പട്ടിക ജാതിക്കാരനായി ജനിച്ച് ഉച്ചനീചത്വങ്ങളോട് പോരടിച്ച് തൊഴിലാളി സംഘാടകനും ജനനേതാവുമായി വളർന്ന് ഒടുവിൽ കോൺഗ്രസിന്റെ അധ്യക്ഷപദവിയിലെത്തിയ മല്ലികാർജുൻ ഖാർഗെയുമായി നടത്തിയ ഒരു സൗഹൃദ സംഭാഷണം ഹൈദരാബാദ് കോൺഗ്രസ് പ്രവർത്തക സമിതിയുടെ ആദ്യദിവസം രാഹുൽ ഗാന്ധി പങ്കുവെച്ചു.
ചെറുപ്പത്തിൽ രാഷ്ട്രീയത്തിലിറങ്ങുമ്പോൾ മുമ്പിൽ മറ്റു വഴികളുണ്ടായിരുന്നിട്ടും എന്തുകൊണ്ടാണ് താങ്കൾ കോൺഗ്രസ് പാർട്ടിയെ തെരഞ്ഞെടുത്തതെന്ന് രാഹുൽ ചോദിച്ചത്രേ. മുതിർന്ന നേതാക്കൾ ഒന്നടങ്കം ഇന്ദിര ഗാന്ധിക്കെതിരെ കലാപക്കൊടി ഉയർത്തി കോൺഗ്രസ് വിട്ട് സംഘടന കോൺഗ്രസിലേക്ക് കൂടുമാറിയ കാലമായിരുന്നു അത്.
ദരിദ്രരെയും പിന്നാക്കക്കാരെയും പാർശ്വവത്കൃതരെയുംകുറിച്ച് ചിന്തിക്കുന്നത് അന്നത്തെ പാർട്ടി കോൺഗ്രസാണെന്ന് മനസ്സിലാക്കിയായിരുന്നു തന്റെ രാഷ്ട്രീയ തെരഞ്ഞെടുപ്പ് എന്നായിരുന്നു ഖാർഗെയുടെ മറുപടി. കോൺഗ്രസിൽ ചേർന്ന തന്നെ 1969 നവംബറിൽ ബ്ലോക്ക് പ്രസിഡന്റാക്കിയെന്നും അതിനുശേഷമുള്ളത് നിങ്ങളുടെ മുന്നിലുണ്ടെന്ന് ഖാർഗെ തുടർന്നുവെന്നും രാഹുൽ വ്യക്തമാക്കി.
’60കളിലെ ഒരു ചെറുപ്പക്കാരൻ കോൺഗ്രസിനെക്കുറിച്ച് ചിന്തിച്ചതെന്തായിരുന്നു എന്നറിയാനാണ് താനീ സംഭാഷണം പങ്കുവെച്ചതെന്ന് രാഹുൽ പ്രവർത്തക സമിതിയിൽ പറഞ്ഞു.
കോൺഗ്രസിന്റെ ആദർശം എന്താണെന്ന് പ്രവർത്തക സമിതിയിലെ ഓരോ അംഗത്തിന്റെയും ചിന്തയിലുണ്ടോ എന്ന ചോദ്യമായിരുന്നു ഈ സംഭാഷണം പങ്കുവെച്ചശേഷം രാഹുൽ തൊടുത്തുവിട്ടത്. മറ്റു രാഷ്ട്രീയ സംഘടനകളെപ്പോലെ ഉണ്ടായതല്ല കോൺഗ്രസ് പാർട്ടിയെന്നും അതൊരു പ്രസ്ഥാനവും സംഘടനയുമാണെന്നും പറഞ്ഞ രാഹുൽ, സംഘടന പ്രസ്ഥാനത്തെ നയിക്കുകയല്ല, പ്രസ്ഥാനം സംഘടനയെ നയിക്കുകയാണ് കോൺഗ്രസിന്റെ പ്രകൃതമെന്ന് ഓർമിപ്പിച്ചു.
ഒരു പ്രസ്ഥാനം മൂന്നോ നാലോ ആറോ മാസത്തേക്കാണെങ്കിൽപോലും അതിനൊരു ലക്ഷ്യമുണ്ടാകും. സ്വാതന്ത്ര്യസമര പ്രസ്ഥാനം പോലെ അതങ്ങനെ മുന്നോട്ടുപോകുകയും ആളുകൾ വന്നുചേരുകയും ചെയ്യും. കോൺഗ്രസിന്റെ ആ പ്രസ്ഥാനശരീരം വീണ്ടെടുത്ത് മുന്നോട്ടുപോകാനുള്ള തന്റെ ശ്രമമായിരുന്നു ഭാരത് ജോഡോ യാത്ര.
ആ യാത്ര മുന്നോട്ടുപോയതോടെ ഇതാണ് കോൺഗ്രസിന്റെ വഴിയെന്ന് പ്രവർത്തകർക്കും ഗുണകാംക്ഷികൾക്കുമിടയിൽ ചിന്തയുണ്ടായി. ഈ അർഥത്തിൽ കോൺഗ്രസിനെ പ്രസ്ഥാന സ്വഭാവത്തിലേക്ക് തിരിച്ചുകൊണ്ടുവരാനുള്ള പരിശ്രമമായിരുന്നു അത്. വേരുകൾ കണ്ടുപിടിക്കാൻ കോൺഗ്രസിനെ സഹായിക്കുകയാണ് ഇനിയും അവസാനിക്കാത്ത ആ യാത്ര.
ഈ യാത്രയിൽനിന്ന് ലഭിച്ച അറിവിൽനിന്നാണ് തെരഞ്ഞെടുപ്പുകൾക്കുള്ള ഗാരന്റി ഇപ്പോൾ കോൺഗ്രസ് തയാറാക്കുന്നതെന്ന് രാഹുലിന്റെ പ്രവർത്തകസമിതി സംസാരം പങ്കുവെച്ച എ.ഐ.സി.സി കമ്യൂണിക്കേഷൻസ് സെക്രട്ടറി പവൻ ഖേര പറഞ്ഞു. ആ ഗാരന്റിയുടെ പരിണതിയാണ് കർണാടകയിലും ഹിമാചൽ പ്രദേശിലും തെരഞ്ഞെടുപ്പ് ഫലമായി വന്നത്.
ആ യാത്രയുടെ സത്തയാണ് തെലങ്കാനയിലടക്കം ഇനി വരാനിരിക്കുന്ന തെരഞ്ഞെടുപ്പുകളിലെല്ലാം കോൺഗ്രസ് ജനങ്ങളുമായി കൈമാറാനിരിക്കുന്നത്. വാഗ്ദാനങ്ങളായി നൽകുന്ന ഈ ഗാരന്റികൾ തന്നെയാണ് ഭരണത്തിലേറിയ സംസ്ഥാനങ്ങളിൽ കോൺഗ്രസ് നയങ്ങളായി നടപ്പാക്കുന്നത്.
കോൺഗ്രസും കോൺഗ്രസുകാരും എന്തുകൊണ്ട് രാഷ്ട്രീയത്തിൽ അനിവാര്യമാകുന്നുവെന്ന് പറയുകയായിരുന്നു രാഹുൽ. സാധാരണക്കാർക്ക് ഒരു പ്രയോജനവുമില്ലാത്ത അപ്രസക്തമായ വിഷയങ്ങൾ ചർച്ചയാക്കുന്ന ബി.ജെ.പിയുടെ കെണികൾക്ക് എതിർദിശയിൽ നടക്കണമെന്നുകൂടി പ്രവർത്തക സമിതിയിൽ അദ്ദേഹം ആവശ്യപ്പെട്ടു.
ഇന്ദിര ഗാന്ധിയുടെ കാലത്ത് കോൺഗ്രസിലെത്തിയ ഖാർഗെയുടെ കഥയുംകേട്ട് പിരിഞ്ഞുപോയില്ല പുതിയ കോൺഗ്രസ് പ്രവർത്തക സമിതിയുടെ ഹൈദരാബാദിലെ പ്രഥമ യോഗം. ഖാർഗെയുടെ സമൂഹമടക്കം അധികാരത്തിന്റെ വിഹിതം കിട്ടാത്ത പാർശ്വവത്കൃതരെയും പിന്നാക്കവിഭാഗങ്ങളെയും പ്രസ്ഥാനത്തോട് ചേർത്തുനിർത്താൻ സാമൂഹികനീതിയും ജനസംഖ്യാനുപാതിക സംവരണവും സ്വന്തം അജണ്ടയാക്കി പ്രമേയം പാസാക്കിയാണ് അവർ മടങ്ങിയത്.
പതിറ്റാണ്ട് കൂടുമ്പോൾ നടക്കുന്ന സെൻസസിൽ ജനങ്ങളുടെ ജാതി തിരിച്ച് തലയെണ്ണി നോക്കാനും അധികാര കേന്ദ്രങ്ങളിലും ഉദ്യോഗസ്ഥതലങ്ങളിലും ഓരോ ജാതിക്കും നിലവിൽ എത്രത്തോളം പ്രാതിനിധ്യമുണ്ട് എന്നറിയാനുമാണ് ജാതി സെൻസസ് വേണമെന്ന ആവശ്യം കോൺഗ്രസ് ഉയർത്തിയിരിക്കുന്നത്. യഥാർഥത്തിൽ റായ്പൂർ പ്ലീനറി പ്രമേയത്തിന്റെ തുടർച്ചയാണ് ഈ പ്രമേയവും.
പട്ടിക ജാതിക്കാർക്കും പട്ടികവർഗക്കാർക്കും മറ്റു പിന്നാക്ക വിഭാഗങ്ങൾക്കും ന്യൂനപക്ഷങ്ങൾക്കും അന്തസ്സിനും വിദ്യാഭ്യാസത്തിനുമുള്ള അവകാശം സംരക്ഷിക്കുന്നതിന് ‘രോഹിത് വെമുല നിയമം’, പട്ടികജാതി-വർഗങ്ങളുടെയും മറ്റു പിന്നാക്ക വിഭാഗങ്ങളുടെയും (ഒ.ബി.സി) ശാക്തീകരണത്തിന് മാത്രമായി മന്ത്രാലയം രൂപവത്കരിക്കുക, ഈ പാർശ്വവത്കൃത വിഭാഗങ്ങൾക്ക് സ്വകാര്യ സംഘടിത മേഖലയിലെ തൊഴിലുകളിൽ തുല്യാവസരം ഉറപ്പാക്കുകയും ഹൈകോടതികളിലെയും സുപ്രീംകോടതികളിലെയും ജഡ്ജി നിയമനങ്ങളിൽ സംവരണം നൽകുന്നത് പരിഗണിക്കുകയും ചെയ്യുക എന്നിവ റായ്പൂർ പ്ലീനറിയിൽ കോൺഗ്രസ് അംഗീകരിച്ച പ്രമേയമായിരുന്നു.
ഈ വർഷം ഏപ്രിലിൽ ജാതി സെൻസസ് വേണമെന്ന ആവശ്യം കോൺഗ്രസിന്റെ ഭാഗത്തുനിന്ന് പരസ്യമായി ആദ്യം ഉന്നയിച്ച രാഹുൽ ഗാന്ധി, കർണാടകയിൽ അതിനുള്ള ന്യായമായി പറഞ്ഞത് ‘ജിത്നി ആബാദി ഉത്നി ഹഖ്’ (എത്രയാണ് ജനസംഖ്യ, അത്രവേണം അവകാശം) എന്നാണ്.
വിശ്വകർമ ജയന്തി ദിനം ആഘോഷിച്ചും വിശ്വകർമ യോജന പ്രഖ്യാപിച്ചും ജനസംഖ്യയുടെ പകുതിയിലേറെ വരുന്ന ഒ.ബി.സി വിഭാഗത്തെ സ്വന്തം വോട്ട്ബാങ്കാക്കി ബി.ജെ.പി അതിന്റെ സാമൂഹികാടിത്തറ വികസിപ്പിക്കുന്നത് കണ്ടപ്പോഴാണ് കാലങ്ങളായി കൈയാലപ്പുറത്ത് വെച്ച സാമൂഹികനീതി കോൺഗ്രസ് പുറത്തെടുക്കുന്നത് എന്ന് ദോഷൈകദൃക്കുകൾക്ക് വിമർശിക്കാം.
നിലപാടുകൾ അടിമുടി മാറ്റാൻ വൈകിയ വേളയിലെങ്കിലും കോൺഗ്രസ് തയാറായത് ഹൈദരാബാദ് പ്രവർത്തക സമിതിയുടെ ശുഭസൂചനയായും കാണാം. ഏതായാലും ബി.ജെ.പിയുടെയും ആർ.എസ്.എസിന്റെയും വളർച്ചക്ക് തടയിടാൻ ഇതിലും നല്ല മറുമരുന്ന് കോൺഗ്രസിന് കിട്ടാനില്ല.
ജാതി സെൻസസിന് വിഘാതംനിന്ന കോൺഗ്രസിലെതന്നെ വരേണ്യ നേതാക്കൾ സൃഷ്ടിച്ച പ്രതിബന്ധങ്ങൾ മറികടന്നുള്ള നിലപാടുമാറ്റത്തിന്റെ പ്രഖ്യാപനമാണ് അത്. ദൂരവ്യാപക പ്രത്യാഘാതമുണ്ടാക്കുന്ന കോൺഗ്രസിന്റെ സാമൂഹിക നീതിയിലെ നിലപാടുമാറ്റം ഇന്ത്യയുടെ രാഷ്ട്രീയചിത്രം മാറ്റിമറിക്കുമോ എന്നാണ് ഇനി അറിയേണ്ടത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.