അനിശ്ചിതത്വത്തിെൻറ ചുഴിയിൽ മുങ്ങുേമ്പാഴും ഫലസ്തീൻ ജനത പുലർത്തുന്ന നിശ്ചയദാർഢ്യത്തിെൻറ പൊരുൾ പങ്കുവെക്കുന്നു, ഗസ്സയിലെ മാധ്യമപ്രവർത്തകനും എഴുത്തുകാരനുമായ മുഹമ്മദ് റഫിഖ് മാവീശ്
ഇടിമുഴക്കം കണക്കെയുള്ള സ്ഫോടനങ്ങളും തുടരത്തുടരെയുള്ള വെടിയൊച്ചകളും ഗസ്സയുടെ പ്രശാന്തമായ പ്രഭാതത്തെ നശിപ്പിച്ചിരിക്കുന്നു. 2.3 ദശലക്ഷത്തിലധികം വരുന്ന ഇവിടത്തെ താമസക്കാർ ദുരിതത്തിന്റെയും അമ്പരപ്പിന്റെയും മേഘക്കീറിന് കീഴിലാണിപ്പോൾ.
പോർവിമാനങ്ങളുടെ മുരൾച്ച അടുത്തടുത്തെത്തിയപ്പോൾ ഞാനും എെൻറ കുടുംബവും മങ്ങിയ വെളിച്ചമുള്ള ഒരു മുറിക്കുള്ളിൽ ഒരുമിച്ചിരുന്നു.
വിഡ്ഢിത്തമായിരിക്കാം, എന്നാലും ഈ വീട്ടിലെ ഏറ്റവും സുരക്ഷിതമായ സ്ഥലമാണിതെന്ന പ്രതീക്ഷയാണ് ഞങ്ങൾക്ക്. ഈ മുറിയുടെ പടികളിറങ്ങുേമ്പാൾ നാം സുരക്ഷിതരായിരിക്കുമെന്ന് ആവർത്തിച്ച് ഉറപ്പുപറയുന്നു, എെൻറ ഭാര്യ. പക്ഷേ, ശബ്ദത്തിലെ വിറയലിൽനിന്ന് അവളകപ്പെട്ടിരിക്കുന്ന ഉത്കണ്ഠ തികട്ടിവരുന്നു.
ഏവരിലും ആശയും പ്രതീക്ഷയും പകരാൻ ശ്രമിക്കുേമ്പാഴും കുടുംബത്തിെൻറ മുഖത്ത് പറ്റിച്ചേർന്നിരിക്കുന്ന ഭയവും അന്തരീക്ഷത്തിൽ പരന്നിരിക്കുന്ന ദുർബലതയും അവഗണിക്കാൻ എനിക്കാവുന്നില്ല. ജീവിതത്തിലുടനീളം ഇസ്രായേലുമായുള്ള യുദ്ധങ്ങൾക്ക് സാക്ഷ്യംവഹിച്ച എന്റെ ഉമ്മ എെൻറ മകനെ, അവരുടെ ഒരേയൊരു പേരക്കുട്ടിയെ പുറത്തെ കാതടപ്പിക്കുന്ന യുദ്ധ ഗർജനത്തിൽനിന്ന് രക്ഷിക്കാനെന്ന വണ്ണം നെഞ്ചോട് പറ്റിച്ചേർത്ത് പിടിച്ചിരിക്കുന്നു. ആശ്വാസവാക്കുകൾ മന്ത്രിച്ച്, തലക്ക് മുകളിലൂടെ കുതിച്ചുപറക്കുന്ന എഫ്-16 വിമാനങ്ങളുടെ ശബ്ദം ഇല്ലാതാക്കാനുള്ള സൗമ്യമായ ശ്രമത്തിലാണവർ.
ഉപ്പ, ഉമ്മ, ഭാര്യ, മകൻ, പെങ്ങൾ- ഞങ്ങളെല്ലാവരും ആ മുറിക്കുള്ളിലാണ്. രാവിലെ കളിചിരിയാരവങ്ങൾ മുഴക്കിയിരുന്ന ഞങ്ങളിപ്പോൾ പതിഞ്ഞ ശബ്ദത്തിൽ, അടക്കിപ്പിടിച്ച കണ്ണീരിനാൽ നിശ്ശബ്ദ പ്രാർഥനകളുരുവിടുകയാണ്.
സർവനാശത്തിെൻറ വാർത്തകൾ പുറത്തുനിന്നെത്തുന്നു. വീടുകൾ പുരാതനകാല അവശിഷ്ടങ്ങൾ കണക്കെ തകർന്നടിഞ്ഞു വീഴുന്നതിെൻറയും പുകയുടെയും പൊടിയുടെയും മേഘങ്ങൾ ഉരുണ്ടുകൂടുന്നതിെൻറയും ചിത്രങ്ങൾ. ഓരോ സ്ഫോടനവും ഭൂമിയെ പ്രകമ്പനം കൊള്ളിക്കുന്നു, അതിനൊപ്പം തെരുവുകളിൽ മുഴങ്ങുന്ന മനുഷ്യരുടെ നിലവിളികളും യുദ്ധവിമാനത്തിെൻറ ഇരമ്പവും ഞങ്ങളുടെ ആശങ്കകളെ ആകാശത്തോളമുയർത്തുന്നു.
അത്തരമൊരു അതിയാഥാർഥ്യമായ നിമിഷത്തിൽ, എന്റെ ശബ്ദം എന്റെ ജീവനാഡി മാത്രമല്ല, പലപ്പോഴും ഞങ്ങളുടെ പോരാട്ടത്തിന് ചെവികൊടുക്കാൻ കൂട്ടാക്കാഞ്ഞ ലോകവുമായി ബന്ധിപ്പിക്കുന്ന ഘടകം കൂടിയാണ് എന്ന വിശ്വാസത്തിൽ ഞാൻ ഉറച്ചുനിന്നു. ഇസ്രായേലുമായുള്ള അഞ്ച് നാശകാരികളായ യുദ്ധങ്ങളെ അത്ഭുതകരമായി അതിജീവിച്ച ഒരു മാധ്യമപ്രവർത്തകൻ എന്ന നിലയിൽ എെൻറ ശബ്ദം ഞങ്ങളുടെ സുരക്ഷക്കായുള്ള മുറവിളിയെന്ന നിലയിലെങ്കിലും ലോകവുമായി ബന്ധിപ്പിക്കുന്ന ഒരു കണ്ണിയാണ്.
ദിവസം മുഴുവൻ നഗരത്തിലെ ഓരോ പ്രിയപ്പെട്ടവരെയും ഞങ്ങൾ ഫോണിൽ വിളിച്ചുകൊണ്ടിരുന്നു. അയൽവാസികൾ പരസ്പരം വിളിച്ചന്വേഷിച്ച് സുരക്ഷിതരാണെന്ന് ഉറപ്പുവരുത്തി, തികച്ചും അപരിചിതരായ മനുഷ്യർപോലും തമ്മിൽ വിളിച്ച് ഒന്നിപ്പിെൻറ വാക്കുകൾ പങ്കുവെച്ചു. ഏതുനിമിഷവും ഞങ്ങളും ഉന്നംവെക്കപ്പെട്ടേക്കാൻ എല്ലാ സാധ്യതകളുമുണ്ടെന്നാകിലും ഇതെഴുതുേമ്പാഴും ഞാൻ ധീരനായിരിക്കാൻ ശ്രമിക്കുന്നു. പക്ഷേ, ഈ ധീരതപ്രദർശനത്തിനിടയിലും നിരന്തര ഏറ്റുമുട്ടലുകളുടെ ഒരു ദിവസം മാനസികമായി സൃഷ്ടിക്കുന്ന തളർച്ചയെ നമുക്ക് നിഷേധിക്കാനാവില്ല.
സംഘർഷത്തിന്റെ ആദ്യമണിക്കൂർ നേർപാർത്തവരുടെ കൺകളിൽ ഭയം ഇപ്പോഴും നിഴലിക്കുന്നു. സ്ഫോടനശബ്ദങ്ങൾ ഹൃദയത്തെ വേട്ടയാടിക്കൊണ്ടിരിക്കുന്നു. അനിശ്ചിതത്വം അത്രമേൽ ഭാരപ്പെടുത്തവെ കടന്നുപോകുന്ന ഒാരോ നിമിഷവും ഞങ്ങൾക്ക് ദുഃഖത്തിനെതിരായ പോരാട്ടമായി മാറുന്നു. ഐക്യവും സഹിഷ്ണുതയും മാത്രമാണ് ഗസ്സയിലെ ജനങ്ങളുടെ ഏക ആശ്വാസം.
ഭയത്തിനും നാശത്തിനുമിടയിൽ, രാവ് വന്നപ്പോൾ പ്രതീക്ഷയുടെയും നിശ്ചയദാർഢ്യത്തിന്റെയും വാക്കുകളാണ് ഞങ്ങൾ മന്ത്രിച്ചത്. അധിനിവേശ ആക്രമണങ്ങൾക്കെതിരെ ഒറ്റക്കെട്ടായി നിൽക്കുന്ന ഫലസ്തീനികളുടെ അചഞ്ചല മനോഭാവത്തിന്റെ ദൃഷ്ടാന്തമാണിത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.