കുടുംബാംഗങ്ങളെല്ലാം ഒരൊറ്റ മുറിയിൽതന്നെ ഒരുമിച്ചിരിക്കാൻ ശ്രദ്ധിക്കുന്നു. ബോംബാക്രമണമുണ്ടായാൽ എല്ലാവർക്കും ഒരുമിച്ച് യാത്ര തിരിക്കാമല്ലോ, ഉറ്റവരെയോർത്ത് സങ്കടപ്പെടാൻ ആരും അവശേഷിപ്പുണ്ടാവില്ല.
രാത്രികൾ പ്രിയപ്പെട്ടവരുമായി ഒരുമിച്ചിരിക്കാനും സ്നേഹവും കരുതലും പങ്കുവെക്കാനും വിശ്രമിക്കാനുമെല്ലാമുള്ള സമയമായിരുന്നു പണ്ട്. ഇപ്പോൾ സൂര്യൻ അസ്തമിക്കുന്നതോടെ ഗസ്സ കൂടുതൽ അപകടംപിടിച്ച സ്ഥലമായി മാറുന്നു. ജീവിതം സദാ ഭീഷണിയുടെ നിഴലിലായതിനാൽ ഓരോ നിമിഷവും ഭീതിയുടെയും സഹനത്തിന്റേതുമാണിവിടെ. ഉമ്മമാർ കുഞ്ഞുങ്ങളെ നെഞ്ചോട് ചേർത്തുപിടിച്ചാണ് രാത്രിയിലെ ഓരോ നിമിഷവും തള്ളിനീക്കുക. കുടുംബാംഗങ്ങളെല്ലാം ഒരൊറ്റ മുറിയിൽതന്നെ ഒരുമിച്ചിരിക്കാൻ ശ്രദ്ധിക്കുന്നു. ബോംബാക്രമണമുണ്ടായാൽ എല്ലാവർക്കും ഒരുമിച്ച് യാത്ര തിരിക്കാമല്ലോ, ഉറ്റവരെയോർത്ത് സങ്കടപ്പെടാൻ ആരും അവശേഷിപ്പുണ്ടാവില്ല.
നിമിഷങ്ങൾ നീങ്ങുംതോറും ആകാശത്ത് ഭീതിപ്പെടുത്തുന്ന ഒരു ചുമപ്പ് നിറം പ്രകടമാവും. സ്ഫോടനങ്ങൾക്ക് അകമ്പടിയായി എത്തുന്ന വിനാശകരമായ പ്രകാശത്തിന്റെ കഷണങ്ങൾ ഞങ്ങളുടെ വീടുകളിലേക്കും വന്ന് പതിക്കുന്നു.
കൺവെട്ടത്തിനപ്പുറമുള്ള ഇടങ്ങളിൽ എന്താണ് സംഭവിക്കുന്നതെന്നതിനെക്കുറിച്ച് ഒരുധാരണയും ഞങ്ങൾക്കില്ല. ആരായിരിക്കും അടുത്ത ഉന്നം എന്ന് ആർക്കുമറിഞ്ഞുകൂടാ. ഒരുപക്ഷേ ഏറ്റവും പ്രിയപ്പെട്ട ഒരു ചങ്ങാതിയാവും പിടഞ്ഞുവീഴുന്നത്. ആംബുലൻസുകളുടെ സൈറൺ മുഴക്കം കേൾക്കുേമ്പാൾ ഒരുകാര്യം തീർച്ചപ്പെടുന്നു. ആരൊക്കെയോ രക്തസാക്ഷികളായിരിക്കുന്നു, ആർക്കൊക്കെയോ മുറിവേറ്റിരിക്കുന്നു. കുഞ്ഞുങ്ങൾ അനാഥരായിരിക്കുന്നു. കഴിഞ്ഞ നിമിഷം വരെ ഒരാളുടെ ഭാര്യയായിരുന്ന സ്ത്രീ ഇനി മുതൽ വിധവയായിരിക്കുന്നു. അപരിചിതമായ ഓരോ ശബ്ദവും മരണത്തിന്റെ വരവറിയിക്കുന്നതു പോലെയാണിവിടെ.
ഭൂകമ്പം സംഭവിച്ചതുപോലെ വീടുകൾ തകർന്നടിഞ്ഞ് വീഴുന്നു. അതിനകത്ത് കുടുങ്ങിപ്പോയ ആളുകളെ രക്ഷിച്ചെടുക്കണമെങ്കിൽ മണിക്കൂറുകളെടുക്കും. കെട്ടിടാവശിഷ്ടങ്ങൾക്കുള്ളിൽനിന്ന് ജീവനോടെ പുറത്തുവരുന്നവർ പലപ്പോഴും അവരുടെ കുടുംബത്തിലെ അവശേഷിക്കുന്ന ഒരേയൊരാളാവും. പേടിക്കല്ലേ, ഒന്നും സംഭവിക്കില്ല കുഞ്ഞേ എന്ന് പറഞ്ഞ് മക്കളെ ആശ്വസിപ്പിക്കാനും ധൈര്യപ്പെടുത്താനും ശ്രമിക്കുന്നു മാതാപിതാക്കൾ. പക്ഷേ അടുത്തതായി സംഭവിക്കുന്ന പൊട്ടിത്തെറിയുടെ ഉന്നം ചിലപ്പോൾ തങ്ങളായിരിക്കും എന്നറിവുള്ള കുഞ്ഞുങ്ങൾ എങ്ങനെ പേടിക്കാതിരിക്കും?
കെട്ടിടങ്ങൾക്ക് മേൽ ബോംബ് വർഷിക്കുേമ്പാൾ എല്ലാവരും ഇറങ്ങി ഓടാൻ തുടങ്ങും. എങ്ങോട്ടു പോകണം, എവിടെ ഒളിക്കണം എന്നൊന്നും ആർക്കും അറിഞ്ഞുകൂടാ.
ആശുപത്രിയിലോ അഭയകേന്ദ്രത്തിലോ കഴിയുന്ന ചില ആളുകൾ അസഹ്യമായ ക്ഷീണത്താൽ ഉറങ്ങിപ്പോകും. അവരുടെ കണ്ണുകളിൽ കണ്ണീരും പൊടിയും പറ്റിപ്പിടിച്ചിട്ടുണ്ടാവും. ചിലപ്പോൾ രക്തവും.
ഒടുവിൽ പ്രഭാതം വന്നണയുമ്പോഴാണ് രാത്രിയിൽ സംഭവിച്ച വൻ നാശത്തിന്റെ വ്യാപ്തി വെളിപ്പെടുന്നത്. ഇസ്രായേലി ക്രൂരതയുടെ അശ്രാന്തമായ ഓർമപ്പെടുത്തലുകളാണവ.
ഇനിയും ഇതുപോലുള്ള എത്ര ഭീകരരാത്രികൾ താണ്ടണം ഗസ്സയിലെ മനുഷ്യജീവിതങ്ങൾ?
ലക്ഷ്യം സാക്ഷാത്ക്കരിച്ചുവെന്ന് ഇസ്രായേൽ ഭരണകൂടത്തിന് പുളകം കൊള്ളാൻ ഇനിയും എത്ര നിരപരാധികളുടെ ജീവനെടുക്കണം?
എന്നാണ് നിങ്ങളീ വംശഹത്യക്ക് അന്ത്യം കുറിക്കുക?
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.