മുൻകാല സിനിമകളുടെ പാതയിൽനിന്ന് മാറി മലയാള ചലച്ചിത്രരംഗത്ത് പുതുവഴികൾ വെട്ടിത്തുറന്ന് സഞ്ചരിച്ച സംവിധായകനായിരുന്നു കെ.ജി. ജോർജ്. അദ്ദേഹത്തിന്റെ പാത മലയാള സിനിമ ചരിത്രത്തിൽ നിർണായകമാകും വിധം അടയാളപ്പെടുത്തപ്പെട്ടു. പിൽക്കാലത്ത് സ്വതന്ത്ര ചിന്തകളിലൂടെ സിനിമയെ സമീപിക്കാൻ ചലച്ചിത്രകാരന്മാർക്ക് ഇത് ഊർജം പകർന്നു.
മലയാളത്തിലെ ആദ്യത്തെ സൈക്കോളജിക്കൽ ത്രില്ലറായിരുന്നു അദ്ദേഹത്തിന്റെ ആദ്യസിനിമ ‘സ്വപ്നാടനം’. മലയാളത്തിലെ ആദ്യത്തെ കാമ്പസ് സിനിമ ‘ഉൾക്കടൽ’, എക്കാലത്തെയും മികച്ച ക്രൈം ത്രില്ലറുകളിലൊന്നായ ‘യവനിക’ തുടങ്ങി 1998ൽ പുറത്തിറങ്ങിയ ‘ഇലവങ്കോടുദേശ’വും 1991ൽ ദൂരദർശനുവേണ്ടി സംവിധാനം ചെയ്ത ‘ഒരു യാത്രയുടെ അന്ത്യ’വും വരെ ആവർത്തനങ്ങളില്ലാത്ത വ്യത്യസ്തതകളുടെ അടയാളപ്പെടുത്തലുകളായി.
വലിയ സാമ്പത്തിക ശേഷിയൊന്നുമില്ലാത്ത മധ്യതിരുവിതാംകൂറിലെ സാധാരണ ക്രിസ്ത്യൻ കുടുംബത്തിലാണ് അദ്ദേഹം ജനിച്ചത്. സ്വന്തമായി വീടുണ്ടായിരുന്നില്ല. ലോറി ഉൾപ്പെടുന്ന വാഹനങ്ങൾക്കും മറ്റും അച്ഛൻ പെയിന്റ് ചെയ്യുമ്പോൾ കുട്ടിക്കാലത്ത് ജോർജ് അതിൽ ചിത്രപ്പണികൾ ചെയ്ത് സഹായിച്ചിരുന്നു. വളർന്നപ്പോൾ സിനിമ മോഹമുണ്ടായി. അങ്ങനെയാണ് പുനെ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ പഠിക്കാൻ ചെല്ലുന്നത്.
സ്വപ്നാടനം എന്ന സിനിമക്ക് ചങ്ങനാശ്ശേരി എൻ.എസ്.എസ് കോളജിൽ പഠിക്കുന്ന കാലത്ത് താൻ വായിച്ച മനഃശാസ്ത്രപുസ്തകങ്ങളാണ് സ്വാധീനിച്ചതെന്ന് അദ്ദേഹം പറഞ്ഞിട്ടുണ്ട്. യാഥാർഥ്യവും മനുഷ്യന്റെ സങ്കൽപവും തമ്മിൽ ഇണങ്ങിച്ചേരുന്ന ഫാന്റസിയെയാണ് ഇലവങ്കോട് ദേശമെന്ന സിനിമയിലൂടെ അവതരിപ്പിച്ചത്. ‘ആദാമിന്റെ വാരിയെല്ല്’ സ്ത്രീപക്ഷ സിനിമക്ക് ഉത്തമമാതൃകയായി. സമൂഹത്തിന്റെ മൂന്നു തലങ്ങളിലുള്ള സ്ത്രീകളുടെ ദുരന്തമാണ് കാമറയിൽ പകർത്തിയത്.
റെസ്ക്യൂ ഹോം വിട്ടിറങ്ങി ഓടിപ്പോകുന്ന വേലക്കാരിയായ കീഴാളപെൺകുട്ടി ജോർജിനെയും കാമറയെയും തട്ടിമാറ്റുന്നതാണ് അവസാന ഫ്രെയിമിൽ. സ്ത്രീശാക്തീകരണത്തിന് പുരുഷന്റെ രക്ഷാകർതൃത്വം ആവശ്യമില്ലെന്ന് പ്രഖ്യാപിക്കുന്ന രംഗമായി ഇത് വ്യാഖ്യാനിക്കപ്പെട്ടു.
ഹൃദയത്തോട് ചേർത്തുവെച്ച ഒരാൾകൂടി വിട പറയുന്നുവെന്ന് നടൻ മമ്മൂട്ടി. മേള, യവനിക, ആദാമിന്റെ വാരിയെല്ല്, ഇലവങ്കോട് ദേശം തുടങ്ങിയ കെ.ജി. ജോർജ് ചിത്രങ്ങളിൽ മമ്മൂട്ടി അഭിനയിച്ചിട്ടുണ്ട്. മേള എന്ന ചിത്രത്തിലാണ് അദ്ദേഹം ആദ്യമായി ജോർജിനൊപ്പം പ്രവർത്തിക്കുന്നത്.
യവനികയിലെ പൊലീസുകാരൻ, മേളയിലെ മോട്ടോർ സൈക്കിൾ അഭ്യാസി എന്നിവ മമ്മൂട്ടിയുടെ ഏറെ ശ്രദ്ധിക്കപ്പെട്ട വേഷങ്ങളാണ്. താൻ കണ്ട സംവിധായകരിൽ ഏറ്റവും നല്ല നടനാണ് കെ.ജി. ജോർജെന്ന് അദ്ദേഹത്തെക്കുറിച്ച ഡോക്യുമെന്ററിയിൽ മമ്മൂട്ടി അനുസ്മരിച്ചിരുന്നു. എല്ലാ വേഷങ്ങളും എല്ലാവർക്കും അഭിനയിച്ചു കാണിച്ചു കൊടുക്കുന്നതായിരുന്നു അദ്ദേഹത്തിന്റെ രീതിയെന്നും മമ്മൂട്ടി അഭിപ്രായപ്പെട്ടിട്ടുണ്ട്.
മലയാളസിനിമക്ക് പുതുഭാവുകത്വം പകർന്ന് ക്ലാസിക്കുകളുടെ ലോകത്തേക്ക് ആസ്വാദകരെ നയിച്ച അതുല്യപ്രതിഭയായിരുന്നു കെ.ജി. ജോർജ് എന്ന് നടൻ മോഹൻലാൽ. മലയാളത്തിലെ എക്കാലത്തെയും മികച്ച ചിത്രങ്ങളാണ് അദ്ദേഹം സംഭാവന ചെയ്തത്. പകരംവെക്കാനില്ലാത്ത ആ മഹാപ്രതിഭക്ക് ആദരാഞ്ജലികളെന്നും ഫേസ്ബുക്ക് കുറിപ്പിൽ മോഹൻലാൽ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.