പശ്ചിമേഷ്യയിലെ ഏറ്റവും വലിയ സൈനിക ശക്തിയായ ഇസ്രായേൽ നടുങ്ങിയ ദിവസമായിരുന്നു ഇന്നലെ. 20 മിനിറ്റിനകം 5000 റോക്കറ്റുകൾ വിക്ഷേപിച്ചെന്ന ഹമാസിന്റെ അവകാശവാദം അതിശയോക്തിപരമാണെന്ന് വന്നാലും 2200 റോക്കറ്റുകൾ രാജ്യത്തിനുനേരെ വന്നെന്നും ഭൂരിഭാഗവും അമേരിക്കയുടെ അയൺ ഡോമുകൾ നിർവീര്യമാക്കിയെന്നും ഇസ്രായേൽതന്നെ സമ്മതിക്കുന്നു.
പതിവുപോലെ, ഹമാസാണ് ആക്രമണം തുടങ്ങിയതെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങളുടെയും പടിഞ്ഞാറൻ രാജ്യങ്ങളുടെയും പ്രതികരണം. ഇസ്രായേൽ നിരന്തരം നടത്തിവരുന്ന മനുഷ്യാവകാശ ലംഘനങ്ങൾക്കും കൊലപാതകങ്ങൾക്കും ഫലസ്തീന്റെ ഭാഗത്തുനിന്ന് വല്ലപ്പോഴും മാത്രമുണ്ടാകുന്ന ശക്തമായ പ്രതികരണങ്ങളിൽ ഒന്നുമാത്രമാണിത്. മുക്കാൽ നൂറ്റാണ്ടായി തുടരുന്ന അധിനിവേശ ഭീകരത അവസാനിച്ചാൽ തീരുന്നതേയുള്ളൂ ഫലസ്തീനികളുടെ പോരാട്ടം എന്നിരിക്കെ, അതിനെ അഭിസംബോധന ചെയ്യാതെ ഇരകളെ ഭീകരവാദികളാക്കുന്ന സമീപനമാണ് അന്താരാഷ്ട്ര സമൂഹം എന്നും ചെയ്തുപോന്നിട്ടുള്ളത്.
ഗസ്സക്ക് സമീപത്തെ ഇസ്രായേലി നഗരങ്ങളായ സദറോത്ത്, അഷ്കലോൺ, തെൽഅവീവ് എന്നിവിടങ്ങളിലേക്ക് റോക്കറ്റുകൾ തൊടുത്തുവിടുന്നതിൽ ഒതുങ്ങിയിരുന്ന ഹമാസിന്റെ ചെറുത്തുനിൽപ് 2021ൽ ജറൂസലം നഗരത്തിലേക്കും വ്യാപിച്ചിരുന്നു. എന്നാലിപ്പോൾ അതിർത്തികൾ തകർത്ത് ഡസൻ കണക്കിന് ഹമാസ് പോരാളികൾ ഇസ്രായേലി നഗരങ്ങളിൽ വന്നിറങ്ങുകയും സൈനികർ ഉൾപ്പെടെ 42 പേരെ വധിക്കുകയും മൂന്നു സൈനികരെ തടവിലാക്കുകയും ടാങ്കുകൾ അഗ്നിക്കിരയാക്കുകയും ചെയ്തിരിക്കുന്നു. പരിക്കേറ്റവരുടെ എണ്ണം ആയിരത്തോളമാണ്.
ഇതിനുമുമ്പ് 2014ലാണ് ഇസ്രായേലി സൈന്യം (ഐ.ഡി.എഫ്) ഹമാസിന്റെ ആക്രമണശേഷി നേരിൽ അനുഭവിച്ചത്. അന്ന് വടക്കൻ ഇസ്രായേലിലെ ഹൈഫ വരെ മാത്രം എത്താൻ ശേഷിയുള്ള ആറായിരത്തിൽപരം റോക്കറ്റുകൾ മാത്രമാണ് ഹമാസിന്റെ കൈവശമുണ്ടായിരുന്നത്. ഇപ്പോൾ റോക്കറ്റ് യൂനിറ്റിനും കരയുദ്ധം നടത്തുന്ന ഭടന്മാരുടെ സംഘത്തിനും നാവിക യൂനിറ്റിനും പുറമെ ഇസ്രായേലിനകത്ത് ഓപറേഷനുകൾക്ക് കെൽപുള്ള പാരാഗ്ലൈഡർമാരുടെ പ്രത്യേക വിഭാഗവും ഹമാസിന്റെ സൈനിക വിങ്ങായ ഇസ്സുദ്ദീൻ അൽ ഖസ്സാം ബ്രിഗേഡ്സ് രൂപപ്പെടുത്തിയിരിക്കുന്നു.
ഗസ്സയിൽ അതിക്രമിച്ചുകടന്ന് സ്ത്രീകളും കുട്ടികളും ഉൾപ്പെടെയുള്ള ഫലസ്തീനി സിവിലിയന്മാരെ കൊല്ലുന്ന സയണിസ്റ്റ് ഭീകരതക്ക് തിരിച്ചടിയായി 2014ൽ ഇസ്രായേലിൽ കടന്നുകയറി മൂന്നുപേരെ ഹമാസ് തട്ടിക്കൊണ്ടു പോയിരുന്നു. ഇതിന്റെ പേരിൽ ഏഴാഴ്ച നീണ്ട യുദ്ധത്തിൽ 2100 ഫലസ്തീനികളെ ഇസ്രായേൽ സൈന്യം കൊന്നൊടുക്കി. അന്ന് 67 ഭടന്മാർ കൊല്ലപ്പെട്ടത് അധിനിവേശപ്പടക്ക് തിരിച്ചടിയായി. 2014നുശേഷം ഇത്ര വ്യാപകമായി ഹമാസ് ഇസ്രായേലിലേക്ക് കടന്നുകയറുന്നതും ടൗണുകളുടെ നിയന്ത്രണമേറ്റെടുക്കുന്നതും ആദ്യ സംഭവമാണ്. അന്നത്തേത് സമ്പൂർണ യുദ്ധമായിരുന്നെങ്കിൽ ഇന്നലെ യുദ്ധപ്രഖ്യാപനമേ ഉണ്ടായിട്ടുള്ളൂ.
ഈ വർഷം മാത്രം വെസ്റ്റ്ബാങ്കിലും ഗസ്സയിലും ജറൂസലമിലും 200ലേറെ ഫലസ്തീനികളെ ഇസ്രായേലി സൈന്യം കൊലപ്പെടുത്തിയിട്ടുണ്ട്. കഴിഞ്ഞ വർഷം ഇസ്രായേലി ഭീകരതക്ക് ഇരയായ 220ലേറെ ഫലസ്തീൻ പോരാളികളിൽ 170ഉം വെസ്റ്റ്ബാങ്കിൽ ആയിരുന്നു. ഇവരിൽ മുപ്പതിലേറെ കുട്ടികളും ഉൾപ്പെടും. പരിക്കേറ്റവർ 9,000ത്തിലേറെ. 2006നുശേഷം ഏറ്റവുമധികം ഫലസ്തീനികളെ ഇസ്രായേലി സൈന്യം കൊലപ്പെടുത്തിയത് 2022ലാണെന്ന് യു.എൻ വ്യക്തമാക്കിയിട്ടുണ്ട്. ഈ വർഷം അതും മറികടക്കാനാണ സാധ്യത.
മുക്കാൽ നൂറ്റാണ്ടിനിടയിലെ ഏറ്റവും തീവ്ര വലതുപക്ഷ സ്വഭാവം പുലർത്തുന്ന സർക്കാറാണ് ഇസ്രായേലിൽ അധികാരത്തിലുള്ളത്. തീവ്ര ചിന്താഗതിക്കാരായ സയണിസ്റ്റ് മതപാർട്ടികളെ കൂട്ടുപിടിച്ചാണ് ബെഞ്ചമിൻ നെതന്യാഹു നേരിയ ഇടവേളക്കുശേഷം വീണ്ടും പ്രധാനമന്ത്രി പദവിയിലെത്തിയത്. ആ മണ്ണിൽനിന്ന് ഫലസ്തീനികളെ ഒന്നടങ്കം പുറന്തള്ളണമെന്ന് വാദിക്കുന്ന പാർട്ടികളാണ് കേവല ഭൂരിപക്ഷത്തിന് ആവശ്യമായതിനേക്കാൾ മൂന്നു സീറ്റുകൾ അധികം നൽകി നെതന്യാഹുവിനെ അധികാരത്തിൽ എത്തിച്ചത്.
മൂന്നാം ഇൻതിഫാദയായി മാറിയില്ലെങ്കിലും ഫലസ്തീനികൾ അതിലേക്ക് കടക്കാനുള്ള വഴികൾ തുറന്നിട്ടാണ് 2023 പുലർന്നതെന്നത് അവിടത്തെ സംഭവങ്ങൾ വീക്ഷിക്കുന്ന ആർക്കും ബോധ്യപ്പെടും. ഗസ്സക്ക് പുറമെ വെസ്റ്റ്ബാങ്കിലും ഇസ്രായേലിനെതിരെ ഫലസ്തീൻ പോരാളികൾ യുദ്ധമുഖം തുറന്ന വർഷമാണിത്. ഹമാസിനെ ഭീകരവാദികളും ഫതഹിനെ മതേതരവാഹകരുമായി മുദ്രകുത്തുന്നവർ ഓർക്കേണ്ടത്, വെസ്റ്റ്ബാങ്കിൽ ഫതഹ് അനുകൂല വിഭാഗങ്ങൾ എന്തുകൊണ്ട് സായുധ പോരാട്ടം ശക്തിപ്പെടുത്തി എന്നതാണ്.
നിയമവിരുദ്ധ ജൂത കുടിയേറ്റകേന്ദ്രങ്ങൾ വ്യാപകമായതോടെ സംഘർഷം ശക്തിപ്പെട്ട വെസ്റ്റ്ബാങ്കിലെ ജെനിൻ നഗരത്തിൽ ഇസ്രായേൽ സൈന്യം നടത്തിയ ഭീകരതാണ്ഡവമാണ് അതിന് നിമിത്തമായത്. പാതിരാത്രികളിൽ നിരന്തരം വീടുകളിൽ അതിക്രമിച്ചുകയറി യുവാക്കളെ പിടിച്ചുകൊണ്ടുപോവുകയും ചെറുത്താൽ പോയന്റ് ബ്ലാങ്കിൽ വെടിവെച്ച് കൊല്ലുകയും ചെയ്യുന്ന സയണിസ്റ്റ് സൈന്യത്തിന്റെയും പൊലീസിന്റെയും നടപടികൾക്കെതിരെ ലോകസമൂഹം നിശ്ശബ്ദത പാലിക്കുകയായിരുന്നു. അധിനിവേശ വെസ്റ്റ്ബാങ്കിൽ മാത്രം ആറ് സായുധ ഗ്രൂപ്പുകൾ ഉടലെടുത്തു എന്നതിൽനിന്ന് സയണിസ്റ്റ് പട്ടാളം നടത്തുന്ന ക്രൂരതകൾ ഫലസ്തീൻ യുവതയിൽ സൃഷ്ടിച്ച ക്ഷോഭം എത്രമാത്രമാണെന്ന് വ്യക്തമാകും.
ഫലസ്തീൻ പ്രദേശങ്ങളിൽ നടത്തിവരുന്ന അധിനിവേശത്തിന്റെ നിയമപരമായ പ്രശ്നങ്ങളും ഭവിഷ്യത്തുക്കളും പഠിച്ച് അഭിപ്രായം പറയാൻ അന്താരാഷ്ട്ര നീതിന്യായ കോടതിയോട് ആവശ്യപ്പെടുന്ന പ്രമേയം കഴിഞ്ഞ വർഷം ഡിസംബർ ഒടുവിൽ യു.എൻ പൊതുസഭ പാസ്സാക്കിയത് സയണിസ്റ്റ് ഭരണകൂടത്തിനേറ്റ തിരിച്ചടിയായിരുന്നു. അമേരിക്കയും ബ്രിട്ടനും കാനഡയും ജർമനിയും ഉൾപ്പെടെ 26 രാജ്യങ്ങൾ പ്രമേയത്തെ എതിർത്ത് വോട്ട് ചെയ്തെങ്കിലും 87 രാജ്യങ്ങൾ അനുകൂലിച്ചതിനാൽ വൻഭൂരിപക്ഷത്തിനാണ് പ്രമേയം പാസ്സായത്. ഇന്ത്യയുൾപ്പെടെ 53 രാജ്യങ്ങൾ ഈ വിഷയത്തിൽ നിഷ്പക്ഷത പാലിക്കുകയായിരുന്നു. അന്താരാഷ്ട്ര വേദികളിൽ സയണിസ്റ്റ് അധിനിവേശ ഭരണകൂടം ഒറ്റപ്പെടുന്നത് പതിവുകാഴ്ചയാണെങ്കിലും അമേരിക്കയുടെ സമ്പൂർണ പിന്തുണയുള്ളതിനാൽ ഇസ്രായേലിനെ പ്രോസിക്യൂട്ട് ചെയ്ത് ശിക്ഷിക്കാൻ കഴിയുന്നില്ലെന്നത് പോരായ്മയായി നിലനിൽക്കുന്നു.
രാഷ്ട്രങ്ങൾക്ക് സ്വന്തമായ സൈനിക ഉപകരണങ്ങളോ യുദ്ധവിമാനങ്ങളോ ഇല്ലാത്ത ഒരു ചെറുത്തുനിൽപ് പ്രസ്ഥാനമാണ് അമേരിക്കൻ പിന്തുണയുള്ള, അത്യാധുനിക സൈനിക ശക്തിയെ വിറപ്പിച്ചിരിക്കുന്നത്. അയൺ ഡോം കഠിനാധ്വാനം ചെയ്തിട്ടും പൂർണമായും തടുക്കാൻ പറ്റാത്തവിധം റോക്കറ്റുകൾ വന്നുവീഴുകയും മോട്ടോറുകൾ ഘടിപ്പിച്ച ഗ്ലൈഡറുകളിലൂടെ ശത്രുവിന്റെ മുറ്റത്ത് ഹമാസ് പടയാളികൾ പറന്നിറങ്ങുകയും ചെയ്യുമ്പോൾ ഇസ്രായേൽ ഞെട്ടിയില്ലെങ്കിലേ അത്ഭുതമുള്ളൂ.
(പശ്ചിമേഷ്യൻ രാഷ്ട്രീയ വിഷയങ്ങളിലെ വിദഗ്ധനും
മാധ്യമ പ്രവർത്തകനുമാണ് ലേഖകൻ)
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.