കഴിഞ്ഞ വാരാന്ത്യത്തിൽ ദക്ഷിണ ഇസ്രായേലിൽ ഹമാസ് ആക്രമണം ആരംഭിച്ചപ്പോൾതന്നെ, നടക്കുന്ന സംഭവത്തിന്റെ വ്യാപ്തി രേഖപ്പെടുത്താൻ വിവിധ സ്ഥലങ്ങളിൽ ഞാൻ കറങ്ങിനടന്നു. ഒരു ഫോട്ടോ ജേണലിസ്റ്റ് എന്ന നിലയിൽ 2009 മുതൽ ഗസ്സക്കുനേരെയുള്ള ഇസ്രായേൽ ആക്രമണങ്ങൾ ഇസ്രായേലി പക്ഷത്തുനിന്ന് കവർ ചെയ്തുകൊണ്ടിരുന്നയാളാണ് ഞാൻ. എന്നാൽ, ഇത്തരമൊരു സാഹചര്യം ഗ്രൗണ്ടിൽ ഞാൻ ഇതുവരെ കണ്ടതായി ഓർക്കുന്നില്ല. എല്ലാം ആകെ അവതാളത്തിലായ നിലയായിരുന്നു. വിവിധ സ്ഥലങ്ങളും സംഭവങ്ങളും എത്തിപ്പിടിക്കുക എന്നതുതന്നെ ഏറെ വെല്ലുവിളി നിറഞ്ഞതായി തോന്നി. പലപ്പോഴും കാര്യങ്ങൾ എല്ലാം കൈവിട്ടുപോയതുപോലെ. ഞാൻ കണ്ട ദൃശ്യങ്ങളാണ് ഇനി:
ആക്രമണത്തിന്റെ ആദ്യ മണിക്കൂറുകളിൽ ഗസ്സയിൽ നിന്നുള്ള കനത്ത റോക്കറ്റ് വിക്ഷേപണത്തിന് ഇരയായ അഷ്കലോൺ നഗരത്തിൽ എല്ലാം കുഴഞ്ഞുമറിഞ്ഞുകിടന്നു. വേണ്ടത്ര അഗ്നിരക്ഷ, സുരക്ഷ സർവിസുകളില്ല. സ്ഥലത്തെത്തിയവർക്കുതന്നെ വലുതോ ചെറുതോ, ഏത് ഓപറേഷൻ ആദ്യം എന്നു തിട്ടമില്ലാത്ത ബേജാറായിരുന്നു. പല സ്ഥലങ്ങളിലും നാട്ടുകാർതന്നെ തീയും പുകയും കടന്ന് പരിക്കേറ്റവരെ നീക്കംചെയ്യാൻ മുന്നോട്ടുവന്നു. വാഹനങ്ങളും കെട്ടിടങ്ങളും മണിക്കൂറുകളോളം തീയിൽതന്നെയായിരുന്നു. നഗരം മുഴുക്കെ പുക നിറഞ്ഞു.
നഗരം നാനാദിശയിൽനിന്നും അടച്ചുകഴിഞ്ഞതിനാൽ സെദ്റോത്തിൽ എത്തുക ദുഷ്കരമായിരുന്നു. ഇവിടെയും എല്ലാം നിയന്ത്രണാതീതവും നിലയില്ലാസ്ഥിതിയിലുമായിരുന്നു. ഹമാസ് സായുധവിഭാഗം കൊലപ്പെടുത്തിയ ആളുകളുടെ ശരീരങ്ങൾ തെരുവുകളിൽ അങ്ങിങ്ങായി കിടന്നു.
അരദിവസംകൊണ്ടൊന്നും നീക്കംചെയ്താൽ തീരുന്ന യജ്ഞമായിരുന്നില്ല അവിടെ. അടുത്തുള്ള ബസ് സ്റ്റോപ്പിൽ മിനിബസിൽ ഒരു ട്രിപ്പിനുവേണ്ടി ഇറങ്ങിയ എട്ടൊമ്പതു പേരുടെ മൃതദേഹങ്ങൾ കണ്ടു. പൊലീസ് സ്റ്റേഷനു സമീപം ശനിയാഴ്ച ഉച്ചക്കുശേഷവും പരസ്പരം വെടിയുതിർക്കുന്നതു കേട്ടു. തൊട്ടപ്പുറത്ത് ഊഹിക്കാനാവാത്ത ഒരു കാഴ്ച കണ്ടു. രണ്ടു ഹമാസ് വാഹനങ്ങൾ മെഷീൻഗണ്ണുകൾ വഹിച്ച ആളുകളെ കടത്തുന്നു. അഷ്കലോണിൽ എന്നപോലെ അവിടെയും മതിയായ സേനയോ ഫയർ ആൻഡ് റെസ്ക്യൂ സർവിസോ ഉണ്ടായിരുന്നില്ല.
താമസക്കാരെല്ലാം സുരക്ഷയൊന്നുമില്ലാതെ വീട്ടിനകത്ത് വെറുതെ ഒളിച്ചിരുന്നു. തെരുവിലെ കാഴ്ചകൾ ഭീകരമായിരുന്നു. ഈയിടെയായി നാം യുക്രെയ്നിൽ കണ്ടുവരുന്നതിനു സമാനമായിരുന്നു ആ ദൃശ്യങ്ങൾ.
സെദ്റോത്തിനും നെതിവോത്തിനും മധ്യേയുള്ള റോഡിൽ വെടിയേറ്റ വാഹനങ്ങളും മൃതശരീരങ്ങളും കണ്ടു. ഫലസ്തീൻ വാഹനങ്ങളും സായുധസംഘങ്ങളും ചുറ്റിക്കറങ്ങി. അവിടെ മരിച്ചവരിൽ ചിലർ ‘കിബുത്സ് റെയ്ം’ ഉത്സവത്തിൽനിന്നു രക്ഷതേടിയോടി വഴിമധ്യേ കൊല്ലപ്പെട്ടവരായിരുന്നു.
ഒരിടത്ത് ഞങ്ങൾ മാധ്യമപ്രവർത്തകർ പത്തുപേർ ദൃശ്യങ്ങൾ പകർത്തുന്നതിനിടെ ഫലസ്തീൻ തോക്കുധാരികൾ വെടിയുതിർത്തു. ഇസ്രായേൽ സൈന്യം എത്തുന്നതുവരെ ഞങ്ങൾ നിലത്തുകിടന്നു. ആഘോഷച്ചടങ്ങിൽ പങ്കെടുത്തു മടങ്ങുന്നവരുടെ വസ്ത്രങ്ങളും തമ്പുപകരണങ്ങളുമൊക്കെ അവിടെ നിലത്തു കുമിഞ്ഞുകൂടിക്കിടന്നു.
ഞായറാഴ്ച രാവിലെ വൻതോതിൽ ഇസ്രായേൽ സൈന്യം തെക്കുഭാഗത്തെത്തി. പ്രധാന നിരത്തുകളിലൂടെ ടാങ്കറുകൾ കാരിയറുകൾ ഒഴിവാക്കി നേരെ റോഡിലിറങ്ങിയതു കണ്ടാലറിയാം, അതൊന്നും ചിട്ടപ്പെടുത്തി ഇറക്കാൻ സൈന്യത്തിനു സമയം കിട്ടിയില്ലെന്ന്. നാലാം നമ്പർ ഹൈവേയിൽ അഷ്കലോണിനും സികിമിനും മധ്യേ, ഒരു പൊലീസ് ചെക്പോയന്റ് ഉണ്ടായിരുന്നു. റോഡ് സൈഡിൽ ഒരു തടവുകാരൻ പൊലീസ് ടാപ്പുകൊണ്ട് കണ്ണുകെട്ടി അടിവസ്ത്രം മാത്രം ധരിച്ച നിലയിൽ പൊലീസ് ഓഫിസർമാരുടെ കാവലിൽ കിടക്കുന്നതു കണ്ടു.
ഫലസ്തീൻ തീവ്രവാദികളിൽനിന്ന് സെദ്റോത് പൊലീസ് സ്റ്റേഷന്റെ നിയന്ത്രണം തിരിച്ചുപിടിക്കാൻ ഇസ്രായേൽ സേനക്ക് ഞായറാഴ്ച രാവിലെ വരെ സമയമെടുത്തു. രായ്ക്കുരാമാനം അവർ കെട്ടിടം അകത്തുനിന്നു ബാരിക്കേഡ് കെട്ടി ഭദ്രമാക്കിയിരുന്നു. സ്റ്റേഷൻ തിരിച്ചുപിടിക്കാൻ കെട്ടിടത്തിന്റെ ചില ഭാഗങ്ങൾ ബുൾഡോസർവെച്ച് പൊളിക്കേണ്ടിവന്നു. ഞായറാഴ്ച ഉച്ചതിരിഞ്ഞും ബോംബ് സ്ക്വാഡും സൈനികരും കെട്ടിടത്തിനകം പരിശോധിച്ച് തീവ്രവാദികളുടെ ശരീരങ്ങളും ആയുധങ്ങളും കണ്ടെടുത്തുകൊണ്ടിരുന്നു.
ഉച്ചതിരിഞ്ഞ് തെക്കൻ സെദ്റോത്തിൽ എത്തിയപ്പോൾ തീവ്രവാദികളുടെ മൃതദേഹങ്ങളും അതിർത്തിവേലികൾ പൊളിക്കാൻ കൊണ്ടുവന്ന ഉപകരണങ്ങളും-കവചിത വാഹനങ്ങൾ, മോട്ടോർ സൈക്കിളുകൾ എന്നിങ്ങനെ- റോഡിൽ കിടക്കുന്നതു കണ്ടു. അവരുടെ നേരത്തേയുള്ള മുന്നൊരുക്കത്തിന്റെ സാക്ഷ്യങ്ങളായിരുന്നു അവ.
പഴയ അഷ്കലോണിൽ അതിദരിദ്രരുടെ ഒരു കോളനിയിലെ താമസക്കാരൻ തങ്ങൾക്കു പാർപ്പിടമില്ലെന്ന് പരിതപിച്ചു. കെട്ടിടാനുമതിക്ക് അപേക്ഷിച്ചിട്ടും ഇന്നുവരെ കിട്ടിയിട്ടില്ല. ഉള്ള പാർപ്പിടങ്ങളാകട്ടെ ഏറെ ദൂരെയാണ്. ഹമാസിന്റെ ആദ്യറൗണ്ട് മിസൈൽ ആക്രമണങ്ങളിൽ ഇവിടെയും കഷ്ടനഷ്ടങ്ങളുണ്ടായി. അതിനിടെ, ഇസ്രായേലി സൈനികർ സെദ്റോത്തിൽ അപ്പോഴും തുടർന്ന ഷെല്ലിങ്ങിൽനിന്നു രക്ഷതേടി ഒളിച്ചുനിൽക്കുന്നതു കണ്ടു. അപ്പുറത്തൊരു തുറന്ന സ്ഥലത്ത് ടാങ്കുകളിൽ കയറിയ സൈനികർ ഗസ്സ അതിർത്തിക്കുനേരെ തിരിക്കുന്നതു കണ്ടു.
ഗ്രാമങ്ങളിൽ ഇസ്രായേൽ ഭരണകൂടത്തിന്റെ അനുമതിയോടെ മാധ്യമപ്രവർത്തകരുടെ പര്യടനം കഴിഞ്ഞശേഷം പ്രസിദ്ധീകരിക്കപ്പെട്ട ‘ഹമാസ് കഴുത്തറുത്തു കൊന്ന കുഞ്ഞുങ്ങളുടെ’ വാർത്തയുമായി ബന്ധപ്പെട്ട് ധാരാളം അന്വേഷണങ്ങൾ എനിക്കു കിട്ടി.
പര്യടനത്തിനിടക്ക് ഞങ്ങൾക്ക് അതിനു തെളിവൊന്നും കിട്ടിയില്ല. അത്തരം സംഭവങ്ങളെക്കുറിച്ച് സൈനികവക്താക്കളോ കമാൻഡർമാരോ ഞങ്ങളോട് സൂചിപ്പിച്ചതുമില്ല. ആ പര്യടനത്തിനിടെ സൈനികവക്താവിന്റെ നിയന്ത്രണത്തിലല്ലാതെതന്നെ നൂറുകണക്കിന് സൈനികരുമായി സംസാരിക്കാൻ മാധ്യമപ്രവർത്തകരെ അനുവദിച്ചിരുന്നു. ‘ഐ ട്വന്റി ഫോർ’ ചാനൽ റിപ്പോർട്ടർ ഈ വാർത്ത ‘സൈനികരിൽ’നിന്നു കേട്ടതായി പറഞ്ഞു. കഫർ ആസയിൽ ഞാൻ സംസാരിച്ച സൈനികരൊന്നും അക്കാര്യം പറഞ്ഞില്ല.
സൈനികവക്താവിന്റെ പ്രതികരണം ഇതായിരുന്നു: ‘‘ഈ സമയത്ത് ഞങ്ങൾക്ക് അത് സ്ഥിരീകരിക്കാൻ കഴിയില്ല... ഹമാസിന്റെ ചെയ്തികളെക്കുറിച്ച് നല്ല ബോധ്യമുള്ളവരാണ് ഞങ്ങൾ.
’’ യുദ്ധക്കുറ്റങ്ങളൊന്നും ഉണ്ടായില്ല എന്ന് ഇതിനർഥമില്ല. കഫർ ആസയിൽ വീടുകൾക്കുള്ളിൽ കൊല്ലപ്പെട്ട ഇസ്രായേലികളുടെ കാഴ്ച ഭീകരമായിരുന്നു. ദുഃഖകരമെന്നു പറയട്ടെ, ഇസ്രായേൽ ഇനി ഇത്തരം കള്ളവാദങ്ങൾ ഗസ്സക്കുമേലുള്ള ബോംബിങ് വർധിപ്പിക്കാൻ ആയുധമാക്കും; അവിടത്തെ യുദ്ധക്കുറ്റങ്ങൾ ന്യായീകരിക്കാനും.
(തെൽഅവീവിൽ ‘ലോക്കൽ കാൾ’ ഇസ്രായേലി പത്രത്തിന്റെ ലേഖകനും ഫോട്ടോജേണലിസ്റ്റുമാണ് ലേഖകൻ)
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.