ആളുകൾ എന്റെ കാറിനുമേൽ വന്നുവീണു. അക്ഷരാർഥത്തിൽ അത്യുഗ്ര സ്ഫോടനത്തിൽ ആളുകൾ വായുവിലേക്ക് എടുത്തെറിയപ്പെട്ടു. ചില മൃതശരീരങ്ങൾ കെട്ടിടങ്ങൾക്കു മുകളിലാണ് ചെന്നുവീണത്. കുഞ്ഞുങ്ങളുടെ മൃതദേഹങ്ങൾ തെരുവിൽ ചിതറിക്കിടന്നു. ചിലതിന് തലയുണ്ടായിരുന്നില്ല. ചില കെട്ടിടങ്ങളിൽ തല പുറത്തും ഉടൽ അകത്തും കിടക്കുന്നതു കണ്ടു’’-നടുക്കത്തോടെ ലുബ്ബാദ് പറഞ്ഞു
ബൈത്ത് ഹനൂനിലെ ഫലസ്തീനികൾ ഞായറാഴ്ച രാവിലെ ഉറക്കമുണർന്നത് ഇസ്രായേൽ സേനയുടെ തീട്ടൂരം കേട്ടാണ്: എല്ലാവരും വീടുവിട്ട് നഗരമധ്യത്തിലേക്കു നീങ്ങുക. ഇസ്രായേലി വ്യോമാക്രമണങ്ങൾക്കു മുമ്പു പതിവുള്ളതാണ് ഈ മുന്നറിയിപ്പ്. എന്നാൽ, ഇത്തവണത്തേത് സർപ്രൈസ് വാണിങ് ആയിരുന്നു. വടക്കുകിഴക്കൻ ഗസ്സയിലെ ജനസാന്ദ്രതയേറിയ ബൈത്ത് ഹനൂനിലെ പലരും ആ സന്ദേശം ഗൗരവത്തിലെടുത്തു.
രണ്ടു കിലോമീറ്റർ ദൂരെ ജബലിയ അഭയാർഥിക്യാമ്പ് ലക്ഷ്യമാക്കി അവർ പടിഞ്ഞാറു ഭാഗത്തേക്കു നീങ്ങി. സാമാന്യേന സുരക്ഷിതമായി കരുതിയ ഇടത്തേക്ക്. പക്ഷേ, അതുകൊണ്ടൊന്നും കാര്യമുണ്ടായില്ല. മരണം പുൽകാനായിരുന്നു അവരുടെ വിധി. ഇസ്രായേലി ഫൈറ്റർ ജെറ്റുകൾ ക്യാമ്പിലെ മെയിൻ മാർക്കറ്റിലെ രണ്ടു കെട്ടിടങ്ങൾക്കുമേൽ ബോംബുകൾ തുപ്പി. ഗസ്സ ആരോഗ്യമന്ത്രാലയത്തിന്റെ കണക്കനുസരിച്ച് ചുരുങ്ങിയത് അമ്പതു പേരെങ്കിലും അതിൽ മൃത്യു വരിച്ചു.
‘‘തെരുവിലേക്ക് കാറോടിച്ചുപോകുകയായിരുന്നു ഞാൻ. പെട്ടെന്ന് മാനത്ത് തുരുതുരാ വെളിച്ചം മിന്നി’’-മുഹമ്മദ് ലുബ്ബാദ് വ്യോമാക്രമണരംഗം ഓർത്തെടുത്തു. ആളുകൾ എന്റെ കാറിനുമേൽ വന്നുവീണു. അക്ഷരാർഥത്തിൽ അത്യുഗ്ര സ്ഫോടനത്തിൽ ആളുകൾ വായുവിലേക്ക് എടുത്തെറിയപ്പെട്ടു. ചില മൃതശരീരങ്ങൾ കെട്ടിടങ്ങൾക്കു മുകളിലാണ് ചെന്നുവീണത്. കുഞ്ഞുങ്ങളുടെ മൃതദേഹങ്ങൾ തെരുവിൽ ചിതറിക്കിടന്നു. ചിലതിന് തലയുണ്ടായിരുന്നില്ല. ചില കെട്ടിടങ്ങളിൽ തല പുറത്തും ഉടൽ അകത്തും കിടക്കുന്നതു കണ്ടു’’-നടുക്കത്തോടെ ലുബ്ബാദ് പറഞ്ഞു.
എല്ലാം നിലംപരിശാക്കിയ ആ ആക്രമണത്തിന്റെ അടയാളമെന്നോണം വഴിപോക്കരുടെ ചോരക്കറകൾ അയാളുടെ വാഹനത്തിൽ ഉടനീളം കണ്ടു. എന്താണ് സംഭവിച്ചത് എന്ന് എനിക്ക് ഇപ്പോഴും പിടികിട്ടുന്നില്ല. ഡസൻ കണക്കിന് ആളുകൾ കൊല്ലപ്പെട്ടു. ടാക്സി ഡ്രൈവർമാർ, കാൽനടക്കാർ, വഴിവാണിഭക്കാർ എല്ലാം അതിലുണ്ട്. റബാഅ മാളിനകത്തുണ്ടായിരുന്നവരെല്ലാം ഒന്നൊഴിയാതെ കൊല്ലപ്പെട്ടു.
ആരും ഒരിക്കലും നിനക്കാതിരുന്ന കൂട്ടക്കൊലയായിരുന്നു അത്. ഇസ്രായേലിന് അകത്തേക്കും പുറത്തേക്കുമുള്ള ഫലസ്തീനികളുടെ ചലനങ്ങളെ നിയന്ത്രിക്കുന്ന സുരക്ഷകടമ്പക്കുമേൽ ഉപരോധിത മേഖലയിലെ പോരാളികൾ ആക്രമണം നടത്തിയതിനെ തുടർന്ന് കഴിഞ്ഞ ശനിയാഴ്ച വ്യോമാക്രമണം തുടങ്ങിയതാണ് ഇസ്രായേൽ. കഴിഞ്ഞ 24 മണിക്കൂറിൽ മാത്രം, ഇസ്രായേൽ വ്യോമസേന ചുരുങ്ങിയത് 2000 വിവിധ ആയുധങ്ങളും ആയിരത്തിലേറെ ടണ്ണുകളുടെ സ്ഫോടകവസ്തുക്കളും ഉപരോധിതമുനമ്പിനു മുകളിൽ വർഷിച്ചു.
ആക്രമണം നടക്കുമ്പോൾ ജബലിയ്യ അഭയാർഥി ക്യാമ്പിലെ അന്തേവാസി വീട്ടിനകത്തായിരുന്നു. ‘‘ആക്രമണത്തിൽ വീടാകെ ഇളകിയാടി. പേരക്കുട്ടികൾ ചുമരിലേക്ക് എടുത്തെറിയപ്പെട്ടു. ജനൽചില്ലുകൾ തവിടുപൊടിയായി അവരുടെ മേൽ വീണു. അവരെയും എടുത്ത് ഞങ്ങൾ താഴേക്ക് ഇറങ്ങിയോടി ഒരു ആംബുലൻസ് തിരഞ്ഞു. പുറത്തിറങ്ങുമ്പോൾ കാണുന്നത് മൃതദേഹങ്ങൾ അവിടെയെങ്ങും ചിതറിക്കിടക്കുന്നതാണ്. കുമിഞ്ഞുകൂടിയ മൃതദേഹങ്ങൾ, തീപിടിച്ച മാളുകൾ, തകർന്നുവീണ വീടുകൾ, തകർന്ന കാറുകൾ. അമ്പതിലേറെ മൃതദേഹങ്ങൾ ആ തെരുവിലുണ്ടായിരുന്നു. എന്തുചെയ്യണമെന്നറിയാതെ ഞങ്ങൾ പകച്ചു. വല്ലവരെയും എടുത്തുകൊണ്ടുപോകാൻ കഴിയുന്നവരെല്ലാം അതു ചെയ്തു. സിറ്റി സെന്ററിലേക്കു നീങ്ങാനുള്ള ഇസ്രായേൽ സേനയുടെ ടെക്സ്റ്റ് മെസേജ് കണ്ട് അങ്ങോട്ടു പുറപ്പെട്ടവരായിരുന്നു അവരിൽ ഭൂരിഭാഗവും.
‘‘മുറിവേറ്റ കുട്ടികൾക്ക് വൈദ്യസഹായം നൽകാൻ ഞങ്ങൾ ആശുപത്രിയിലേക്ക് ടാക്സി പിടിച്ചു. സ്ഥലത്ത് അവശേഷിച്ചവരെ റിമാൽ ഭാഗത്തേക്കു മാറ്റി. എന്നാൽ, ഇപ്പോൾ റിമാൽ ഏരിയ ഒഴിയണമെന്നാണ് ഞങ്ങൾക്കു കിട്ടിയ സന്ദേശം. ഇങ്ങനെ അവർ ഉന്നമിട്ട ഒരിടത്തുനിന്നു ഉന്നമിട്ട മറ്റൊരിടത്തേക്കാണ് ഇപ്പോൾ ഞങ്ങൾ മാറുന്നത്.
‘‘ഇനിയിപ്പോൾ എങ്ങോട്ടുപോകും? ഒരു പിടിയുമില്ല.’’
യു.എൻ ഏജൻസി നടത്തുന്ന ഒരു സ്കൂളിനടുത്തുള്ള പ്രദേശങ്ങളാണ് ഇത്തവണ ഉന്നംവെക്കപ്പെട്ടത്. ഇരുപതിനായിരത്തിലേറെ ഫലസ്തീനികൾ അഭയം തേടിയിരിക്കുന്നത് യു.എൻ നടത്തുന്ന 44 സ്കൂളുകളിലാണ്. ഗസ്സയിലെ 60 ശതമാനത്തിലേറെ ഫലസ്തീനികൾ 1948ൽ ഫലസ്തീന്റെ വിവിധ ഭാഗങ്ങളിൽനിന്ന് പുറന്തള്ളപ്പെട്ട അഭയാർഥികളാണ്. മെഡിറ്ററേനിയൻ തീരത്ത് ഇസ്രായേലിന്റെയും ഈജിപ്തിന്റെയും ഓരംചാരി കിടക്കുന്ന ഗസ്സ മുനമ്പ് ലോകത്തെ ഏറ്റവുമധികം ജനസാന്ദ്രതയുള്ള ഇടങ്ങളിലൊന്നാണ്. 97 ശതമാനം കുടിവെള്ളവും മലിനമാണ്. ആവർത്തിച്ച ഇസ്രായേലി ആക്രമണങ്ങളിൽ പവർ ഗ്രിഡിൽ കേടുപാടുകൾ സംഭവിച്ചതു കാരണം നിരന്തരം വൈദ്യുതി വിഛേദിക്കപ്പെട്ട് മിക്ക സമയവും ഇരുട്ടിൽ കഴിയുന്നവരാണ് ഗസ്സക്കാർ. ഇതിനിടക്കാണ് പട്ടിണിയിൽ കഴിയുന്ന 60 ശതമാനത്തിന്റെ കാര്യം. യുവാക്കളുടെ തൊഴിലില്ലായ്മ 63 ശതമാനം എത്തിയിരിക്കുന്നു. യുനൈറ്റഡ് നേഷൻസ് റിലീഫ് ആൻഡ് വർക്സ് ഏജൻസിയുടെ അഭിപ്രായമനുസരിച്ച് വർഷങ്ങൾ നീണ്ട സംഘർഷവും ഉപരോധവും ഗസ്സയിലെ ജനസംഖ്യയെ അന്താരാഷ്ട്ര സഹകരണത്തിന് നിർബന്ധിതമാക്കിയിരിക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.