റ് പട്ടിക പ്രകാരം അലോട്ട്മെന്റ് ലഭിച്ചിരിക്കുന്നത്. ഒന്നേകാൽ ലക്ഷം പേർക്ക് എവിടെയും പ്രവേശനം ലഭിച്ചിട്ടില്ല. മലപ്പുറം ജില്ലയിൽ മാത്രം 45,000ത്തിൽപരം വിദ്യാർഥികൾ പുറത്തായിരിക്കുന്നു.

മലബാറിലെ ഗവൺമെൻറ്/എയ്ഡഡ് ഹയർ സെക്കൻഡറികളിൽ ആകെ സീറ്റുകൾ 1,40,800 മാത്രമാണ്. 30 ശതമാനം മാർജിനൽ വർധനവും അതോടൊപ്പം അൺ എയ്ഡഡും ചേർത്താലും ഇത് 2,01,885 മാത്രമായിരിക്കും. അതായത് 40,000 കുട്ടികൾ ഓപൺ സ്കൂളിൽ ചേരേണ്ടിവരും (കനത്ത ഫീസ് നൽകാനാവാത്തതിനാൽ അൺ എയ്ഡഡ് സീറ്റുകളിൽ പല വിദ്യാർഥികൾക്കും ചേരാൻ സാധിക്കാറില്ല).

ഈ വസ്തുത മനസ്സിലാക്കിയതിനാലാണ്, മലപ്പുറം ജില്ലയിൽ പുതിയ ബാച്ചുകൾ അനുവദിക്കണമെന്നാവശ്യപ്പെട്ട്‌ ഒരു എയ്ഡഡ് സ്കൂൾ നൽകിയ ഹരജിയിൽ മൂന്നാഴ്ചക്കകം ജില്ലയുടെ പ്രശ്നങ്ങൾ പരിഹരിക്കണമെന്ന് സുപ്രീംകോടതി നിർദേശം നൽകിയിരിക്കുന്നത്.

മലബാറിലെ സീറ്റ്‌ ക്ഷാമം പരിഹരിക്കാനാവശ്യമായ ബാച്ചുകൾ അനുവദിക്കണമെന്ന മലബാർ എജുക്കേഷൻ മൂവ്മെൻറിന്റെ ഹരജിയിൽ ഹൈകോടതി സംസ്ഥാന സർക്കാറിന് നോട്ടീസയച്ചതും ഈ കാരണങ്ങളാലാണ്.

മലബാർ മേഖലയിലെ ജില്ലകളിൽ പുതിയ ബാച്ചുകൾ ആവശ്യമില്ല എന്ന നിലപാട് സർക്കാർ സ്വീകരിക്കാൻ കാരണമെന്തായിരിക്കും? ഒരു സാധാരണ സ്കൂൾ ക്ലാസ് മുറിയിൽ 65 വിദ്യാർഥികളെ കുത്തിനിറക്കാൻ നിർബന്ധിതമാക്കുന്ന 30 ശതമാനം മാർജിനൽ സീറ്റ്‌ വർധന നൽകി ഇരുട്ടുകൊണ്ട് ഓട്ടയടക്കാൻ സർക്കാർ ശ്രമിക്കുന്നത് എന്തിനാണ്?

പതിനായിരക്കണക്കിന് വിദ്യാർഥികളെ സ്കൂളുകളിൽനിന്ന് ഇറക്കിവിട്ട് വിദൂര പഠനത്തിന് പറഞ്ഞുവിടുമ്പോൾ വിദ്യാഭ്യാസ വകുപ്പിന്റെ കൊട്ടിഘോഷിക്കപ്പെടുന്ന മേന്മയുടെ ഏത് ഘടകമാണ് പൂർത്തീകരിക്കപ്പെടുന്നത്?

വിദ്യാഭ്യാസത്തിന്റെ പ്രാപ്യതയെക്കുറിച്ചും ഗുണമേന്മയെക്കുറിച്ചും വാതോരാതെ സംസാരിക്കുന്ന അക്കാദമിക സമൂഹവും, വിദ്യാഭ്യാസമാണ് സർക്കാറിന്റെ മുൻഗണന എന്ന് നാഴികക്ക് നാൽപതുവട്ടം ആവർത്തിക്കുന്ന രാഷ്ടീയ നേതൃത്വങ്ങളും ഈ വിഷയത്തിൽ പുലർത്തുന്ന കുറ്റകരമായ നിശ്ശബ്ദത ആരെ തൃപ്തിപ്പെടുത്താനാണ്?

വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി കഴിഞ്ഞ ആഗസ്റ്റ് മുതൽ ഒരുവർഷക്കാലം ഈ വിഷയത്തിൽ നടത്തിയ പ്രസ്താവനകൾ അവലോകനം ചെയ്താൽ മാത്രം വിദ്യാഭ്യാസ വകുപ്പ് നടത്തിക്കൊണ്ടിരിക്കുന്ന കബളിപ്പിക്കൽ വ്യക്തമാവും.

"മാർജിനൽ സീറ്റ് വർധനവ് ഏർപ്പെടുത്താതെതന്നെ സംസ്ഥാനത്തെ ഹയർ സെക്കൻഡറി ഒന്നാം വർഷ പ്രവേശനം സാധ്യമാകുന്നതിനായി 2015 മുതൽ 2020 വരെയുള്ള ഹയർ സെക്കൻഡറി പ്രവേശനം നേടിയവരെ അടിസ്ഥാനപ്പെടുത്തി വിശകലനം നടത്തിയതിന്റെ അടിസ്ഥാനത്തിൽ സംസ്ഥാനത്തെ ഒരു ജില്ലയിലും ഹയർ സെക്കൻഡറി പ്രവേശനത്തിന് സീറ്റുകളുടെ അപര്യാപ്തത നിലനിൽക്കുന്നില്ല'' എന്നാണ്

കഴിഞ്ഞ വർഷം ആഗസ്റ്റിൽ കെ.പി. കുഞ്ഞഹമ്മദ് കുട്ടി മാസ്റ്റർ, ഒ.ആർ. കേളു, സേവിയർ ചിറ്റിലപ്പള്ളി, കെ.യു. ജനീഷ് കുമാർ എന്നീ എം.എൽ.എമാരുടെ ചോദ്യത്തിന് വിദ്യാഭ്യാസ മന്ത്രി നിയമസഭയിൽ നൽകിയ മറുപടി.

ഇതിനായി അവലംബിച്ച പട്ടികയിലെ അയുക്തി മനസ്സിലാക്കാൻ സാമാന്യ സംഖ്യാബോധം മതിയാവും.പ്രസ്തുത പട്ടികയിൽ പ്രവേശനം തേടുന്ന വിദ്യാർഥികളുടെ എണ്ണം എന്ന തലക്കെട്ടിൽ ചേർത്തിരുന്നത് പ്രവേശനം ലഭിച്ച വിദ്യാർഥികളുടെ എണ്ണമാണ്. നിയമസഭയെയും അതുമുഖേന മലയാളികളെയും കബളിപ്പിക്കുക എന്നതല്ലാതെ മറ്റെന്താണ് ഇതിലൂടെ ലക്ഷ്യമിടുന്നത്?

അതിൻ പ്രകാരം പാലക്കാട്‌ ജില്ലയിൽനിന്ന് കഴിഞ്ഞവർഷം പ്ലസ് വണിന് ചേരാൻ സാധ്യതയുള്ള വിദ്യാർഥികൾ കേവലം 28,158 മാത്രമാണെന്ന് സൂചിപ്പിക്കുന്നു. ഇതിനു ഉപോൽബലകമായി പറഞ്ഞത്, തൊട്ടുമുമ്പത്തെ ആറുവർഷത്തെ ശരാശരി പ്രവേശന അനുപാതം 70.88 ശതമാനം ആണെന്നുള്ളതാണ്. അത്രയും പേർക്കുള്ള സീറ്റുകൾ ഇപ്പോഴും ഉണ്ടെന്നും അതിനാൽ മാർജിനൽ വർധനവ് ആവശ്യമില്ലെന്നും എല്ലാ ജില്ലകളിലും സീറ്റുകൾ ബാക്കിയായിരിക്കും എന്നുകൂടി നിയമസഭയിൽ പറഞ്ഞുവെച്ചു മന്ത്രി.

പക്ഷേ, മുഴുവൻ വിഷയങ്ങളിൽ എ പ്ലസ് ലഭിച്ചവരടക്കം പതിനായിരങ്ങൾ പ്രവേശന പ്രക്രിയയിൽനിന്ന് പുറത്താവുകയും മാധ്യമങ്ങളിൽ വലിയ കോലാഹലം ഉണ്ടാവുകയും ചെയ്തപ്പോൾ 30 ശതമാനം സീറ്റ് വർധനവും പിന്നീട് 75 താൽക്കാലിക ബാച്ചുകളും അനുവദിക്കാൻ വളരെ വൈകിയാണെങ്കിലും സർക്കാർ നിർബന്ധിതമായി.

എന്നിട്ടും 36,000ത്തിലേറെ വിദ്യാർഥികൾ ഓപൺ സ്കൂളിൽ പ്രവേശനം നേടേണ്ടിവന്നു എന്നത് സർക്കാറിന്റെ കണക്കുകൾ ഒന്നും തന്നെ യാഥാർഥ്യങ്ങളോട് പൊരുത്തപ്പെടുന്നതല്ല എന്ന് വ്യക്തമാക്കുന്നു.

നിർഭാഗ്യകരമെന്നുപറയട്ടെ, ഈ വർഷം നിയമസഭയിൽ നൽകിയ മറുപടികൾക്കും ഇതേ യുക്തി തന്നെയാണ് പ്രയോഗിക്കുന്നത്. അതായത്, മുൻവർഷങ്ങളിലെ സീറ്റുകളുടെ ശരാശരിയെടുത്തശേഷം അത്രതന്നെ സീറ്റ് ഈ വർഷവും ലഭ്യമാണ് എന്ന് വാദം.

ഈ വർഷം പത്താംതരം പൂർത്തിയാക്കിയവരുമായി താരതമ്യം ചെയ്യുമ്പോൾ മലബാറിലെ മുഴുവൻ ജില്ലകളിലും സീറ്റ് ക്ഷാമം ഉള്ളപ്പോൾ തെക്കൻ ജില്ലകളിൽ എല്ലായിടത്തും അധിക സീറ്റുകളാണ്. പൂർണമായോ ഭാഗികമായോ ഒഴിഞ്ഞുകിടക്കുന്ന ഈ ബാച്ചുകളെ മലബാർ ജില്ലകളിലേക്ക് മാറ്റിയാൽതന്നെ സർക്കാറിന് അധിക സാമ്പത്തിക ബാധ്യത വരുത്താതെ വിദ്യാർഥികൾക്ക് ചെറിയ ആശ്വാസം നൽകാനാവും..

കേരളത്തിലെ എല്ലാ പഞ്ചായത്തുകളിലും ഹൈസ്കൂൾ ഉണ്ടെന്നിരിക്കെ, അതത് പഞ്ചായത്തിലെ പത്താം ക്ലാസ് വിദ്യാർഥികൾക്ക് ആനുപാതികമായി പ്ലസ് വൺ സീറ്റുകളുണ്ടെന്ന് ഉറപ്പുവരുത്തുകയാണ് ശാശ്വത പരിഹാര നടപടി. അതത് പ്രദേശത്തെ എം.എൽ.എമാർക്ക് ഈ വിഷയത്തിൽ ഇടപെട്ട് പരിഹാരം കാണാവുന്നതേയുള്ളൂ. അഞ്ഞൂറും ആയിരവും വിദ്യാർഥികൾ പത്താം ക്ലാസ് പരീക്ഷയെഴുതുന്ന സ്കൂളുകളെ വിഭജിച്ച് എല്ലാവർക്കും ഗുണമേന്മ ഉറപ്പുവരുത്തുക എന്നതും സർക്കാറിന്റെ ഉത്തരവാദിത്തമാണ്. അധിക സാമ്പത്തിക ബാധ്യത വരുമെന്ന കാരണമാണ് പലപ്പോഴും പുതിയ ബാച്ചുകൾ അനുവദിക്കുന്നതിന് തടസ്സമായി പറയുന്നത്. വിദ്യാർഥികളുടെ പഠനം സർക്കാറിന് ബാധ്യതയാണോ അതോ ഉത്തരവാദിത്തമാണോ എന്ന് മുഖ്യമന്ത്രി തന്നെ വ്യക്തമാക്കണം. ഒഴിഞ്ഞുമാറുന്ന ഭരണകൂടത്തെ തടഞ്ഞുനിർത്തി ഈ ചോദ്യം ചോദിക്കാനുള്ള ശേഷി കേരള ജനത ആർജിച്ചെടുക്കേണ്ടിയിരിക്കുന്നു.

Tags:    
News Summary - End Plus One admission as hypocrisy?

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-11-14 01:21 GMT