ലോകത്തിന് വായിക്കാൻ ഗസ്സയിൽനിന്ന് അബ്ദുല്ല അയ്മൻ എന്ന13 വയസ്സുകാരൻ എഴുതിയത്
ഓരോ തവണ വെടിമുഴക്കം കേൾക്കുമ്പോഴും ഞാൻ എന്നോട് പറയും
‘‘എനിക്ക് ജീവിതത്തിൽ പലതും പഠിക്കാനും നേടാനുമുണ്ട്, എനിക്ക് മരിക്കാൻ നേരമായിട്ടില്ല. ഒരുപക്ഷേ എനിക്ക് ഭാസുരമായ ഒരു ഭാവിയുണ്ടാവാം, എന്നെപ്പോലുള്ള ഓരോ കുഞ്ഞുങ്ങൾക്കും...’’
രക്തരൂഷിതമായ ഈ യുദ്ധം വൻതോതിൽ നാശനഷ്ടങ്ങൾ സൃഷ്ടിക്കുകയും സാധാരണക്കാരായ മനുഷ്യർ നിരന്തരം ഇരകളാക്കപ്പെടുകയും ചെയ്യുമ്പോഴും ലോകം ടി.വികൾക്ക് മുന്നിൽ നിശ്ശബ്ദരായി ഇരിക്കുകയാണ്. ഗസ്സയും ഇവിടത്തെ ജനങ്ങളും ദുഷിച്ച, ദയയില്ലാത്ത ഇസ്രായേലി അധിനിവേശത്തിന് മുന്നിൽ പിടിച്ചുനിൽക്കുന്നു,
അന്താരാഷ്ട്ര നിയമങ്ങൾ പ്രകാരം സംരക്ഷിക്കപ്പെടേണ്ട ഫലസ്തീൻ ജനതക്കു നേരെ 1948 മുതൽ 75 വർഷമായി കുറ്റകൃത്യങ്ങൾ നടത്തുകയാണ് ഇസ്രായേൽ.
ലോകത്തോട് ഒഴികഴിവുകളും നുണകളും നിരത്തുന്നതിനാൽ ശക്തമായ രാഷ്ട്രങ്ങളുടെ പിന്തുണയോടെ അവർക്കീ കൊലപാതക പരമ്പരകൾ തുടരാനാകുന്നു.
നമുക്കു വേണ്ട എല്ലാത്തരം സാധനങ്ങളും കിട്ടുന്ന അങ്ങാടികൾക്ക് പേരുകേട്ടതാണ് അൽ-റിമാൽ മേഖല. ഗസ്സയിൽ എനിക്കേറ്റം പ്രിയപ്പെട്ട സ്ഥലങ്ങളിൽ ഒന്നാണിത്.
വാരാന്ത്യങ്ങളിൽ ഉമ്മയോടൊപ്പം സ്ഥിരമായി പോകാറുള്ള അവിടം ഇപ്പോൾ പാറകളുടെയും അവശിഷ്ടങ്ങളും സങ്കടങ്ങളും നിറഞ്ഞ നിരാശമുറ്റിയ ഒരു കൂമ്പാരമായി മാറിയിരിക്കുന്നു.
‘തീവ്രവാദികൾ’ എന്ന് അവർ വിളിക്കുന്ന എന്നെപ്പോലുള്ള കുട്ടികൾക്കെതിരെ ഇസ്രായേൽ പ്രയോഗിക്കുന്നത് വൈറ്റ് ഫോസ്ഫറസ് ബോംബുകൾ ഉൾപ്പെടെയുള്ള നിരോധിത ആയുധങ്ങളാണ്.
ഒരാളും ഈ യുദ്ധത്തിൽ സുരക്ഷിതരല്ല. സിവിലിയന്മാരോട് വീടൊഴിഞ്ഞുപോകാനാണ് അകാരണമായി അവർ ഉത്തരവിടുന്നത്. അതിന് വഴങ്ങാത്തവർ സ്വന്തം വീടുകളുടെ അവശിഷ്ടങ്ങൾക്കടിയിൽ അവരവരുടെ വിധി നേരിടേണ്ട അവസ്ഥ.
ഒരു 13കാരൻ എന്ന നിലയിൽ ഈ യുദ്ധം എന്നെ മാനസികമായി നശിപ്പിച്ചു, എന്നിരിക്കിലും ഞാൻ കടപ്പെട്ടിരിക്കുന്നു. എന്നെപ്പോലുള്ള ഒട്ടനവധി കുഞ്ഞുങ്ങൾക്ക് മാനസികമായി മാത്രമല്ല, ശാരീരികമായും മുറിവ് സംഭവിച്ചിട്ടുണ്ട്. ഒരുപാടുപേർ അനീതി നിറഞ്ഞ ഈ ലോകത്തുനിന്നും സമ്പൂർണമായി അപ്രത്യക്ഷരായിരിക്കുന്നു.
എന്താണിനി സംഭവിക്കുക എന്നാലോചിച്ച് എനിക്ക് ഭയവും പിരിമുറുക്കവും വർധിക്കും; ഞാൻ മരിക്കുമോ? അത്തരം ചിന്തകളൊക്കെ ഒഴിവാക്കി നല്ല സാഹചര്യങ്ങളും ഭാവിയും മനസ്സിൽ വരച്ചിടാൻ ഞാൻ ശ്രമിച്ചുനോക്കും, പക്ഷേ അത് അതീവ ദുഷ്കരമാണ്.
ഭാഗ്യവശാൽ, എനിക്കും കുടുംബത്തിനും യുദ്ധത്തിന്റെ തുടക്കത്തിൽതന്നെ ഗസ്സയുടെ തെക്ക് ഭാഗത്ത് ഖാൻ യൂനിസിലുള്ള എന്റെ സഹോദരിയുടെ വീട്ടിലേക്ക് മാറിത്താമസിക്കാൻ സാധിച്ചു. മറ്റുപലർക്കും അതിനു കഴിഞ്ഞില്ല. അക്രമങ്ങളെത്തുടർന്ന് വീടുവിട്ടിറങ്ങേണ്ടി വന്ന ആ മനുഷ്യരുടെ അവശ്യവസ്തുക്കളൊഴികെ സകല സമ്പാദ്യങ്ങളും നശിപ്പിക്കപ്പെട്ടു.
എന്റെ കുടുംബം കൊല്ലപ്പെടുകയും ഞാൻ മാത്രം അവശേഷിക്കുകയും ചെയ്യുന്ന അവസ്ഥയാണ് ഞാൻ ഏറ്റവുമധികം ഭയപ്പെടുന്ന സാഹചര്യങ്ങളിലൊന്ന്, ഈ വംശഹത്യയിൽ ഒട്ടേറെ കുട്ടികൾ കുടുംബത്തെ നഷ്ടപ്പെട്ട് ഒറ്റപ്പെട്ടുപോയിരിക്കുന്നു.
എന്റെ ഉമ്മയുടെ അവസ്ഥ സുഖകരമല്ല, ദൈവം അവരെ അനുഗ്രഹിക്കട്ടെ. അവരുടെ കണ്ണുനീർ എന്റെ ഹൃദയത്തെ അലിയിക്കുന്നു.
കഴിയാവുന്നത്ര വിധം ഉമ്മയെ സമാധാനിപ്പിക്കാനും സഹോദരിമാരെ ആശ്വസിപ്പിക്കാനും ഞാൻ ശ്രമിക്കുന്നു.
ഇന്റർനെറ്റ് ഏറെ പരിമിതമാണ്, വൈദ്യുതി ഏറക്കുറെ ഇല്ലാതായിത്തുടങ്ങി. വീടുകൾ തമ്മിൽ പങ്കുവെച്ചാണ് വെള്ളം ഉപയോഗിക്കുന്നത്. വീട്ടിലുള്ള പ്രിയപ്പെട്ടവർക്ക് നൽകാൻ എന്തെങ്കിലും കിട്ടുമോ എന്ന് തിരക്കി വന്നിരിക്കുന്ന മനുഷ്യരെക്കൊണ്ട് തിങ്ങി നിറഞ്ഞിരിക്കുകയാണ് ബേക്കറികൾ. ഈ സ്ഥിതി ഇതേ പോലെ തുടർന്നാൽ പല ആളുകളും മരിക്കുന്നത് ബോംബിങ്ങിലാവില്ല, മറിച്ച് ആവശ്യത്തിന് പോഷകാഹാരം കിട്ടാതെയായിരിക്കും.
ലോകത്ത് എന്താണ് നടക്കുന്നതെന്ന് ഇവിടെയാർക്കും അറിയാനാവുന്നില്ല. വാർത്തകൾ കേൾക്കാനുള്ള ഏക മാർഗം റേഡിയോയാണ്.
ഞങ്ങൾ റേഡിയോ വെച്ച് അതിന് ചുറ്റുമിരുന്ന് കേട്ടുകൊണ്ടിരിക്കുകയായിരുന്നു, പൊടുന്നനെ അത്യുഗ്ര ശബ്ദത്തിൽ പൊട്ടിത്തെറിയുണ്ടായി. എല്ലാവരും നിലവിളിച്ചു, സ്ഫോടനത്തിൽ കുലുങ്ങിപ്പോയി വീട്.
ഹൃദയം പടപടാ മിടിച്ചു- ജീവിതം അവസാനിക്കാറായോ? ഞാൻ എന്നോട് തന്നെ ചോദിച്ചു; ജീവിക്കാനുള്ള സമയം അൽപം കൂടി നീട്ടിത്തന്നിരിക്കുന്നു ദൈവം എന്ന് ഞാൻ മനസ്സിലാക്കി.
ലോകമെമ്പാടും കുട്ടികൾ സുരക്ഷിതരായി കളിക്കുന്നു, നല്ല ഭക്ഷണം കഴിക്കുന്നു, വിദ്യാഭ്യാസം കൈവരിക്കുന്നു, ആസ്വദിച്ച് ജീവിതം ചെലവഴിക്കുന്നു. പക്ഷേ ഞങ്ങളുടെ അവസ്ഥ അതല്ല. എല്ലാ മനുഷ്യരും തുല്യരല്ലേ? എനിക്കും ആ കുട്ടികളെപ്പോലെ കളിക്കാനും കഴിക്കാനും പഠിക്കാനുമെല്ലാം അവസരം ലഭിക്കേണ്ടതില്ലേ?
ഉപരോധത്തിന്റെ കീഴിലുള്ള ഫലസ്തീനി കുട്ടികൾക്ക് മറ്റ് കുട്ടികൾ ചെയ്യുന്ന കാര്യങ്ങളെക്കുറിച്ച് ചിന്തിക്കാൻ പോലുമാവില്ല. ഞങ്ങൾ കാണുന്നതും കേൾക്കുന്നതും അനുഭവിക്കുന്നതുമെല്ലാം മറ്റുള്ളവരിൽനിന്ന് വ്യത്യസ്തമാണ്.
എങ്കിലും ഞാൻ ഉറച്ചു പറയും: ഞാനും ഒരു കുട്ടിയാണ്, ഭൂമുഖത്തുള്ള ഓരോ കുട്ടികൾക്കും സുരക്ഷിതമായി ജീവിക്കാനും പഠിക്കാനും കളിക്കാനും ബാല്യം അതിന്റേതായ അർഥത്തിൽ ഉറപ്പാക്കപ്പെടാനുമുള്ള അവകാശങ്ങളുണ്ട്
ഭൂമിയിലെ ഈ നരകതുല്യ ജീവിതത്തിന് ഒരു അവസാനമുണ്ടാവട്ടെ എന്ന് ഞാൻ ആശിക്കുന്നു. അധിനിവേശകരായ ഇസ്രായേൽ കാണിച്ചുകൂട്ടുന്ന കുറ്റകൃത്യങ്ങൾ ലോകം കണ്ണു തുറന്നു കണ്ടിരുന്നെങ്കിൽ എന്ന് ആഗ്രഹിക്കുന്നു.
ദൈവം ഏവരെയും അനുഗ്രഹിക്കട്ടെ, എന്റെ പ്രിയപ്പെട്ട ഗസ്സയെയും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.