ഗസ്സയിൽ ഇപ്പോൾ നടക്കുന്ന കൂട്ടക്കുരുതിക്ക് ഹമാസിനെ തകർക്കുന്നതിലപ്പുറം മാനങ്ങളുണ്ട് എന്നാണ് നിരീക്ഷകർ വിലയിരുത്തുന്നത്. വംശീയ ഉന്മൂലനം തുടക്കം മുതലേ സയണിസ്റ്റ് അധിനിവേശ പദ്ധതിയുടെ ഭാഗമായിരുന്നു. ഫലസ്തീന്റെ മണ്ണിൽ ഫലസ്തീനികൾക്ക് സ്വന്തമായ ഒരു രാജ്യം എന്ന ആശയം ഇസ്രായേൽ ഒരിക്കലും അംഗീകരിച്ചിട്ടില്ല
ഗസ്സയിൽ ഇസ്രായേലിന്റെ മനുഷ്യക്കുരുതിയും ഹമാസിന്റെ ചെറുത്തുനിൽപും തുടരുകയാണ്. അനുസ്യൂതമായ അധിനിവേശത്തിന് ഇനിയൊരിക്കലും ഭീഷണിയാവാത്ത വിധം ഹമാസിനെ വേരടക്കം പിഴുതെറിയുകയാണ് നെതന്യാഹു ഭരണകൂടത്തിന്റെ ലക്ഷ്യം. അതിനായി ഒരു നഗരത്തെയും അതിലെ ആയിരക്കണക്കിന് മനുഷ്യരെയും ചുട്ടുചാമ്പലാക്കുന്നു. ഗസ്സ കീഴടക്കിയാൽത്തന്നെയും ഹമാസിനെയും ഫലസ്തീനികളുടെ ചെറുത്തുനിൽപിനെയും ഇല്ലാതാക്കാൻ കഴിയുമോ എന്ന വലിയ ചോദ്യചിഹ്നം ഇസ്രായേലിനെ തുറിച്ചുനോക്കുന്നുണ്ട്.
1948ൽ ഇസ്രായേൽ രാഷ്ട്രത്തിന്റെ സംസ്ഥാപനത്തിൽ കലാശിച്ച സയണിസ്റ്റ് അധിനിവേശം ഏഴരലക്ഷം ഫലസ്തീനികളെ അവരുടെ വീടുകളിൽ നിന്ന് പുറന്തള്ളി അഭയാർഥികളാക്കി മാറ്റുകയും ഫലസ്തീൻ എന്ന ചരിത്രഭൂമിയുടെ 78 ശതമാനം കവർന്നെടുക്കുകയും 15,000ത്തോളം ഫലസ്തീനികളെ കൊന്നൊടുക്കുകയും നിരവധി ഫലസ്തീനിയൻ ഗ്രാമങ്ങളും പട്ടണങ്ങളും നശിപ്പിക്കുകയും ചെയ്തു. ഇതിനെയാണ് ഫലസ്തീനികൾ ‘ദുരന്തം’ എന്നർഥം വരുന്ന നക്ബ എന്ന് വിളിക്കുന്നത്. ‘‘ഗസ്സയിൽ ഇസ്രായേൽ നക്ബ 2023 നടപ്പാക്കും’’ എന്നാണ് നെതന്യാഹുവിന്റെ ലിക്കുഡ് പാർട്ടിക്കാരനായ കൃഷിമന്ത്രി അവി ഡിക്ടർ മാധ്യമങ്ങളോട് പറഞ്ഞത്. ഗസ്സയിൽനിന്ന് പലായനം ചെയ്യുന്നവർക്ക് തിരിച്ചുവരാൻ കഴിയില്ല എന്നാണ് ഇസ്രായേൽ മന്ത്രി സൂചിപ്പിച്ചത്. പ്രസ്താവന വിവാദമായതോടെ വാക്കുകളിൽ സൂക്ഷ്മത പുലർത്തണമെന്ന് മന്ത്രിമാരെയും ഉദ്യോഗസ്ഥരെയും നെതന്യാഹു ഗുണദോഷിച്ചുവെന്ന് ഇസ്രായേലി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. എല്ലാ രഹസ്യങ്ങളും വെളിപ്പെടുത്താനുള്ളതല്ല എന്നായിരിക്കാം ഈ ഉപദേശത്തിന്റെ അർഥം.
ഗസ്സയിൽ ഇപ്പോൾ നടക്കുന്ന കൂട്ടക്കുരുതിക്ക് ഹമാസിനെ തകർക്കുന്നതിലപ്പുറം മാനങ്ങളുണ്ട് എന്നാണ് നിരീക്ഷകർ വിലയിരുത്തുന്നത്. വംശീയ ഉന്മൂലനം തുടക്കം മുതലേ സയണിസ്റ്റ് അധിനിവേശ പദ്ധതിയുടെ ഭാഗമായിരുന്നു. ഫലസ്തീന്റെ മണ്ണിൽ ഫലസ്തീനികൾക്ക് സ്വന്തമായ ഒരു രാജ്യം എന്ന ആശയം ഇസ്രായേൽ ഒരിക്കലും അംഗീകരിച്ചിട്ടില്ല. ജൂതന്മാർ മാത്രം അധിവസിക്കുന്ന ഇസ്രായേൽ രാഷ്ട്രം എന്നതാണ് സയണിസ്റ്റുകളുടെ സ്വപ്നം. നെതന്യാഹു നേതൃത്വം നൽകുന്ന ഇസ്രായേലിലെ തീവ്ര വലതുപക്ഷം കൂടുതൽ ശക്തിയോടെ ഇതു പറയാൻ തുടങ്ങിയതാണ് ഹമാസിന്റെ രണ്ടും കൽപിച്ചുള്ള ആക്രമണത്തിന്റെ പ്രകോപനം എന്ന് വിലയിരുത്തുന്നവരുണ്ട്.
പ്രശസ്തമാധ്യമപ്രവർത്തകനും middleeasteye.net എഡിറ്ററുമായ ഡേവിഡ് ഹെഴ്സ്റ്റ് (David Hearst) എഴുതിയ ഒരു ലേഖനത്തിൽ, ഫലസ്തീനികളെ ഗസ്സയിൽനിന്നും വെസ്റ്റ് ബാങ്കിൽനിന്നും പുറന്തള്ളാനുള്ള വിവിധ പദ്ധതികളെക്കുറിച്ച് വിവരിക്കുന്നുണ്ട്. ഒരു വർഷംമുമ്പ് ഇറാഖിലെ അൻബാർ പ്രവിശ്യയിൽ നിന്നുള്ള മൂന്ന് സുന്നി രാഷ്ട്രീയ നേതാക്കൾ ചാവുകടൽ തീരത്തെ ഒരു നക്ഷത്ര ഹോട്ടലിൽ ഇസ്രായേലി അധികൃതരുടെ ക്ഷണം സ്വീകരിച്ച് ഒത്തുകൂടി.
ഇറാഖിലെ ഏറ്റവും ജനസംഖ്യ കുറഞ്ഞതും ധാരാളം ജല സ്രോതസ്സുകളും പെട്രോൾ, ഗ്യാസ് നിക്ഷേപങ്ങളുമുള്ള പ്രദേശമാണ് അൻബാർ. ജലസ്രോതസ്സുകൾ ഉപയോഗയോഗ്യമാക്കാനുള്ള ടെക്നോളജി ഇസ്രായേലിന്റെയും അമേരിക്കയുടെയും കൈയിൽ മാത്രമേയുള്ളൂ. അതിന് ഇസ്രായേൽ ഇറാഖികളെ സഹായിക്കും. അതുപോലെ പെട്രോൾ, ഗ്യാസ്, ധാതു വിഭവങ്ങൾ കുഴിച്ചെടുക്കാനും. അവശേഷിക്കുന്ന പ്രശ്നം തൊഴിലാളികളാണ്. ‘‘2.3 മില്യൺ ഫലസ്തീനികളെ ഞങ്ങൾ നിങ്ങൾക്ക് ഓഫർ ചെയ്യാം.
അവർ സുന്നികളാണ്, കഠിനാധ്വാനികളാണ്, നിങ്ങളുടെ അതേ സംസ്കാരം ഉള്ളവരാണ്. മാത്രമല്ല, ഇറാഖിലെ സുന്നി-ശിയ ജനസംഖ്യാനുപാതത്തെ നിങ്ങൾക്ക് ഗുണകരമായ രീതിയിൽ മാറ്റിമറിക്കാനും ഇത് സഹായിക്കും’’-ഇസ്രായേലി ഉദ്യോഗസ്ഥർ ഇറാഖികളോട് പറഞ്ഞു. വിഷയം ഇറാഖി പ്രധാനമന്ത്രിയുമായി ചർച്ച ചെയ്യാം എന്നുപറഞ്ഞ് ഇറാഖി നേതാക്കൾ പിരിഞ്ഞു.
ഗസ്സയിൽ ഇസ്രായേൽ നടത്തുന്ന കൂട്ടക്കുരുതിക്കെതിരെ ഇറാഖിൽ നടക്കുന്ന കൂറ്റൻ പ്രകടനങ്ങൾ കാണുന്ന ആ നേതാക്കൾ ഇങ്ങനെയൊരു കൂടിക്കാഴ്ച നടന്നിട്ടേയില്ല എന്ന് വിശ്വസിക്കാനാണ് ഇഷ്ടപ്പെടുക എന്ന് ഹെഴ്സ്റ്റ് പറയുന്നു. ജനസംഖ്യാഘടനയാണ് (demography) ഇസ്രായേലിന്റെ ഏറ്റവും വലിയ യുദ്ധമുഖമെന്നും ചുരുങ്ങിയത് ഒരു ദശലക്ഷത്തിലധികം ഫലസ്തീനികളെക്കൂടി അവരുടെ മണ്ണിൽ നിന്ന് ആട്ടിയോടിച്ചെങ്കിലേ അധിനിവേശ ഭൂമിയിൽ ജൂതന്മാർ ന്യൂനപക്ഷമായിത്തീരുന്നത് തടയാൻ കഴിയൂവെന്നും ലേഖകൻ നിരീക്ഷിക്കുന്നു.
ഗസ്സയിലെ മുഴുവൻ ജനങ്ങളെയും അവിടെനിന്ന് കുടിയൊഴിപ്പിക്കാനുള്ള ഗൂഢപദ്ധതിയെക്കുറിച്ച രണ്ട് ഇസ്രായേലി നയരേഖകൾ ഗസ്സയിലെ ബോംബാക്രമണം തുടങ്ങിയതിന് ശേഷം വെളിച്ചത്തുവന്നത് ഹെഴ്സ്റ്റ് ചൂണ്ടിക്കാണിക്കുന്നു. Position paper: A plan for resettlement and final rehabilitation in Egypt of the entire population of Gaza: economic aspects (ഗസ്സയിലെ മുഴുവൻ ജനങ്ങളെയും ഈജിപ്തിലേക്ക് മാറ്റിപ്പാർപ്പിക്കാനുള്ള പദ്ധതിയുടെ സാമ്പത്തിക വശങ്ങൾ) എന്നാണ് ഒന്നാമത്തെ രേഖയുടെ ശീർഷകം. ഇസ്രായേലിന്റെ മുൻ ദേശീയ സുരക്ഷ ഉപദേശകനും അബ്രഹാം ഉടമ്പടിയിൽ (Abraham Accords) നിർണായക പങ്കുവഹിച്ച വ്യക്തിയുമായ മെയ്ർ ബെൻ ഷാബത്ത് (Meir Ben-Shabbat) നേതൃത്വം നൽകുന്ന ഒരു തിങ്ക് ടാങ്കിന്റെ വെബ് സൈറ്റിലാണ് ഇത് പ്രസിദ്ധീകരിക്കപ്പെട്ടത്. രേഖ തയാറാക്കിയ ആമിർ വെയ്റ്റ്മൻ (Amir Weitman) അതിൽ പറയുന്നതിങ്ങനെ: ഈജിപ്ഷ്യൻ ഭരണകൂടവുമായി ചേർന്നുകൊണ്ട് മുഴുവൻ ഗസ്സ മുനമ്പിലെയും ജനങ്ങളെ ഒഴിപ്പിക്കാനുള്ള അപൂർവമായ ഒരവസരം ഇപ്പോഴുണ്ട്. അതിനുവേണ്ടി പ്രായോഗികവും സ്ഥിരതയുള്ളതുമായ ഒരു പദ്ധതി പെട്ടെന്നുതന്നെ ആവശ്യമായിരിക്കുന്നു.
രണ്ടാമത്തേത്, ഇസ്രായേലി വെബ് സൈറ്റായ കാൽക്കലിസ്റ്റിന് (Calcalist) ചോർന്നുകിട്ടിയ രഹസ്യ രേഖയാണ്. അതിന്റെ കർത്താവ് ഗിലാ ഗമാലിൽ (Gila Gamaliel) എന്ന ഇന്റലിജൻസ് മന്ത്രി, അവരുടെ മന്ത്രാലയത്തിന്റെ ഔദ്യോഗിക ചിഹ്നം ഉപയോഗിച്ചുകൊണ്ട് ഗസ്സയിലെ മൂന്ന് യുദ്ധാനന്തര സാധ്യതകൾ പരിശോധിക്കുന്നു: ഗസ്സയുടെ തെക്കുപടിഞ്ഞാറ് ഈജിപ്തിലെ സിനായ് പ്രദേശത്ത് കൂടാര നഗരങ്ങൾ (tent cities) പണിയുക, താമസക്കാർക്ക് വേണ്ടി ഹ്യുമാനിറ്റേറിയൻ കോറിഡോർ ഉണ്ടാക്കുക, വടക്കൻ സിനായിയിൽ പട്ടണങ്ങൾ നിർമിക്കുക. ഗസ്സയിൽ നിന്ന് കുടിയൊഴിപ്പിക്കുന്നവർ തിരിച്ചുപോകാതിരിക്കാൻവേണ്ടി ഈജിപ്ഷ്യൻ അതിർത്തിയിൽ കിലോമീറ്ററുകൾ പരന്നുകിടക്കുന്ന ഒരു നിരോധിത മേഖല നിർമിക്കണമെന്നും രേഖ അഭിപ്രായപ്പെടുന്നു.
ഈ രേഖ പുറത്തുവന്നപ്പോൾ ഇസ്രായേലി മാധ്യമങ്ങൾ ഉൾപ്പെടെ അത് പ്രസിദ്ധീകരിക്കുകയും അറബ് ലോകത്ത് വൻ വിവാദത്തിന് തിരികൊളുത്തുകയുമുണ്ടായി. ഈജിപ്ഷ്യൻ പ്രസിഡന്റ് അബ്ദുൽ ഫത്താഹ് സീസിയും ഫലസ്തീൻ അതോറിറ്റി പ്രസിഡന്റ് മഹമൂദ് അബ്ബാസും ഇതിൽ പങ്കാളികളാണെന്നും വാർത്തകളുണ്ടായിരുന്നു. ഇതേത്തു ടർന്ന് സീസിയും അബ്ബാസിന്റെ വക്താവും ആരോപണങ്ങൾ നിഷേധിക്കുകയും നെതന്യാഹു ഉൾപ്പെടെ രേഖയെ തള്ളിപ്പറയുകയും ചെയ്തു. ഫലസ്തീനുപുറത്ത് ജോർഡനിലോ ഈജിപ്തിലോ ഫലസ്തീനികൾക്ക് ഒരു രാഷ്ട്രം ഉണ്ടാക്കുക എന്ന സയണിസ്റ്റ് പദ്ധതിക്ക് വർഷങ്ങളുടെ പഴക്കമുണ്ടെന്ന് ഈ വാർത്തയെ വിശകലനം ചെയ്തുകൊണ്ട് നിരീക്ഷകർ ചൂണ്ടിക്കാണിക്കുന്നു.
ഗസ്സ ഒടുവിൽ ആരുടെ ദുരന്തഭൂമിയായിരിക്കുമെന്ന് പ്രവചിക്കുക വയ്യ. നെതന്യാഹുവിന് നിലനിൽക്കണമെങ്കിൽ ഗസ്സയിൽ നിർണായകമായ ഒരു വിജയം കൂടിയേ തീരൂ. ഗസ്സ ഹമാസിന്റെയോ ഫലസ്തീനിയൻ ചെറുത്തു നിൽപിന്റെയോ അന്ത്യമാവുക സാധ്യമല്ലെന്നാണ് നിരീക്ഷകരുടെ വിലയിരുത്തൽ. ഹമാസ് ഒരു സായുധ പ്രസ്ഥാനം മാത്രമല്ല, ഫലസ്തീനികളുടെ ദൈനംദിന ജീവിതത്തിൽ ആണ്ടിറങ്ങിയ ഒരു യാഥാർഥ്യമാണ് എന്നതാണ് അതിന് അവർ കാരണമായി പറയുന്നത്. എല്ലാം തകർന്നടിഞ്ഞ ശേഷം ഗസ്സയിൽ ബാക്കിയാവുന്നതെന്താണ്?
കുഞ്ഞുങ്ങളുടെയും സ്ത്രീകളുടെയും ദീനമായ നിലവിളികൾ, കുടിയൊഴിക്കപ്പെടുന്ന ആൾക്കൂട്ടങ്ങൾ, വംശഹത്യയുടെ പാഠശാലകൾ, നീതിബോധം മരിച്ചിട്ടില്ലാത്തവരുടെ തേങ്ങലുകൾ, പ്രതിഷേധങ്ങൾ, എല്ലാം നഷ്ടപ്പെട്ടിട്ടും അധിനിവേശത്തെ ചെറുത്തുനിൽക്കുന്ന ഒരു ജനതയുടെ അത്ഭുതകരമായ നിശ്ചയദാർഢ്യം, നെതന്യാഹുവിന്റെ രക്തക്കൊതി, ജോൺ ബൈഡന്റെ വിഷണ്ണവും വികൃതവുമായ മുഖം, ഭരണകൂടങ്ങളുടെ ക്രൂരമായ നിസ്സംഗത, ആടിയുലയുന്ന ലോകക്രമം, മാറിമറിയുന്ന ശാക്തിക സന്തുലനങ്ങൾ. ഗസ്സ വെറും ഒരു മുനമ്പല്ല. ലോകത്ത് ഒന്നും ഇനി പഴയതു പോലെയാവില്ല. ഒരു മർദകനും ചരിത്രത്തിന്റെ കാവ്യനീതിക്ക് ഇരയാവാതെ പോയിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.