സ്ത്രീയുടെ നിസ്സഹായതകൾക്ക് ഈ ലോകത്തോളം പഴക്കമുണ്ടായിരിക്കാം. മകളായി, ഭാര്യയായി, അമ്മയായി, മുത്തശ്ശിയായി അവൾ കടന്നുപോകുന്ന വഴികളിലെല്ലാം സഹയാത്രികയായി നിസ്സഹായതയുണ്ടായിരുന്നു. തിരക്കഥകളിൽ അവൾ പലപ്പോഴും പ്രതികാരദുർഗയായി മാറാറുണ്ട്്. എന്നാൽ, ജീവിതത്തിൽ കീഴടങ്ങാതെ പൊരുതാൻ അത്രയെളുപ്പമല്ല. പക്ഷേ, ക്രൂരതയുടെ ആഴം അത്രയും അധികമായാൽ സ്വയംരക്ഷക്ക് അവൾക്ക് പൊരുതേണ്ടിവന്നേക്കാം. നിരന്തരം പീഡനത്തിനിരയാകേണ്ടിവന്ന ഒരു പെൺകുട്ടിക്ക് തിരുവനന്തപുരത്ത് കത്തിയെടുക്കേണ്ടിവന്നത് ആ സാഹചര്യത്തിലായിരിക്കും. പ്രതികരിക്കാനുള്ള വഴി ഇതാണോയെന്ന ചോദ്യം സമൂഹമാധ്യമങ്ങളിലുംമറ്റും ഞാനും കേൾക്കുന്നുണ്ട്. വയലൻസാണ് അവസാനവാക്ക് എന്ന് ഞാൻ കരുതുന്നില്ല. എല്ലാവരും സ്വീകരിക്കേണ്ട മാർഗമിതാണോയെന്ന് ചോദിച്ചാലും അല്ലെന്ന് ഞാൻ പറയും. പക്ഷേ, കത്തിയെടുക്കുന്ന അവസ്ഥയിലേക്ക് അവളെയെത്തിച്ചത് ആരാണെന്ന ചോദ്യം ബാക്കിയാവുകയാണ്.
കാര്യങ്ങൾ ഈ അവസ്ഥയിലേക്ക് എത്തരുതെന്നാണ് എെൻറ ആഗ്രഹം. വിശ്വാസം നഷ്ടപ്പെടുമ്പോൾ ചിലപ്പോൾ മറ്റ് മാർഗമില്ലാതെവരുന്നു. എന്തുകൊണ്ട് നേരേത്ത പ്രതികരിച്ചില്ല എന്ന് ചോദിക്കാൻ എളുപ്പമാണ്. അവരുടെ ഭാഗത്തുനിന്നുകൂടി ചിന്തിക്കാതെയുള്ള പ്രതികരണമാണിത്. പുരുഷാധിപത്യലോകത്ത് തന്നെ മനസ്സിലാക്കാൻ ആരുമില്ലെന്ന ചിന്ത സ്ത്രീകളിൽ വളരുന്നു. സൗമ്യയെയും ജിഷയെയും മറന്നതുപോലെ എല്ലാം നാം രണ്ടുദിനം കൊണ്ട് മറക്കും. വീടകങ്ങളിലെ പീഡനം പലപ്പോഴും ചർച്ചചെയ്യപ്പെടുന്നുപോലുമില്ല. സ്വന്തം പിതാക്കന്മാർ പീഡനത്തിനിരയാക്കുന്ന കുട്ടികളുടെ എണ്ണം പെരുകുന്നതിനെക്കുറിച്ച് മലപ്പുറത്ത് ജോലി ചെയ്യുന്ന ഒരു അഭിഭാഷകസുഹൃത്ത് അടുത്തിടെ പറഞ്ഞിരുന്നു. പിതാവ് രക്ഷിക്കാത്തവരെ പിന്നെ ആരാണ് സംരക്ഷിക്കുക.
നിശ്ശബ്ദത ഭേദിക്കാനുള്ള കൂട്ടായ്മ
സ്ത്രീയോടുള്ള വിവേചനത്തിൽ ഒരു തൊഴിൽരംഗവും മോചിതമല്ല. സിനിമയെന്ന് കേൾക്കുമ്പോൾ ഒരു മായാലോകത്തെ വെള്ളിവെളിച്ചമായിരിക്കാം പലരുടെയും മനസ്സിലേക്കോടിയെത്തുക. കോടികൾ മറിയുന്ന ചലച്ചിത്രരംഗം തീർച്ചയായും എല്ലാ കാര്യത്തിലും പുറേമക്ക് സമ്പന്നം തന്നെയാണ്. എന്നാൽ, വനിതകളുടെ തൊഴിൽസാഹചര്യം അവിടെയും അത്ര സുഖകരമല്ല. ഈ അനുഭവത്തിെൻറ അടിസ്ഥാനത്തിലാണ് കഴിഞ്ഞദിവസം ചലച്ചിത്രമേഖലയിലെ വനിതപ്രവർത്തകരുടെ നേതൃത്വത്തിൽ കേരളത്തിൽ വിപ്ലവകരമായൊരു തീരുമാനമുണ്ടായത്. തൊഴിൽമേഖലയിലെ സുരക്ഷിതത്വം മുൻനിർത്തി ‘വിമൻസ് കലക്ടിവ് ഇൻ സിനിമ’ എന്ന കൂട്ടായ്മ പിറവിയെടുത്തു. ഇന്ത്യൻസിനിമയിൽതന്നെ ആദ്യനീക്കം. ആദ്യമേ പറയട്ടെ, ഇത് ആർക്കും ബദലല്ല. മാത്രമല്ല, ഈ കൂട്ടായ്മ നടിമാരുേടത് മാത്രമല്ല, സിനിമമേഖലയിൽ ജോലിചെയ്യുന്ന എല്ലാ വനിതകളുേടതുമാണ്. സിനിമയുടെ ഇരുപതോളം വ്യത്യസ്തജോലികളിൽ പ്രവർത്തിക്കുന്നവരാകും ഇതിൽ അംഗങ്ങൾ. നടിമാർ സംഘടനയുണ്ടാക്കിയെന്ന തരത്തിലാകരുത് ഇനിയെങ്കിലും വാർത്തകൾ.
മേഖലയിൽ ലിംഗപരമായ വിവേചനം ഇല്ലാതാക്കുകയെന്നതാണ് ലക്ഷ്യമിടുന്നത്. കൂടുതൽ ജെൻഡർ സെൻസിറ്റിവ് ആക്കി മാറ്റാനാണുദ്ദേശിക്കുന്നത്. അടുത്തിടെ നടി ആക്രമിക്കപ്പെട്ട സംഭവമുണ്ടായതോടെയാണ് ഇത്തരമൊരു കൂട്ടായ്മ എത്രയുംവേഗം വേണമെന്ന ചിന്ത ശക്തമായത്. ഇനി നിശ്ശബ്ദമായി ഇരിക്കാനാകില്ല. ഇത് ആദ്യസംഭവമല്ല, മറിച്ച് റിപ്പോർട്ട് ചെയ്യപ്പെടുന്ന സംഭവമാണെന്നാണ് ഞങ്ങൾ മുഖ്യമന്ത്രിക്ക് നൽകിയ നിവേദനത്തിൽ ചൂണ്ടിക്കാട്ടിയത്. നിലവിൽ നടക്കുന്ന പല ചൂഷണങ്ങൾ സംബന്ധിച്ച പരാതികളും സിനിമമേഖലയുടെ അഭിമാനത്തിെൻറ പേര് പറഞ്ഞ് നിശ്ശബ്ദമാക്കപ്പെടുകയാണ്. പുറത്തുവന്ന കേസിൽ നീതി മാതൃകപരമായി നടപ്പാകണം.
ആറന്മുള പൊന്നമ്മ പറഞ്ഞ സത്യം
നടി ആറന്മുള പൊന്നമ്മയുമായി ഒരിക്കൽ സംസാരിച്ചപ്പോൾ അവർ പറഞ്ഞ ഒരു കാര്യം സിനിമമേഖലയിലെ സ്ത്രീ-പുരുഷ വിവേചനത്തിെൻറ ആഴം വ്യക്തമാക്കും. അവർ ഈ രംഗത്തേക്ക് കടന്നുവന്ന സമയത്ത് ലഭിച്ച വേതനവും സിനിമയിൽ നിന്ന് വിടപറയുന്ന ഘട്ടത്തിൽ ലഭിച്ച വേതനവും തമ്മിൽ കാലത്തിെൻറ മാറ്റത്തിനനുസരിച്ച് ചില മാറ്റങ്ങൾ വന്നുവെന്നതല്ലാതെ പുരുഷന്മാരായ അഭിേനതാക്കളുമായി താരതമ്യംചെയ്യുമ്പോൾ കാര്യമായ വർധനയുണ്ടായിരുന്നില്ല. അതായത് സ്ത്രീയുടെ കാര്യത്തിൽ കഴിവും എക്സ്പീരിയൻസുമൊന്നും വേതനവർധനക്ക് മാനദണ്ഡമല്ലെന്നർഥം. അടിസ്ഥാനപരമായ മനുഷ്യാവകാശങ്ങളോ സേവനവേതനവ്യവസ്ഥകളോ ചർച്ചചെയ്യാവുന്ന അവസ്ഥയിൽ പോലുമെത്തിയിട്ടില്ല സിനിമമേഖലയിൽ കാര്യങ്ങൾ. പ്രാഥമികാവശ്യങ്ങൾ നിറവേറ്റാനോ വസ്ത്രംമാറാനോ ഉള്ള സൗകര്യങ്ങളെക്കുറിച്ചുപോലും നമ്മൾ അന്വേഷിക്കുമ്പോഴാണ് ഫീൽഡിലുള്ളവർ ബോധവാന്മാരാകുന്നത്. തൊഴിൽസ്ഥലത്തെ ലൈംഗികപീഡനനിരോധനനിയമത്തിെൻറ പരിധിയിൽ സിനിമയെക്കൂടി കൊണ്ടുവരണമെന്നതാണ് ഞങ്ങളുടെ പ്രധാന ആവശ്യം. പരാതി പരിഹാരസെൽ രൂപവത്കരിച്ച സാക്ഷ്യപത്രമില്ലാതെ ഒരു സിനിമയും രജിസ്റ്റർ ചെയ്യപ്പെടുന്നില്ലെന്ന് സർക്കാർ ഉറപ്പാക്കണം.
ലിംഗപരമായ പ്രശ്നങ്ങളെയും വിവേചനങ്ങളെയുംകുറിച്ച് പഠിക്കാൻ വിദഗ്ധസമിതിയെ നിയോഗിക്കണമെന്നും സാങ്കേതികമേഖലകളിൽ സ്ത്രീകൾക്ക് കൂടുതൽ തൊഴിലവസരങ്ങൾ ഉറപ്പാക്കാൻ സംവരണവും സ്കോളർഷിപ്പും ആനുകൂല്യങ്ങളും ഏർപ്പെടുത്തണമെന്നും ഞങ്ങൾ ആവശ്യപ്പെട്ടിട്ടുണ്ട്്. പ്രസവം, ശിശുപരിചരണം തുടങ്ങിയ ഘട്ടങ്ങളിൽ സിനിമയിൽ നിന്ന് വിട്ടുനിൽക്കുമ്പോൾ ക്ഷേമനിധി, ഇൻഷുറൻസ് എന്നിവ നൽകണം. സിനിമയുടെ ഉള്ളടക്കത്തിൽ ലിംഗനീതി ഉറപ്പാക്കാൻ അത്തരം ചിത്രങ്ങൾക്ക് പ്രത്യേക പുരസ്കാരം ഏർപ്പെടുത്തണം. സിനിമയെക്കുറിച്ചുള്ള സങ്കൽപങ്ങൾതന്നെ മലയാളി മാറ്റിയെഴുതണമെന്നാണ് ഞങ്ങൾക്ക് പറയാനുള്ളത്. നല്ല കഴിവും വിദ്യാഭ്യാസവുമുള്ളവരാണ് ഈ മേഖലയിലേക്ക് എത്തുന്നത്. പ്രതിഭാധനരായ സംവിധായികമാരാണ് ഇന്ന് രംഗത്തുള്ളത്. അവരുടെ സെറ്റിൽ സംഭവിക്കുന്ന മാറ്റങ്ങൾ ലിംഗനീതി ഉറപ്പാക്കുന്നതിലേക്കുള്ള പുതിയ കാൽവെപ്പായാണ് ഞാൻ കാണുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.