ഇസ്രായേൽ നിയന്ത്രണത്തിലുള്ള എറെസ് ക്രോസിങ് കടന്ന അവർ തങ്ങളുടെ ആഘോഷം മൊബൈൽഫോണുകളിൽ പകർത്തി. ഗസ്സയിലെ രണ്ടു ദശലക്ഷം നിവാസികളിൽ ഭൂരിപക്ഷത്തിനും അനുമതി കിട്ടാത്ത അവരുടെ സ്വന്തം ഇടമാണത്. ഇക്കാലമത്രയും ആയിരക്കണക്കിന് ഫലസ്തീൻകാരായ രോഗികൾക്ക് അധിനിവിഷ്ട വെസ്റ്റ് ബാങ്കിലേക്ക് വൈദ്യചികിത്സക്കു പോകാനുള്ള വഴിയടച്ച ഭാഗം. കഴിഞ്ഞ വർഷം ഈ വഴിതടയൽ കാരണം 19 മാസം പ്രായമുള്ള ശിശുവടക്കം നാലു രോഗികൾ ആ അതിർത്തിയിൽ മരിച്ചുവീണു
പതിറ്റാണ്ടുകൾക്കിടെ ഇതാദ്യമായി ഫലസ്തീനികളുമായുള്ള സംഘർഷത്തെ ഇസ്രായേൽ യുദ്ധമെന്നു വിളിച്ചു. ഞങ്ങൾ യുദ്ധത്തിലാണ്- ഒക്ടോബർ ഏഴിന് ശനിയാഴ്ച, വെളുപ്പിന് ഹമാസ് നടത്തിയ സൈനിക ആക്രമണത്തെ തുടർന്ന് റെക്കോഡ് ചെയ്ത പ്രസ്താവനയിൽ ഇസ്രായേൽ പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹു പറഞ്ഞു. എന്നാൽ, ഫലസ്തീനികൾക്ക് യുദ്ധം എന്നേ ഒരു ശാശ്വതയാഥാർഥ്യമാണ്. കഴിഞ്ഞ ഏഴു പതിറ്റാണ്ടായി അവരുടെ ദൈനംദിന ജീവിതത്തെ രൂപപ്പെടുത്തിയ യാഥാർഥ്യം. ഏഴര ലക്ഷം ഫലസ്തീനികളെ അവരുടെ നഗരങ്ങളിൽനിന്നും ഗ്രാമങ്ങളിൽനിന്നും കുടിയിറക്കിയ 1948 ലെ ഫലസ്തീൻ നക്ബക്കുശേഷം തുടർച്ചയായി വന്ന ഇസ്രായേലി ഗവൺമെന്റുകൾ നൂറുകണക്കിന് മനുഷ്യാവകാശ ലംഘനങ്ങളാണ് നടത്തിയത്. വംശഹത്യ, വിവേചനഭരണം അഥവാ അപാർതൈറ്റ്, കൂട്ടക്കൊല തുടങ്ങി അന്താരാഷ്ട്ര നിയമമനുസരിച്ചുള്ള യുദ്ധക്കുറ്റങ്ങളായിരുന്നു അവയൊക്കെ. തങ്ങളുടെ നിലനിൽപിനെതിരായ നിതാന്തയുദ്ധത്തിന്റെ ഭാഗമാണ് ഇസ്രായേലിന്റെ ചെയ്തികളെന്ന് ഇക്കാലമത്രയും ഫലസ്തീനികൾ പറഞ്ഞുകൊണ്ടിരുന്നു. അപ്പോഴും ഇസ്രായേൽ നിർബാധം അവരുടെ അതിക്രമങ്ങൾ തുടർന്നുവന്നു, പിന്നിട്ട മുക്കാൽ ശതകത്തിലേറെ കാലം.
ശനിയാഴ്ച രാവിലെ 6.30ന് ഉപരോധിത ഗസ്സ ചീന്തിന്റെ മറുതലക്കൽനിന്ന് സ്ഫോടനശബ്ദം കേട്ടുകൊണ്ടാണ് ഗസ്സക്കാർ ഉണരുന്നത്. ഇത്തവണ അത് ഇസ്രായേലി സൈനിക ആക്രമണമായിരുന്നില്ല. ഇസ്രായേലിലെ വിവിധ പട്ടണങ്ങളിലേക്കും ഗ്രാമങ്ങളിലേക്കും ഫലസ്തീൻ കുടിൽനിർമിത റോക്കറ്റുകൾ വിക്ഷേപിക്കപ്പെടുന്ന ശബ്ദമായിരുന്നു അത്. ഏതാനും മിനിറ്റുകൾക്കുശേഷം സൈനിക ഓപറേഷന്റെ ഫൂട്ടേജുകൾ സോഷ്യൽ മീഡിയ വഴി പരന്നുതുടങ്ങി. പതിനേഴു വർഷത്തിനിടെ ആദ്യമായി ഗസ്സയിലെ ഫലസ്തീനികൾ ഇസ്രായേലിലേക്കും അധിനിവിഷ്ട ഫലസ്തീൻ പ്രദേശങ്ങളിലേക്കും നിയന്ത്രണമില്ലാതെ നുഴഞ്ഞുകയറുന്നത് എല്ലാവരും കണ്ടു. ആ പോരാളികളിൽ അധികവും ഇതുവരെ ഗസ്സയുടെ പുറം അതിരുകൾ കാണാത്തവരായിരുന്നു.
ഇസ്രായേൽ നിയന്ത്രണത്തിലുള്ള എറെസ് ക്രോസിങ് കടന്ന അവർ തങ്ങളുടെ ആഘോഷം മൊബൈൽഫോണുകളിൽ പകർത്തി. ഗസ്സയിലെ രണ്ടു ദശലക്ഷം നിവാസികളിൽ ഭൂരിപക്ഷത്തിനും അനുമതി കിട്ടാത്ത അവരുടെ സ്വന്തം ഇടമാണത്. ഇക്കാലമത്രയും ആയിരക്കണക്കിന് ഫലസ്തീൻകാരായ രോഗികൾക്ക് അധിനിവിഷ്ട വെസ്റ്റ് ബാങ്കിലേക്ക് വൈദ്യചികിത്സക്കുപോകാനുള്ള വഴിയടച്ച ഭാഗം. കഴിഞ്ഞ വർഷം ഈ വഴിതടയൽ കാരണം 19 മാസം പ്രായമുള്ള ശിശുവടക്കം നാലു രോഗികൾ ആ അതിർത്തിയിൽ മരിച്ചുവീണു. 2007ൽ ഉപരോധം അടിച്ചേൽപിക്കപ്പെട്ടശേഷം ഇന്നോളം അനുഭവിച്ചിട്ടില്ലാത്ത സ്വാതന്ത്ര്യബോധത്തോടെ അധിനിവിഷ്ട പ്രദേശങ്ങളിലേക്ക് വാനിലും ബൈക്കിലും കാൽനടയായും സായുധരും നിരായുധരുമായ ഡസൻകണക്കിന് ഫലസ്തീനികൾ കുതിക്കുകയായിരുന്നു.
അൽ അഖ്സ പള്ളിയും ജറൂസലമും കളങ്കപ്പെടുത്തിയതിനും ഫലസ്തീനികളുടെനേരെ അധിനിവിഷ്ട പ്രദേശത്ത് താമസിക്കുന്നവർ നടത്തുന്ന അതിക്രമത്തിനുമുള്ള മറുപടി എന്ന നിലയിലാണ് സായുധവിഭാഗമായ അൽഖസ്സാം ബ്രിഗേഡ് ഈ ആക്രമണം നടത്തിയത് എന്നാണ് ഹമാസിന്റെ വിശദീകരണം. ആക്രമണം ‘ആകസ്മിക’മാണെന്നു പറയുമ്പോഴും രൂക്ഷതരമായ സംഭവങ്ങൾ കഴിഞ്ഞ കുറേ നാളുകളായി പെരുകിവരുകയായിരുന്നു.
ഏതാനും മാസങ്ങളായി ഇസ്രായേൽ ഉപരോധം മുറുക്കുകയും അധിനിവിഷ്ട പ്രദേശത്തുടനീളം അതിക്രമങ്ങൾ കൂട്ടിവരുകയുമായിരുന്നു. 2023 ലെ ആദ്യ ഒമ്പതുമാസങ്ങളിൽ മാത്രം ഇസ്രായേൽ ചുരുങ്ങിയത് 230 ഫലസ്തീനികളെ കൊന്നിട്ടുണ്ട്. തൊട്ടു മുൻവർഷത്തേക്കാൾ ഏറെ കൂടുതലാണിത്. യു.എൻ കണക്കനുസരിച്ച് 2005 മുതൽ നടന്നുവരുന്ന നിലവിലെ സംഘർഷകാലയളവിലെ ഏറ്റവും ഉയർന്ന അപായനിരക്കാണിത്.
ഈ വർഷത്തിന്റെ ആദ്യപാതിയിൽ മാത്രം 1148 തവണയാണ് അധിനിവിഷ്ട ഭൂമിയിലെ അനധികൃത താമസക്കാർ ഫലസ്തീനികളെ ആക്രമിച്ചത്. കഴിഞ്ഞ വർഷം ഇതുപോലുള്ള 1187 അതിക്രമങ്ങളാണ് രേഖപ്പെടുത്തപ്പെട്ടത്. ഇസ്രായേലി സേനയുടെയും അനധികൃത താമസക്കാരുടെയും ക്രൂരകൃത്യങ്ങൾ ഫലസ്തീൻ പ്രദേശത്തുടനീളം അതിക്രമങ്ങൾ അഭൂതപൂർവമായ രീതിയിൽ വർധിക്കുന്നതിന്റെ അടയാളമായിരുന്നു. ചോദിക്കാനും പറയാനും ആരുമില്ലാത്ത, നിരുത്തരവാദപരമായ ചെയ്തികളായിരുന്നു അവരുടേത്.
ഈ വർഷം ആദ്യം തൊട്ടേ അതിക്രമങ്ങളുടെ വർധനയെക്കുറിച്ച് ഗസ്സ നിവാസികൾ സംസാരിക്കുന്നുണ്ട്. അധിനിവിഷ്ട പ്രദേശങ്ങളിൽ ഓരോ ആക്രമണം നടക്കുമ്പോഴും ഈ ചർച്ചയുയർന്നു വരാറുണ്ട്. അവരെ സംബന്ധിച്ചിടത്തോളം ഫലസ്തീൻ സായുധവിഭാഗങ്ങൾ ഇസ്രായേലിനെതിരെ കഴിഞ്ഞ വാരാന്ത്യം നടത്തിയ ആക്രമണം അളവിലും സ്വഭാവത്തിലും ആശ്ചര്യജനകമൊന്നുമല്ല. എന്നാൽ, ഇസ്രായേൽ-ഫലസ്തീൻ സംഘർഷചരിത്രത്തിൽ അഭൂതപൂർവമായിരുന്നു അത്. ഇസ്രായേലിന്റെ പ്രതികരണം ഗസ്സ മുനമ്പിൽ അവർ നേരത്തേ നടത്തിയ ആക്രമണങ്ങളിൽനിന്നു കാര്യമായ വ്യത്യാസത്തിലൊന്നുമായിരിക്കില്ല എന്നുതന്നെയാണ് പ്രതീക്ഷിക്കപ്പെടുന്നത്. 2008-2009, 2014, 2021 വർഷങ്ങളിൽ നടത്തിയ സൈനികാതിക്രമങ്ങളിൽ ഇസ്രായേൽ കുടുംബങ്ങളെ നിശ്ശേഷം തകർത്തു, കോളനികളെ നിലംപരിശാക്കി, ഉപരോധിത പ്രദേശത്തെ അത്യാവശ്യ അടിസ്ഥാനാവശ്യ ഉപാധികൾ ഒന്നൊഴിയാതെ നശിപ്പിച്ചു.
ഇസ്രായേലിന്റെ പുതിയ അധിനിവേശം ദീർഘകാലത്തേക്കു നീളുമെന്നുതന്നെയാണ് ഗസ്സക്കാർ കരുതുന്നത്. ഏഴു ദശകങ്ങൾ നീണ്ട അറ്റമില്ലാത്ത ക്രൂരകൃത്യങ്ങൾ അനുഭവിച്ച അവർക്ക് ഒന്നറിയാം: ഈ മുനമ്പിനുനേരെ അവർക്ക് ഇനിയും ഒരു നശീകരണാക്രമണം നടത്താൻ പറയത്തക്ക നിമിത്തങ്ങളൊന്നും വേണ്ട.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.