കടമെടുപ്പിന്മേൽ കർശന നിയന്ത്രണം വന്നതോടെ സർക്കാറിന്റെ സാമ്പത്തിക പ്രതിസന്ധി അതിരൂക്ഷമായിരിക്കുന്നു. ഇന്നത്തെ സാഹചര്യത്തിൽ അധിക വിഭവസമാഹരണത്തിലൂടെയും ചെലവുചുരുക്കലിലൂടെയും പ്രതിസന്ധി മറികടക്കുന്നതിന് പരിമിതികളുണ്ടെന്നിരിക്കെ പെൻഷൻ വ്യവസ്ഥ പുനഃക്രമീകരിച്ച് വരുമാന വർധനയും സാമ്പത്തിക വളർച്ചയും നേടാനാകുമെന്ന് വാദിക്കുന്നു ധനകാര്യ വിദഗ്ധനായ ലേഖകൻ
കേരളത്തിന്റെ ഒരു പ്രധാന ചെലവിനമാണ് പെൻഷൻ. 2021–22 ലെ കണക്കുകൾ പ്രകാരം കേരളത്തിന്റെ പെൻഷൻ ചെലവ് മൊത്തം വരുമാനത്തിന്റെ 23.06 ആണ്. 17 പ്രധാന സംസ്ഥാനങ്ങളുടെ ശരാശരിയാകട്ടെ, 12.22 മാത്രം. കേരള സമൂഹത്തിലെ വെറും രണ്ടിൽ താഴെ വരുന്ന വിഭാഗത്തിലേക്ക് മൊത്തം വരുമാനത്തിന്റെ 23.06 പോകുന്ന ഈ വ്യവസ്ഥ നിലവിൽ വരാനുണ്ടായ സാഹചര്യം ഒട്ടൊന്ന് പരിശോധിക്കാം.
ഏതാണ്ട് എല്ലാ വികസിത രാജ്യങ്ങളിലും പെൻഷൻ എന്നത് പൗരജനങ്ങൾ പ്രവർത്തനനിരതമായിരിക്കുന്ന വർഷങ്ങളിൽ തങ്ങളുടെ ശമ്പളത്തിൽനിന്ന് പിടിച്ചു മാറ്റിവെച്ച് സർക്കാറിലോ സ്വകാര്യ മേഖലയിലോ ഉള്ള പെൻഷൻ ഫണ്ടുകളിൽ നിക്ഷേപിക്കുന്നതിന് ആനുപാതികമായി ലഭിക്കുന്നതാണ്.
തൊഴിലെടുക്കുന്ന എല്ലാവരും നിർബന്ധമായും പെൻഷൻ പദ്ധതികളിൽ ചേർന്നിരിക്കണമെന്ന് അവിടങ്ങളിലെ നിയമം അനുശാസിക്കുന്നു. അതേസമയം എല്ലാവർക്കും ഉറപ്പായ അടിസ്ഥാന പെൻഷൻ (Guaranteed Minimum Pension) ലഭ്യമാക്കുന്നതിന് ഉയർന്ന നിരക്കിൽ നികുതി ചുമത്തി ആവശ്യമായ പൊതുവിഭവങ്ങൾ കണ്ടെത്തുകയും ചെയ്യുന്നു.
സ്റ്റാറ്റ്യൂട്ടറി പെൻഷൻ എന്നറിയപ്പെടുന്ന ഇന്ത്യയിലെ പെൻഷൻ വ്യവസ്ഥ കോളനി വാഴ്ചയുടെ തുടർച്ചയാണ്. സ്വാതന്ത്ര്യം കിട്ടിയ സമയത്ത് ഇന്ത്യയിൽ സർക്കാർ ഉദ്യോഗസ്ഥരുടെ എണ്ണം വളരെ കുറവായിരുന്നു എന്നു മാത്രമല്ല അവരുടെ ശമ്പളവും കുറവായിരുന്നു.
മറ്റൊരു സംഗതി ആയുർദൈർഘ്യമാണ്. 1951 സെൻസസ് പ്രകാരം ആയുർദൈർഘ്യം 32 വയസ്സായിരുന്നു. സർക്കാർ ജോലിയിൽനിന്ന് വിരമിക്കുന്നവർ ശരാശരി അഞ്ചുമുതൽ എട്ടുവർഷം വരെയൊക്കെയേ ജീവിക്കുമായിരുന്നുള്ളു എന്നർഥം. കുറഞ്ഞ ശമ്പളത്തിൽനിന്ന് പിടിച്ചുമാറ്റിവെക്കാതെ തന്നാണ്ടത്തെ വരുമാനത്തിൽനിന്ന് പെൻഷൻ കൊടുക്കാൻ തീരുമാനിച്ചതിന്റെ സാഹചര്യമിതാണ്.
പെൻഷൻ കാര്യമായ ഒരു ബാധ്യത അല്ലാതിരുന്ന സാഹചര്യം പാടേ മാറി. സർക്കാർ ഉദ്യോഗസ്ഥരുടെ എണ്ണം പതിന്മടങ്ങ് വർധിച്ചു. കേന്ദ്രത്തിലും പല സംസ്ഥാനങ്ങളിലും 10 വർഷം കൂടുമ്പോൾ ശമ്പള പരിഷ്കരണം നടന്നപ്പോൾ കേരളത്തിൽ അത് അഞ്ചുവർഷം കൂടുമ്പോൾ ആണ്.
ആയുർദൈർഘ്യം വർധിച്ചുവർധിച്ച് 73 വയസ്സായി. ഇതിന്റെയൊക്കെ ഫലമായി 30 വർഷം ശമ്പളം വാങ്ങിക്കൂട്ടിയവർക്ക് 30ഉം ചിലപ്പോൾ 40ഉം വർഷം അവസാനം വാങ്ങിയ ശമ്പളത്തിന്റെ പകുതിയും ക്ഷാമബത്തയും പെൻഷൻ പരിഷ്കരണവും നൽകേണ്ടിവരുന്നു. അവസാനം വാങ്ങിയ ശമ്പളത്തിന്റെ അഞ്ചും ആറും ഇരട്ടിയൊക്കെയാണ് ചിലർ പെൻഷനായി കൈപ്പറ്റുന്നത്.
പെൻഷൻ മാറ്റിവെച്ച ശമ്പളമാണ് എന്ന് സുപ്രീംകോടതി വിധിച്ചിട്ടുണ്ട് എന്ന വാദമാണ് ഈ വ്യവസ്ഥയുടെ ഗുണഭോക്താക്കൾ പ്രചരിപ്പിക്കുന്നത്. പെൻഷൻ എന്നത് ശമ്പളത്തിൽനിന്ന് പിടിച്ചുമാറ്റിവെച്ച് നൽകുന്നതാണ് എന്ന സാർവലൗകിക തത്ത്വമാണ് യഥാർഥത്തിൽ സുപ്രീംകോടതി വിധിയുടെ അന്തസ്സത്ത. ശമ്പളത്തിൽനിന്ന് ഒരു പൈസപോലും മാറ്റിവെക്കാതെ തന്നാണ്ടത്തെ വരുമാനത്തിൽനിന്ന് എടുത്തുകൊടുക്കുന്നത് സത്യത്തിൽ പെൻഷൻ അല്ല; ശമ്പളം തന്നെയാണ്.
ഈ തിരിച്ചറിവ് കേന്ദ്ര സർക്കാറിന് ഉണ്ടായത് പക്ഷേ 2003ൽ ആണ്. തുടർന്ന് പങ്കാളിത്ത പെൻഷനിലേക്ക് കേന്ദ്രവും സംസ്ഥാനങ്ങളിൽ ഭൂരിപക്ഷവും മാറി. തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിന്റെ ഭാഗമായി അഞ്ച് സംസ്ഥാനങ്ങൾ സ്റ്റാറ്റ്യൂട്ടറി പെൻഷനിലേക്ക് തിരികെപ്പോയി.
കേരളത്തിലും തിരികെപ്പോകണം എന്ന സമ്മർദം ജീവനക്കാരുടെ സംഘടനകൾ ചെലുത്തുന്നുണ്ട്. ഇങ്ങനെ തിരികെപ്പോകുന്നതിൽ ഉളവായിട്ടുള്ള ധനകാര്യ സാഹസത്തെക്കുറിച്ച് റിസർവ് ബാങ്ക് അടുത്ത കാലത്ത് ഒരു പഠനം നടത്തി. അത് കാണിക്കുന്നത്, ധനകാര്യ സാഹസത്തിൽ 17 പ്രധാന സംസ്ഥാനങ്ങളിൽ കേരളം മൂന്നാമതാണ് എന്നാണ്.
കേരളത്തിൽ സ്റ്റാറ്റ്യൂട്ടറി പെൻഷനല്ല, 2013 മുതൽ പങ്കാളിത്ത പെൻഷൻ ആണല്ലോ എന്ന് വാദിക്കുന്നവർ സാധാരണ ജനങ്ങളെ കബളിപ്പിക്കുകയാണ്. 2012വരെ സർവിസിൽ ഉള്ളവർക്ക് ശരാശരി 25 വർഷം സർവിസ് ഉണ്ടെന്ന് സങ്കൽപിച്ചാൽ 2037ൽ ആയിരിക്കും അവർ റിട്ടയർ ചെയ്യുക. അവർ ശരാശരി 25 വർഷം ജീവിക്കുന്നു എന്ന് സങ്കൽപിച്ചാൽ 2060കളിലും സ്റ്റാറ്റ്യൂട്ടറി പെൻഷൻ തുടരും.
പെൻഷൻ വ്യവസ്ഥ സമൂലം അഴിച്ചുപണിയാതെ കേരളത്തിന് ഒരുകാലത്തും സാമ്പത്തിക പ്രതിസന്ധിയിൽനിന്ന് കരകയറാനാവില്ല. നീതിയുടെയോ ധനശാസ്ത്ര യുക്തിയുടെയോ അടിസ്ഥാനമില്ലാത്തതും കാലഹരണപ്പെട്ടതുമായ ഒരു വ്യവസ്ഥയെ താങ്ങിനിർത്താൻ എത്രമാത്രം വിഭവങ്ങൾ സമാഹരിച്ചാലും കടമെടുത്താലും സാധ്യമല്ല. കേരളത്തിലെ വർധിച്ചുവരുന്ന അസമത്വത്തിന്റെ മൂലകാരണം ഇന്നത്തെ പെൻഷൻ വ്യവസ്ഥയാണ്.
പാവപ്പെട്ടവരിൽനിന്നും പുറംപോക്കിൽ കിടക്കുന്നവരിൽനിന്നും നിശ്ശബ്ദമായി സമ്പത്ത് ഊറ്റിയെടുത്ത് മധ്യവർഗത്തിനും സമ്പന്നർക്കും എത്തിച്ചുകൊടുക്കുകയാണ് ഈ വ്യവസ്ഥ. കൂടുതൽ എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളുള്ള സമുദായങ്ങൾക്ക് ആനുപാതികമല്ലാത്ത നേട്ടം ഇതുമൂലം ഉണ്ടാകുന്നുണ്ട്. ഇത് പ്രാദേശികമായ അസമത്വത്തിനും കാരണമാകുന്നു.
സർവിസ് പെൻഷൻകാരും സർവകലാശാലകൾ പോലെയുള്ള സ്വയംഭരണ സ്ഥാപനങ്ങളിൽ ഉള്ളവരുമായ ഏകദേശം ഏഴു ലക്ഷം പേർക്കായി പ്രതിവർഷം 30,000 കോടി രൂപയാണ് ഇന്ന് മാറ്റിവെക്കപ്പെടുന്നത്. മുഴുവൻ ജനങ്ങളും നികുതികൊടുത്ത് സ്വരൂപിക്കുന്ന ഈ തുക മുഴുവൻ വൃദ്ധജനങ്ങൾക്കും അവകാശപ്പെട്ടതാണ്.
വൃദ്ധജനങ്ങളുടെ ആവശ്യങ്ങൾ വ്യത്യസ്തമാണ്. സാമ്പത്തികസ്ഥിതിയും ആവശ്യങ്ങളും കണക്കിലെടുക്കുന്ന ആവശ്യാധിഷ്ഠിത സാർവത്രിക പെൻഷനിലേക്ക് മാറുക മാത്രമാണ് കേരളത്തിന്റെ മുന്നിലുള്ള പരിഹാരം.
അതോടൊപ്പം പരിഷ്കൃത സമൂഹങ്ങളിലെ പെൻഷൻ വ്യവസ്ഥപോലെ പ്രവർത്തന നിരതമായിരിക്കുന്ന വർഷങ്ങളിൽ പെൻഷൻ ഫണ്ടുകളിൽ നിക്ഷേപിച്ച് പെൻഷന് അർഹരാകുന്ന വ്യവസ്ഥയിലേക്ക് പടിപടിയായി മാറുകയും വേണം.
അധ്വാനത്തിൽ ഏർപ്പെടുന്ന എല്ലാ വ്യക്തികളിൽനിന്നും ഒരു നിശ്ചിതതുക പെൻഷനുവേണ്ടി പിടിച്ചുമാറ്റിവെക്കുന്നത് നിർബന്ധമാക്കുന്ന നിയമവും കൊണ്ടുവരണം. ഇതിന്റെ ഭാഗമായി പൊതുമേഖലയിൽ ഒരു പെൻഷൻ ഫണ്ട് രൂപവത്കരിക്കാം. പൊതുമേഖലാ സ്ഥാപനങ്ങളുടെയും സർക്കാറിന്റെ അധീനത്തിലുള്ള ഭൂമിയുടെയും മൂല്യത്തിന്റെ ഒരു ഭാഗം പണമാക്കി (Monetise) മാറ്റി പെൻഷൻ ഫണ്ടിലേക്ക് മുതൽക്കൂട്ടാം.
ഭൂപരിഷ്കരണത്തിനുശേഷം കേരളം ദർശിക്കാൻ പോകുന്ന സാമൂഹിക വിപ്ലവമായിരിക്കും പെൻഷൻ വ്യവസ്ഥയുടെ പരിഷ്കരണം. ഇത് അധ്വാനത്തോടും മിച്ചം പിടിക്കലിനോടുമുള്ള സാധാരണ ജനങ്ങളുടെ മനോഭാവത്തിൽ വലിയ മാറ്റമുണ്ടാക്കും.
വൃദ്ധജനങ്ങളുടെ കൈകളിലെത്തുന്ന പെൻഷൻ ഉടൻതന്നെ പ്രാദേശിക വിപണികളിലെത്തി സാമ്പത്തിക പ്രവർത്തനങ്ങൾ വേഗത്തിലാക്കും. അതോടെ സർക്കാറിന്റെ നികുതി വരുമാനം പതിന്മടങ്ങ് വർധിക്കും. സാമൂഹിക പുരോഗതിയുടെയും സാമ്പത്തിക വളർച്ചയുടെയും ഒരു പുതിയ ചാക്രികത തന്നെ ഇങ്ങനെ രൂപപ്പെടും.
(ലേഖകൻ ഗുലാത്തി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിനാൻസ് ആൻഡ് ടാക്സേഷനിലെ മുൻ ഫാക്കൽറ്റി അംഗമാണ്)
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.