ബി.ജെ.പിക്ക് ഒന്നും അവകാശപ്പെടാനില്ലാത്തവിധം കർണാടക കൈവിട്ടതു കൂടിയായപ്പോൾ ഇന്ത്യയുടെ കാവിഭൂപടത്തിന് വന്ന മാറ്റം ചെറുതല്ല. തെക്കേ ഇന്ത്യൻ സംസ്ഥാനങ്ങളിൽ പുതുച്ചേരിയിലെ നേർത്ത ഭരണപങ്കാളിത്തമൊഴികെ മറ്റൊരിടത്തും ബി.ജെ.പിക്ക് അധികാരമില്ല. കർണാടക വഴി മറ്റ് അയൽസംസ്ഥാനങ്ങളിൽ ആഴത്തിൽ വേരു പടർത്താനായിരുന്നു ബി.ജെ.പിയുടെ അജണ്ട
ന്യൂഡൽഹി: കർണാടകയിൽ പഞ്ചറായ ബി.ജെ.പിക്ക് നടുക്കം പലവിധത്തിലാണ്. തെക്കേ ഇന്ത്യ ഒന്നാകെ അധികാരത്തിൽനിന്ന് പുറന്തള്ളുക മാത്രമല്ല, മോദിയെന്ന നേതൃബിംബവും വിദ്വേഷത്തിന്റെ രാഷ്ട്രീയവും കർണാടകത്തിൽ മുഖമടിച്ചുവീഴുകയുമാണ് ഉണ്ടായത്.
ഈ വർഷം നടക്കേണ്ട അഞ്ച് നിയമസഭ തെരഞ്ഞെടുപ്പുകളെയും തൊട്ടുപിന്നാലെ വരുന്ന ലോക്സഭ തെരഞ്ഞെടുപ്പിനെയും ഇനി ഭയക്കാതെ വയ്യ. കാവിയുടെ അർമാദം പൊടുന്നനെ ഭയപ്പാടിന് വഴിമാറിയിരിക്കുന്നു.
മോദി സർക്കാറിന്റെ ഒമ്പതാം വാർഷികാഘോഷം പ്രതിപക്ഷ പാർട്ടികൾക്കുനേരെയുള്ള പുതിയ വെല്ലുവിളിയാക്കി മാറ്റാനുള്ള എല്ലാ ഒരുക്കങ്ങളിലുമായിരുന്നു ബി.ജെ.പി. ലോകനേതാക്കൾ പങ്കെടുക്കുന്ന ജി-20 സമ്മേളനം, പാർലമെന്റിന്റെ പുതിയ മന്ദിര ഉദ്ഘാടനം, അയോധ്യയിലെ രാമക്ഷേത്രം തുറക്കൽ തുടങ്ങിയവയിലൂടെ വിശ്വഗുരുവായി മോദിയെ അവതരിപ്പിച്ച് ലോക്സഭ തെരഞ്ഞെടുപ്പിൽ എതിരാളിയില്ലാത്ത നേതാവായി അവതരിപ്പിക്കാനായിരുന്നു മാസ്റ്റർ പ്ലാൻ.
എന്നാൽ, കർണാടക കണക്കു തെറ്റിച്ചു. ഉദ്ദേശിച്ച പോലെ കാര്യങ്ങൾ എളുപ്പമല്ല. ബി.ജെ.പിക്ക് ഒന്നും അവകാശപ്പെടാനില്ലാത്തവിധം കർണാടക കൈവിട്ടതു കൂടിയായപ്പോൾ ഇന്ത്യയുടെ കാവിഭൂപടത്തിന് വന്ന മാറ്റം ചെറുതല്ല. തെക്കേ ഇന്ത്യൻ സംസ്ഥാനങ്ങളിൽ പുതുച്ചേരിയിലെ നേർത്ത ഭരണപങ്കാളിത്തമൊഴികെ മറ്റൊരിടത്തും ബി.ജെ.പിക്ക് അധികാരമില്ല.
കർണാടക വഴി മറ്റ് അയൽസംസ്ഥാനങ്ങളിൽ ആഴത്തിൽ വേരു പടർത്താനായിരുന്നു ബി.ജെ.പിയുടെ അജണ്ട. ഇതിന്റെ ഭാഗമായി കർണാടകയിലോ തമിഴ്നാട്ടിലോ പ്രധാനമന്ത്രി നരേന്ദ്ര മോദി മത്സരിക്കുന്നതും സജീവ പരിഗണനയിലുണ്ട്. മോദി തന്നെ പ്രചാരണം നയിച്ചതും ഹിന്ദുത്വ വിഭാഗീയ അജണ്ടകളുടെ തെക്കേ ഇന്ത്യൻ പരീക്ഷണ ശാലയായി കർണാടക മാറിയതും അതിനെല്ലാമിടയിലാണ്. എന്നാൽ, എല്ലാം തിരസ്കരിക്കുന്നതായി ജനവിധി.
ഹിന്ദി ഹൃദയഭൂമിയിലടക്കം അഞ്ചു വർഷത്തിനകം രാഷ്ട്രീയചിത്രം മാറിപ്പോയിട്ടുണ്ട്. നിയമസഭകളുള്ള 30 സംസ്ഥാനങ്ങളുടെ കാര്യമെടുത്താൽ യു.പി, ഗുജറാത്ത്, മധ്യപ്രദേശ്, ഉത്തരാഖണ്ഡ്, ഗോവ, അസം, അരുണാചൽപ്രദേശ് എന്നീ ഏഴു സംസ്ഥാനങ്ങളിൽ മാത്രമാണ് ബി.ജെ.പി ഒറ്റക്ക് ഭരിക്കുന്നത്.
സഖ്യകക്ഷികളുടെ തോളിൽ ചാരി ഭരിക്കുന്നത് എട്ടു സംസ്ഥാനങ്ങളിൽ. അതിൽ മഹാരാഷ്ട്ര ഒഴിച്ചാൽ എല്ലാം ചെറു സംസ്ഥാനങ്ങളാണ് -ഹരിയാന, ത്രിപുര, മണിപ്പൂർ, സിക്കിം, മേഘാലയ, നാഗാലാൻഡ്, പുതുച്ചേരി എന്നിവ. ഇതത്രയും ചേർന്നാൽ ആകെ സംസ്ഥാനങ്ങളിൽ പകുതിയേ വരൂ.
ബാക്കി പകുതിയിൽ 13 സംസ്ഥാനങ്ങളും കോൺഗ്രസിന്റെയോ പ്രതിപക്ഷത്തെ പ്രാദേശിക കക്ഷികളുടെയോ കൈയിലാണ്. ബി.ജെ.പി ഏഴു സംസ്ഥാനങ്ങൾ ഒറ്റക്ക് ഭരിക്കുമ്പോൾ കോൺഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങൾ നാലായി -രാജസ്ഥാൻ, കർണാടക, ഛത്തിസ്ഗഢ്, ഹിമാചൽപ്രദേശ്.
കരുത്തരായ ബി.ജെ.പിവിരുദ്ധ കക്ഷികളുടെ കൈയിലാണ് ബിഹാർ, പശ്ചിമ ബംഗാൾ, തമിഴ്നാട്, കേരളം, പഞ്ചാബ്, ഡൽഹി, തെലങ്കാന, ഝാർഖണ്ഡ്, മിസോറം എന്നീ ഒമ്പതു സംസ്ഥാനങ്ങൾ. ആന്ധ്രപ്രദേശും ഒഡിഷയും സമദൂരമെന്ന് പറഞ്ഞ് ബി.ജെ.പിയോട് മമത കാണിച്ചുപോരുന്നു.
ഭരണനിയന്ത്രണം ബി.ജെ.പി കൈയടക്കിയെങ്കിലും മഹാരാഷ്ട്രയിൽ രാഷ്ട്രീയ സാഹചര്യം മറ്റൊന്നാണ്. കേന്ദ്രഭരണപ്രദേശമാക്കി മാറ്റിയ ജമ്മു-കശ്മീരിൽ എന്നു തെരഞ്ഞെടുപ്പു നടന്നാലും ബി.ജെ.പിക്ക് ഗുണകരമാകണമെന്നില്ല. ഹരിയാനയിലും ബി.ജെ.പിക്ക് തിരിച്ചടി കിട്ടാവുന്നവിധം സാഹചര്യങ്ങൾ മാറിമറിഞ്ഞു.
യു.പിയിൽ സമാജ്വാദി പാർട്ടി ശക്തമായ പ്രതിപക്ഷമാണ്. ഫലത്തിൽ ബലാബലത്തിൽ ബി.ജെ.പിവിരുദ്ധ ചേരി ഒരു പടി മുന്നിൽ. യു.പി, ഗുജറാത്ത്, മധ്യപ്രദേശ്, ഉത്തരാഖണ്ഡ് എന്നീ സംസ്ഥാനങ്ങളുടെ കാവിത്തമാണ് യഥാർഥത്തിൽ ബി.ജെ.പിയുടെ പച്ചപ്പ്. ഈ സാഹചര്യങ്ങൾക്കിടയിലാണ് കർണാടകയിൽ ബി.ജെ.പിയുടെ തോൽവി.
അവിടെ തോറ്റത് പ്രധാനമന്ത്രി നരേന്ദ്ര മോദിയെന്ന ബി.ജെ.പിയുടെ നേതൃബിംബമാണ്. ഹിന്ദുത്വ പരീക്ഷണശാലയാക്കി പരീക്ഷിച്ച വിദ്വേഷത്തിന്റെ രാഷ്ട്രീയമാണ്. മോദി നേരിട്ടു പ്രചാരണം നയിച്ചിട്ടും ഹിമാചൽപ്രദേശിലെന്നപോലെ കർണാടകയിലും ബി.ജെ.പി തോറ്റു.
20 പൊതുയോഗങ്ങളിലും ആറു റോഡ് ഷോയിലുമാണ് മോദി പങ്കെടുത്തത്. മോദി അടക്കമുള്ളവർ വിഭാഗീയ-വിദ്വേഷ പ്രചാരണങ്ങൾ നടത്തുന്നതായിരുന്നു കാഴ്ച. ഹിജാബ്, കേരള സ്റ്റോറി, മുസ്ലിം സംവരണം, ബജ്റംഗ് ബലി എന്നിങ്ങനെയുള്ള സാമുദായിക ധ്രുവീകരണ ശ്രമങ്ങൾ ജനം തിരസ്കരിച്ചു.
താരപ്രചാരകനായ മോദിയുടെ വാക്കുകൾക്കും വിദ്വേഷ അജണ്ടകൾക്കും ‘ഡബിൾ എൻജിൻ’ പ്രചാരണത്തിനുമുള്ള സ്വീകാര്യത ഒമ്പതു വർഷം പിന്നിട്ടപ്പോൾ ഇടിഞ്ഞതിന്റെ ലക്ഷണമൊത്ത ഉദാഹരണമായി മാറിയിരിക്കുകയാണ് കർണാടക. പ്രതിപക്ഷം ഒത്തുപിടിച്ചാൽ മോദിക്കും ബി.ജെ.പിക്കും വരുന്ന ലോക്സഭ തെരഞ്ഞെടുപ്പ് ബാലികേറാ മലയാവും.
അതേസമയം, കർണാടകയിലെ തോൽവി കൂടുതൽ കടുത്ത ഹിന്ദുത്വ കാര്യപരിപാടികൾ പുറത്തെടുക്കാനോ യോഗി ആദിത്യനാഥിനെ മുന്നിലേക്കു കൊണ്ടുവരുന്നതടക്കം കടുത്ത പരീക്ഷണങ്ങൾക്കോ സംഘ്പരിവാറിനെ പ്രേരിപ്പിച്ചേക്കാമെന്ന് കാണുന്നവരുമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.