പ്രതിപക്ഷ ഐക്യത്തിനുവേണ്ടി മാത്രമുള്ള അഭ്യാസമായി ഒതുങ്ങിയില്ലെങ്കിൽ ഇൻഡ്യ മുന്നണിയു രൂപവത്കരണം 2024ൽ ഇന്ത്യക്ക് ഒരു വഴിത്തിരിവായേക്കാം. തെരഞ്ഞെടുപ്പിന് മുമ്പോ ശേഷമോ രൂപപ്പെടുന്ന സഖ്യങ്ങളെപ്പോലെ - തെരഞ്ഞെടുപ്പിൽ വോട്ടുകൾ സ്വരൂപിക്കാനോ അല്ലെങ്കിൽ തെരഞ്ഞെടുപ്പിനുശേഷം സീറ്റുകൾ ഒന്നിപ്പിക്കാനോ സാധിക്കും എന്നത് ഇൻഡ്യ രൂപവത്കരണത്തിന്റെ അധികനേട്ടം തന്നെയാണ്. എന്നാൽ, ഇന്ത്യ എന്ന ആശയത്തെത്തന്നെ ആവിഷ്കരിക്കാനും പ്രയോജനപ്പെടുത്താതെ കിടക്കുന്ന മുഴുവൻ ഊർജങ്ങളെയും സംയോജിപ്പിക്കാനും സാധിച്ചാൽ, അടിത്തട്ടിലുള്ള മനുഷ്യരുടെ അഭിലാഷങ്ങളെ അതുവഴി ജ്വലിപ്പിക്കുകയാണെങ്കിൽ, “ജുഡേഗ ഭാരത്, ജീതേഗ” (ഒരുമിക്കും, ഇന്ത്യ വിജയിക്കും) എന്ന മുദ്രാവാക്യത്തിനനുസാരമായി നീങ്ങുകയാണെങ്കിൽ ഇൻഡ്യ വലിയൊരു മാറ്റം തന്നെ സൃഷ്ടിക്കും.
ഇൻഡ്യയുടെ ആദ്യ രണ്ട് ചുവടുകളും ശരിയായ ദിശയിലാണ്. പ്രത്യക്ഷത്തിൽ കാണുന്നത്ര നിരാശജനകമല്ല പ്രധാന പ്രതിപക്ഷ പാർട്ടികളെന്നും അവർക്ക് ഒരുമിച്ച് ഇരിക്കാൻ മാത്രമല്ല, ഏകോപിത പ്രവർത്തനങ്ങൾക്ക് തുടക്കമിടാൻ സാധിക്കുമെന്നും ജൂൺ 23ന് പട്നയിൽ നടന്ന സമ്മേളനം കാണിച്ചുതന്നു.
ജൂലൈ 17, 18 തീയതികളിൽ നടന്ന ബംഗളൂരു മീറ്റിങ്ങിലാവട്ടെ നേരിയ അഭിപ്രായ വ്യത്യാസങ്ങൾ മാറ്റിവെച്ച്, ഒരു സമവായ പ്രസ്താവന വികസിപ്പിക്കാനും സഖ്യത്തിന് പുതിയ പേര് കണ്ടെത്താനുമുള്ള അവരുടെ കൂട്ടായ കഴിവ് പ്രകടമായി. മൃത്യാസന്നമായിക്കിടന്നിരുന്ന എൻ.ഡി.എയെ പുനരുജ്ജീവിപ്പിക്കാൻ ബി.ജെ.പി തിരക്കിട്ട് നടത്തിയ ശ്രമങ്ങളും പ്രധാനമന്ത്രിയുടെ പ്രതികരണവും ഭരണകക്ഷിയുടെ ബേജാറ് വ്യക്തമാക്കുന്നു. അതൊരു നല്ല ലക്ഷണമാണ്.
ഇന്ത്യൻ നാഷനൽ ഡെവലപ്മെന്റ് ഇൻക്ലൂസിവ് അലയൻസ് എന്ന നീണ്ട പൂർണരൂപം മറന്നേക്കൂ- ഇൻഡ്യ എന്ന ആ പേര്, അത്യുജ്ജ്വലമായി. ദീർഘകാലത്തിനിടെ ആശയ വിനിമയത്തിന് പ്രതിപക്ഷം നടത്തിയ മികച്ച ശ്രമങ്ങളിലൊന്നാണിത്. ഇന്ത്യ എന്ന ആശയത്തിന്റെ വീണ്ടെടുപ്പിനെ പ്രതീകവത്കരിക്കുന്നതിനൊപ്പം ബി.ജെ.പിയെയും അവരുടെ മാധ്യമ സഭാംഗങ്ങളെയും വിഷമവൃത്തത്തിലാക്കുകയും ചെയ്യുന്നു.
ബി.ജെ.പി പാളയത്തിൽനിന്നുള്ള ആദ്യ പ്രതികരണത്തിൽ അതിന്റെ അസ്വാരസ്യം പ്രകടമാണ്. കയ്ച്ചിട്ട് ഇറക്കാനും വയ്യ, മധുരിച്ചിട്ട് തുപ്പാനും കഴിയില്ല എന്നു പറയുന്ന അവസ്ഥയുണ്ട് അവർക്ക്. സ്റ്റാർട്ട് അപ് ഇന്ത്യ, മേക്ക് ഇൻ ഇന്ത്യ, സ്കിൽ ഇന്ത്യ, ഡിജിറ്റൽ ഇന്ത്യ തുടങ്ങിയവ അഭിമാന പദ്ധതികളായി മുന്നോട്ടുവെച്ച ബി.ജെ.പിക്ക് ‘ഇന്ത്യ’ ഉപേക്ഷിക്കാൻ കഴിയില്ല - ഇന്ത്യ vs ഭാരത് ദ്വന്ദ്വവുമായി യുവതലമുറയെ സമീപിക്കാൻ കഴിയില്ല എന്ന് മോദിക്ക് നന്നായി അറിയാം.
നല്ല ഒരു പേരുണ്ട് എന്നതുകൊണ്ട് ഭാവി മുഴുവൻ ശോഭനമായി എന്ന് ഉറപ്പിക്കാനൊന്നുമാവില്ല. പ്രാരംഭ നേട്ടത്തെ ഉപയോഗപ്പെടുത്തി എങ്ങനെ കെട്ടിപ്പടുക്കുന്നു എന്നതിനെ ആശ്രയിച്ചിരിക്കുന്നു പുതിയ സഖ്യത്തിന്റെ സാധ്യതകൾ. പ്രതിപക്ഷ ഐക്യത്തിന്റെയോ വോട്ട് സമാഹരണത്തിന്റെയോ സീറ്റുകളുടെ സംയോജനത്തിന്റെയോ പഴയ കണ്ണാടിയിലൂടെ ഇൻഡ്യയെ കാണരുത്; മറിച്ച് പുതിയ രാഷ്ട്രീയ ഐക്യം പ്രത്യാശയുടെയും തെരുവുകളുടെയും സംയോജനമാവണം.
രണ്ടുവർഷം മുമ്പ് പ്രതിപക്ഷ ഐക്യത്തിനായി നടന്ന അപക്വമായ ചില നീക്കങ്ങളോട് പ്രതികരിച്ച് പഴയമട്ടിലുള്ള പ്രതിപക്ഷ ഐക്യം ഒരു അലസമായ ആശയമാണെന്ന് ഞാൻ എഴുതിയിരുന്നു. പ്രമുഖ പ്രതിപക്ഷ കക്ഷികളുടെ തെരഞ്ഞെടുപ്പിന് മുമ്പുള്ള ഒരു മഹാസഖ്യം
ബി.ജെ.പിയെ പരാജയപ്പെടുത്താൻ ആവശ്യമോ പര്യാപ്തമോ ആണെന്ന അനുമാനത്തിലെ തെറ്റുകളെ ആ ലേഖനത്തിൽ ചൂണ്ടിക്കാട്ടിയിരുന്നു. അതിലെ പല വാദങ്ങളും ഇപ്പോഴും പ്രസക്തമാണ്. പ്രതിപക്ഷ പാർട്ടികളുടെ അനൈക്യം മൂലം വോട്ടുകൾ ഭിന്നിച്ചുപോകുന്നതല്ല ബി.ജെ.പിയുടെ തെരഞ്ഞെടുപ്പ് വിജയങ്ങളുടെ മുഖ്യ കാരണം. പ്രബലമായിരുന്ന കോൺഗ്രസിനെതിരെ പ്രവർത്തിച്ച പ്രതിപക്ഷ ഐക്യ സൂചികയുടെ പഴഞ്ചൻ യുക്തി ഇനി ഫലിക്കില്ല. ഇന്ത്യയുടെ തെരഞ്ഞെടുപ്പ് ഭൂമിശാസ്ത്രമാണ് അതിനു കാരണം. ബി.ജെ.പി ഇപ്പോഴും ഒരു പ്രധാന ശക്തിയല്ലാത്ത നിരവധി സംസ്ഥാനങ്ങൾ (കേരളം, പഞ്ചാബ്, തമിഴ്നാട്, തെലങ്കാന, ആന്ധ്രാപ്രദേശ്) ഉണ്ട്, അതിനാൽ അവർക്കെതിരെ മുഴുവൻ പ്രതിപക്ഷത്തെയും ഒന്നിപ്പിക്കുന്നത് അർഥശൂന്യമാണ്. പിന്നെ പശ്ചിമ ബംഗാൾ, ഛത്തിസ്ഗഢ്, ഒഡിഷ തുടങ്ങിയ സംസ്ഥാനങ്ങളിൽ പ്രബലരായ ബി.ജെ.പി ഇതര പാർട്ടിക്ക് സഖ്യ പങ്കാളിയുടെ ആവശ്യമില്ല. ബി.ജെ.പിയും കോൺഗ്രസും നേരിട്ട് ഏറ്റുമുട്ടുന്ന, ബി.ജെ.പി മോധാവിത്വം പുലർത്തുന്ന മധ്യപ്രദേശ്, ഹിമാചൽ പ്രദേശ്, ഉത്തരാഖണ്ഡ്, ഗുജറാത്ത്, രാജസ്ഥാൻ പോലുള്ള വിശാല പ്രദേശങ്ങളിൽ സഖ്യം ചേരാൻ വേറെ പ്രതിപക്ഷ പാർട്ടികളുമില്ല.
വോട്ട് വിഭജനംകൊണ്ട് ബി.ജെ.പിക്ക് നേട്ടമുണ്ടാകുന്ന മഹാരാഷ്ട്ര, ഝാർഖണ്ഡ്, ബിഹാർ, അസം പോലുള്ള സംസ്ഥാനങ്ങളിൽ പ്രാദേശിക തലത്തിൽ പ്രതിപക്ഷ ഐക്യം ഇപ്പോൾതന്നെ നിലവിലുണ്ട്. അങ്ങനെ വരുമ്പോൾ ഇൻഡ്യയിലെ പാർട്ടികളുടെ തെരഞ്ഞെടുപ്പിനു മുമ്പുള്ള കൂട്ടുകെട്ടിലൂടെ വോട്ട് സംയോജനം കൊണ്ട് വലിയ മാറ്റമുണ്ടാക്കാൻ സാധിക്കുന്ന സംസ്ഥാനങ്ങളായി ഡൽഹിയും യു.പിയും മാത്രം അവശേഷിക്കുന്നു. ഈ സംസ്ഥാനങ്ങളുടെ പ്രത്യേകത കണക്കിലെടുക്കുമ്പോൾ, ധാരണ ചർച്ചകൾ കടുപ്പമേറിയതും അനിശ്ചിതത്വം നിറഞ്ഞതുമാവും. ഇൻഡ്യ രൂപവത്കരണം വഴി ഇവിടെ നാടകീയമായ ഒരു മുന്നേറ്റം പ്രതീക്ഷിക്കാതിരിക്കുന്നതാണ് നല്ലത്. ബി.ജെ.പിക്കെതിരെ വോട്ടുചെയ്യാനായി ഒരു പ്രതിപക്ഷ സംയുക്ത സ്ഥാനാർഥിയെ കാത്തിരിക്കുകയാണ് വോട്ടർമാർ എന്ന് കരുതാനാവില്ല.
സീറ്റ് സമാഹരണത്തിന്റെ വെല്ലുവിളി താരതമ്യേന ലളിതവും നമ്മുടെ തെരഞ്ഞെടുപ്പ് ഭൂമിശാസ്ത്ര പ്രകാരം കൂടുതൽ പ്രസക്തവുമാണ്. വ്യത്യസ്ത പാർട്ടികൾ അവരുടെ മേഖലയിൽ സ്വന്തം നിലയിൽ സീറ്റുകൾ നേടുകയും പിന്നീട് സർക്കാർ രൂപവത്കരിക്കാൻ തെരഞ്ഞെടുപ്പിനുശേഷം സഖ്യമുണ്ടാക്കുകയും ചെയ്യുന്നു. 2004ലെ പൊതു തെരഞ്ഞെടുപ്പിനുശേഷം യു.പി.എ -1 രൂപവത്കൃതമായത് ഈ മാതൃകയിലാണ്.
ഇൻഡ്യ പോലൊരു പ്രീ-പോൾ സഖ്യം രൂപവത്കരിക്കുന്നത് തെരഞ്ഞെടുപ്പിന് ശേഷമുള്ള സീറ്റ് സമാഹരണത്തിന് സഹായിക്കും. എന്നാൽ, സർക്കാർ രൂപവത്കരണത്തിന് അമിത ഊന്നൽ നൽകുന്നത് വിപരീത ഫലമുണ്ടാക്കും. ഈ കൂട്ടുകെട്ട് അവസരവാദപരമാണെന്നും ഒരു വ്യക്തിയെ പുറത്താക്കാൻ പ്രതിപക്ഷം ഒത്തുചേർന്നുവെന്നുമുള്ള പ്രചാരണം ബി.ജെ.പി നടത്തിയേക്കും.
എന്തായാലും, 2024ലെ തെരഞ്ഞെടുപ്പിന് ശേഷമുള്ള സാഹചര്യം ഇപ്പോൾ പ്രവചിക്കുന്നത് ഏറെ നേരത്തെ ആയിപ്പോകും. ബംഗളൂരുവിൽ യോഗം ചേർന്ന 26 കക്ഷികളും പുതുതായി പുനരുജ്ജീവിപ്പിച്ച എൻ.ഡി.എയിൽ കാണുന്ന 39 പാർട്ടികളും എവിടെ നിൽക്കുമെന്ന കാര്യം അന്തിമ കണക്ക് ലഭിക്കുന്നതുവരെ നമുക്ക് ഉറപ്പിക്കാനാവില്ല. അതുകൊണ്ടുതന്നെ ഇൻഡ്യയുടെ മൂല്യം പരമ്പരാഗത തെരഞ്ഞെടുപ്പ് സഖ്യങ്ങളുടെ കണക്കു കൊണ്ട് കണ്ടെത്താനാവില്ല.
മറിച്ച് 2024ലെ തെരഞ്ഞെടുപ്പ് സമവാക്യം മാറ്റാനുള്ള അതിന്റെ സാധ്യതയിലും ആശയ വിനിമയത്തിലൂടെയും മണ്ണിലിറങ്ങി പ്രവർത്തിച്ചും ജനങ്ങളുടെയും അവരുടെ പ്രതീക്ഷകളുടെയും സംയോജനത്തിലൂടെ വോട്ടർമാരിലേക്ക് കൈമാറാൻ കഴിയുന്ന സന്ദേശത്തിലുമാണ്.
ഇൻഡ്യയുടെ ഭാഗമായ 26 പാർട്ടികൾ പുറപ്പെടുവിച്ച ആദ്യ സംയുക്ത പ്രസ്താവന സ്വേച്ഛാധിപത്യ രാഷ്ട്രീയം (ഭരണഘടന, ഫെഡറലിസം, ജനാധിപത്യ അവകാശങ്ങൾ, രാഷ്ട്രീയ എതിർപ്പ് എന്നിവക്കെതിരായ കടന്നുകയറ്റം), സാമൂഹിക ബഹിഷ്കരണം (ന്യൂനപക്ഷങ്ങൾക്കും മറ്റ് സാമൂഹികമായി പാർശ്വവത്കരിക്കപ്പെട്ട വിഭാഗങ്ങൾക്കും എതിരായ വിദ്വേഷവും അക്രമവും മണിപ്പൂരിലെ ദുരന്തവും), സാമ്പത്തിക പ്രതിസന്ധി (വിലക്കയറ്റം, തൊഴിലില്ലായ്മ, ചങ്ങാത്ത മുതലാളിത്തം, ദേശീയ ആസ്തികളുടെ വിൽപനയും കർഷകരുടെ അവസ്ഥയും) തുടങ്ങി അവർ ചെറുക്കാൻ ലക്ഷ്യമിടുന്ന നിലവിലെ ഭരണസംവിധാനത്തിന്റെ നിരവധി പ്രശ്നങ്ങൾ രേഖപ്പെടുത്തിയിരിക്കുന്നു.
ദേശീയതലത്തിലെ കൂട്ടായ പ്രവർത്തനത്തിന് കുറച്ച് വിഷയങ്ങൾക്ക് മുൻഗണന നൽകുക എന്നതാണ് ഇപ്പോൾ ഇൻഡ്യയുടെ യഥാർഥ വെല്ലുവിളി. 2024നുമുമ്പ് രാജ്യവ്യാപകമായി എന്തെങ്കിലും ചലനങ്ങൾ ഉണ്ടായില്ലെങ്കിൽ ഇതൊന്നും ലോക്സഭ തെരഞ്ഞെടുപ്പിൽ പ്രധാന വിഷയങ്ങളാവില്ല.
പ്രതിപക്ഷ നേതാക്കളെയും സർക്കാറുകളെയും ഇരകളാക്കുന്നതിനെതിരായ പ്രതിഷേധം സാധുതയുള്ളതാണെങ്കിലും സ്വന്തം താൽപര്യങ്ങൾ സംരക്ഷിക്കുന്നതിനുള്ള പ്രവർത്തനങ്ങളായി മുദ്രകുത്തി എളുപ്പത്തിൽ താറടിക്കപ്പെട്ടേക്കാം. വിലക്കയറ്റവും തൊഴിലില്ലായ്മയുമാണ് ഒരു രാജ്യവ്യാപക മുന്നേറ്റത്തിന് ഏറ്റവും അനുയോജ്യമായ പ്രശ്നങ്ങൾ. കർഷക പ്രസ്ഥാനങ്ങളുമായി ഒത്തുചേർന്നുള്ള പ്രവർത്തനങ്ങൾ ഗ്രാമഗ്രാമാന്തരങ്ങളിൽ എത്തിക്കാനും സാധിക്കും.
നിലവിൽ അൽപം പിന്തള്ളപ്പെട്ടിരിക്കുന്ന വിഷയമായ ‘മോദാനി’ക്ക് നേരെയാകാം ഏറ്റവും മൂർച്ചയുള്ള ആക്രമണം. തെരുവിലെ ഊർജസ്വലമായ പോരാട്ടത്തിന്, ഒരു രാഷ്ട്രീയ പാർട്ടികളുടെ കൂട്ടായ്മ എന്നതിനുപരിയായി രാഷ്ട്രീയ വലയത്തിന് പുറത്തുള്ള പ്രക്ഷോഭങ്ങളെയും പ്രസ്ഥാനങ്ങളെയും ജനകീയ സംഘടനകളെയും ഇൻഡ്യ ഒരുമിച്ചുകൊണ്ടുവരേണ്ടതുണ്ട്. 2024ന് മുന്നോടിയായി സീറ്റ് ഒത്തുതീർപ്പുകളേക്കാൾ നമുക്ക് അത്യാവശ്യം നിലത്ത് കാലൂന്നിനിന്നുള്ള തെരുവ് സംയോജനമാണ്.
എല്ലാറ്റിനുമുപരിയായി, ഇൻഡ്യയിൽനിന്ന് നമുക്കുവേണ്ടത് പ്രതീക്ഷയുടെ പുനരുജ്ജീവനമാണ്. ഇന്ത്യ കൂടുതൽ മികച്ചത് അർഹിക്കുന്നു, ഒരു ബദൽ സാധ്യമാണ് എന്ന സ്ഥിരീകരണം.
“രാജ്യത്തിന് ഒരു ബദൽ രാഷ്ട്രീയ, സാമൂഹിക, സാമ്പത്തിക അജണ്ട ഉറപ്പാക്കുമെന്ന് ഞങ്ങൾ പ്രതിജ്ഞ ചെയ്യുന്നു. കൂടിയാലോചനകളും പങ്കാളിത്തവുമുള്ള ജനാധിപത്യ രീതിയിലേക്ക് ഭരണത്തിന്റെ സാരാംശവും ശൈലിയും മാറ്റുമെന്ന് ഞങ്ങൾ വാഗ്ദാനം ചെയ്യുന്നു.’’ എന്ന സംയുക്ത പ്രസ്താവനയിലെ വരികൾ ഈ ദിശയിലേക്ക് വിരൽചൂണ്ടുന്നുണ്ട്.
പ്രത്യാശ വളർത്തുന്നതിന് തീർച്ചയായും ഒരു ബദൽ അജണ്ട അനിവാര്യമാണ്. എന്നാൽ, ആ അജണ്ടയുടെ ആത്മാർഥതയിലും സാധ്യതയിലും വിശ്വാസമുറക്കുമ്പോൾ മാത്രമേ അത് ജനങ്ങളുടെ ഉള്ളിൽ പതിയാൻ തുടങ്ങുകയുള്ളൂ. പ്രതിപക്ഷത്തുള്ളവയടക്കം ഒട്ടുമിക്ക മുഖ്യധാരാ പാർട്ടികളോടും ജനങ്ങൾക്കുള്ള വിശ്വാസരാഹിത്യം കണക്കിലെടുക്കുമ്പോൾ അത് അത്ര എളുപ്പമായിരിക്കില്ല.
സർക്കാറിന്റെ കൊട്ടാര മാധ്യമങ്ങൾ അനുദിനം പ്രചരിപ്പിക്കുന്ന നുണകളെയും വിദ്വേഷത്തെയും ചെറുക്കാൻ പ്രാപ്തിയുള്ള ശക്തവും ക്രിയാത്മകവുമായ ഒരു ആശയവിനിമയ സംവിധാനവും ആവശ്യമാണ്. ഇന്ത്യയുടെ പ്രതീകാത്മകത സ്വന്തമാക്കുക എന്നത് ഇന്ത്യയുടെ ഹൃദയം സ്വന്തമാക്കുന്നതിനുള്ള ആദ്യപടി മാത്രമായിരിക്കും.
(പ്രമുഖ തെരഞ്ഞെടുപ്പ് വിശകലന വിദഗ്ധനും ആക്ടിവിസ്റ്റുമായ ലേഖകൻ theprint.inൽ എഴുതിയത്)
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.