എന്റെ പിതാമഹന്റെ വേരുകൾ കണ്ണൂർ പട്ടണത്തിലായിരുന്നു. ആദ്യകാലത്ത് ധനാഢ്യനായി, പ്രതാപത്തോടെ ജീവിച്ച വ്യക്തി. അദ്ദേഹത്തിന്റെ ജീവിതത്തിന്റെ ഉത്തരാർധം എന്നാൽ, പ്രയാസങ്ങൾ നിറഞ്ഞതായിരുന്നു. 1950കളോടുകൂടി മലഞ്ചരക്ക് കച്ചവടം നഷ്ടത്തിലായതും പുതിയ നിയമങ്ങൾമൂലം കണക്കറ്റ ഭൂമി കൈവിട്ടുപോയതുമെല്ലാം അദ്ദേഹത്തെയും മക്കളെയും ബാധിച്ചു. ഉന്നത വിദ്യാഭ്യാസം നേടിയതുകൊണ്ട് അക്കൂട്ടത്തിൽ എന്റെ പിതാവിന് കരകയറാൻ സാധിച്ചു.
തന്നെ സമീപിച്ചവർക്കെല്ലാം കൈയയച്ച് സഹായങ്ങൾ നൽകുന്ന ഉദാരമതിയായിരുന്നു പിതാമഹൻ. ആ സഹായമനസ്സ് നന്നായി മുതലെടുക്കുകയും കബളിപ്പിക്കുകയും ചെയ്തവരുമുണ്ടായിരുന്നു. ഒരു പാത്രം നെയ്യ് ഉപഹാരമായി കൊടുത്ത് ഭൂമിയുടെ ആധാരം പകരംകൊണ്ടുപോയവർ വരെ അക്കൂട്ടത്തിലുണ്ട്. അവശതകൾക്കിടയിലും പഴയ കാലം ഞങ്ങൾ പേരക്കിടാങ്ങളുമായി അദ്ദേഹം പങ്കുവെക്കുമായിരുന്നു. ഏതാണ്ട് 40 വർഷം മുമ്പ് ഒരു വാഹനാപകടത്തെത്തുടർന്ന് ആരോഗ്യനില വഷളാവുകയും അധികം വൈകാതെ അദ്ദേഹം ഇഹലോകത്തോട് വിടപറയുകയും ചെയ്തു.
എന്റെ പിതാവിന്റെ നേതൃത്വത്തിലാണ് മരണാനന്തര ചടങ്ങുകളും മറ്റും നടന്നത്. ആ ദിവസങ്ങളിൽ തലശ്ശേരിയിലെ മുത്തശ്ശിയുടെ തറവാട്ടുവീട്ടിൽ അനുശോചനം അറിയിക്കാൻ ജീവിതത്തിന്റെ പല തുറകളിൽനിന്നുള്ള ഒട്ടേറെ പേർ എത്തിയിരുന്നു. അതിലൊരു വ്യക്തിയെ പ്രത്യേകം കണ്ണിലുടക്കി. ആ ദിവസങ്ങളിൽ അതിരാവിലെയെത്തുന്ന അദ്ദേഹം കാര്യങ്ങൾക്കെല്ലാം മേൽനോട്ടം വഹിച്ച ശേഷം രാത്രി വൈകിയാണ് മടങ്ങിയിരുന്നത്. വീട്ടിൽനിന്ന് ഭക്ഷണമൊന്നും കഴിച്ചിരുന്നില്ലെങ്കിലും ഒരു വീട്ടുകാരനെ പോലെ എല്ലാം നോക്കിനടത്തി സജീവസാന്നിധ്യമായ ഒരു മനുഷ്യൻ.
ഇതാരാണ് എന്ന് പിതാവിനോട് ഞാൻ ചോദിച്ചു. അദ്ദേഹത്തിന് വലിയ പിടിയില്ല. മുത്തച്ഛന് പലരോടും സുഹൃദ്ബന്ധമുണ്ടായിരുന്നു. അവസാന കാലത്ത് പഴയ പ്രതാപ ഐശ്വര്യങ്ങളെല്ലാം അയവിറക്കി കടൽതീരത്തും സ്റ്റേഡിയത്തിനരികിലും അദ്ദേഹം പതിവായി പോകുമായിരുന്നു. അവിടങ്ങളിലെ സൗഹൃദങ്ങളിൽ ആരെങ്കിലും ആവാം -പിതാവ് പറഞ്ഞു. ഏതായാലും ബന്ധുവല്ല എന്ന് എടുത്തുപറയുകയും ചെയ്തു. ഏറ്റവും അടുത്ത ബന്ധുക്കളെക്കാൾ ഊർജസ്വലതയോടെയും ആത്മാർഥതയോടെയും മരണാനന്തര ചടങ്ങുകളിലും പ്രാർഥനകളിലുമെല്ലാം അദ്ദേഹം പങ്കെടുത്തു.
ഞാൻ കോളജിലേക്ക് പ്രവേശിക്കുന്ന കാലമാണ്. എനിക്ക് അദ്ദേഹത്തെ പരിചയപ്പെട്ടാൽ കൊള്ളാമെന്നായി. ചെറിയ ഒരു കച്ചവടം ചെയ്തു ജീവിക്കുന്നയാളാണെന്നും സായാഹ്ന സവാരികളിൽ കാണുമ്പോൾ പിതാമഹൻ പുലർത്തിയ തുറന്ന മനസ്സോടെയുള്ള പെരുമാറ്റത്തിൽ ആകൃഷ്ടനായി ശിഷ്യനായിത്തീർന്നതാണെന്നും അദ്ദേഹം പറഞ്ഞു. തറവാട്ടിലെ ചടങ്ങുകൾക്കുള്ള ചെമ്പിനും പാത്രത്തിനുമെല്ലാം സ്വന്തം കീശയിൽനിന്ന് പണമെടുത്ത് അദ്ദേഹം നൽകുന്നതു വരെ ഞാൻ കണ്ടിരുന്നു. എന്തുകൊണ്ടാണ് നിങ്ങൾ ഇങ്ങനെയൊക്കെ ചെയ്യുന്നതെന്ന് ചോദിച്ചപ്പോൾ അദ്ദേഹം നൽകിയ മറുപടിയുടെ പൊരുൾ ഇന്നും എനിക്ക് പിടികിട്ടിയിട്ടില്ല. അദ്ദേഹം പറഞ്ഞു: ‘‘നമ്മൾ ജീവിതത്തിന്റെ പലഘട്ടങ്ങളിലൂടെ സഞ്ചരിക്കുമ്പോൾ പലരെയും കാണുന്നു, പല മഹദ് വ്യക്തിത്വങ്ങളെയും പരിചയപ്പെടുന്നു, ചിലരുമായി നമ്മൾ നന്നായി അടുക്കുന്നു.
അവരൊക്കെ ചില സന്ധികളിലെത്തുമ്പോൾ എന്നന്നേക്കുമായി മാഞ്ഞുപോവുകയും ചെയ്യുന്നു. അവർ വിട്ടുപോയാലും എനിക്കെന്റെ യാത്ര തുടരണമല്ലോ. ആ ആത്മാവിനോടുള്ള സ്നേഹബഹുമാനങ്ങൾ പരിപൂർണമായി പ്രകടിപ്പിച്ച് മാത്രമേ എനിക്കതിന് സാധിക്കുകയുള്ളൂ. എന്നാലാവുംവിധം ശരീരംകൊണ്ടും മനസ്സുകൊണ്ടും സാമ്പത്തിക ശേഷികൊണ്ടും മരിച്ച ആ വ്യക്തിയോടുള്ള ആത്മാർഥത പൂർണമായും രേഖപ്പെടുത്താൻ ശ്രമിച്ചതാണ്.’’
‘‘ജീവിതത്തിൽ അദ്ദേഹത്തിൽനിന്ന് വല്ലതും ലഭിച്ചിരുന്നോ’’ -ഞാൻ ചോദിച്ചു. ‘ഒത്തിരി’ എന്നായിരുന്നു മറുപടി. ‘‘സാമ്പത്തിക സഹായം വല്ലതും...?’’ ഞാൻ ചോദ്യം ഒന്നുകൂടി കൃത്യമാക്കി. ഒരു പൊട്ടിച്ചിരിയായിരുന്നു മറുപടി. ‘‘മോനേ, സമ്പത്ത് വരുകയും പോവുകയും ചെയ്യുന്ന ഒന്നാണ്. എനിക്ക് അദ്ദേഹത്തിൽനിന്ന് ലഭിച്ചത് ഒത്തിരി അറിവുകളും ഈ ഭൂഗോളത്തോളം വലുപ്പമുള്ള സ്നേഹവുമായിരുന്നു. ഈ രണ്ട് കാര്യങ്ങളും നാം ഒരിക്കലും മറക്കാതിരിക്കുക. കാരണം അവ രണ്ടും ഒരാൾക്ക് കിട്ടാവുന്നതിൽ ഏറ്റവും മഹത്തരമായ വരദാനങ്ങളാണ്.’’
ഏതാണ്ട് പത്ത് ദിവസം കഴിഞ്ഞു. ഒരു ദിവസം വൈകീട്ട് അദ്ദേഹം എല്ലാവരോടും യാത്രപറഞ്ഞിറങ്ങി. ഞാൻ അദ്ദേഹത്തിനരികിൽ ചെന്ന് ചോദിച്ചു: ‘‘അങ്കിൾ ഇനി എന്നാണ് വരുക?’’അദ്ദേഹം പറഞ്ഞു: ‘‘എന്റെ ഉത്തരവാദിത്തം ഇവിടെ തീർന്നു, നിങ്ങളുടെ ഉമ്മൂമ്മയെ നന്നായി നോക്കാൻ നിങ്ങൾക്ക് കഴിയും. എനിക്കിനി ഇങ്ങോട്ട് വരാൻ കഴിഞ്ഞുകൊള്ളണമെന്നില്ല. മോന്റെ പിതാമഹനെ പോലുള്ള മഹദ് വ്യക്തിത്വങ്ങളെ ഇനിയും കണ്ടുമുട്ടണമെന്നാണ് ആഗ്രഹം. നമ്മുടെ യാത്രകൾ ഒരിക്കലും പൂർണമാകുന്നില്ല. അത് തുടർന്നുകൊണ്ടേയിരിക്കണം. എങ്കിലേ കൂടുതൽ അറിവുകളും അനുഭവങ്ങളും നേടാൻ കഴിയൂ. നന്നായി പഠിക്കണം, വലിയ ആളാവണം’’ -ഒരു സ്നേഹാലിംഗനവും നൽകി അദ്ദേഹം നടന്നുനീങ്ങി.
ഈ അജ്ഞാത മനുഷ്യന്റെ ജീവിതവീക്ഷണത്തിൽനിന്ന് നമ്മുടെ സാമാന്യ ജീവിതത്തിലേക്ക് ഒരുപാട് പാഠങ്ങളുണ്ട്. മനുഷ്യരുമായുള്ള കൂടിച്ചേരലുകൾ, പരിചയം, സമ്പർക്കം എന്നിവയാണ് വിജ്ഞാനകോശങ്ങളെക്കാൾ അറിവുകൾ നമുക്ക് പകരുക. വ്യവസ്ഥാപിതമായ മാർഗങ്ങളിൽനിന്നും ഗ്രന്ഥങ്ങളിൽനിന്നും നാം ആർജിക്കുന്ന വിവരങ്ങളെക്കാൾ ഓജസ്സും വീര്യവും അവക്കുണ്ട്. ആ ജീവനുള്ള അറിവുകൾ നമുക്ക് നൽകുന്നത് അസാമാന്യ ഉൾക്കാഴ്ചകളാണ്. അതുകൊണ്ടാണ് വിദ്യാർഥികളോടും യുവജനങ്ങളോടും എപ്പോഴും ഇങ്ങനെ പറയാറുള്ളത്: ‘‘കണ്ണുകൾ തുറന്നിരിക്കുക, കാതുകൾ കൂർപ്പിച്ചുവെക്കുക, മനസ്സിന്റെ വാതായനം വിശാലമാക്കുക, ഇൗ ലോകം നിങ്ങളിലേക്ക് പ്രവേശിക്കട്ടെ’’. അങ്ങനെ ലോകം നമ്മിൽ പ്രവേശിക്കുമ്പോൾ ലഭിക്കുന്ന അറിവും തിരിച്ചറിവും നമ്മുടെ ജീവിതത്തെ പരിപോഷിപ്പിക്കും. ആ വ്യക്തിയെ ഞാൻ പിന്നീട് കണ്ടിട്ടില്ല.
ആരുടെയൊക്കെയോ കൂടെ നല്ല നല്ല വർത്തമാനങ്ങളും പറഞ്ഞ് അദ്ദേഹം ഇപ്പോഴും ഈ ലോകത്തെ അർഥപൂർണമായി മനസ്സിലാക്കുന്നുണ്ടാകും. വലിയ പദവികളോ അലങ്കാരങ്ങളോ അദ്ദേഹത്തെ തേടിയെത്തിയിട്ടുണ്ടാവില്ല. എങ്കിലും ‘ഇതാ ഒരു മനുഷ്യൻ’ എന്ന നിർവചനത്തിൽ അയാൾ ലോകത്തിനു മുന്നിൽ അടയാളപ്പെടുത്തപ്പെട്ടിരിക്കും. തീർച്ച. പ്രശസ്ത ഫ്രഞ്ച് എഴുത്തുകാരൻ മാർസൽ പ്രൗസ്റ്റിന്റെ വാക്കുകൾ ഏറെ പ്രസക്തം. ‘‘നമുക്ക് ജ്ഞാനം ലഭിക്കുകയല്ല, ഒരു യാത്രയുടെ ഒടുവിൽ നാമത് സ്വയം കണ്ടെത്തുകയാണ്.’’
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.