ഝാർഖണ്ഡ് ഫലം എങ്ങനെ വിലയിരുത്തുന്നു?
അവിെട സർക്കാറിനെതിരായ വികാരം ശക്തമായിരുന്നു. ആദിവാസി ജനവിഭാഗങ്ങളുടെ അഭിലാഷങ്ങൾ കണക്കിലെടുത്ത സർക്കാറായിരുന്നില്ല ഉണ്ടായിരുന്നത്. അഴിമതി, ധൂർത്ത് എന്നിവക്കു പുറമെ സാധാരണക്കാരുടെ പ്രശ്നങ്ങൾ വകവെക്കാത്ത സർക്കാറായിരുന്നു. ക്രമസമാധാനപ്രശ്നങ്ങളുണ്ടായിരുന്നു. അതാണ് ഒന്നാമത്തെ വിഷയം. ഭരണമികവിനല്ല, ഭിന്നിപ്പിനാണ് ബി.ജെ.പി ശ്രമിച്ചത്. മാന്ദ്യം ഏറ്റവും കൂടുതൽ പ്രതിഫലിക്കുന്നു. ചെലവാക്കാൻ പണമില്ല. ഉൽപന്നങ്ങൾക്ക് ഡിമാൻഡില്ല. അത് തെരഞ്ഞെടുപ്പിൽ പ്രതിഫലിച്ചു. അതിനൊപ്പമാണ് ബി.ജെ.പി വിഭജന രാഷ്ട്രീയം കടുപ്പിച്ചത്. അത് ഝാർഖണ്ഡിൽ പ്രതിഫലിച്ചിട്ടുണ്ട്. ഫലം ദേശീയ രാഷ്ട്രീയത്തിൽ വഴിത്തിരിവാകും. പ്രതിപക്ഷ രാഷ്ട്രീയത്തിെൻറ ശക്തിയും സാധ്യതകളും വർധിക്കുകയാണ്. ബി.ജെ.പി വിരുദ്ധതക്ക് കരുത്ത് കൂടുന്നു.
എങ്ങനെയൊക്കെ?
ഒന്നാം മോദിസർക്കാറിനേക്കാൾ കടുത്ത വിഭജന രാഷ്ട്രീയവുമായാണ് ബി.ജെ.പിയുടെ പോക്ക്. സംഘ്പരിവാറിെൻറ മൊത്തം അജണ്ടകൾ നടപ്പാക്കി ഇന്ത്യയിലെ ജനങ്ങളെ ഭിന്നിപ്പിച്ച് എല്ലാ കാലത്തും ഭരിക്കാനുള്ള ഗൂഢപദ്ധതി നടപ്പാക്കിവരുകയാണ്. ജനങ്ങളുടെ മൗലികമായ ഒരുപാട് പ്രശ്നങ്ങൾ, നോട്ട് അസാധുവാക്കലിനും ജി.എസ്.ടി നടപ്പാക്കിയതിനും ശേഷമുള്ള വലിയ സാമ്പത്തികത്തകർച്ച, ഏറ്റവുമുയർന്ന തൊഴിലില്ലായ്മ നിരക്ക്, കൃഷിക്കാർ നേരിടുന്ന പ്രതിസന്ധി തുടങ്ങി പ്രശ്നങ്ങളിലൊന്നും ശ്രദ്ധിക്കാതെ വിഭാഗീയ അജണ്ടയിലേക്ക് ജനശ്രദ്ധതിരിക്കാനുള്ള തന്ത്രങ്ങളാണ് മുന്നോട്ടുവെക്കുന്നത്. ലോക്സഭ തെരഞ്ഞെടുപ്പിനുശേഷം മഹാരാഷ്ട്ര, ഹരിയാന തെരഞ്ഞെടുപ്പുകൾ നടന്നു.
അതിനു തൊട്ടുമുമ്പാണ് 370ാം ഭരണഘടന വകുപ്പ് എടുത്തുകളഞ്ഞ് ജമ്മു-കശ്മീരിനെ വിഭജിച്ചത്. രണ്ടു സംസ്ഥാനങ്ങളിലും ബി.ജെ.പി ഭരണത്തിനെതിരായ ജനരോഷംമൂലം തിരിച്ചടി നേരിടുമെന്നു കണ്ടപ്പോൾ ധിറുതിപിടിച്ച്, ചർച്ചക്കുപോലും മെനക്കെടാതെ ഭരണഘടന ഭേദഗതി കൊണ്ടുവന്നു. വോട്ട് വിഭജിച്ച് മുതലാക്കാമെന്ന് കണക്കുകൂട്ടിയെങ്കിലും ജനവികാരം അതിനൊത്തു നിന്നില്ല. ഝാർഖണ്ഡ് തെരഞ്ഞെടുപ്പ് നോക്കിയാണ് പൗരത്വ ഭേദഗതി നിയമം വന്നത്. സഖ്യകക്ഷികളുടെ അഭിപ്രായംപോലും മാനിക്കാതെ ശീതകാല പാർലമെൻറ് സമ്മേളനത്തിൽതന്നെ ബിൽ പാസാക്കി. അതും ഫലപ്രദമായില്ല. അതുകൊണ്ടുതന്നെ ജനവിധി ദിശാമാറ്റം സൂചിപ്പിക്കുന്നു. സർക്കാറുകൾ അധികാരത്തിൽ വരുന്നത് നയപരിപാടികളുടെ അടിസ്ഥാനത്തിലാകണം. ബഹുസ്വര സമൂഹത്തിൽ വിഭാഗീയ അജണ്ടകൊണ്ട് വോട്ടുപിടിക്കുന്ന രീതിക്ക് അൽപായുസ്സാണ്. ഇന്ത്യയെന്ന സങ്കൽപം തകരുന്നതിന് ജനം കൂട്ടുനിൽക്കില്ല.
പക്ഷേ, രണ്ടോ മൂേന്നാ സംസ്ഥാന തെരഞ്ഞെടുപ്പിനുവേണ്ടിയാണ് 370 ാം വകുപ്പ് റദ്ദാക്കിയതും പൗരത്വ ഭേദഗതി നിയമം കൊണ്ടുവന്നതുമെന്നോ?
അല്ല. പേക്ഷ, ആ സന്ദർഭംകൂടി പ്രയോജനപ്പെടുത്തി എന്നാണ് പറഞ്ഞത്. 2024 ലക്ഷ്യംവെച്ചാണ് ബി.ജെ.പി മുന്നോട്ടുപോകുന്നത്. പക്ഷേ, പാളുകയാണ്. ജമ്മു-കശ്മീർ നാലു മാസമായി കരുതൽതടങ്കലിലാണ്. ഹിന്ദു- മുസ്ലിം വിഷയമല്ല പൗരത്വ ഭേദഗതി നിയമമെന്ന് വ്യക്തമാക്കി കാമ്പസുകളിൽനിന്ന് യുവത തെരുവിലിറങ്ങി. വിഭാഗീയതയും കപട ദേശീയതയും എല്ലാക്കാലത്തും ചെലവാകില്ല. ഇക്കഴിഞ്ഞ ദിവസത്തെ രാംലീലാ പ്രസംഗത്തിൽ നുണകളുടെ കെട്ടഴിച്ചുവിടുകയാണ് പ്രധാനമന്ത്രി ചെയ്തത്. ആളുകളുടെ വേഷം നോക്കിയാൽ ആരാണ് സമരം ചെയ്യുന്നതെന്ന് അറിയാമെന്ന് ഝാർഖണ്ഡിൽ പ്രധാനമന്ത്രിതന്നെയാണ് പ്രസംഗിച്ചത്. എല്ലാവർക്കുംവേണ്ടി
പ്രവർത്തിക്കുന്ന സർക്കാറാണ് തേൻറതെന്ന് മോദി പറയുന്നതിൽ എന്ത് ആത്മാർഥത?
മോദി-അമിത് ഷാ സഖ്യത്തെ നേരിടാൻതക്കവിധം പ്രതിപക്ഷ കൂട്ടായ്മക്ക് കോൺഗ്രസിന് സാധിക്കുന്നുണ്ടോ? പ്രതിപക്ഷ പാർട്ടികൾക്ക് കോൺഗ്രസിെൻറ നേതൃത്വം സ്വീകാര്യമാണോ?
യോജിക്കാവുന്ന എല്ലാവരും യോജിച്ചുപോകേണ്ട ഘട്ടമാണ്.
അതുകൊണ്ടാണ് മഹാരാഷ്ട്രയിൽ ശിവസേനയുമായി അഭിപ്രായ വ്യത്യാസങ്ങൾ പലതുള്ളപ്പോൾതന്നെ സഖ്യത്തിന് കോൺഗ്രസ് തയാറായത്. കോൺഗ്രസിൽ ഒരുപാട് അഭിപ്രായ വ്യത്യാസങ്ങൾ അക്കാര്യത്തിൽ ഉണ്ടായിരുന്നു. കോൺഗ്രസിെൻറ ആശയങ്ങളുമായി ഒത്തുപോകുന്നതല്ല ശിവസേന താൽപര്യങ്ങൾ. എന്നാൽ, വർത്തമാന സാഹചര്യം ബി.ജെ.പിക്കെതിരെ സാധ്യമായ എല്ലാ കൂട്ടായ്മകളുടെയും വഴിതേടണമെന്ന് പറഞ്ഞുതരുന്നതാണ്. ജനങ്ങളെ പരസ്പരം ശത്രുക്കളാക്കുേമ്പാൾ വിട്ടുവീഴ്ചകളോടെ കൂട്ടായ്മകൾ രൂപപ്പെട്ടേ മതിയാവൂ. ഓരോ സംസ്ഥാനത്തിെൻറയും വ്യത്യസ്ത സാഹചര്യങ്ങൾക്ക് അനുസൃതമായ വിട്ടുവീഴ്ചകൾ വേണ്ടിവരും.
എൻ.ഡി.എ സഖ്യത്തിലെ വിവിധ കക്ഷികളുടെ ചാഞ്ചാട്ടം ബി.ജെ.പിയെ ദുർബലപ്പെടുത്തുമെന്ന് കരുതുന്നുണ്ടോ?
അത്തരം സാധ്യതകൾകൂടി കോൺഗ്രസ് മുന്നിൽ കാണുന്നുണ്ട്. ബി.ജെ.പിയുടെ സഖ്യകക്ഷികൾക്ക് ഒരു ഘട്ടം കഴിഞ്ഞാൽ കൂടാരം വിടേണ്ടിവരും. അതാണ് പുതിയ സംഭവങ്ങൾ തെളിയിക്കുന്നത്. ശിവസേന ദീർഘകാലം ഏറ്റവും വലിയ സഖ്യകക്ഷിയായിരുന്നു. ദേശീയ പൗരത്വപ്പട്ടികയുടെ ഘട്ടം വന്നപ്പോൾ ജനതാദൾ-യുവിനും ലോക്ജനശക്തി പാർട്ടിക്കും അകാലിദളിനുമൊക്കെ അസ്വസ്ഥതയുണ്ട്. ബി.ജെ.പിയുടെ രാഷ്ട്രീയ അജണ്ടയിൽ മറ്റു ഘടകകക്ഷികൾക്ക് പരിഗണനയില്ല. ബി.ജെ.പി അജണ്ട നടപ്പാക്കാനുള്ള ഉപകരണങ്ങൾ മാത്രമാണ് അവ. മുന്നണിസംവിധാനത്തിൽ അങ്ങനെയല്ല. പ്രധാന പാർട്ടിയുടെ മുൻഗണനാ വിഷയങ്ങൾ മാറ്റിവെച്ച് മറ്റു ഘടകകക്ഷികൾക്കുകൂടി സ്വീകാര്യമായ പൊതുമിനിമം പരിപാടി മുൻനിർത്തി മുന്നോട്ടുപോവുകയാണ് ചെയ്യുക.
ബി.ജെ.പി ചെയ്യുന്നത് അജണ്ട മറ്റുള്ളവരിൽ അടിച്ചേൽപിക്കുകയാണ്. അങ്ങനെ എത്രകാലം സഖ്യകക്ഷികൾക്ക് നടക്കാൻ പറ്റും? അത്തരത്തിൽ വിയോജിപ്പുള്ള പാർട്ടികളെ സമീപിക്കുക എന്നതുതന്നെയാണ് കോൺഗ്രസ് പ്ലാൻ.
അപ്പോൾ നിതീഷ്കുമാറും ഒരു സാധ്യതാകേന്ദ്രമാണ്...ഇപ്പോൾ ലാലുപ്രസാദിെൻറ ആർ.ജെ.ഡിയാണ് കോൺഗ്രസിനൊപ്പം. ഉള്ളയാളെ വിട്ട് മറ്റൊരാളെ പിടിക്കാനില്ല.
പ്രതിപക്ഷത്തിന് ശക്തി വർധിക്കുന്നു എന്നു പറയുേമ്പാൾതന്നെ, ബി.ജെ.പി അജണ്ടകൾ നേരിടാൻ കോൺഗ്രസിന് ഫലപ്രദമായി കഴിയുന്നുണ്ടോ?
കഴിയുന്നുണ്ട്. ഞങ്ങൾ പാർലമെൻറിൽ എണ്ണത്തിൽ കുറവായിരിക്കും. എന്നാൽ, സർക്കാറിനോട് ഏറ്റുമുട്ടുകതന്നെയാണ്. പൗരത്വ ഭേദഗതി നിയമം വിഷയത്തിൽ കോൺഗ്രസ് പിന്നാക്കം പോയി എന്ന് വിമർശനമുണ്ട്...സോണിയ ഗാന്ധിയുടെ നേതൃത്വത്തിൽ രാഷ്ട്രപതിയെ കണ്ടു. ഇന്ത്യ ഗേറ്റിൽ പ്രിയങ്ക ഗാന്ധി രണ്ടുവട്ടം പ്രതിഷേധവുമായി എത്തി. രാഹുൽഗാന്ധിയുടെ നേതൃത്വത്തിലാണ് രാജ്ഘട്ട് സത്യഗ്രഹം. എന്തുകൊണ്ട് കോൺഗ്രസ് തെരുവിൽ വിദ്യാർഥികൾക്കൊപ്പം ഇറങ്ങിയില്ല എന്നു ചോദിക്കുന്നവർ പലരുമുണ്ട്.
ഇത് വിദ്യാർഥികൾ ഏറ്റെടുത്ത സമരമായിരുന്നു. ജനമുന്നേറ്റമാണ്. അതിനു മുന്നിൽ കയറിനിന്ന് ഹൈജാക്ക് ചെയ്യണമെന്ന് ആഗ്രഹിച്ചിട്ടില്ല. എന്നാൽ, സമരത്തിെൻറ ഓരോ ദിവസവും കോൺഗ്രസ് ഇടപെട്ടിട്ടുണ്ട്. സർക്കാർ ഇടപെടൽ സൃഷ്ടിക്കുന്ന ബുദ്ധിമുട്ടുകൾ മാറ്റാൻ സഹായിച്ചിട്ടുമുണ്ട്. വിദ്യാർഥിസമരം ഏറ്റെടുക്കാൻ ശ്രമിച്ചിട്ടില്ല. അതുകൊണ്ടാണ് പല തുറകളിലുള്ളവർക്ക് ആ സമരത്തിലേക്ക് വരാനും പറ്റിയത്. നിശ്ചയിച്ചുറപ്പിച്ച നിലപാടുതന്നെയായിരുന്നു. കോൺഗ്രസ് നേതൃത്വത്തിൽ അടക്കം നേരിടുന്ന സംഘടനാ ദൗർബല്യങ്ങൾ അതേപടി നിൽക്കുന്നു...അത് കുറെ നാളുകളായി നിലനിൽക്കുന്ന പ്രശ്നമാണ്. തിരുത്താൻ ശ്രമമുണ്ട്. താഴെത്തട്ടിൽ മുതൽ ഉണർവിന് ശ്രമിക്കുന്നുണ്ട്.പാർട്ടി പരിപാടികൾ നടക്കുന്നുണ്ട്. കേന്ദ്ര സർക്കാറിനെതിരെ നടത്തിയ സമരം വിജയമായിരുന്നു. ഭാരത് ബചാവോ റാലി ബി.ജെ.പി നടത്തിയതിനേക്കാൾ വലുതായിരുന്നു. 28ന് വീണ്ടും ദേശീയ പതാകയുമായി താഴെത്തട്ടിൽ സമരം നടക്കും.
മോദി-അമിത് ഷാമാരുടെ തന്ത്രങ്ങൾ നേരിടാൻ കോൺഗ്രസ് ഇന്ന് പ്രാപ്തമാണോ? രാഹുൽ പലപ്പോഴും പിന്നാക്കം പോകുന്നുവെന്ന വിമർശനം എങ്ങനെ കാണുന്നു?
ബി.ജെ.പിയെ ദേശീയതലത്തിൽ നേരിടാൻ കോൺഗ്രസിനേ കഴിയൂ. രാഹുൽഗാന്ധിക്ക് നേതൃപരമായ പങ്കുവഹിക്കാനും കഴിയും. അദ്ദേഹം തിരിച്ചുവരണമെന്നാണ് കോൺഗ്രസ് നേതാക്കളുടെയും പ്രവർത്തകരുടെയും ആഗ്രഹം. അനുകൂല തീരുമാനം വരുമെന്നാണ് പ്രതീക്ഷ. രാഹുൽ ഉൾവലിയുന്നുവെന്ന വിമർശനം സംഘ്പരിവാർ എല്ലാകാലത്തും നടത്തുന്നതാണ്. എന്നാൽ, എല്ലാ പ്രധാന വിഷയങ്ങളിലും നിലപാടിൽ ഇത്രയും സ്ഥിരതയും ദൃഢതയുമുള്ള നേതാവ് ആരാണ്? പൗരത്വ ഭേദഗതി നിയമം, 370ാം വകുപ്പ് എന്നിവയുടെ ഘട്ടത്തിൽ വ്യക്തമായ നിലപാട് രാഹുൽ പ്രകടിപ്പിച്ചു.
വോട്ടിെൻറ മാത്രം ഗണിതം നോക്കിയല്ല അങ്ങനെ ചെയ്തത്. വ്യക്തമായും മതേതര മൂല്യങ്ങളിൽ ഉറച്ചുനിന്നാണ് രാഹുൽ മുന്നോട്ടുപോകുന്നത്. പൗരത്വ ഭേദഗതി നിയമത്തെ കോൺഗ്രസ് പല്ലും നഖവും ഉപയോഗിച്ച് എതിർക്കണമെന്ന് പാർട്ടിയിൽ ആദ്യം പറഞ്ഞയാൾ രാഹുൽ ഗാന്ധിയാണ്. ജമ്മു-കശ്മീരിെൻറ വിഭജനത്തിലും ആശയ വ്യക്തതയുണ്ടായിരുന്നു. നരേന്ദ്ര മോദിയെ ധൈര്യമായി നേരിടുന്നു. ബി.ജെ.പിയും സംഘ്പരിവാറും എല്ലാകാലത്തും രാഹുലിനെ ലക്ഷ്യംവെക്കുന്നത് അദ്ദേഹത്തിെൻറ കരുത്ത് ബോധ്യമുള്ളതുെകാണ്ടാണ്.
കോൺഗ്രസിെൻറയും രാഹുലിെൻറയും നേതൃത്വം മറ്റു കക്ഷികൾക്ക് സ്വീകാര്യമോ?
മറ്റു കക്ഷികളുമായി വിവിധ വിഷയങ്ങൾ ഉണ്ടാവുേമ്പാൾ കോൺഗ്രസ് ആശയവിനിമയം നടത്തുന്നുണ്ട്. ഒന്നിച്ചൊരു സമീപനം എടുക്കാറുണ്ട്. ചില സംസ്ഥാനങ്ങളിൽ പ്രതിപക്ഷപാർട്ടികൾ പരസ്പരം മത്സരിക്കുന്ന സാഹചര്യമുണ്ട്. സി.പി.എമ്മുമായി കേരളത്തിൽ എതിരാണ്.
പശ്ചിമബംഗാളിൽ തൃണമൂൽ കോൺഗ്രസുമായി ഏറ്റുമുട്ടുന്നു. എന്നാൽ, രാജ്യമാകെ കത്തുേമ്പാൾ യോജിപ്പിെൻറ അന്തരീക്ഷത്തിലേക്ക് കൊണ്ടുപോകാനാണ് കോൺഗ്രസ് ശ്രമിച്ചുവരുന്നത്. ആ സാധ്യതകൾ നിലവിലുണ്ട്. അത് വികസിപ്പിക്കും. മോദി-അമിത് ഷാ അച്ചുതണ്ടിനെ നേരിടാൻ ദേശീയതലത്തിൽ കെൽപുള്ള ഏക പാർട്ടി കോൺഗ്രസ് തന്നെയാണ്.
അത് അംഗീകരിച്ചു മുന്നോട്ടുപോകുന്നതിന് പല പ്രാദേശിക കക്ഷികളും വിമുഖത തുടരുന്നു...
അത് ആ പാർട്ടികൾകൂടി ചിന്തിക്കേണ്ടതാണ്. കോൺഗ്രസിന് പഴയ ശക്തിയുണ്ടെന്ന വീരവാദമൊന്നുമില്ല. എങ്കിലും പ്രതിപക്ഷനിരയുടെ കാര്യമെടുത്താൽ എല്ലാ സംസ്ഥാനത്തും വേരുള്ള പാർട്ടി കോൺഗ്രസാണ്. ആ യാഥാർഥ്യം മറ്റു പ്രതിപക്ഷ പാർട്ടികൾ അംഗീകരിക്കണം. പ്രാദേശിക കക്ഷികളിൽ പലതും ബി.ജെ.പിയോടു ചാഞ്ഞുനിൽക്കുന്നതിന് കാരണമുണ്ട്. എല്ലാ പാർട്ടികളെയും വിരട്ടുന്നു. എൻഫോഴ്സ്െമൻറ്, സി.ബി.െഎ തുടങ്ങിയ അന്വേഷണ ഏജൻസികൾ അവർക്ക് രാഷ്ട്രീയ ആയുധമാണ്. സമ്മർദം ശക്തം. പ്രതിപക്ഷത്തെ ഭിന്നിപ്പിക്കാൻ ബി.ജെ.പി ശക്തമായ ശ്രമം നടത്തിക്കൊണ്ടിരിക്കുന്നു.
ഇനിയുള്ള തെരഞ്ഞെടുപ്പുകളിലെ ഐക്യസാധ്യതകളെ എങ്ങനെ കാണുന്നു?
അടുത്തു വരാനിരിക്കുന്നത് ഡൽഹി, ബിഹാർ തെരഞ്ഞെടുപ്പുകളാണ്. അതു കഴിഞ്ഞാൽ കേരളം അടക്കമുള്ള സംസ്ഥാനങ്ങളിൽ. ഡൽഹിയിൽ ആം ആദ്മി പാർട്ടിയുമായി സഹകരിക്കുന്നതിന് കോൺഗ്രസ് തയാറാണ്. പക്ഷേ, ഒരു മൈനർ പങ്കാളിയാക്കി മാറ്റാൻ ശ്രമിച്ചാൽ അംഗീകരിക്കാൻ പറ്റില്ല.
ആം ആദ്മി പാർട്ടി കോൺഗ്രസിനെ താഴെയിറക്കി അധികാരം പിടിച്ചവരാണ്. എന്നിട്ടും അവരുമായി നേരേത്ത കോൺഗ്രസ് സഖ്യത്തിന് മുതിർന്നു. ബി.ജെ.പിയെ തോൽപിക്കുക എന്ന ദൗത്യമായിരുന്നു മുന്നിൽ. പക്ഷേ, മൈനർ പാർട്ടിയാകാൻ പറ്റില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.