നരേന്ദ്ര മോദിയും ആസ്ട്രേലിയൻ പ്രധാനമന്ത്രി ആന്റണി ആൽബനീസും സിഡ്നിയിൽ

നടന്ന പൊതുപരിപാടിയിൽ

കശ്​മീരിൽ പിന്തുണയാണ്​ വേണ്ടത്​; വേദിയിലെ കൈയടിയല്ല

അമേരിക്കയുടെ ചൈന നയത്തിൽ മോദിക്ക്​ നിർണായക സ്​ഥാനമാണ്​ അവർ കൽപിക്കുന്നത്​. ‘ഓട്ടോഗ്രാഫ് ചോദിക്കൽ’ പോലുള്ള നുറുങ്ങുവിദ്യകൾകൊണ്ട്​ മോദിയുടെ തൻപ്രമാണിത്തഭാവത്തെ താലോലിക്കുന്നത്​ ഇന്ത്യയിലെ പി.ആർ സംവിധാനങ്ങൾക്ക്​ ഏറെ അനുയോജ്യമാണെന്നും അങ്ങനെ കുറഞ്ഞ ചെലവിൽ മോദിയെയും ഇന്ത്യയെയും തങ്ങളുടെ പക്ഷത്ത്​ നിർത്താനാകുമെന്നും ബൈഡന്​ നന്നായറിയാം

വിദേശകാര്യ നയതന്ത്രം കൈകാര്യംചെയ്യുന്നതിലെ ഇന്ത്യയുടെ മിടുക്ക്​ സംബന്ധിച്ച്​ പോയവാരം പുറത്തുവന്ന രണ്ട്​ ആഖ്യാനങ്ങൾ ചർച്ചചെയ്യപ്പെടേണ്ടതുണ്ട്​. ആഖ്യാനം ഒന്ന്​: ജപ്പാൻ, പാപ്വന്യൂഗിനി, ആസ്‌ട്രേലിയ എന്നിവിടങ്ങളിലെ സന്ദർശനം കഴിഞ്ഞതോടെ അന്താരാഷ്‌ട്ര നേതാവെന്ന നിലയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജനപ്രീതി കൂടുതൽ ഉയരങ്ങളിലെത്തിയിരിക്കുന്നു.

ജി7 ഉച്ചകോടിയിൽ ജപ്പാൻ പ്രധാനമന്ത്രി ഫ്യൂമിയോ കിഷിദയുടെ ക്ഷണിതാവായി എത്തിയ അദ്ദേഹം യുക്രെയ്​ൻ പ്രസിഡൻറ് വൊളോദിമിർ സെലൻസ്‌കിയുമൊത്ത്​ നിൽക്കുന്ന ചിത്രം ഏറെ ശ്രദ്ധിക്കപ്പെട്ടു. തനിക്ക്​ മോദി ഓട്ടോഗ്രാഫ് വേണ്ടിവരുമെന്ന് യു.എസ്​ പ്രസിഡൻറ്​ ജോ ബൈഡൻ തമാശയായി പറഞ്ഞതും ചർച്ചയായി.

പാപ്വന്യൂഗിനിയിൽ, അവിടത്തെ പ്രധാനമന്ത്രി ജെയിംസ് മറാപെ ഭാരതീയ രീതിയിൽ മോദിയുടെ പാദങ്ങളിൽ തൊട്ടത്​ വിസ്മയത്തിന്​ ആക്കംകൂട്ടി. അവസാനമെത്തിയ സിഡ്‌നിയിൽ സംഘടിപ്പിക്കപ്പെട്ട പൊതുപരിപാടിയിൽ, ആസ്‌ട്രേലിയൻ പ്രധാനമന്ത്രി ആൻറണി ആൽബനീസ്, വലിയ ജനക്കൂട്ടത്തെ ആകർഷിക്കാൻ പല റോക് താരങ്ങളേക്കാൾ കഴിവുള്ള മോദിയെ ‘ദി ബോസ്’ എന്നാണ്​ വിശേഷിപ്പിച്ചത്​.

ആഖ്യാനം രണ്ട്​: അടുത്തിടെ ശ്രീനഗറിൽ സംഘടിപ്പിച്ച ജി20 രാജ്യങ്ങളുടെ മൂന്നാമത് ടൂറിസം വർക്കിങ് ഗ്രൂപ് യോഗത്തിൽ, ഒട്ടുമിക്ക രാജ്യങ്ങളും പങ്കെടുത്തപ്പോൾ, ഒരു പ്രധാന സംഘം വിട്ടുനിന്നു. സൗദി അറേബ്യക്കും തുർക്കിയക്കും പുറമെ ഈജിപ്തും ഒമാനുമാണ്​ പ​ങ്കെടുക്കാതെ മാറിനിന്നത്​.

കശ്​മീർ സംബന്ധിച്ച തർക്കത്തിൽ പാക്​ അവകാശവാദത്തോടുള്ള ഐക്യദാർഢ്യമായാണ്​ ഈ വിട്ടുനിൽപ്​ വ്യാഖ്യാനിക്കപ്പെട്ടത്​. ഒരർഥത്തിൽ അത്​ ഇന്ത്യയെ വിഷമവൃത്തത്തിലാക്കുന്നു.

മേൽചൊന്ന രണ്ട്​ ആഖ്യാനങ്ങളും വിലപ്പെട്ടതാണ്​. പക്ഷേ, ഏതിനാണ്​ കൂടുതൽ പ്രാധാന്യമെന്ന്​ ചോദിക്കപ്പെട്ടാൽ എന്തു പറയും​- പ്രധാനമന്ത്രിയുടെ ജനപ്രീതി മോദിയെ സംബന്ധിച്ചിടത്തോളം വ്യക്തിപരമായി ഒരു നേട്ടംതന്നെയാണ്​. ഇൻസ്​റ്റഗ്രാം റീലുകൾ ഉണ്ടാക്കാനും ചാനലുകളുടെ അന്തിച്ചർച്ചകൾക്കും പറ്റിയ സംഭവമാണ്​.

മോദിയുടെ സാന്നിധ്യം സദാ ചർച്ചാവിഷയമാവുകവഴി അന്താരാഷ്​ട്ര സമ്മേളനങ്ങളിൽ ഇന്ത്യയുടെ പ്രതിച്ഛായ ഉയരുന്നുവെന്ന്​ പറയുന്നതിൽ തെറ്റില്ല. പണ്ഡിറ്റ് നെഹ്‌റുവും ഇന്ദിരയും മുതൽ വാജ്‌പേയി വരെ അതീവവ്യക്തിപ്രഭാവമുള്ള പ്രധാനമന്ത്രിമാരുടെ ഒരു നിരതന്നെ ഇന്ത്യക്ക്​ ഉണ്ടായിട്ടുണ്ടെങ്കിലും, അന്താരാഷ്​ട്ര വേദികളിൽ മോദി മറ്റൊരർഥത്തിൽ ശ്രദ്ധാകേന്ദ്രമാകുന്നു എന്ന കാര്യത്തിൽ തെല്ല്​ സംശയമില്ല.

എന്നാൽ, പ്രധാനമന്ത്രിയുടെ വ്യക്തിപരമായ ആകർഷണീയത ഒരു വിദേശനയ വിജയമായി കണക്കാക്കാനാകുമോ? അത് ഇന്ത്യൻ വിദേശനയത്തിലെ ഘടകംപോലുമല്ല എന്ന്​ ഞാൻ പറയും. എന്നാൽ, കശ്മീരോ?- അത്​ ഏറെക്കാലമായി ഇന്ത്യൻ വിദേശനയത്തി​ന്റെ സുപ്രധാനമായ ആണിക്കല്ലുകളിൽ ഒന്നാണ്.

ജമ്മു-കശ്മീർ തർക്കഭൂമിയാണെന്ന പാക്​ വീക്ഷണത്തെ ഒറ്റപ്പെടുത്താൻ ഇന്ത്യ ഒ​ട്ടേറെ ഊർജവും നയതന്ത്ര പ്രയത്​നങ്ങളും ചെലവിട്ടിട്ടുണ്ട്​. ഒട്ടുമിക്ക ലോക രാഷ്​ട്രങ്ങളും ഇന്ത്യയുടെ നിലപാട്​ അംഗീകരിക്കു​കയോ പക്ഷംചേരാതെ നിൽക്കുകയോ ചെയ്യുന്നു.

കൂടാതെ, ജമ്മു-കശ്മീർ വിഷയത്തിൽ സമാധാനവും സംഭാഷണവും തുടരാൻ ഇരുരാജ്യങ്ങളോടും ആവശ്യപ്പെടുന്ന പ്രസ്താവനകളിൽ ഉറച്ചുനിൽക്കുന്നു. എന്നാൽ, മിഡിലീസ്​റ്റിലും ഇസ്‍ലാമിക രാജ്യങ്ങൾക്കിടയിലും തങ്ങളുടെ നിലപാടിന്​ പിന്തുണ സ്വരൂപിക്കാൻ പാകിസ്​താന്​ സാധിക്കുന്നു.

ആകയാൽ കഴിയുന്നത്ര അറബ്​, മിഡിലീസ്​റ്റ്​ രാജ്യങ്ങളെ പാക്​ വീക്ഷണകോണിൽനിന്ന്​ അകറ്റിനിർത്തുക എന്നത്​ ഇന്ത്യയെ സംബന്ധിച്ചിടത്തോളം ഒരു സുപ്രധാന നയതന്ത്ര ലക്ഷ്യമാണ്​.

കശ്​മീർ ഇന്ത്യയുടെ അവകാശം

വിദേശ രാജ്യങ്ങളിൽനിന്നുള്ള വിശിഷ്​ടാതിഥികളെ ജമ്മു-കശ്​മീരിലേക്കു​ ക്ഷണിക്കാൻ തീർച്ചയായും ഇന്ത്യക്ക്​ എല്ലാവിധ അവകാശാധികാരങ്ങളുമുണ്ട്​, കഴിഞ്ഞ ഡിസംബറിൽ ജി20 അധ്യക്ഷ പദവി ഏറ്റെടുത്ത ഇന്ത്യ ജമ്മു-കശ്​മീരിലും അരുണാചൽപ്രദേശിലും ജി20 അനുബന്ധ പരിപാടികൾ സംഘടിപ്പിക്കുന്നതുതന്നെ അവിടങ്ങളിൽ സാധാരണ നിലയും വികസനവും സാധ്യമാണ്​ എന്ന ഒരു സുപ്രധാന സന്ദേശം നൽകാനും ഇവിടങ്ങളിലെ പ്രവിശ്യകൾക്കുമേൽ പാകിസ്​താനും ചൈനയും ഉയർത്തുന്ന അവകാശവാദങ്ങളെ തള്ളിക്കളയാനുമാണ്​.

പാകിസ്​താൻ സ്വാഭാവികമായും കശ്​മീരിൽ വേദി വെച്ചതിനെ എതിർത്തു. പ്രതീക്ഷിച്ച മട്ടിൽത്തന്നെ ചൈനയും പരിപാടി ബഹിഷ്​കരിച്ചു. തെക്കൻ തിബത്തിന്റെ ഭാഗമെന്ന്​ തങ്ങൾ അവകാശപ്പെടുന്ന അരുണാചൽപ്രദേശിൽ സംഘടിപ്പിച്ച ജി20 പരിപാടിയിൽനിന്ന് ചൈന വിട്ടുനിന്നു.

ഇന്ത്യയെ സംബന്ധിച്ചിടത്തോളം ശ്രീനഗറിലെ ജി20 യോഗത്തിന്​ മറ്റൊരു സവിശേഷതകൂടിയുണ്ടായിരുന്നു. 2019 ആഗസ്​റ്റിൽ ഭരണഘടനയുടെ 370ാം വകുപ്പ്​ അസാധുവാക്കിയശേഷം അവിടെ സംഘടിപ്പിക്കുന്ന ഏറ്റവും വലിയ അന്താരാഷ്​ട്ര പരിപാടിയായിരുന്നു അത്​.

മിഡിലീസ്റ്റ്​ രാജ്യങ്ങളുടെ പ്രതികരണം സമ്മിശ്രമായിരിക്കുമെന്ന്​ കരുതിയിട്ടുണ്ടാകാം. പക്ഷേ, അതുപോലുമല്ല സംഭവിച്ചത്​. നേരത്തേ സൂചിപ്പിച്ചതുപോലെ, സൗദി അറേബ്യക്കും തുർക്കിയക്കും പുറമെ ഇന്ത്യയുടെ ചങ്ങാതിരാജ്യങ്ങളായ ഈജിപ്തും ഒമാനുംപോലും ഒഴിഞ്ഞുനിന്നു.

ഇന്തോനേഷ്യ അവരുടെ ഡൽഹി എംബസിയിൽനിന്ന്​ ഉദ്യോഗസ്​ഥരെ അയക്കുക മാത്രമാണ്​ ചെയ്​തത്​. ഇപ്പറഞ്ഞ രാജ്യങ്ങളിൽ പലതുമായും ഇന്ത്യയുടെ ഉഭയകക്ഷി സമവാക്യങ്ങൾ അതിശക്തമാണെന്ന്​ വാദിച്ചേക്കാം, കശ്​മീർ വിഷയത്തിലെ വിശാല അറബ്​ ദേശീയ നിലപാടിനൊപ്പം ചുണ്ടനക്കൽ അവരിൽ പലർക്കും ഒഴിഞ്ഞുനിൽക്കാൻ പറ്റാത്ത അനിവാര്യതയാണെന്നും വാദിക്കാം.

പക്ഷേ, അവരാരും ഈ വഴിക്ക്​ വന്നുനോക്കുകപോലും ചെയ്​തില്ല. അതായത്​, രാഷ്​ട്രത്തലവന്മാരുമായി മോദിയുടെ വ്യക്തിപരമായ സമവാക്യങ്ങൾ എത്രതന്നെ ശക്തമാണെങ്കിലും കശ്​മീർ വിഷയത്തിൽ അത്​ ഗുണകരമായി പ്രതിഫലിക്കുന്നില്ല. അതായത്​, ഇന്ത്യൻ നയതന്ത്രം ഇനിയുമേറെ മുന്നേറാനുണ്ട്​.

സൗഹൃദങ്ങളുടെ സമവാക്യങ്ങൾ

മോദിയുടെ ജപ്പാൻ, ആസ്​ട്രേലിയ, പാപ്വന്യൂഗിനി സന്ദർശനങ്ങളൊന്നും ഒട്ടുംതന്നെ നയതന്ത്രപരമായി വെല്ലുവിളി നിറഞ്ഞവയായിരുന്നില്ല. മേഖലയിൽ ചൈനയെ ചെറുക്കുന്നതിൽ ജപ്പാന്റെയും ആസ്​​ട്രേലിയയുടെയും സ്വാഭാവിക സഖ്യകക്ഷിയാണ് ഇന്ത്യ. വാസ്തവത്തിൽ, ചൈനയുമായുള്ള ഇന്ത്യയുടെ ദീർഘകാല വൈരാഗ്യത്തെ അടിസ്​ഥാനപ്പെടുത്തിയാണ്​ ഇരു രാജ്യങ്ങളും ചൂണ്ടകോർക്കുന്നതുതന്നെ.

സ്വാഭാവികമായും ഇരു രാജ്യങ്ങളും മോദിക്ക്​ സുഖിപ്പിക്കുന്ന പരിഗണന നൽകും. അമേരിക്കയുടെ ചൈന നയത്തിൽ മോദിക്ക്​ നിർണായക സ്​ഥാനമാണ്​ അവർ കൽപിക്കുന്നത്​.

‘ഓട്ടോഗ്രാഫ് ചോദിക്കൽ’ പോലുള്ള നുറുങ്ങുവിദ്യകൾകൊണ്ട്​ മോദിയുടെ തൻപ്രമാണിത്തഭാവത്തെ താലോലിക്കുന്നത്​ ഇന്ത്യയിലെ പി.ആർ സംവിധാനങ്ങൾക്ക്​ ഏറെ അനുയോജ്യമാണെന്നും അങ്ങനെ കുറഞ്ഞ ചെലവിൽ മോദിയെയും ഇന്ത്യയെയും തങ്ങളുടെ പക്ഷത്ത്​ നിർത്താനാകുമെന്നും ബൈഡന്​ നന്നായറിയാം.

അതേസമയം, ശ്രീനഗർ യോഗത്തിൽനിന്ന്​ വിട്ടുനിന്ന നമ്മുടെ ചങ്ങാതിരാജ്യങ്ങളുമായുള്ള ബന്ധത്തി​ന്റെ പ്രാധാന്യം ഒന്നോർത്തുനോക്കൂ-

സൗദിയുടെ ഉദാഹരണമെടുക്കാം. അമേരിക്കയും ചൈനയും യു.എ.ഇയും കഴിഞ്ഞാൽ ഇന്ത്യയുടെ ഏറ്റവും വലിയ വാണിജ്യപങ്കാളികളാണവർ. 2021-22 സാമ്പത്തികവർഷം സൗദിയുമായി 42.8 ബില്യൺ ഡോളറി​ന്റെ വ്യാപാരമാണ്​ നാം നടത്തിയത്​. ഇന്ത്യയിൽ ഉപയോഗിക്കുന്ന പെട്രോളിന്റെ 18 ശതമാനവും പാചകവാതകത്തിന്റെ 22 ശതമാനവും വരുന്നത്​ അവിടെനിന്നാണ്​.

ആസ്​ട്രേലിയയുമായി 25 ബില്യൺ ഡോളറിന്റെയും ജപ്പാനുമായി 20.57 ബില്യൺ ഡോളറിന്റെയും കച്ചവടമേ നടത്തിയിട്ടുള്ളൂ. തെളിച്ചുപറഞ്ഞാൽ, സൗദിയുമായുള്ള സമവാക്യം നിലനിർത്തുന്നതിലാണ്​ കൂടുതൽ പ്രാമുഖ്യം വേണ്ടത്​.

കശ്​മീർ വിഷയത്തിൽ തുടരത്തുടരെ, ഐക്യരാഷ്​ട്ര സഭയിൽപോലും പാകിസ്​താനുവേണ്ടി വാദിക്കുന്ന തുർക്കിയയുമായി ഇന്ത്യ പതിറ്റാണ്ടുകളായി വഴക്കിലായിരുന്നു. എന്നാൽ, ഭൂകമ്പം കനത്ത നാശം വിതച്ച വേളയിൽ തർക്കങ്ങളെല്ലാം മറന്ന്​ ആശ്വാസദൂതുമായി ഇന്ത്യ അവിടെയെത്തി.

ഓപറേഷൻ ദോസ്​ത്​ എന്ന മാനവിക ദൗത്യത്തി​ന്റെ ഭാഗമായി ദുരിതാശ്വാസ-മെഡിക്കൽ സാമഗ്രികളുമായി ദുരന്തനിവാരണ വിദഗ്​ധർ തുർക്കിയയിലേക്കും സിറിയയിലേക്കും കുതിച്ചു. അതുകൊണ്ടും അവരുടെ നിലപാടിൽ മാറ്റമുണ്ടായില്ലെന്ന്​ തുർക്കിയയുടെ വിട്ടുനിൽപ്​ വ്യക്തമാക്കിത്തരുന്നു. ശ്രീനഗർ യോഗത്തിലെ പ്രത്യേക ക്ഷണിതാവായിരുന്നു ഈജിപ്​ത്​.

അവരുടെ പ്രസിഡൻറ്​ സിസി ഇക്കഴിഞ്ഞ റിപ്പബ്ലിക്ദിന പരേഡിലെ മുഖ്യാതിഥിയായിരുന്നു. ഇന്ത്യൻ കരസേന മേധാവി മനോജ്​ പാണ്ഡെ വെറും ഒരാഴ്​ച മുമ്പാണ്​ ഈജിപ്​തിൽ സന്ദർശനം നടത്തിയത്​. സൈനിക ഹെലികോപ്​ടറുകളും ഭാരംകുറഞ്ഞ 70 തേജസ്​ എയർക്രാഫ്​റ്റുകളും ഈജിപ്​തിന്​ വിൽക്കാനാകുമെന്ന ​പ്രതീക്ഷ നമുക്കുണ്ട്​.

പ്രതിവർഷം സൂയസ്​ കനാൽ വഴി പോകുന്ന 200 കോടി ഡോളറി​ന്റെ ഇന്ത്യൻ ഉൽപന്നങ്ങൾക്ക് ഭീഷണി സൃഷ്​ടിക്കാൻ ജിബൂതിയിലുള്ള ചൈനീസ്​ നാവികസേന ബേസിന്​ സാധിക്കുമെന്ന സാഹചര്യത്തിൽ ഈജിപ്​തുമായുള്ള ബന്ധം നാം കൂടുതൽ സുദൃഢമാക്കേണ്ടത്​ അനിവാര്യമാണ്​.

ഒമാ​ന്റെ കാര്യം നോക്കൂ, ഗൾഫിൽ ഇന്ത്യയുടെ ഏറ്റവും അടുപ്പമുള്ള ​പ്രതിരോധപങ്കാളികളാണവർ. അവിടെനിന്ന്​ ഏറ്റവുമധികം എണ്ണ വാങ്ങുന്ന രണ്ടാമത്തെ രാജ്യമാണ് ഇന്ത്യ. അവരും ശ്രീനഗറിൽനിന്ന്​ വിട്ടുനിന്നു എന്നത്​ അമ്പരപ്പിക്കുന്നതു മാത്രമല്ല, കൂടുതൽ പ്രയത്​നങ്ങൾ ആവശ്യമാണെന്ന്​ ഓർമപ്പെടുത്തലുമാണ്​.

ഇക്കാര്യങ്ങ​​ളെല്ലാം വിലയിരുത്തു​മ്പോൾ ലഭിക്കു​ന്ന സംക്ഷിപ്​ത രൂപം ഇതാണ്​: പോകുന്നിടത്തെല്ലാം പ്രധാനമന്ത്രി മോദിക്ക്​ ലഭിക്കുന്ന സ്വീകരണവും ആർപ്പുവിളിക​ളുമെല്ലാം നല്ല കാര്യം തന്നെയാണ്​. പക്ഷേ, ഇന്ത്യയുടെ ഏറ്റവും തന്ത്രപ്രധാനമായ നയതന്ത്ര വെല്ലുവിളിയായ ജമ്മു-കശ്മീർ വിഷയം കൈകാര്യംചെയ്യു​ന്നതിന്​ വേണ്ടുന്ന പ്രയത്​നങ്ങൾക്ക്​ പകരമാവില്ല അദ്ദേഹത്തിന്റെ ജനപ്രീതി.

Tags:    
News Summary - Kashmir needs support-Not the applause on stage

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-11-14 01:21 GMT