പ്രഫ. ജി. മോഹൻ ഗോപാൽ   ജോനാഥൻ കുക്ക്

ഇന്ത്യൻ ജുഡീഷ്യറിയും ഇസ്രായേൽവത്കരണവും

ബാ​ബ​റി മ​സ്ജി​ദ് കേ​സി​ലെ വി​ധി​യെ പി​ന്തു​ണ​ച്ച ചി​ല​രെ​ങ്കി​ലും പ്ര​തീ​ക്ഷി​ച്ച​ത്, ഇ​ത് അ​ത്ത​ര​ത്തി​ലെ അ​വ​സാ​ന വി​ധി​ന്യാ​യ​മാ​യി​രി​ക്കും എ​ന്നാ​ണ്. എ​ന്നാ​ൽ, അ​ങ്ങ​നെ​യാ​യി​രി​ക്കി​ല്ല എ​ന്ന​തി​ൻ്റെ ആ​ദ്യ സൂ​ച​ന മാ​ത്ര​മാ​ണ് ഇ​പ്പോ​ൾ ഗ്യാ​ൻ​വാ​പി മ​സ്‌​ജി​ദി​ൽ സം​ഭ​വി​ച്ചി​രി​ക്കു​ന്ന​ത്. ഏ​തെ​ങ്കി​ലും പ​ള്ളി​ക​ൾ നി​ന്ന സ്ഥ​ല​ങ്ങ​ളി​ൽ അ​മ്പ​ല​ത്തി​ന്റെ അ​വ​ശി​ഷ്ട​ങ്ങ​ളു​ണ്ടോ എ​ന്ന് ക​ണ്ടു​പി​ടി​ക്കാ​നു​ള്ള അ​ന്വേ​ഷ​ണ തൃ​ഷ്ണ രാ​ജ്യ​ത്തെ പൊ​തു ആ​ചാ​ര​മാ​യി മാ​റി​ക്ക​ഴി​ഞ്ഞി​രി​ക്കു​ന്നു. പു​രാ​വ​സ്തു സ​ർ​വേ എ​ന്ന അ​തി​ൻ്റെ പേ​രാ​ണ് ഏ​റ്റ​വും വ​ലി​യ ത​മാ​ശ

പുരാവസ്തുപഠനം സമഗ്രമായി ചരിത്രത്തെ മനസ്സിലാക്കുന്നതിനുള്ള ഒരു സാമഗ്രി എന്നതിൽനിന്ന്, വർത്തമാനകാലത്തെ കലുഷിതമാക്കാനുള്ള ഉപാധിയായി മാറിയിട്ട്​ കാലങ്ങളായി.

ഖനനത്തിലൂടെയും അതിനെ പിൻപറ്റുന്ന നിരന്തര ഗവേഷണത്തിലൂടെയും ചരിത്രത്തെ നിർധാരണം ചെയ്യുകയെന്ന യഥാർഥ പുരാവസ്തുപഠനത്തിന്റെ രീതിശാസ്ത്രത്തിന് പകരം, ചില വിശ്വാസങ്ങളെ സാധൂകരിക്കാൻ സർക്കാർ ചെലവിൽ പുരാവസ്തു പര്യവേഷണങ്ങൾ ഉപയോഗപ്പെടുത്തുന്നു എന്നതാണ് ഇപ്പോഴത്തെ ഏറ്റവും അപകടകരമായ ട്രെൻഡ്.

അതിനകത്ത് ഒട്ടും ശാസ്ത്രീയതയില്ലെന്നത് മാത്രമല്ല, അശാസ്ത്രീയമായ രീതിശാസ്ത്രങ്ങൾ വ്യാപകമായി ഉപയോഗപ്പെടുത്തുകയും ചെയ്യുന്നു. ‘പുരാവസ്തു വിദഗ്ധൻ’ എന്ന് വിശേഷിപ്പിക്കപ്പെടുന്ന കെ.കെ. മുഹമ്മദ് പറയുന്നത്, ഖനനം നടത്താൻ സ്വപ്നത്തിൽ ശിവൻ മാർഗനിർദേശം നൽകിയെന്നാണ്.

ഇന്നത്തെ ഇന്ത്യയിൽ നിലനിൽക്കുന്ന യാഥാർഥ്യങ്ങളെക്കാൾ മൂല്യം ഇത്തരം സ്വപ്നവ്യാഖ്യാനങ്ങൾക്കാണെന്ന് ഇത്തരക്കാർ മുമ്പേ മനസ്സിലാക്കിയിട്ടുള്ളതാണ്. സമ്പൂർണ മുസ്‍ലിം തമസ്കരണമെന്ന സംഘ്പരിവാർ സ്വപ്നപദ്ധതിയുടെ തിരക്കഥയുടെ ഭാഗമാണ് ഇത്തരം സ്വപ്നങ്ങൾ.

സംഘ്പരിവാർ നിയന്ത്രിക്കുന്ന സർക്കാറിൽനിന്ന്​ വ്യത്യസ്തമായൊരു സമീപനം നമ്മൾ പ്രതീക്ഷിക്കേണ്ടതുമില്ല. ഇത്തരം ഘട്ടങ്ങളിൽ പ്രതീക്ഷയുടെ തുരുത്തായി നിന്ന ചരിത്രം രാജ്യത്തെ നീതിപീഠങ്ങൾക്കുണ്ടായിരുന്നു. ഇപ്പോഴാകട്ടെ ആൾക്കൂട്ടം കോടതിയും പൊതുബോധം വിധിയുമായി മാറിയിരിക്കുന്നു.

അയോധ്യ കേസിൽ വിധി പ്രസ്താവം പറഞ്ഞ സുപ്രീംകോടതിക്ക് ആഞ്ഞ് പരിശ്രമിച്ചിട്ടും അതിനുള്ള ന്യായീകരണം സമർഥിക്കാൻ കഴിഞ്ഞില്ല. ക്ഷേത്രം തകർത്താണ് പള്ളി പണിതിരിക്കുന്നത് എന്നതിന് തെളിവില്ലെന്ന് വിധിന്യായത്തിൽതന്നെ പറയുന്നുണ്ട്. പള്ളിയിൽ കടന്ന്​ വിഗ്രഹം പ്രതിഷ്ഠിച്ചതും പിന്നീട് പള്ളി തകർത്തതും അതിക്രമങ്ങളായിതന്നെ പറയേണ്ടിവരുന്നുമുണ്ട്.

അതിനുശേഷവും പള്ളി തകർത്ത സ്ഥലത്ത് ക്ഷേത്രമെന്ന വിചിത്ര സമവായ നിർദേശമാണ് വിധിരൂപത്തിൽ ഉന്നത നീതിപീഠത്തിന്റേതായി പുറത്തുവന്നത്. അത് കേവല വിശ്വാസത്തിന് മുന്നിൽ ജുഡീഷ്യൽ യുക്തിയുടെ കീഴടങ്ങലാണെന്ന കാര്യത്തിൽ സാമാന്യബുദ്ധി അവശേഷിക്കുന്ന ആർക്കും സംശയമുണ്ടാകാൻ സാധ്യതയില്ല.

അതറിഞ്ഞുകൊണ്ട് തന്നെ ആ വിധിയെ പിന്തുണച്ച ചിലരെങ്കിലും പ്രതീക്ഷിച്ചത്, ഇത് അത്തരത്തിലെ അവസാന വിധിന്യായമായിരിക്കും എന്നാണ്. എന്നാൽ, അങ്ങനെയായിരിക്കില്ല എന്നതിന്റെ ആദ്യ സൂചന മാത്രമാണ് ഇപ്പോൾ ഗ്യാൻവാപി മസ്ജിദിൽ സംഭവിച്ചിരിക്കുന്നത്.

ഏതെങ്കിലും പള്ളികൾ നിന്ന സ്ഥലങ്ങളിൽ അമ്പലത്തിന്റെ അവശിഷ്ടങ്ങളുണ്ടോ എന്ന് കണ്ടുപിടിക്കാനുള്ള അന്വേഷണ തൃഷ്ണ രാജ്യത്തെ പൊതു ആചാരമായി മാറിക്കഴിഞ്ഞിരിക്കുന്നു. പുരാവസ്തു സർവേ എന്ന അതിന്റെ പേരാണ് ഏറ്റവും വലിയ തമാശ. നിലനിൽക്കുന്ന യഥാർഥ്യങ്ങൾക്കുമേൽ മിത്തുകൾ നടത്തുന്ന ബലാൽക്കാരമാണ് ഇത്തരത്തിലുള്ള എല്ലാറ്റിന്റെയും പൊതുപ്രമേയം.

തീർത്തും മതാഷ്ഠിതമായ മിത്തിനെ അടിസ്ഥാനമാക്കിയ രാഷ്ട്രമായിരിക്കുമ്പോഴും, ഇസ്രായേലിനെ പശ്ചിമേഷ്യയിലെ ഏക മതേതര ജനാധിപത്യ രാഷ്ട്രമെന്നുപോലും വിശേഷിപ്പിക്കുന്നവരുണ്ട്. പിറവി മുതൽക്കുതന്നെ നിരവധി വൈരുധ്യങ്ങളുടെ സമാഹാരമാണ് ഇസ്രായേൽ. അത് അവിടത്തെ ജുഡീഷ്യറിയിലും നിഴലിച്ച് കാണാം.

ചില ഘട്ടങ്ങളിൽ സയണിസ്റ്റ് പൊതുബോധത്തിനെതിരായ പല നടപടികളും, വിധിന്യായങ്ങൾ തന്നെയും, അവിടത്തെ കോടതികളുടെ ഭാഗത്തുനിന്ന് ഉണ്ടായിട്ടുണ്ട്. അതിൽ അമിത പ്രതീക്ഷ അർപ്പിച്ചവരുമുണ്ട്. അതേസമയം, അങ്ങേയറ്റം വംശീയവത്കരിക്കപ്പെട്ട ഒരു രാജ്യവും പൗരസഞ്ചയവും ഉള്ളിടത്ത് അതിന് അപവാദമായി നിൽക്കാൻ നീതിന്യായ വ്യവസ്ഥക്ക് മാത്രമായി സാധിക്കില്ലെന്ന യാഥാർഥ്യം ഇസ്രായേലിനും ബാധകമാണ്.

മിത്തിനെ രാഷ്ട്രീയവും രാഷ്ട്രനിർമാണവുമായി വികസിപ്പിച്ചതിന്റെ ലോകോത്തര മാതൃക ഇസ്രായേൽതന്നെ. യഹൂദർക്ക് അവരുടെ ദൈവം വാഗ്ദാനം ചെയ്ത വാഗ്ദത്ത ദേശത്തിനുവേണ്ടി ഫലസ്തീനികൾ പിറന്നനാട്ടിൽനിന്ന് അഭയാർഥികളാവണമെന്ന് പറയുന്നതാണ് സയണിസത്തിന് ആകെത്തുക. ത്രേതായുഗത്തിൽ ജീവിച്ചെന്ന് വിശ്വസിക്കപ്പെടുന്ന രാമൻ അയോധ്യയിലെ ബാബരി മസ്ജിദിനകത്താണ് ജനിച്ചതെന്ന് പറഞ്ഞ് അത് പൊളിക്കുന്നിടത്താണ് സംഘ്പരിവാർ പ്രചാരണങ്ങളുടെ പൊതുയുക്തി.

‘കാശി, മഥുര ബാക്കി ഹെ’ എന്ന ആക്രോശങ്ങളിലും ആവർത്തിക്കപ്പെടുന്നത് ഇതുതന്നെ. മിത്തിനെ യാഥാർഥ്യത്തിന് മുകളിൽ ബലാൽക്കാരമായി പ്രതിഷ്ഠിക്കുക, അതിനുശേഷം അതിന് പൊതുസമ്മതി നേടിയെടുക്കുക - സംഘികളായാലും സയണിസ്റ്റുകളായാലും പിന്തുടരുന്നത് ഒരേ പ്രത്യയശാസ്ത്രവും പ്രവർത്തനശൈലിയും തന്നെ.

മുമ്പ് ഇസ്രായേൽ സൈന്യം ഇടപെട്ട് കുടിയൊഴിപ്പിച്ച അറബ് വംശജരുടെ കാര്യത്തിൽ, ഇസ്രായേൽ സുപ്രീംകോടതി അനുഭാവപൂർണമായ ഇടപെടലുകൾ നടത്തിയിട്ടുണ്ട്. ഒരു കേസിൽ, ഫലസ്തീൻ വംശജരായ പരാതിക്കാർക്ക് സുപ്രീംകോടതി ഇടപെടലിനെതുടർന്ന് സ്റ്റേ ലഭിച്ചിട്ടുണ്ട്.

പക്ഷേ, കേസിന്റെ അവസാനമായപ്പോൾ, എല്ലാ പ്രതീക്ഷകളെയും അട്ടിമറിച്ചുകൊണ്ട് കോടതിതന്നെ ഇസ്രായേലി സൈനിക ബോധ്യത്തിലേക്ക് കൂറുമാറുകയായിരുന്നു. ആ വ്യവഹാരം നടക്കുന്ന സാമാന്യ ദീർഘമായ കാലയളവിൽ ഇസ്രായേലി സമൂഹത്തിനകത്ത് ഉയർന്നുവന്ന പൊതുബോധത്തോട് ചേർന്നുനിന്ന് വേണം, കോടതിയുടെ അന്തിമ വിധിന്യായത്തെ വായിക്കാൻ.

ഏതാണ്ട് അതുതന്നെയാണ്, ബാബരി മസ്ജിദ് കേസിന്റെ കാലയളവിൽ ഇവിടെ സംഭവിച്ചതും. മസ്ജിദ് കേസിൽ നീതി ഉറപ്പുനൽകാൻ കഴിയുന്നത് കോടതിക്ക് മാത്രമാണെന്ന് ആത്മാർഥമായി അഭിലഷിച്ചവരുടെ മുഖത്തേറ്റ അടിയാണ്, ഹിന്ദുത്വ പൊതുബോധത്തെ തീർത്തും തൃപ്തിപ്പെടുത്തുന്ന അന്തിമ വിധിന്യായം. ഇന്ത്യയിലാണെങ്കിലും ഇസ്രായേലിലാണെങ്കിലും അതിനെക്കുറിച്ച് അത്തരത്തിലുള്ള പ്രതികരണങ്ങൾ ഉണ്ടായിട്ടുണ്ട്.

ഇസ്രായേൽ വിദഗ്ധനായ ജോനാഥൻ കുക്ക് 2011ൽ എഴുതിയിരിക്കുന്ന ലേഖനത്തിന്റെ തലക്കെട്ട് തന്നെ ‘ഇസ്രായേൽ ലിബറൽ സുപ്രീംകോർട്ട് എന്ന മിത്തിന്റെ’ തകർച്ചയെ പ്രഖ്യാപിക്കുന്നതായിരുന്നു. ഇന്ത്യയിൽ ഹിന്ദുരാഷ്ട്രത്തിന്റെ സ്ഥാപനം ജുഡീഷ്യറിയിലൂടെ ആയിരിക്കുമെന്ന് നിരീക്ഷിച്ചത് നാഷണൽ ജുഡീഷ്യൽ അക്കാദമി ഡയറക്ടറായിരുന്ന ഡോ. മോഹൻ ഗോപാലാണ്.

ഇന്ത്യയിലെയും ഇസ്രയേലിലെയും നീതിന്യായ വ്യവസ്ഥകൾ ഉരുവപ്പെട്ടിരിക്കുന്നത് പാശ്ചാത്യ ലിബറൽ മൂല്യമണ്ഡലങ്ങളിൽനിന്ന് തന്നെയാണ്. പക്ഷേ, രണ്ടിടങ്ങളിലും ജുഡീഷ്യറിയിലെ വംശീയ വേലിയേറ്റങ്ങൾ തടയാൻ അതാത് മൂല്യവ്യവസ്ഥകൾ പരാജയപ്പെടുന്നത് കാണാം.

ഇസ്രായേലിനെ സംബന്ധിച്ച് ഇക്കാര്യത്തിൽ ഇന്ത്യക്കുള്ള ഒരു മെച്ചം ലിഖിതമായൊരു ഭരണഘടന ഉണ്ടെന്നത് മാത്രമാണ്. പക്ഷേ, വിധി പ്രസ്താവങ്ങൾ പുറപ്പെടുവിക്കുന്ന ന്യായാധിപന്മാർതന്നെ വംശീയ മുൻവിധികളുടെ തടവുകാരായി മാറുമ്പോൾ, ഭരണഘടന പ്രത്യേകിച്ച് ഉപയോഗമില്ലാത്തൊരു പുസ്തകം മാത്രമായി മാറും.

ഇക്കാലയളവിൽ ഇസ്രായേലിലും ഇന്ത്യയിലുമുണ്ടായ ഇത്തരം വിധികളുടെ സാമ്യം അത്ഭുതാവഹമാണ്. അത് വലിയ ഗവേഷണം ആവശ്യമുള്ള വിഷയവുമാണ്. ഇന്ത്യയിൽ നീതി ഒരു പുരാവസ്തു ആകുമ്പോൾ അത് ഓർമിപ്പിക്കുന്നത് ഇസ്രായേലിനെ ആണെന്ന് പറയാതിരിക്കാനാവില്ല

Tags:    
News Summary - Indian Judiciary and Israelization

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-11-14 01:21 GMT