'ശനിയാഴ്ച മുതൽ ഇതുവരെ 500 കുഞ്ഞുങ്ങൾ കൊല്ലപ്പെട്ടു. 2014ൽ ആബാലവൃദ്ധം 2251 പേരെ കൊന്ന കണക്കും കടന്ന് പതിനായിരങ്ങളിലേക്ക് അപായനിരക്ക് നീണ്ടാൽ മറ്റൊരു കൂട്ടപ്പലായനം എന്ന ദുരന്ത (നക്ബ)ത്തിന് അത് ഇടവരുത്തും. എന്നാൽ ഇതിന് രണ്ടു ഫലമുണ്ടാകും. ഇസ്രായേലിന് അകത്ത് 1948 ലെ ഫലസ്തീനികളും ഇസ്രായേലി ജൂതരും തമ്മിലെ ആഭ്യന്തരയുദ്ധത്തിന് തുടക്കമിടാം. ഹിസ്ബുല്ലയുമായും ഒടുവിൽ ഇറാനുമായും മേഖലയിലെ യുദ്ധത്തിനും അതിടയാക്കാം.' ദ ഗാഡിയന്റെ മുൻ വിദേശ കാര്യ വിദഗ്ധനും മിഡിൽ ഈസ്റ്റ് ഐ എഡിറ്ററുമായ ഡേവിഡ് ഹേസ്റ്റ് എഴുതുന്ന ദീർഘ വിശകലനം
ഗസ്സയിൽനിന്ന് ഹമാസിന്റെ ആക്രമണമുണ്ടായ ആദ്യനിമിഷങ്ങളിൽ ഇസ്രായേൽ പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹു നടത്തിയ ഒരു വാഗ്ദാനം ഏതാണ്ട് എല്ലാവരുടെയും ശ്രദ്ധയിൽനിന്ന് വഴുതിപ്പോയി. ദക്ഷിണ അതിർത്തി നഗരങ്ങളിലെ മേയർമാരോട് അദ്ദേഹം പറഞ്ഞത്, ഇസ്രായേലിന്റെ പ്രതികരണം ‘പശ്ചിമേഷ്യയെ മാറ്റും’ എന്നാണ്. ഇതേകാര്യം അദ്ദേഹം നടുങ്ങിനിന്ന രാജ്യത്തോടുള്ള പ്രഭാഷണത്തിലും ആവർത്തിച്ചു: ‘‘ശത്രുക്കളോട് വരുംദിനങ്ങളിൽ നാം ചെയ്യുന്നത് തലമുറകളോളം മാറ്റൊലികൊള്ളുന്ന കാര്യമായിരിക്കും’’.
എന്തായിരുന്നു അദ്ദേഹത്തിന്റെ മനസ്സിൽ? ഇറാന്റെ ആണവനിലയങ്ങൾ ആക്രമിക്കണമെന്ന പൂതിയുമായി ഏറെക്കാലമായി നടക്കുന്നുണ്ട് നെതന്യാഹു. 2013ൽ അദ്ദേഹം സി.ബി.എസ് ടെലിവിഷനോട് പറഞ്ഞത് വൈകിപ്പോയ ആ കാര്യത്തിൽ എനിക്ക് ഇനിയും കാത്തുനിൽക്കാനാവില്ല എന്നാണ്.
ഹിസ്ബുല്ലയെയും ഹമാസിനെയും നിർമൂലനം ചെയ്യണമെന്നുമുണ്ട് അദ്ദേഹത്തിന്. പ്രതിപക്ഷത്തിരിക്കുമ്പോൾ അദ്ദേഹം എന്നോട് പറഞ്ഞത് അവർ ഇറാന്റെ വിമാനവാഹിനികളാണെന്നാണ്. ഫലസ്തീൻ പോരാളികളുടെ ആക്രമണം ശനിയാഴ്ച നടന്നതു മുതൽ, മുമ്പ് സെപ്റ്റംബർ 11ന്റെ ആക്രമണനാളുകളിൽ അമേരിക്കൻ പ്രസിഡന്റ് ജോർജ് ഡബ്ല്യു. ബുഷ് നടത്തിയ പ്രതികരണം പ്രതിധ്വനിക്കുന്ന വാക്കുകളാണ് ഇസ്രായേൽ പ്രധാനമന്ത്രി ഉപയോഗിച്ചത്.
അന്നു സിംഹാസനത്തിനു പിന്നിലെ യഥാർഥ ശക്തിയായിരുന്ന വൈസ്പ്രസിഡന്റ് ഡിക് ചെനി, അഫ്ഗാനിസ്താനിൽ അൽഖാഇദക്കു പിന്നാലെ ഇറങ്ങുമ്പോൾ പറഞ്ഞത് ഇറാഖിനെതിരെ വമ്പിച്ചൊരു ആക്രമണത്തെക്കുറിച്ച് ഞങ്ങൾ ഇപ്പോഴേ ചിന്തിക്കുന്നുവെന്നാണ്.
ഗസ്സയിലെ ആക്രമണത്തിന് ഇപ്പോൾ ലഭിച്ചുകൊണ്ടിരിക്കുന്ന അനന്യമായ പിന്തുണ, 2001ൽ ബുഷ് ചെയ്തതുപോലെ, അതിലും വലിയൊന്നിനായി അദ്ദേഹം ഉപയോഗപ്പെടുത്തുമോ? ഇസ്രായേലി പ്രതിപക്ഷനേതാവ് ബെന്നി ഗാന്റ്സും വലിയൊരു പദ്ധതിയെക്കുറിച്ച് സൂചിപ്പിച്ചു: ഞങ്ങൾ ജയിക്കും, മേഖലയിലെ സുരക്ഷാപരവും തന്ത്രപ്രധാനവുമായ വസ്തുസ്ഥിതികളിലും മാറ്റമുണ്ടാവും’’.
ഗസ്സയിൽ വീണ്ടും അധിനിവേശം നടത്തി, ഒരു ഫലസ്തീൻ സായുധ വിഭാഗത്തെ ഇല്ലായ്മ ചെയ്തതു കൊണ്ട് ഈ മാറ്റം സംഭവിക്കില്ല. അതിന് 3,60,000 വരുന്ന പടയുടെ ആവശ്യവുമില്ല. രാജ്യത്തിന്റെ ചരിത്രത്തിൽ ആദ്യമായാണ് ഇത്ര വലിയൊരു റിസർവ് സേനയെ തയാർ ചെയ്യുന്നത്. ഹമാസിന് പരമാവധി 60,000 പേരാണുള്ളത് എന്നാണ് എന്റെ വിവരം. മറ്റ് വിഭാഗങ്ങളെക്കൂടി ചേർത്താൽ അതിന്റെ മൂന്നിലൊന്നു കൂടി വരും.
ഇതു ചിലപ്പോൾ നെതന്യാഹുവിന്റെ സ്ഥിരം വീരവാദങ്ങളിലൊന്നാവാനും മതി. പശ്ചിമേഷ്യയെ മാറ്റുന്ന വർത്തമാനം മുൻ ഇസ്രായേലി, അമേരിക്കൻ ഒഫീഷ്യലുകൾ കൂടക്കൂടെ പറഞ്ഞുകൊണ്ടിരുന്നതാണ്. എല്ലാം ഒടുവിൽ പൊള്ളയായിത്തീരുകയായിരുന്നു. ഓസ്ലോ കരാർ എങ്ങനെ പശ്ചിമേഷ്യയെ മാറ്റിമറിക്കും എന്ന് ഇസ്രായേലിലെ മുൻപ്രധാനമന്ത്രി ഷിമോൺ പെരസ് ഒരു പുസ്തകം തന്നെ എഴുതി.
മുൻ അമേരിക്കൻ സ്റ്റേറ്റ് സെക്രട്ടറി കോണ്ടലീസ റൈസും ‘ഒരു വ്യത്യസ്ത മിഡിലീസ്റ്റി’ലേക്ക് വിരൽ ചൂണ്ടിയിരുന്നു. 2006ൽ ദക്ഷിണ ലബനാനിലെ ഹിസ്ബുല്ലയുടെ ബോംബിങ്ങിന്റെ പതിനൊന്നാം നാൾ വെടിനിർത്തലിനുള്ള നിർദേശം തള്ളിക്കളയാനാവശ്യപ്പെട്ടു കൊണ്ടായിരുന്നു റൈസിന്റെ പ്രതികരണം.
എന്നാൽ എന്ത് വലിയ പദ്ധതിയാണ് ആസൂത്രണം ചെയ്തുവരുന്നത്? എന്തായിരിക്കും അത് വരുത്തിത്തീർക്കുക? മേഖലയിൽ മുഴുക്കെ എന്തൊക്കെ സന്നിഗ്ധതകൾക്കാണ് അതു വഴിവെക്കുക? പ്രഥമവും പ്രകടവുമായ ഉത്തരം രണ്ടാം നക്ബ എന്നാണ്. അഥവാ ഗസ്സയിലെ 2.3 ദശലക്ഷം വരുന്ന ജനസംഖ്യയുടെ വലിയൊരു ഭാഗത്തെ കൂട്ടമായി പുറന്തള്ളുക. എല്ലാ ഇസ്രായേലികളുടെയും മനസ്സിനകത്തെ ഭീഷണിയായ ജനസംഖ്യ ടൈം ബോംബിനെ നിർവീര്യമാക്കാനുള്ള വഴിയതാണ്.
ചൊവ്വാഴ്ച ഇസ്രായേലി ലഫ്. കേണൽ റിച്ചാർഡ് ഹെച് വിദേശ മാധ്യമലേഖകരോട് പറഞ്ഞത്, ഫലസ്തീൻ അഭയാർഥികൾ ഈജിപ്തിനോട് ചേർന്ന തെക്കൻ അതിർത്തിയിലെ റഫ ക്രോസിങ് വഴി ‘പുറത്തു കടക്കണം’ എന്നാണ്. ആ അതിർത്തി അടഞ്ഞുകിടക്കുകയാണെന്നു ബോധ്യം വന്നപ്പോൾ അദ്ദേഹത്തിന്റെ ഓഫിസ് പിന്നെ വിശദീകരണവുമായി രംഗത്തുവരുകയായിരുന്നു.
ഗസ്സയിൽ നിന്നുള്ള അഭയാർഥി പ്രവാഹത്തിന് ഈജിപ്ത് അനുമതി നൽകാൻ നിർബന്ധിക്കപ്പെട്ടേക്കാം, 1948ലെയും 1967 ലെയും അറബ്-ഇസ്രായേൽ യുദ്ധകാലത്ത് സംഭവിച്ചതുപോലെ. ഈജിപ്തിലെ ഏറ്റവും വലിയ മതസ്ഥാപനമായ അൽ അസ്ഹർ, ഫലസ്തീനികളോട് എന്തുവില കൊടുത്തും അവരുടെ മണ്ണിൽതന്നെ നിലകൊള്ളാൻ ആവശ്യപ്പെട്ടത് ഇതു മുന്നിൽ കണ്ടാവാം. മറക്കുപിന്നിൽ ഒരു കൂട്ട പുറന്തള്ളലിന്റെ ചർച്ച നടക്കുന്നില്ലെങ്കിൽ ഇത്തരമൊരു പ്രസ്താവനയുടെ പ്രസക്തിയെന്ത്?
ഗസ്സയിൽനിന്ന് പത്തുലക്ഷം ഫലസ്തീനികൾ സിനായിലെത്തിയാൽ, അബ്ദുൽ ഫത്താഹ് സീസിയുടെ ഭരണത്തിലെ പതിറ്റാണ്ടുനീണ്ട സാമ്പത്തിക തകർച്ചയിൽ നിൽക്കുന്ന ഈജിപ്തിനെ ഒന്നുകൂടി അവതാളത്തിലാക്കും. നിലവിൽ ഈജിപ്തുകാർ തന്നെ ഇപ്പോൾ ജീവിതായോധനത്തിന് യൂറോപ്പിലേക്ക് ലോഞ്ച് കയറുകയാണ്. ഈ അപകടം സീസിക്ക് അറിയാം. അദ്ദേഹം അസ്ഹറിന്റെ ആഹ്വാനം ആവർത്തിച്ചതും അതുകൊണ്ടാണ്.
ഫലസ്തീനികളുടെ കൂട്ടപുറന്തള്ളൽ ഇസ്രായേലുമായി നീണ്ട അതിർത്തി പങ്കിടുന്ന ജോർഡനിലെ ഈസ്റ്റ് ബാങ്കിലുള്ളവരും ഫലസ്തീനികളും തമ്മിലെ ബലസന്തുലനത്തിൽ എന്തു മാറ്റമുണ്ടാക്കും എന്ന കാര്യത്തിലും സംശയങ്ങളുണ്ട്. ഒരു രണ്ടാം നക്ബ ഇസ്രായേലിനെ ആദ്യമായി അംഗീകരിച്ച രണ്ടു അറബിരാജ്യങ്ങളിലും അസ്തിത്വപ്രതിസന്ധി സൃഷ്ടിക്കും.
രണ്ടു ഭരണകൂടത്തിനും സ്വന്തം രാജ്യം കൊണ്ടുനടത്താനുള്ള കെൽപിന് അത് ഭീഷണി സൃഷ്ടിക്കും. ഇങ്ങനെയൊക്കെയാണെങ്കിലും ഇസ്രായേലി നേതൃത്വത്തിന്റെ വാക്കുകളും അവരുടെ പൈലറ്റുമാരുടെ നീക്കങ്ങളും വിലയിരുത്തുമ്പോൾ ഇപ്പോൾ ഗസ്സയിൽനിന്ന് കൂട്ട പുറന്തള്ളലിനുള്ള ശ്രമത്തിലാണ് ഇസ്രായേൽ എന്നുതന്നെ പറയാം.
തിങ്കളാഴ്ച ഇസ്രായേലി പ്രതിരോധമന്ത്രി യോവ് ഗാലന്റ് ഫലസ്തീനികളെ ‘മനുഷ്യമൃഗങ്ങൾ’ എന്നു വിശേഷിപ്പിച്ചു. ഹമാസ് ഇസ്രായേലി കുഞ്ഞുങ്ങളുടെ കഴുത്തറുത്തു എന്ന വാദത്തിന്മേലായിരുന്നു. ആ ആരോപണം നിഷ്പക്ഷമായി തെളിയിക്കാൻ കഴിഞ്ഞില്ല. കഫർ ആസയിലെ ദുരന്തം കാണാൻ ഇസ്രായേലി റിപ്പോർട്ടർമാരെ കൊണ്ടുപോയപ്പോൾ അത് കണ്ടെത്താനുമായില്ല. അന്നേ ദിവസം, നെസറ്റ് അംഗം റെവിറ്റൽ ഗോത്ലിവ് ഗസ്സയിൽ അണുബോംബിടാൻ ആവശ്യപ്പെട്ടു.
‘‘മിഡിലീസ്റ്റിനെ പിടിച്ചുകുലുക്കുന്ന ഒരു സ്ഫോടനത്തിലൂടെ മാത്രമേ ഈ രാജ്യത്തിന്റെ യശസ്സും കരുത്തും സുരക്ഷയും പുനഃസ്ഥാപിക്കാൻ കഴിയൂ. ആ അന്ത്യവിധിയെ പുൽകാൻ സമയമായി’’- അദ്ദേഹം സമൂഹമാധ്യമത്തിൽ എഴുതി.
ഒരു മുൻ ജനറൽ ഗിയോറ എയ്ലാൻഡ് അഭിപ്രായപ്പെട്ടത് ഇസ്രായേൽ ഗസ്സയിൽ ‘അഭൂതപൂർവമായ ഒരു മാനുഷികദുരന്തം സൃഷ്ടിക്കു’മെന്നാണ്. മറ്റൊരു നക്ബയുടെ ഭീഷണിയും എയ്ലൻഡ് ചൂണ്ടിക്കാട്ടി: ‘‘പതിനായിരക്കണക്കിന് ആളുകളുടെ പലായനവും അന്താരാഷ്ട്ര സമൂഹത്തിന്റെ നിലവിളിയും ഗസ്സയുടെ സ്വാധീനം വർധിപ്പിക്കുകയാവും ചെയ്യുക. ഞങ്ങൾ നിലനിൽപിന്റെ യുദ്ധത്തിൽ തന്നെയാണ്’’.
വെള്ളിയാഴ്ച, ഇസ്രായേലിന്റെ ഉള്ളിലിരിപ്പിൽ ചില സംശയങ്ങൾ ബാക്കിയാക്കി. ഉത്തര ഗസ്സയിലെ ഫലസ്തീനികളോട് സ്ഥലം വിടാൻ പറഞ്ഞ ഇസ്രായേൽ സേന ‘ഞങ്ങൾ പറയുന്നതു വരെ’ തിരിച്ചുവരാനാവില്ലെന്ന് മുന്നറിയിപ്പ് നൽകുകയും ചെയ്തു. ‘ഉറച്ചുനിൽക്കാനും വീട്ടിൽ തന്നെ കഴിയാനും’ ഹമാസിന്റെ ആഹ്വാനവുമുണ്ടായി.
ബുധനാഴ്ച, ഒരു ഇസ്രായേലി സൈനിക ഓഫിസർ ചാനൽ 13 നോടു പറഞ്ഞത്, ഗസ്സയെ നിലംപരിശാക്കി, അവിടം ഞങ്ങൾ ‘തമ്പുകളുടെ നഗരം’ ആക്കി മാറ്റുമെന്നാണ്. ഹമാസ് ആക്രമണത്തിനു ശേഷം വാസ്തവത്തിൽ അതാണല്ലോ സംഭവിച്ചുകൊണ്ടിരിക്കുന്നത്.
എല്ലാ രാത്രിയിലും ഗസ്സയിൽ ഒരു കൂട്ടക്കൊല നടക്കുന്നു. സൂക്ഷ്മബോംബിങ്ങിലൂടെ ഒരു കുടുംബത്തെ മുച്ചൂടും നിർമൂലനം ചെയ്യുകയാണ്. ഗസ്സക്കാരോട് അവരുടെ വീടൊഴിഞ്ഞ് ബോംബിന്റെ വഴിയിലേക്ക് ഇറങ്ങിയോടാനാണ് പറയുന്നത്. ഒരിടത്ത് ഒരു ബോംബിട്ടുപോകുകയല്ല, വ്യവസ്ഥാപിതമായി അവിടം നിലംപരിശാക്കുകയാണ്.
മുമ്പൊക്കെ ആക്രമണമുണ്ടാകുമ്പോൾ, ഗസ്സയിലെ ഫലസ്തീനികൾ കടൽതീരത്തുള്ള രിമാൽ കോളനിയിലേക്കു പോകും. സമ്പന്ന മധ്യവർഗം താമസിക്കുന്ന ഭാഗമാണത്. മുമ്പ് അതൊരു സുരക്ഷ ഇടമായിരുന്നു. അവിടെ ഇസ്രായേൽ ബോംബിടാറില്ല. എന്നാൽ ഇത്തവണ അത് തകർത്ത് നിരപ്പാക്കിക്കഴിഞ്ഞു.
രാത്രിയിലെ കൂട്ടക്കൊലകൾ ഹമാസ് തെക്കൻ ഇസ്രായേൽ ചെയ്തതിന് പ്രതികാരമായി അച്ചടക്കമില്ലാത്ത പൈലറ്റുമാർ ആകസ്മികമായി സ്വന്തം നിലക്ക് നടത്തുന്നതല്ല. അത് മുൻകൂട്ടി ഡിസൈൻ ചെയ്തതാണ്. വൈദ്യുതിയും വെള്ളവും ഭക്ഷണവും മുടക്കി, രണ്ടു ദശലക്ഷം പേരെ രാത്രി ബോംബിങ്ങിനിരയാക്കുന്നത് അവർ ഗസ്സയൊഴിഞ്ഞ് ഓടി സ്ഥലംവിടാനാണ്. ഇത്തരത്തിലുള്ള ഒരു വംശഹത്യയിൽനിന്ന് സുരക്ഷിതമായ ഒരിടം ഗസ്സയിലില്ല.
14 വൈദ്യചികിത്സ കേന്ദ്രങ്ങൾക്കു മേൽ ബോംബിട്ടു. ശനിയാഴ്ച മുതൽ ഇതുവരെ 500 കുഞ്ഞുങ്ങൾ കൊല്ലപ്പെട്ടു. 2014ൽ ആബാലവൃദ്ധം 2251 പേരെ കൊന്ന കണക്കും കടന്ന് പതിനായിരങ്ങളിലേക്ക് അപായനിരക്ക് നീണ്ടാൽ മറ്റൊരു കൂട്ടപ്പലായന ദുരന്ത (നക്ബ)ത്തിന് അത് ഇടവരുത്തും.
എന്നാൽ ഇതിന് രണ്ടു ഫലമുണ്ടാകും. ഇസ്രായേലിന് അകത്ത് 1948 ലെ ഫലസ്തീനികളും ഇസ്രായേലി ജൂതരും തമ്മിലെ ആഭ്യന്തരയുദ്ധത്തിന് തുടക്കമിടാം. ഹിസ്ബുല്ലയുമായും ഒടുവിൽ ഇറാനുമായും മേഖലയിലെ യുദ്ധത്തിനും അതിടയാക്കാം. ഇത് നെതന്യാഹുവിന്റെ തലയിൽ തന്നെയാവും വീഴുക. ഹമാസിനെ തകർത്തതുകൊണ്ട് പശ്ചിമേഷ്യ മാറില്ല.
എന്നാൽ ഇസ്രായേലിനെതിരെ എന്തും ചെയ്യാവുന്ന ഹിസ്ബുല്ലയെയും ഇറാനെയും കൈകാര്യം ചെയ്യുക തന്നെയാണ് പ്രധാനം. 1967 ലെ ആറുനാൾ യുദ്ധത്തിൽ മൂന്ന് അറബ് സേനകളെ പരാജയപ്പെടുത്തിയ ഇസ്രായേലിന്റെ അജയ്യതയെയാണ് ഫലസ്തീൻ പോരാളികൾ ഒരു പുലർകാല ആക്രമണത്തിലൂടെ തകർത്തെറിഞ്ഞത്. 1973ലെ യുദ്ധം പോലും ഹമാസ് ഉണ്ടാക്കിയ നടുക്കം ഉണ്ടാക്കിയിട്ടില്ല.
ഇസ്രായേൽ ഇപ്പോൾ പറയുന്നത് ഇത് നിലനിൽപിനു വേണ്ടിയുള്ള യുദ്ധമാണെന്നാണ്. തെരുവുകളിൽ നാഥനില്ലാത്ത രാജ്യം പോലെയായിരിക്കുന്നു ഇസ്രായേൽ. അവർ നിയമം കൈയിലെടുത്തിരിക്കുന്നു. സാധാരണ പൗരന്മാർ പുതിയ പാർപ്പുകാരിൽനിന്നും വലതു തീവ്രവാദികളിൽനിന്നും മാറി ആയുധമെടുത്ത് നടക്കുകയാണ്. വിദ്വേഷവും പകയും അത്രയും പതഞ്ഞുപൊങ്ങിയിരിക്കുന്നു. ഇസ്രായേലിനകത്തെ ഫലസ്തീനികൾ ഏതുനിമിഷവും ആക്രമിക്കപ്പെടാം.
ധനമന്ത്രി ബെസലേൽ സ്മോർതിച്ച്, ദേശീയ സുരക്ഷമന്ത്രി ഇതമാർ ബെൻഗിവിർ എന്നിവരെപ്പോലുള്ള വലതു മതതീവ്ര ദേശീയവാദികൾ കുറെ വർഷങ്ങളായി അതിന് കാത്തിരിക്കുന്നവരാണ്. കഴിഞ്ഞ ഫെബ്രുവരിയിൽ അധിനിവിഷ്ട വെസ്റ്റ് ബാങ്കിൽ പുതിയ പാർപ്പുകാർ ഉണ്ടാക്കുന്ന സംഘർഷത്തിന്റെ പേരിൽ ഗാന്റ്സ് സ്മോർതിച്ചിനെ കുറ്റപ്പെടുത്തിയിരുന്നു. മറ്റൊരു ഫലസ്തീൻ നക്ബക്ക് അത് തുടക്കം കുറിക്കും എന്നായിരുന്നു അദ്ദേഹത്തിന്റെ വിമർശനം.
ഇപ്പോൾ അതേ ഗാന്റ്സും സ്മോർതിച്ചും ഒരേ മന്ത്രിസഭയിൽ ഒപ്പമിരിക്കുന്നു. വലതു മത ദേശീയവാദികളുടെ അഭിപ്രായത്തിൽ ഫലസ്തീൻ ദേശീയതയെ എത്രവേഗം തകർക്കുന്നുവോ അത്രയും നല്ലത്. ഹമാസിന്റെ ആക്രമണം അവർക്ക് ജൂത ദേശീയത ഉയർത്തിപ്പിടിക്കാൻ ലഭിച്ച ‘മന്നാ’യാണ്. അവർ കാത്തിരുന്ന നിമിഷമാണ് ഇപ്പോൾ വന്നുചേർന്നിരിക്കുന്നത്.
ഇസ്രായേലിന്റെ അതിരുകളിൽ ഗസ്സ ഒരു മേഖല യുദ്ധത്തിന് തിരികൊളുത്താവുന്ന അധിക സാധ്യതയില്ല. അറബ് തലസ്ഥാനങ്ങളിലെല്ലാം വൈകാരികത മുറ്റിനിൽക്കുന്നുണ്ട്. ഇസ്രായേൽ നേരിടുന്ന ഏറ്റവും ആയുധസജ്ജവും പരിശീലിതരുമായ ഹിസ്ബുല്ലയുടെ കൈ കാഞ്ചിയിലാണ്.
അവർ പടയൊരുക്കം തുടങ്ങിക്കഴിഞ്ഞതായാണ് റിപ്പോർട്ടുകൾ. ഇതിനകം പലതവണ ലബനാൻ അതിർത്തിയിൽനിന്ന് ആക്രമണമുണ്ടായി. ഇസ്ലാമിക് ജിഹാദുമായുള്ള ഏറ്റുമുട്ടലിൽ മൂന്നു സൈനികർ കൊല്ലപ്പെട്ടിരുന്നു. ഇസ്രായേലിന്റെ തിരിച്ചടിയിൽ മൂന്ന് ഹിസ്ബുല്ല സൈനികരും കൊല്ലപ്പെട്ടു.
ഒരു കരയുദ്ധം ഉടനുണ്ടായാൽ, ഹമാസിന്റെ കഥ കഴിക്കുന്നതുവരെ കാത്തിരുന്ന് ഹിസ്ബുല്ല അവരുടെ പിറകെ രംഗത്തുവരാം. അല്ലെങ്കിൽ ഹമാസുമായും ഗസ്സയിലെ ഇതര സായുധ വിഭാഗങ്ങളുമായും അവർ മുന്നണി ചേരാം. ഫലസ്തീനികൾക്കെതിരായ അതിക്രമങ്ങൾ ചെറുത്തുനിൽപ് സഖ്യത്തിൽ അവശേഷിക്കുന്നവരിൽനിന്ന് പ്രതികരണം വിളിച്ചുവരുത്തുമെന്ന് വ്യാഴാഴ്ച, ഇറാൻ വിദേശമന്ത്രി ഹുസൈൻ ആമിർ അബ്ദുല്ല ഹിയാൻ മുന്നറിയിപ്പ് നൽകിയിരുന്നു.
ഒന്നിച്ചു നീങ്ങിയില്ലെങ്കിൽ കാര്യങ്ങൾ കൂടുതൽ വഷളാകുന്ന നില വരുമെന്ന് ഹിസ്ബുല്ല ചിന്തിക്കാതിരിക്കില്ല. അതാവട്ടെ, ഗസ്സയിലെ വെടിനിർത്തലിനുള്ള ചർച്ചയിലേക്ക് ഇസ്രായേലിനെ കൊണ്ടുവരുകയും ചെയ്യും.
യു.എസിനാണ് അടുത്ത പ്രശ്നം. ഇറാനുമായി ബന്ധപ്പെട്ട ഹൂതികളടക്കമുള്ള എല്ലാ സായുധ ഗ്രൂപ്പുകളും ഇറങ്ങിക്കളിക്കുന്ന ഒരു മേഖല യുദ്ധത്തിന് പ്രസിഡന്റ് ജോ ബൈഡൻ ആഗ്രഹിക്കുമോ? അതും യുക്രെയ്ൻ യുദ്ധം കുളമായി കിടക്കുന്ന സമയത്ത്? മതിഭ്രമം ബാധിച്ച ഒരു സഖ്യകക്ഷിയുണ്ടാക്കിയ യുദ്ധത്തെ ആസൂത്രണമില്ലാത്ത മേഖല സംഘർഷമാക്കി മാറ്റാൻ യു.എസ് തുനിയുമോ? എനിക്ക് അങ്ങനെ തോന്നുന്നില്ല.
ബൈഡന് നെതന്യാഹുവിന് സർവ പിന്തുണയും പതിച്ചുനൽകിയിട്ടുണ്ട്. എന്നാൽ ഇപ്പോൾ ഗസ്സയിൽ സംഭവിച്ചുകൊണ്ടിരിക്കുന്ന ദുരന്തഫലങ്ങൾ വെച്ച് യുദ്ധത്തിനുള്ള ശ്രമം അമേരിക്ക നടത്തുമെന്നു തോന്നുന്നില്ല.
ലബനാൻ തീരത്ത് ഒരു പാശ്ചാത്യ യുദ്ധസന്നാഹം ഹിസ്ബുല്ലക്കു പ്രതിരോധമായി തമ്പടിച്ചിട്ടുണ്ട്. വല്ലതും ചെയ്യും മുമ്പ്, 40 വർഷം മുമ്പ് ബെയ്റൂത്തിൽ നടന്നത് അവർ ഓർക്കാതിരിക്കില്ല. നിറയെ സ്ഫോടകവസ്തുക്കളുമായി ഒരു ട്രക്ക് യു.എസ് മറീനുകളുടെ ബാരക്കുകളിലേക്ക് ഇടിച്ചുകയറി.
മിനിറ്റുകൾ കഴിഞ്ഞ് അതുപോലൊന്ന് ഫ്രഞ്ച് സൈനികരുടെ താവളത്തിലേക്കും. 300 സൈനികരാണ് അന്ന് കൊല്ലപ്പെട്ടത്. അന്ന് യു.എസ് പ്രസിഡന്റ് റൊണാൾഡ് റീഗനും ഫ്രഞ്ച് പ്രസിഡന്റ് ഫ്രാങ്കോ മിത്തറാന്തും വ്യോമാക്രമണത്തിന് വട്ടംകൂട്ടിയെങ്കിലും അത് ഒരു വ്യോമതാവള ബോംബിങ്ങിൽ ഒതുങ്ങി.
തുടങ്ങുന്ന യുദ്ധങ്ങൾ പൂർത്തീകരിക്കാൻ കഴിയില്ലെന്ന് വൈസ് പ്രസിഡന്റായിരിക്കെ, പ്രസിഡന്റായിരുന്ന ബറാക് ഒബാമയെ ഉപദേശിച്ചയാളാണ് ബൈഡൻ. ഇപ്പോൾ അദ്ദേഹത്തിന് സ്വന്തം വാക്കുകൾ കാതിൽ മുഴങ്ങുന്നുണ്ടാവും.
യു.എസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കനും പ്രതിരോധ സെക്രട്ടറി ലോയ്ഡ് ഓസ്റ്റിനും രംഗം ശാന്തമാക്കാൻ ഇറങ്ങിയിട്ടുണ്ട്. എന്നാൽ അസാധ്യമായേക്കാവുന്ന ദൗത്യമാണ് അവരുടേത്. ഇസ്രായേലിന് തിരികൊളുത്തിയിട്ട് അവരിപ്പോൾ സ്ഫോടനം അടക്കിപ്പിടിക്കാൻ നോക്കുകയാണ്. ബുഷും മുൻ ബ്രിട്ടീഷ് പ്രധാനമന്ത്രി ടോണി ബ്ലയറും 2003ൽ അധിനിവേശം ആസൂത്രണം ചെയ്ത കാലത്തേക്കാളും ദുർബലമാണ് ഇന്ന് പശ്ചിമേഷ്യ.
സിറിയ, ഇറാഖ്, യമൻ, സുഡാൻ, ലിബിയ എല്ലാം നശിച്ചുകിടപ്പാണ്. ഈജിപ്തും ജോർഡനും തുനീഷ്യയും പാപ്പരായിരിക്കുന്നു. അസ്ഥിരത മെഡിറ്ററേനിയൻ വഴിയുള്ള അഭയാർഥി പ്രവാഹത്തിന് ആക്കം കൂട്ടിയിരിക്കുന്നു. ഏറ്റവും നല്ല ആതിഥേയരായ തുർക്കിയ പോലും ഇപ്പോൾ പിറകോട്ടടിക്കുകയാണ്.
കാര്യങ്ങൾ ഈ നിലയിൽ പോയാൽ ലബനാൻ, ജോർഡൻ, ഈജിപ്ത് അതിർത്തികളൊക്കെ സായുധസംഘങ്ങളുടെ സ്ഥിരമായ ആക്രമണത്തിന് വിട്ടുകൊടുക്കുന്ന നിലയാവും വന്നുചേരുക. നന്നേ ചുരുങ്ങിയത് ഏറ്റവും നീണ്ട അതിരു പങ്കിടുന്ന ജോർഡന്റെ ഭാഗത്തുനിന്നു ലഭ്യമായിരുന്ന ശാന്തത പോലും കെട്ടുപോകും.
നെതന്യാഹു എന്ന മനുഷ്യൻ തലയിൽ കൊണ്ടുനടക്കുന്നതെന്താണെന്ന് ആർക്കും ഉൾക്കൊള്ളാൻ കഴിയില്ല. ഗസ്സയിലെ ഈ ഓപറേഷന് പടിഞ്ഞാറ് ബ്ലാങ്ക്ചെക്ക് നൽകിയതും ആർക്കും പിടികിട്ടുന്നില്ല. പശ്ചിമേഷ്യയെ മാറ്റിമറിക്കാനുള്ള ആസൂത്രണത്തിലേക്ക് വികസിക്കുന്ന ഒരു ഗസ്സ ആക്രമണം അപകടകരമായി തിരിച്ചടിക്കും. അധികം വൈകും മുമ്പ് അത് അവസാനിപ്പിക്കുക തന്നെ വേണം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.