അധിനിവേശം സംബന്ധിച്ച നിരവധി ഗ്രന്ഥങ്ങളെഴുതിയ പ്രമുഖ ഇസ്രായേൽ ചരിത്രകാരനും ബ്രിട്ടനിലെ എക്സിറ്റർ സർവകലാശാല സോഷ്യൽ സയൻസസ് ആൻഡ് ഇൻറർനാഷനൽ സ്റ്റഡീസ് വിഭാഗം പ്രഫസറുമായ ഇലാൻ പപ്പെ വിശദമാക്കുന്നു
പടിഞ്ഞാറ് പൊതുവിലും ജർമനി വിശേഷിച്ചും നൂറ്റാണ്ടുകളുടെ സെമിറ്റിക് വിരുദ്ധനിലപാടിൽ അത്യാവശ്യം വേണ്ട തിരുത്തുകൾ വരുത്തി. അപ്പോഴും പാശ്ചാത്യ സമൂഹങ്ങളെ നയിക്കുന്ന വംശീയതയുടെ ദോഷങ്ങൾ കൈയൊഴിയാനുള്ള താൽപര്യത്തേക്കാൾ ഇസ്രായേലിനെയും അതിന്റെ നയനിലപാടുകളെയും അന്ധമായി പിന്തുണക്കാനാണ് അവർക്ക് വ്യഗ്രത.
സയണിസ്റ്റ് പദ്ധതിയെ രൂപപ്പെടുത്തിയ പടിഞ്ഞാറിന്റെ ഇസ്ലാം ഭീതിജനകമായ ചരിത്രനിലപാടുകളുടെ ഉത്തരവാദിത്തമേൽക്കാൻ അവർ - വിശേഷിച്ച്, ബ്രിട്ടനും അമേരിക്കയും- മടിക്കുന്നു. ഫലസ്തീന്റെ സയണിസവത്കരണത്തിന് സൗകര്യമൊരുക്കുന്നതിലും അതിനെ വിപുലീകരിക്കുന്നതിലും തങ്ങളുടെ സാമ്രാജ്യത്വപരവും സെമിറ്റിക് വിരുദ്ധവുമായ ലോകവീക്ഷണം വഹിച്ച പങ്ക് സമ്മതിച്ചുതരാൻ ബ്രിട്ടീഷ് ഭരണവർഗങ്ങൾ-ആംഗ്ലോ-ജൂതപ്രമാണിമാരടക്കം-തയാറല്ല.
ഫലസ്തീൻ പ്രശ്നപഠനത്തിൽ കുടിയേറ്റ കോളനിരീതിയുടെ ഉപജാപകരീതികൾ പലപ്പോഴും അവഗണിക്കപ്പെട്ടു. കുടിയേറ്റ കോളനിവത്കരണ പദ്ധതിയുടെ സാമ്രാജ്യത്വപശ്ചാത്തലം വേണ്ടവണ്ണം പരിഗണിക്കപ്പെട്ടില്ല.
സാമ്രാജ്യത്വശക്തികളുടെ പിന്തുണയില്ലാതെ, കുടിയേറ്റ കോളനിവാഴ്ചക്കാർക്ക് തദ്ദേശീയ ജനതയെ പുറന്തള്ളി അവരുടെ നാട്ടിൽ കാലൂന്നാൻ കഴിയുമായിരുന്നില്ല. ‘തദ്ദേശീയ ജനതയുടെ നിർമൂലനം’ എന്നു പാട്രിക് വോൾഫ് വിളിച്ച ഈ പ്രവണതയുടെ ഉത്തരവാദിത്തം പൂർണമായും കുടിയേറ്റ കോളനി പ്രസ്ഥാനത്തിനു തന്നെ.
എന്നാൽ അത്ലാന്റിക്കിന്റെ ഇരുവശങ്ങളിലുമുള്ള ഇവാഞ്ചലിക്കൽ ക്രൈസ്തവർ, ബ്രിട്ടനിലെ രാഷ്ട്രീയ പ്രമാണിമാർ, അഭിജാതവർഗമായ പ്രഭുവിഭാഗം (വിശേഷിച്ചും ആംഗല-ജൂത അംഗങ്ങൾ) എന്നിവരുടെ സഖ്യമാണ് ഫലസ്തീനിലെ ജനതക്ക് ദുരന്തഫലം സമ്മാനിച്ച മുൻപറഞ്ഞ പദ്ധതിക്ക് സാമ്രാജ്യത്വന്യായം ചമച്ചത്.
സയണിസ്റ്റ് കുടിയേറ്റ കോളനി പദ്ധതിയാണ് 1948 ലെ ‘നക്ബ’യിലേക്ക് നയിച്ചത്. ഈ വംശീയശുദ്ധീകരണം ഇന്നും തുടരുകയാണ്. ഫലസ്തീനികളെ കുടിയിറക്കാനുള്ള അടിസ്ഥാനസൗകര്യങ്ങൾ ഒരുക്കിക്കൊടുക്കുന്ന പടിഞ്ഞാറുള്ള ഈ ശക്തമായ മുന്നണിയാണ് അതിന് കരുത്തുപകർന്നത്.
കോളനിവത്കരണത്തിൽ നിന്നുള്ള ഫലസ്തീൻ വിമോചനം സ്വപ്നത്തിൽനിന്ന് യാഥാർഥ്യമായി മാറുന്നെങ്കിൽ അതു മറ്റു മാർഗങ്ങളിലൂടെയാവും. ഈ സ്വപ്നം സാക്ഷാത്കരിക്കപ്പെടുമ്പോൾ ഫലസ്തീന്റെ നാശത്തിൽ വഹിച്ച പങ്ക് സമ്മതിച്ചുകൊടുക്കാൻ സുവിശേഷ ക്രൈസ്തവർ സന്നദ്ധത കാണിച്ചാൽ അത് പാശ്ചാത്യരുടെ അംഗീകാരം വർധിപ്പിക്കും.
സയണിസം എന്ന ഇവാഞ്ചലിക്കൽ ക്രൈസ്തവപദ്ധതി
സയണിസം യഥാർഥത്തിൽ ഒരു ക്രൈസ്തവ ഇവാഞ്ചലിക്കൽപദ്ധതിയാണെന്ന കാര്യം പൊതുവിൽ തിരിച്ചറിയപ്പെട്ടിട്ടില്ല. ഫലസ്തീനിനെ കോളനിവത്കരിച്ച് അവിടെ ഒരു ജൂത സയണിസ്റ്റ് രാഷ്ട്രം സ്ഥാപിക്കുന്നതിന് ബ്രിട്ടൻ എന്തുകൊണ്ട് പിന്തുണ നൽകി എന്ന് പരിശോധിക്കവെ ചരിത്രകാരന്മാർ സയണിസത്തിന്റെ വംശാവലി വിട്ടുകളഞ്ഞു. 1917 മുതലുള്ള സയണിസ്റ്റ് വിജയങ്ങൾ മനസ്സിലാക്കാനുള്ള നിർണായക ചരിത്ര മാനകമാണത്.
കോളനിവാഴ്ചയെ അന്താരാഷ്ട്രനിയമങ്ങളുടെ കടുത്ത ലംഘനമായി ലോകം മുഴുക്കെ കണക്കാക്കുന്ന കാലമായിട്ടുപോലും ഫലസ്തീൻ കീഴടക്കാനുള്ള ഇസ്രായേൽ തയാറെടുപ്പിന് ധാർമികവും രാഷ്ട്രീയവുമായ ഒരു എതിർപ്പും നേരിടേണ്ടിവന്നില്ല.
സയണിസത്തിന്റെ വിജയത്തിനും പുതുതായി രൂപംകൊണ്ട സയണിസ്റ്റ് രാഷ്ട്രത്തിനുള്ള അന്താരാഷ്ട്ര പിന്തുണക്കും സഹായിച്ച നിരവധി ഘടകങ്ങളുണ്ട്- ഹോളോകോസ്റ്റ്, വിശേഷിച്ചും പാശ്ചാത്യകുറ്റബോധം, ഇസ് ലാമോ ഫോബിയ, മുതലാളിത്ത, വ്യവസായികതാൽപര്യങ്ങൾ, അമേരിക്കൻ പിന്തുണ എന്നിങ്ങനെ പലതും. സയണിസ്റ്റ് പദ്ധതിയുടെ ബീജാവാപത്തിന് സൗകര്യമൊരുക്കുക മാത്രമല്ല, അതിനെ നിലനിർത്തി സംരക്ഷിക്കുകയാണ് ഈ ഘടകങ്ങളെല്ലാം ചെയ്തത്.
അത് ലാന്റിക്കിന് ഇരുവശവുമുള്ള ഇവാഞ്ചലിക്കൽ ക്രൈസ്തവരും നേരത്തേ പറഞ്ഞ ബ്രിട്ടീഷ് ഭരണവർഗവുമായിരുന്നു ഫലസ്തീന്റെ സയണിസവത്കരണത്തെ നട്ടുവളർത്തിയത്. ഈ സഖ്യം ഇന്നും സജീവമാണ്. ഇസ്രായേലിനെ അവർ ഇപ്പോഴും കാത്തുപോരുന്നു.
ഫലസ്തീനികൾക്കെതിരായ വംശഹത്യ നയങ്ങൾക്കെതിരായി പുറത്തുനിന്നുണ്ടാകുന്ന നീതിപൂർവകവും ധാർമികവുമായ സമ്മർദങ്ങളെ അവർ തടയുകയും ചെയ്യുന്നു. 1850നും 1918നും ഇടയിലാണ് ഈ സഖ്യം തട്ടിക്കൂട്ടുന്നത്. ഒരു ബ്രിട്ടീഷ് ഫലസ്തീൻ എന്ന ആഗ്രഹത്തിലേക്കു മാത്രമല്ല, അത് സാമ്രാജ്യത്വ ബ്രിട്ടനെ തള്ളിവിട്ടത്. ഒരു ജൂതഫലസ്തീനായി തന്നെ അതു മാറണമെന്നായിരുന്നു അവരുടെ താൽപര്യം.
ഇവാഞ്ചലിക്കൽ ക്രൈസ്തവരുടെ താൽപര്യങ്ങൾ ദൈവശാസ്ത്രപരമായിരുന്നു. സെമിറ്റിക് വിരോധവും ജൂതാഭിമുഖ്യവും ചേർന്ന ഒരു അപൂർവമിശ്രണം കൂടിയായിരുന്നു അത്. ഒരുവശത്ത്, ദൈവത്തിന്റെ ഭാവി ആസൂത്രണത്തിൽ ജൂതർക്കുള്ള പങ്കിനെ പ്രതി ദൈവശാസ്ത്രപരമായ ഭക്ത്യാദരം അവർക്കുണ്ടായി.
മറുഭാഗത്ത് ജൂതായിസത്തോടുള്ള പരമ്പരാഗതവിദ്വേഷവും (പല സങ്കൽപമനുസരിച്ചും യേശുവിന്റെ മരണത്തിനു കാരണം ജൂതരായിരുന്നല്ലോ). ഇതു രണ്ടിനുമിടയിലെ അനുരഞ്ജനമെന്നോണം ക്രൈസ്തവ മിശിഹായുടെ തിരിച്ചുവരവ്, മരിച്ചവരുടെ ഉയിർത്തെഴുന്നേൽപ്, അന്തിമനാൾ എന്നിവയടങ്ങുന്ന ഒരു ദൈവികപദ്ധതിയിലുള്ള പങ്ക് എടുത്തുകാട്ടിയാണ് ജൂതർ ഈ വിഷയത്തിൽ പാപപരിഹാരം കണ്ടത്.
ജൂതരോട് ഒരേ സമയത്തുള്ള ശത്രുതയും ആരാധനയും രഞ്ജിപ്പിക്കാൻ ഇവാഞ്ചലിക്കൽ ക്രൈസ്തവർ കണ്ടെത്തിയ മറ്റൊരു വഴി, ജൂതായിസത്തെ ഒരു മതമായി കാണാതെ, ഒരു വംശമോ രാഷ്ട്രമോ ജനതയോ എന്ന നിലയിൽ കാണുകയായിരുന്നു. ഈ ജൂതാഭിമുഖ്യ ചിത്രീകരണത്തിന് രണ്ടു കടകവിരുദ്ധ ഫലങ്ങളാണുണ്ടായത്.
ഒന്നാമതായി, അത് 19ാം നൂറ്റാണ്ടിലെ ജൂത ബുദ്ധിജീവികൾക്കിടയിൽ സമാനമായ ചിന്താഗതികൾ തലപൊക്കാനിടയാക്കി. മറുവശത്ത്, രണ്ടാം ലോകയുദ്ധകാലത്ത് യൂറോപ്പിൽ നാസികളുടെ ജൂത വംശഹത്യക്ക് ഇതൊരു താത്ത്വിക ന്യായീകരണമായി മാറുകയും ചെയ്തു.
19ാം നൂറ്റാണ്ടിൽ അവസാനിച്ച നീണ്ട ഒരു നടപടിക്രമത്തിലൂടെ, ബ്രിട്ടനിലെ ഇവാഞ്ചലിക്കൽ ക്രൈസ്തവർ, ഉസ്മാനീ അനന്തരകാലത്ത് ഫലസ്തീൻ ഏറെ തന്ത്രപ്രാധാന്യമർഹിക്കുന്ന വിഷയമാണെന്ന് സ്വന്തം ഭരണകൂടത്തെ തെര്യപ്പെടുത്തി. മിശിഹായുടെ വരവ് വേഗത്തിലാക്കാനും യൂറോപ്പിനെ ജൂതമുക്തമാക്കാനും ഫലസ്തീൻ ജൂതരുടെ അധീനതയിൽ വരണമെന്നാണ് അവർ ചിന്തിച്ചത്.
ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ ഈ ചിന്താധാരകൾ ഒരു തന്ത്രമായി രൂപപ്പെടുകയും 1897ൽ തിയോഡർ ഹെർസൽ സ്ഥാപിച്ച സയണിസം എന്ന പുതിയ രാഷ്ട്രീയപ്രസ്ഥാനവുമായി ചേരുകയും ചെയ്തു. ഹെർസലും പ്രമുഖ ആംഗ്ലോ-ജൂത പ്രഭുക്കന്മാരും ചേർന്ന് ഫലസ്തീനിലേക്കുള്ള ജൂതന്മാരുടെ ‘മടക്കം’ പൂർവയൂറോപ്യൻ ജൂതന്മാർക്ക് മാത്രം ബാധകമാക്കിത്തീർത്തു.
ബ്രിട്ടനിലെ ജൂതവിരോധത്തിൽനിന്ന് അഭയം തേടി കിഴക്കുനിന്ന് പ്രവഹിച്ച ഈ ജൂതരെ സ്വാഗതം ചെയ്യാൻ ആംഗല ജൂത പ്രമാണിമാർ തയാറായില്ല. ഈ അസംതൃപ്തി ജൂതപ്രഭുക്കളും ആർതർ ബാൽഫർ പോലെയുള്ള
രാഷ്ട്രീയ നേതൃത്വവും തമ്മിലുള്ള കൂട്ടുകെട്ടിലേക്കു നയിച്ചു. 1905 മുതൽ ബാൽഫർ ജൂത കുടിയേറ്റത്തിനെതിരെ നിരന്തരമായി ലോബിയിങ് നടത്തി. ഉസ്മാനീ സാമ്രാജ്യത്തിൻ കീഴിൽനിന്ന് ഫലസ്തീനെ ഒരു ജൂതരാഷ്ട്രമുണ്ടാക്കാനായി വിട്ടുകൊടുക്കാൻ ബ്രിട്ടീഷ് ഗവൺമെന്റിൽ സമ്മർദം ചെലുത്താൻ അദ്ദേഹം ഹെർബർട്ട് സാമുവലിനെ പോലുള്ള ആംഗ്ലോ ജൂത പ്രമാണിമാരുമായി ചേർന്നു പ്രവർത്തിച്ചു.
ഇവർ രണ്ടുപേരും ചേർന്ന് ഇസ്ലാം-ഫ്രഞ്ച് വിരോധിയായ ഡേവിഡ് ലോയിഡ് ജോർജ് എന്ന പ്രധാനമന്ത്രിയെ റിക്രൂട്ട് ചെയ്തു. ഫ്രഞ്ചുകാർക്കും മുമ്പേ, ‘വിശുദ്ധഭൂമി’യിൽ കുരിശുയുദ്ധ മഹത്വം പുനഃസ്ഥാപിക്കുന്നത് കിനാവു കണ്ടിരുന്നയാളായിരുന്നു ഡേവിഡ്. പിന്നീട് ഫലസ്തീനിലെ മർജ് ബിൻ ആമിർ താഴ്വരയിലെ മലൂൽ ഗ്രാമം കൈയടക്കി പണിത പുതിയ സെറ്റിൽമെന്റിന് അദ്ദേഹത്തിന്റെ പേരു നൽകിയത് അതിനുള്ള ഉപകാരസ്മരണയായി.
ഫലസ്തീനെ ഒരു ആംഗ്ലോ ജൂതരാഷ്ട്രമാക്കി മാറ്റുകയെന്നത് 1915ൽ തന്നെ ബ്രിട്ടീഷ് നയമായിരുന്നു-1917ൽ കുപ്രസിദ്ധമായ ബാൽഫർ പ്രഖ്യാപനം പരസ്യപ്പെടുത്തുന്നതിനു മുമ്പുതന്നെ. എഴുപതു വർഷം ബ്രിട്ടനിൽ ലോബിയിങ് നടത്തിയ ശേഷമാണ് സയണിസ്റ്റ് സ്വപ്നം പൂവണിയുന്നത്.
ആ ലോബിയിങ് യത്നം ഒരു റിലേ മത്സരം പോലെയായിരുന്നു. ഫലസ്തീൻ കോളനിവത്കരണ പദ്ധതി ഇവാഞ്ചലിക്കൽ ക്രൈസ്തവരുടേത്. അവർ അത് ആംഗ്ലോ ജൂത പ്രഭുക്കന്മാർക്ക് കൈമാറി. അവർ -ബ്രിട്ടീഷ് രാഷ്ട്രീയ നേതാക്കളുടെ സഹായത്തോടെ- ഫലപ്രദമായൊരു സയണിസ്റ്റ് ലോബിയിങ് സംവിധാനമുണ്ടാക്കി.
ഫലസ്തീനിൽ ഒരു ജൂതരാഷ്ട്ര സ്ഥാപനത്തിന് അനുമതി നൽകിയ ഒരു സയണിസ്റ്റ് അനുകൂല ബ്രിട്ടീഷ് പോളിസി ഉണ്ടാക്കിയെടുക്കുന്നതിന് അത് സഹായകമായി. 1915 ൽ തന്നെ സമ്പൂർണമായി കഴിഞ്ഞ അവരുടെ വിജയം ഫലസ്തീനികൾക്ക് ദുരന്തപൂർണമായ പ്രത്യാഘാതങ്ങൾ വരുത്തിവെച്ചു. 1948 ലെ നക്ബ എന്ന ഫലസ്തീൻ കൂട്ട പലായനദുരന്തം ഫലസ്തീൻ പിടിച്ചടക്കാനുള്ള ബ്രിട്ടന്റെ തീരുമാനത്തിന്റെ ഫലമായിരുന്നില്ല, മറിച്ച്, ഫലസ്തീനെ ഒരു സയണിസ്റ്റ് രാഷ്ട്രമാക്കാനുള്ള തീരുമാനത്തിന്റെ കെടുതിയായിരുന്നു.
പടിഞ്ഞാറിന്റെ ജൂതവിരുദ്ധത തിരുത്തുന്നതും മാപ്പുപറയുന്നതും കൊള്ളാം, അത്യാവശ്യം തന്നെ. എന്നാൽ ഈ സമയത്ത് ഫലസ്തീന്റെയും അതിലെ ജനതയുടെയും നശീകരണത്തിൽ അവർക്കുള്ള പങ്കിന്റെ കണക്കെടുക്കുന്നത് കൂടുതൽ അടിയന്തര പ്രാധാന്യമർഹിക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.