ഇന്ത്യയുടെ സമകാലീന സാമൂഹിക-രാഷ്ട്രീയാന്തരീക്ഷം ഗുരുതരമാംവിധം അനുദിനം വർഗീയമായിക്കൊണ്ടിരിക്കുന്നു. സവർണ ജനതയുടെ വിശ്വാസബോധ്യത്തിലേക്ക് ഇന്ത്യയുടെ ജനാധിപത്യ വ്യവസ്ഥകൾ വഴുതിവീഴുന്ന ആപൽക്കരമായ സാഹചര്യമാണ് നിലവിൽ. ദലിതരും ദലിത് ക്രൈസ്തവരും ആദിവാസി ജനതയും പിന്നാക്ക വിഭാഗങ്ങളും മുസ്ലിം ന്യൂനപക്ഷങ്ങളുമടങ്ങുന്ന ബഹുജനങ്ങൾ പലവിധ ആക്രമണങ്ങൾക്ക് വിധേയരാവുന്നത് നിത്യസംഭവമായിക്കഴിഞ്ഞിരിക്കുന്നു. ബഹുസ്വരതകളെ റദ്ദ് ചെയ്ത്, സാംസ്കാരികമായി നിലനിൽക്കുന്ന ഹിന്ദുത്വത്തിന്റെ രാഷ്ട്രീയ അധീശത്വം രാജ്യവ്യാപകമാക്കി മനു ഭരണത്തെ പുനഃസ്ഥാപിക്കാനുള്ള ശ്രമത്തിലാണ് തിരക്കിട്ട് നടക്കുന്നത്. അതിന്റെ ഭാഗമെന്നോണം വേണം വിവിധ സർക്കാർ നയങ്ങളെ പോലും നോക്കിക്കാണേണ്ടത്. സവർണർക്കായി സമീപകാലത്ത് നിലവിൽവന്ന സവർണ സംവരണം അതിനുദാഹരണമാണ്.
എല്ലാകാലത്തും അപരവിദ്വേഷത്തിൽ അധികാരം നിലനിർത്തിയ ബ്രാഹ്മണവ്യവസ്ഥ നവോത്ഥാനത്തിനുള്ളിൽ പുതു ദേശീയതയെ വാർത്തെടുക്കാൻ മുൻനിർത്തിയത് കൊളോണിയൽ ഭരണവിരുദ്ധതയ്ക്ക് അപ്പുറം ന്യൂനപക്ഷ വിരുദ്ധ സ്വത്വം ആയിരുന്നു. ഇന്ത്യയുടെ രാഷ്ട്രീയ- സാമൂഹിക ശരീരം എന്നത് പുരാണേതിഹാസങ്ങളിൽ അടിസ്ഥാനപ്പെടുത്തിയ ഹിന്ദു ശരീരമാക്കിയായിരുന്നു ദേശീയ പ്രസ്ഥാനം ഉൾപ്പെടെ അവതരിപ്പിച്ചത്. അങ്ങനെ ന്യൂനപക്ഷങ്ങളെ എതിർപക്ഷത്ത് നിർത്തി നിർമിച്ച ദേശീയതാ സങ്കല്പവും ദേശീയ രാഷ്ട്രമീമാംസയും യഥാർഥത്തിൽ ഇന്ത്യയെ സ്ഥൂലാർഥത്തിൽ തന്നെ ഹിന്ദു ഭൂരിപക്ഷ ബോധത്തിൽ ഉള്ള ബ്രാഹ്മണഭരണ രാജ്യമാക്കി മാറ്റി. പുരാണത്തെ പിന്തുടർന്ന് ജനാധിപത്യത്തെ ഒരു ധർമ യുദ്ധത്തിന്റെ സൃഷ്ടിയായി അവതരിപ്പിക്കുന്നതിന്റെ ഭാഗമായാണ് ഇന്ത്യയിലെ മുസ്ലിംകളെ ഇവർ അപരവത്കരിച്ചത്. സ്വാതന്ത്ര്യാനന്തര ഇന്ത്യയുടെ രാഷ്ട്രീയ- സാമൂഹിക ഘടന തന്നെ ഇതിനുതകുന്ന നിലയിൽ രൂപപ്പെട്ടുവരുകയുണ്ടായി.
രാജ്യവ്യാപകമായി മുസ്ലിം സമുദായം ആക്രമിക്കപ്പെട്ടെങ്കിലും പ്രാദേശിക സ്വഭാവത്തിലുള്ള വ്യത്യസ്തതകൾ ഉണ്ടായിരുന്നു. അതിനുദാഹരണമാണ് കേരളത്തിലെ ഒരു വിഭാഗം സുറിയാനി ക്രൈസ്തവർ മുസ്ലിംകൾക്കെതിരെ നടത്തുന്ന വിദ്വേഷപ്രസ്താവനകളും ആരോപണങ്ങളും. സോവിയറ്റ് റഷ്യയുടെ തകർച്ചക്ക് ശേഷം മുതലാളിത്ത ശക്തികൾ തങ്ങളുടെ ആയുധക്കച്ചവടങ്ങൾക്കായി പതിവാക്കിയ ഒരുതരം അപരനിർമാണത്തിന്റെ ഭാഗമായാണ് ആഗോളതലത്തിൽ മുസ്ലിംകളെ ഭൂരിപക്ഷ ക്രൈസ്തവ സമൂഹം പ്രശ്നവത്കരിച്ചത്. ഈ സെമറ്റിക് മതങ്ങൾ തമ്മിലെ നൂറ്റാണ്ടുകളുടെ സംഘർഷത്തിന്റെ ചരിത്രവും ഇതിന് പിന്നിലുണ്ട്. എന്നാൽ ഇന്ത്യയുടെ കാര്യത്തിൽ ബ്രാഹ്മണിക്കലായ തങ്ങളുടെ ഭൂതകാലത്തിന്റെ പിൻബലത്തിലാണ് സവർണർക്കൊപ്പം ക്രൈസ്തവരും അത്തരമൊരു പ്രയത്നത്തിനിറങ്ങിയത്. തങ്ങളുടെ കുടുംബയോഗങ്ങളിൽ തോമാസ്ളീഹ അഞ്ചു ബ്രാഹ്മണരെ മതംമാറ്റുന്ന മിത്ത് അവതരിപ്പിച്ച് സ്വയം സവർണരായി അവരോധിക്കുന്ന ഒരു വിഭാഗം സുറിയാനി ക്രൈസ്തവർ, ഹിന്ദു ഭരണം പുനഃസ്ഥാപിക്കപ്പെട്ടാൽ തങ്ങളുടെ സവർണ സ്ഥാനത്തിന് നല്ലതാണെന്നു കരുതുന്നവരാണ്. ചില ക്രൈസ്തവ പുരോഹിതർ ഇപ്പോൾ ബി.ജെ.പി രാഷ്ട്രീയത്തിനും ആർ.എസ്.എസിനും നൽകുന്ന പിന്തുണയെ ഇതിന്റെ വെളിച്ചത്തിൽ വേണം നോക്കി കാണാൻ.
കേരളത്തിലെ സുറിയാനി ക്രൈസ്തവർ മധ്യകാലം മുതൽ തന്നെ ഭൂവുടമകളും പലതരം സാമൂഹിക വിശേഷാധികാരങ്ങൾ ലഭിച്ചിട്ടുള്ളവരും ആയിരുന്നു. പൂർണമായ പരമാധികാരം അല്ലെങ്കിലും, നിലനിന്നിരുന്ന ബ്രാഹ്മണ വ്യവസ്ഥയ്ക്ക് അകത്ത് വരേണ്യവിഭാഗങ്ങൾക്ക് ലഭിക്കാവുന്ന സാധ്യതകളും സ്വാതന്ത്ര്യങ്ങളും ലഭിച്ചിരുന്ന വിഭാഗമായിരുന്നു ഇക്കൂട്ടർ. കേരളത്തിന്റെ സവിശേഷമായ സാമൂഹിക വ്യവസ്ഥയിൽ ‘വൈശ്യ’രുടെ സ്ഥാനം വഹിച്ചിരുന്നത് ഇവരായിരുന്നു. മറ്റൊരുതരത്തിൽ പറഞ്ഞാൽ കേരളത്തിന്റെ ബ്രാഹ്മണ്യ വ്യവസ്ഥയുടെ ഭാഗമായിരുന്നു ഇക്കൂട്ടർ. അതുകൊണ്ടാണ് നൂറ്റാണ്ടുകളായി ‘മാർഗം കൂടിയവർ’ എന്ന പരാമർശം ഇവർ നിലനിർത്തിയിരിക്കുന്നത്. തങ്ങൾ സവർണരിൽപെട്ടവർ തന്നെയാണെന്നും മറ്റൊരു മാർഗത്തിൽ ചേർന്നു എന്നേയുള്ളൂ എന്നതുമാണ് വിവക്ഷ.
ആധുനിക കേരള ചരിത്രത്തിൽ ദലിത്- അടിത്തട്ട് പക്ഷങ്ങളുടെ ഉയിർപ്പിനെ എതിർത്ത സുറിയാനികൾ തിരുവിതാംകൂറിന്റെ പല ഭാഗത്തുമുള്ള അടിമപ്പള്ളിക്കൂടങ്ങൾ കത്തിക്കുകയും ദലിത് ജനതയ്ക്ക് ലഭിച്ച ഭൂമികൾ കൈയേറുകയും ചെയ്തു. മതപരിവർത്തനം ചെയ്തു വന്ന ദലിതരെ ആത്മീയമായും സാമൂഹികമായും അന്യവത്കരിച്ചിരുന്ന ഇക്കൂട്ടർ കായികമായി അവരെ ആക്രമിച്ചു. നവോത്ഥാന നായകനായ പാമ്പാടി ജോൺ ജോസഫ് അക്കാലത്ത് ദിവാന് എഴുതിയ ഒരു കത്തിൽ ഹിന്ദുക്കളെക്കാൾ ക്രൂരമായി പരിവർത്തനം ചെയ്ത ദലിതരെ സുറിയാനി ക്രൈസ്തവർ ഉപദ്രവിക്കുന്നതായി പറയുന്നുണ്ട്.
പ്രഫ ഐ. ഇസ്താക്കിന്റെ ‘സുറിയാനി ക്രിസ്ത്യാനികളും അയിത്തജാതിക്കാരും’ എന്ന ലേഖനത്തിൽ സുറിയാനി സഭകളിലേക്ക് മതപരിവർത്തനം ചെയ്യുമ്പോൾ നടത്തുന്ന ഒരു പ്രതിജ്ഞയെപ്പറ്റി പറയുന്നുണ്ട്. അതിൽ ദലിത് ജാതികളെ കൊണ്ട് പറയിക്കുന്ന ഒരു വാചകം ഇപ്രകാരമാണ്, ‘ഞങ്ങൾ പുലയരുത്തന്നെ ആയിരുന്നുകൊള്ളാം. ഞങ്ങൾക്ക് വേദം മാത്രം മതി’. അതായത് ബ്രാഹ്മണിക്കൽ സാംസ്കാരികതയുടെ ഭാഗമായി തന്നെയാണ് കേരളത്തിലെ ക്രൈസ്തവരും നിലകൊള്ളുന്നത്. അതിന്റെ ഒരു എക്സ്റ്റൻഷൻ ആയി വേണം ഇക്കൂട്ടർ ഇപ്പോൾ ആളിക്കത്തിക്കുന്ന ഇസ്ലാമോഫോബിയയേയും മനസ്സിലാക്കാൻ. തങ്ങളും ഹൈന്ദവമായ ഒരു ഭൂതകാലത്തിന്റെ ഉടമകൾ ആണെന്നും അതിനാൽതന്നെ ബ്രാഹ്മണിസത്തിന് ഒപ്പം നിന്ന് ആ താൽപര്യങ്ങൾ നടപ്പാക്കേണ്ടത് പ്രധാനമാണെന്നുമാണ് ഇപ്പോഴത്തെ ഇവരുടെ വാദം.
കേരളത്തിൽ ഇന്നിപ്പോൾ തീവ്രവാദ-ലവ് ജിഹാദ് ആരോപണം സംഘ്പരിവാർ ശക്തികളെക്കാൾ ശക്തമായി ഉയർത്തുന്നത് ക്രൈസ്തവ പക്ഷത്തുള്ള ചിലർ ആണെന്ന് ശ്രദ്ധിച്ചാൽ മനസ്സിലാകും. ആഗോളതലത്തിലുള്ള രാഷ്ട്രീയ ചർച്ചകൾ എന്ന വ്യാജേന സമൂഹമാധ്യമങ്ങളിലൂടെയും അല്ലാതെയും ഇക്കൂട്ടർ പലതരം തീവ്രവാദ പ്രവർത്തനങ്ങളുടെയും പിതൃത്വം മുസ്ലിം വിശ്വാസികളുടെ മുഴുവൻ തലയിൽ കെട്ടിവെക്കാൻ പണിപ്പെടുന്നു. ക്രൈസ്തവഭൂരിപക്ഷമുള്ള രാജ്യങ്ങൾ നടത്തുന്ന ആക്രമണങ്ങളിലും ഇടപെടലുകളിലും മതം സംസാരിക്കാതെയും എന്നാൽ കഴിയാവുന്നിടത്തൊക്കെ ഇസ്ലാമിനെ പരാമർശിക്കുകയും ചെയ്യുന്ന രീതിയിലാണ് ആരോപണങ്ങൾ നിർമിക്കപ്പെടുന്നത്. അതിന് പുറമെ സംവാദങ്ങൾ എന്ന പേരിൽ നടത്തപ്പെടുന്ന ഹിംസാത്മക സംസാരങ്ങൾ വഴി ചരിത്രത്തിലെ അക്രമകാരി അപരങ്ങളായി മുസ്ലിംകളെ ചിത്രീകരിക്കുന്നു.
സയണിസത്തിന്റെയും വിശുദ്ധ യുദ്ധങ്ങൾ എന്ന പേരിൽ നടത്തിയ ലഹളകളും കോളനിവത്കരണത്തിലൂടെ നടത്തിയ വംശീയ അധിനിവേശങ്ങളുടെയും ഭൂത-വർത്തമാനകാലങ്ങളെ മറച്ചുപിടിച്ച് ഒരു പ്രത്യേക സമുദായത്തെ മാത്രം പ്രതിക്കൂട്ടിൽ നിർത്തുന്നത് നിഷ്കളങ്കമല്ല. ബ്രാഹ്മണിക്കൽ വ്യവസ്ഥയിലെ തങ്ങളുടെ അന്തസ്സിന് കോട്ടം തട്ടുന്ന നിലയിൽ സാമ്പത്തികമായി മുസ്ലിം സമുദായം ഉയർന്നതിലെ അമർഷമാണ് സുറിയാനി ക്രൈസ്തവരിൽ ചിലരെ ഇത്രമേൽ ഫാഷിസ്റ്റ് മനോഭാവത്തിൽ എത്തിച്ചിരിക്കുന്നത് എന്ന് തോന്നുന്നു. ഗൾഫ് ബൂമിന് ശേഷം വലിയ തോതിലുള്ള സാമ്പത്തിക ഉന്നമനം കൈവരിച്ച മുസ്ലിം സമുദായാംഗങ്ങൾ വ്യവസായ രംഗത്ത് ശക്തിയാർജിച്ചതും സുറിയാനികളുടെ സവർണ അന്തസ്സിനെ കാര്യമായി ബാധിച്ചിട്ടുണ്ട്.
എന്നിരുന്നാലും കേരളത്തിലെ ക്രൈസ്തവരിലെ വലിയ വിഭാഗം മനുഷ്യരും ജനാധിപത്യ വശത്തുണ്ടെന്നുള്ളതും പ്രധാനപ്പെട്ട കാര്യമാണ്. നോർത്ത് ഇന്ത്യയിലുൾപ്പെടെ ക്രൈസ്തവ ന്യൂനപക്ഷങ്ങളും അവരുടെ ആരാധനാലയങ്ങളും ആക്രമിക്കപ്പെടുന്ന സംഭവങ്ങൾ ചർച്ചയായിരിക്കുന്ന സാഹചര്യത്തിൽ ഇക്കൂട്ടരുടെ നിലപാടുകളാവും ആർ.എസ്. എസിന്റെ സംസ്ഥാനത്തെ ഭാവിയെ സ്വാധീനിക്കുന്നതിൽ ഒരു പ്രധാന ഘടകം. കേരളസമൂഹത്തിന്റെ സാമ്പത്തിക സ്രോതസ്സായും രാഷ്ട്രീയ-സാംസ്കാരിക ബഹുസ്വരതകളുടെ ഭാഗമായും നിൽക്കുന്ന ക്രൈസ്തവ-മുസ്ലിം സമുദായങ്ങൾ തമ്മിലുള്ള പ്രശ്നങ്ങൾ ഹിന്ദുത്വ സത്യാനന്തര രാഷ്ട്രീയത്തിന്റെ ചില നിർമാണങ്ങളുടെ ബാക്കിപത്രമാണെന്ന് സമുദായങ്ങളെ ബോധ്യപ്പെടുത്താൻ ഇക്കൂട്ടത്തിലെ മേല്പറഞ്ഞ ജനാധിപത്യ വിശ്വാസികളുടെ ഇടപെടലുകൾ കാര്യമായി തന്നെ സംസ്ഥാനത്ത് നടക്കുന്നുണ്ട്. ചർച്ചകളും സംവാദങ്ങളും നിലനിർത്തിക്കൊണ്ടുതന്നെ വംശഹത്യകളെ എതിർക്കുന്ന ഒരു ജനായത്ത സമൂഹമായി നിലനിൽക്കാൻ കേരളത്തിന്റെ കാര്യത്തിൽ ബ്രാഹ്മണിക്കൽ തന്ത്രങ്ങളെ കൃത്യമായി മനസ്സിലാക്കുന്ന പുരോഹിതരും ബുദ്ധിജീവികളും ചിന്തകരും ചരിത്ര പണ്ഡിതരും പൊതുജനങ്ങളും അടങ്ങുന്ന ക്രൈസ്തവ-ഇസ്ലാം മനുഷ്യരുടെ ഇടപെടലുകൾ അതി പ്രധാനമാണെന്ന് കൂടി ഓർക്കേണ്ടതുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.