കണ്ണുകൾക്ക്​ വിശ്വസിക്കാനാവാത്ത ഗസ്സ

ഗസ്സയിൽ താമസിക്കുന്ന ഫലസ്​തീൻ കവിയും കഥാകൃത്തുമായ മിസ്​അബ്​ അബൂതാഹ യുദ്ധജീവിതം പറയുന്നു

ഗസ്സ എന്ന ഈ ജയിലിൽ ഒരു ബോംബ്​ വീഴുന്ന ഒച്ച കേൾക്കുമ്പോൾ ഞങ്ങൾ സ്വയം ചോദിക്കും: ‘‘ഇത്​ എന്‍റെ ഊഴമാണോ?’’

വടക്കൻ ഗസ്സയിലെ ബൈത്ത്​ ലാഹിയയിലാണ്​ എന്‍റെ താമസം. അതിർത്തിയിലേക്ക്​ അവിടെ നിന്ന്​ വെറും രണ്ടുമൈൽ മാത്രമാണ്​ ദൂരം. അവിടെയായിരുന്നു കഴിഞ്ഞ ശനിയാഴ്​ച രാവിലെ ഏഴിന്​ ഗസ്സയുടെ സാധാരണ ജീവിതം മറ്റെന്തോ ആയി മാറി മറിഞ്ഞ സംഭവം. ഞാൻ അധ്യയനം നടത്തുന്ന സ്കൂളിലേക്ക്​ തിരിക്കുകയാണ്​. കാർ എന്നെ കൂട്ടാൻ വരുന്നു. ഏഴു വയസ്സുകാരി മകൾ യാഫ അവളുടെ സ്കൂൾ ബസിന്​ കാത്തുനിൽക്കാൻ ഇറങ്ങുകയാണ്​. പൊടുന്നനെ ഒരു റോക്കറ്റ്​ ആകാശത്തിലൂടെ കുതിച്ചുപോകുന്നത്​ കണ്ടു.

ഭാര്യ എന്നോട്​ ഉറപ്പിച്ചു പറഞ്ഞു: ‘‘അതെന്തോ ടെസ്റ്റ്​ ആയിരിക്കും. അവർ കടലിനു നേരെയാണല്ലോ അത്​ പായിക്കുന്നത്​’’. അവൾ പറഞ്ഞത്​ ശരിയാകാം. ‘സമാധാന’സമയത്തും ചില​പ്പോൾ ഇങ്ങനെ ഉണ്ടാകാറുണ്ട്​. എന്നാൽ അടുത്ത റോക്കറ്റ്​ ഇസ്രായേലിനു നേരെ പായുന്നതാണ്​ കണ്ടത്​. പിന്നെ എല്ലാ ദിക്കുകളിൽനിന്നും റോക്കറ്റുകൾ തുരുതുരാ പറന്നു.

അതിർത്തിക്കടുത്ത ഇസ്രായേൽ പട്ടണങ്ങളിൽ ഗസ്സയിൽ നിന്നുള്ള ഡസൻകണക്കിനു സായുധ പോരാളികൾ നുഴഞ്ഞുകയറിയത്​ ഞങ്ങൾ അറിഞ്ഞിരുന്നില്ല. ഏതാണ്ട്​ രണ്ടു മണിക്കൂർ കഴിഞ്ഞ്​ ഗസ്സയിൽനിന്നു കടന്നുകയറിയവർ ഇസ്രായേലി ഭടന്മാരെയും സിവിലിയന്മാരെയും കൊല്ലുന്നതിന്‍റെയും അവരെ തടവിൽ പിടിക്കുന്നതിന്‍റെയും ​ഫോട്ടോകളുടെയും വിഡിയോകളുടെയും പ്രളയമായിരുന്നു. ആർക്കും സ്വന്തം കണ്ണുകളെ വിശ്വസിക്കാനായില്ല.

അളിയൻ മുഹമ്മദ്​ വണ്ടിയോടിച്ചു വന്നു അരികിൽ നിർത്തി ചോദിച്ചു: ‘‘ആർക്കെങ്കിലും മാർക്കറ്റിൽ പോകണമെന്നുണ്ടോ?’’

ഇത്തരം സന്ദർഭങ്ങളിൽ ഞങ്ങൾ ആദ്യം ശ്രദ്ധിക്കുന്നത്​ അവശ്യസാധനങ്ങൾ വാങ്ങിവെക്കാനാണ്​. ലിസ്റ്റിൽ പ്രഥമം ​റൊട്ടി തന്നെ. വീട്ടിൽ കുഴച്ചുണ്ടാക്കാൻ ​പൊടിയുണ്ടാകാമെങ്കിലും വൈദ്യുതിയെ നമ്പാൻ കഴിയില്ല. ഞങ്ങൾ ഷോപ്പിങ്​ സെന്‍ററിലേക്ക്​ ഇറങ്ങി.

കുറച്ച്​ ചിക്കനും കക്കരിയും വെണ്ണപ്പഴവും ഞാൻ ഒപ്പിച്ചെടുത്തു. ഡസൻകണക്കിനാളുകൾ റൊട്ടിക്കു വരിനിൽക്കുന്നു. ഉന്തും തള്ളും കൂടുന്നു. ഷോപ്പ്​ ഉടമ ഷട്ടർ താഴ്ത്തുന്നു. വേറെ എവിടെയെങ്കിലും കയറി നോക്കാം.

പുറത്തിറങ്ങിയപ്പോൾ ജനക്കൂട്ടം ഫലസ്തീൻ പതാകയുമേന്തി ​തെരുവിലിറങ്ങിയിരിക്കുന്നു. അവർ പോരാളികളെ പുകഴ്ത്തിപ്പാടി. ലോകത്തെ ഏറ്റവും ജനസാന്ദ്രതയേറിയ ​ഇടമായ ജബലിയ്യ അഭയാർഥി ക്യാമ്പിനടുത്തെത്തിയപ്പോൾ ബേക്കറികളും ഷോപ്പുകളും തിങ്ങിനിറഞ്ഞിരിക്കുന്നു. പെട്ടെന്ന്​ ഒരു ഇസ്രായേലി പട്ടാളജീപ്പ്​ നഗരത്തി​ലെത്തി. അതു ഈ ജനക്കൂട്ടത്തിന്‍റെ പിടിയിലായി. ആഹ്ലാദഭരിതരായ കുട്ടികൾ അതിനെ വളഞ്ഞു. അതിന്‍റെ മുൻവശത്തെ ഇടത്തെ ചക്രം കത്തിത്തുടങ്ങി. റൊട്ടി കിട്ടാതെ ചിക്കനും കക്കരിയും വെണ്ണപ്പഴവുമായി തൽക്കാലം വീട്ടിലേക്കു മടങ്ങി. പരിക്കേറ്റവരും തടവിലായവരുമായ ഇസ്രായേലികളുടെ പടങ്ങൾ എന്നെ വേട്ടയാടാൻ തുടങ്ങി. അത്രയും സൂക്ഷ്മനിരീക്ഷണത്തിലുള്ള അതിർത്തി ഭേദിക്കാൻ ഗസ്സയിലെ പോരാളികൾക്ക്​ എങ്ങനെ കഴിഞ്ഞു? ഇത്രയും ഭടന്മാരെ കൊലപ്പെടുത്താനും മറ്റുള്ളവരെ തടവിൽ പിടിക്കാനും എങ്ങനെ കഴിഞ്ഞു. ഇനിയെന്ത്​ എന്ന്​ ഊഹിക്കാവുന്നതേയുള്ളൂ. ഇസ്രായേൽ നൂറുകണക്കിന്​, ചിലപ്പോൾ ആയിരക്കണക്കിന് സിവിലിയന്മാരെ കൊന്നുതള്ളും. ഞാൻ ഇന്നോളം ഇത്ര അസ്വസ്ഥനായിട്ടില്ല.

ഗസ്സക്കാർ ഉടൻ സ്ഥലം വിടണമെന്ന ഇസ്രായേൽ പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹുവിന്‍റെ പ്രസ്താവന ഞങ്ങൾ കേട്ടു. ഞാൻ സ്വയം ചോദിച്ചു: ഞങ്ങൾ എവിടെ പോകാനാണ്​? ഞങ്ങ​ളുടെ ഉപ്പാപ്പമാർ 1948ൽ അവരുടെ വീട്​ വിട്ടുപോന്നതാണല്ലോ?

ഞങ്ങൾക്ക്​ അഭയകേന്ദ്രങ്ങളില്ല, വ്യോമാക്രമണ മുന്നറിയിപ്പ്​ നൽകുന്ന സംവിധാനമില്ല. ഒരു സേനയില്ല.

ഇന്നി​പ്പോൾ ഇത്​ നാലാം ദിനമാണ്​. ചുരുങ്ങിയത്​ 900 ഗസ്സക്കാരെങ്കിലും കൊല്ലപ്പെട്ടു. അതിൽ പകുതിയും സ്ത്രീകളും കുഞ്ഞുങ്ങളുമാണ്​. അത്​ ഞങ്ങൾക്ക്​ പുതിയതല്ല. തിങ്കളാഴ്ച അമ്മായി വിളിച്ചുപറഞ്ഞത്​ ഗർഭിണിയായ കസിൻ കൊല്ലപ്പെട്ട വിവരമായിരുന്നു. അവരുടെ വീടിനടുത്ത പള്ളിക്കു നേരെ നടന്ന​ വ്യോമാക്രമണത്തിലായിരുന്നു അത്​. 33 വയസ്സായിരുന്നു ദുആക്ക്​. അവൾക്കു 14 വയസ്സുള്ള​പ്പോൾ 2004ൽ പിതാവും ഇതുപോലെ ഇസ്രായേൽ ആക്രമണത്തിൽ കൊല്ലപ്പെട്ടതാണ്​.

കഴിഞ്ഞ 90 മണിക്കൂറുകൾക്കുള്ളിൽ വെറും ഏഴു മണിക്കൂർ മാത്രമാണ്​ ഞങ്ങൾക്ക്​ വൈദ്യുതി കിട്ടിയത്​. ആറു മണിക്കൂർ നേരം ​വെള്ളവും. കുടുംബത്തിനു ഭക്ഷണം വാങ്ങാൻ പുറത്തിറങ്ങാൻ എനിക്ക്​ പേടിയാണ്​. വീടിനു മുകളിൽ കയറി ​ബാരലുകളിൽ ഇനിയെത്ര വെള്ളം ബാക്കിയുണ്ട്​ എന്നു നോക്കാൻ പോലും കഴിയുന്നില്ല. എപ്പോഴും ഞങ്ങൾക്ക്​ ഇവിടെനിന്ന്​ ഇറങ്ങി ഓടേണ്ടി വരാം. അഞ്ചാളുകൾ ഉപയോഗിച്ച ശേഷം ടോയ്​ലറ്റിൽ ഫ്ലഷ്​ ഉപയോഗിച്ചാൽ മതി എന്ന് ഉപ്പയുടെ കർശനനിർദേശം. ഉണങ്ങിയ ശീലകളിൽ കൈകൾ തുടച്ചേക്കൂ. ബാത്​റൂമിൽ ഷവർ ഉപയോഗിക്കരുത്​. പാത്രങ്ങൾ കഴുകാൻ പരമാവധി കുറച്ച്​ വെള്ളം മാത്രം’’.

റൊട്ടി സംഘടിപ്പിക്കുന്നതു തന്നെ അപായകരമായി തീർന്നിരിക്കുന്നു. തിങ്കളാഴ്ച ബേക്കറിക്ക് പുറത്ത് ഒരു മണിക്കൂർ ചെലവിടേണ്ടി വന്നു. അപ്പുറത്ത്​ ജബലിയ്യ ക്യാമ്പിലെ ഒരു ഷോപ്പിങ്​ സെൻററിൽ വ്യോമാക്രമണം നടന്നതായി അവിടെ വന്ന ഒരു സുഹൃത്ത്​ പറഞ്ഞു. അവിടെ പോയി ഫുഡ്​ വാങ്ങാനും കറൻസി മാറാനും കരുതിയിരുന്നതാണ്​ ഞാൻ. ഞാൻ വീട്ടിലെത്തി അരമണിക്കൂർ കഴിഞ്ഞ്​ വാർത്തവന്നു: ആക്രമണത്തിൽ അമ്പതിലേറെ പേർ കൊല്ലപ്പെട്ടിരിക്കുന്നുവെന്ന്​. അവയവങ്ങൾ നഷ്ടപ്പെട്ട മൃതശരീരങ്ങൾ...മുഖം തിരിച്ചറിയാനാവാത്ത നിലയിൽ. എന്നിട്ടും അതിനെ ശരീരങ്ങളെന്നു പറയാമോ?

ചോരയിൽ കുതിർന്ന വെണ്ണപ്പഴങ്ങൾ ഞാൻ കണ്ടു, തകർന്ന ഒരു ഉന്തുവണ്ടിക്കും ഏതാനും മൃതദേഹങ്ങൾക്കുമിടയിൽ. ഇനിയും അതിനെ വെണ്ണപ്പഴമെന്നു വിളിക്കാമോ? ഇനി ആ പഴം എനിക്ക്​ തിന്നാൻ കഴിയുമോ?

വരുംദിനങ്ങളിൽ കൂടുതൽ ബോംബുകൾ വീഴുന്നത്​ ഞങ്ങൾ കേൾക്കും. പേടിച്ചരണ്ട്​ ഞങ്ങൾ കാത്തിരിക്കും: ‘‘ഇത്തവണ എന്‍റെ ഊഴമാകുമോ’’

സ്​ഫോടനത്തിന്‍റെ മിന്നൽ വെളിച്ചം കാണുമ്പോൾ ഞങ്ങൾ രക്ഷപ്പെട്ടിരിക്കുന്നു എന്നു മനസ്സിലാകും. അതിൽപെട്ടാൽ പിന്നെ മരണമല്ലേയുള്ളൂ. അപ്പോൾ അത്​ മറ്റാരുടെയോ ഊഴമായിരിക്കും. പിന്നെ ഞങ്ങൾ വിലാപം ഓർത്തെടുക്കും.

Tags:    
News Summary - israel palestine conflict

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-11-14 01:21 GMT