1993ൽ രാമജന്മഭൂമി ന്യാസിന്റെ ചെയർമാനായിരുന്ന മഹന്ത് രാമചന്ദ്ര പരമഹൻസ് അയോധ്യയിലെ ദിഗംബർ അഖാഡയിൽവെച്ച് മാധ്യമങ്ങൾക്ക് മുന്നിൽ നടത്തിയ പ്രസ്താവനയാണ് ഈ കുറിപ്പിന് തലവാചകമായി നൽകിയിരിക്കുന്നത്. കാം ജാരി ഹേ- എന്നാൽ പ്രവർത്തനങ്ങൾ പുരോഗമിക്കുന്നു എന്നർഥം. കഴിഞ്ഞ 30 വർഷങ്ങളായി സംഘ്പരിവാർ വൃത്തങ്ങളിൽ ഈ സന്ദേശം തലങ്ങും വിലങ്ങും പായുകയാണ്, അതിന്റെ പ്രായോഗികവത്കരണവും നടക്കുകയാണ്. നമ്മുടെ രാജ്യത്തെ ഇടതുപക്ഷ പ്രവർത്തകരെയും ന്യൂനപക്ഷ വിഭാഗങ്ങളെയും പിന്നാക്ക വിഭാഗക്കാരെയും ഉന്മൂലനം ചെയ്യാനുള്ള പ്രവർത്തനപദ്ധതിയാണ് സംഘ്പരിവാറിന്റെ അടുക്കളയിൽ വെന്തുകൊണ്ടിരിക്കുന്നത്.
ജനങ്ങളെ നശിപ്പിക്കാനുള്ള ഫലപ്രദമായ മാര്‍ഗം സ്വന്തം ചരിത്രത്തെക്കുറിച്ചുള്ള അവബോധം നിഷേധിക്കലും പിന്നെ യുമെന്തെങ്കിലും ശേഷിച്ചിട്ടുണ്ടെങ്കില്‍ അതു മായ്ച്ചുകള യലുമാണെന്ന് പറഞ്ഞത് ജോര്‍ജ് ഓര്‍വെല്ലാണ്.അത്തരത്തിലുള്ള ഗൂഢശ്രമങ്ങള്‍ എക്കാലത്തുമുണ്ടായിട്ടുണ്ട് . ബ്രസീലിലെ ധനമന്ത്രിയായിരുന്ന റൂയി ബാര്‍ബോസ 1891ല്‍ പുറപ്പെടുവിച്ച ഉത്തരവ് അതിനൊരുദാഹരണം- അടിമത്തവും അടിമക്കച്ചവടവും പരാമര്‍ശിക്കുന്ന എല്ലാ രേഖകളും നശിപ്പിക്കാനായിരുന്നു നിര്‍ദേശം. ഇതേത്തുടര്‍ന്ന് രാജ്യത്തുടനീളം പുസ്തകങ്ങള്‍ ചുട്ടുകരിക്കപ്പെട്ടു. സമാനമായ നടപടികള്‍ അഡോള്‍ഫ് ഹിറ്റ്ലര്‍ ഉള്‍പ്പെടെയുള്ള ഏകാധിപതികള്‍ തുടര്‍ന്നുവന്നു.
ഇന്ത്യയില്‍ സംഘ്പരിവാര്‍ അധികാരത്തിലേറിയതു മുതല്‍ വിവിധ സംസ്ഥാനങ്ങളില്‍ രഹസ്യമായും പരസ്യ മായും ചരിത്രത്തെ പുനര്‍നിര്‍മിക്കാനുള്ള ശ്രമങ്ങളാരംഭിച്ചു. ഇത്തരം അപനിർമിത ചരിത്രങ്ങൾക്ക് തെളിവുചോദിക്കുമെന്ന ഭയമുള്ളതിനാല്‍ ചരിത്രസംഭവങ്ങളെയും സ്ഥലങ്ങളെയും പുനഃസൃഷ്ടിക്കുകയും പുനര്‍നാമകരണം ചെയ്യുകയുമാണ് അവരിപ്പോൾ. ഇന്ത്യയുടെ സ്വാതന്ത്ര്യപ്പോരാട്ടത്തിൽ ഒരു പങ്കുംവഹിച്ചിട്ടില്ലാത്ത സംഘ്പരിവാർ സ്വാതന്ത്ര്യസമരസേനാനികളുടെ ഓർമകളെപ്പോലും ഇല്ലാതാക്കുന്നുണ്ട്.
വിദ്യാലയങ്ങളിലും സർവകലാശാലകളിലും പഠിപ്പിക്കുന്ന ഇന്ത്യയുടെ ചരിത്രം ഹിന്ദുത്വ ചരിത്രമായി മാറ്റിമറിച്ചി രിക്കുന്നു. മഹാത്മാഗാന്ധിയുടെ കൊലപാതകവും മുഗൾ ചരിത്രവും ഇന്ത്യയുടെ ആദ്യ വിദ്യാഭ്യാസമന്ത്രിയായിരുന്ന മൗലാനാ അബുൽ കലാം ആസാദിന്റെ പേരുപോലും പുസ്തകങ്ങളിൽനിന്ന് വെട്ടി മാറ്റിയിരിക്കുന്നു.
മുഗളർ നമ്മുടെ രാജ്യത്തിന് നൽകിയ സംഭാവനകൾ തമസ്കരിക്കുന്നതിനായി സ്ഥലനാമങ്ങളുടെയും സ്ഥാപനങ്ങളുടെയും ചരിത്രസ്മാരകങ്ങളുടെയും പേരുകൾ മാറ്റുന്ന നടപടികളും അനുസ്യൂതം തുടരുകയാണ്. മുസ്ലിം ഭരണാധികാരികളുടെ കാലത്ത് നിർമിക്കപ്പെട്ട നഗരങ്ങളുടെ പേരുകൾ ഒന്നൊഴിയാതെ മാറ്റിക്കൊണ്ടിരിക്കുന്നു. ഫൈസാബാദ് അയോധ്യയായി, അലഹബാദ് പ്രയാഗ് രാജ് ആയി, ഔറംഗാബാദ് സാംഭാജി നഗര്‍ ആയി. അഹമ്മദാബാദിനെ കര്‍ണാവതിയെന്നും ഹൈദരബാദിനെ ഭാഗ്യനഗര്‍ എന്നും വിളിക്കണമെന്നാണ് അവരുടെ പുതിയ തീട്ടൂരം. താജ്മഹലിനെ രാംമഹലാക്കാൻ പോലും നീക്കം നടക്കുന്നുവെന്നറിയുേമ്പാൾ പിന്നെയെന്തിന് അധികം പറയുന്നു?.
വിഖ്യാതമായ നെഹ്റു മെമ്മോറിയൽ മ്യൂസിയത്തിന് പ്രൈം മിനിസ്റ്റേഴ്സ് മ്യൂസിയം ആൻഡ് ലൈബ്രറി സൊസൈറ്റി എന്നാക്കി പേര്. 16 സംവത്സരക്കാലം പ്രധാനമന്ത്രിയായ പണ്ഡിറ്റ് ജവഹർലാൽ നെഹ്റു താമസിച്ച വസതി മാത്രമല്ല തീൻ മൂർത്തി ഭവൻ. അത് രാഷ്ട്രത്തിന്റെ വികാരോജ്ജ്വലമായ ഒരു കാലഘട്ടത്തെക്കുറിച്ചുള്ള ഓർമപ്പെടുത്തൽ കൂടിയാണ്. സമത്വവും സാഹോദര്യവുമുള്ള രാജ്യം വിഭാവനം ചെയ്ത ഇന്ത്യ കണ്ട എക്കാലത്തെയും വലിയ സോഷ്യലിസ്റ്റുകളിലൊരാൾ എന്ന് വിശേഷിപ്പിക്കാവുന്ന നെഹ്റുവിന്റെ വീക്ഷണങ്ങൾ ചരിത്രത്തിൽനിന്ന് മായ്ച്ചുകളയുക എന്നതാണ് ഈ പേരുമാറ്റിയ നടപടിക്ക് പിന്നിലെ ചേതോവികാരം.
2024ൽ നടക്കാനിരിക്കുന്ന ലോക്സഭ തെരഞ്ഞെടുപ്പിൽ നമ്മുടെ രാജ്യത്തെ സാമ്പത്തിക തകർച്ചയും വിലക്കയറ്റവും ദാരിദ്ര്യവും അഴിമതിയും തൊഴിലില്ലായ്മയും അതിസമ്പ ന്നർക്ക് വഴിവിട്ട ആനുകൂല്യങ്ങൾ നൽകിയതുമെല്ലാം ചർച്ചയാകുമെന്ന് ഉറപ്പുള്ളതിനാൽ അതു മറച്ചുവെക്കുന്നതിനും ജനങ്ങളെയും രാഷ്ട്രത്തെയും ഭിന്നിപ്പിക്കുന്നതിനുമായി പുതിയ വിഭാഗീയ ആയുധങ്ങൾ പുറത്തെടുക്കുകയാണ് സംഘ്പരിവാർ. ഇന്ത്യ എന്ന പേര് ഒഴിവാക്കി പകരം ഭാരതമെന്ന് മാത്രമാക്കാനുള്ള നീക്കവും അതിന്റെ ഭാഗമാണ്. ബ്രിട്ടീഷുകാർ നടത്തിയിരുന്ന ഡിവൈഡ് ആൻഡ് റൂൾ പോളിസിയുടെ മറ്റൊരു പകർപ്പാണ് എല്ലാ അർഥത്തിലും ഈ ഭരണകൂടം നടത്തിക്കൊണ്ടിരിക്കുന്നത്.
ചരിത്രത്തെ തേച്ചുമായ്ക്കാൻ ശ്രമിക്കുന്ന ശക്തികൾക്ക് കാലം മാപ്പ് നൽകില്ല. ജനങ്ങളെ ഭിന്നിപ്പിച്ചും കൊന്നൊടുക്കിയും അധികാരത്തിൽ ഉറച്ചിരിക്കാമെന്ന് വ്യാമോഹിച്ച ഹിറ്റ്ലർ ഉൾപ്പെടെയുള്ള ഏകാധിപതികളുടെ ചരിത്രം നമുക്കു മുന്നിൽ പാഠമായുണ്ട്. ഇന്ത്യയെ ഇല്ലാതാക്കാനുള്ള കുതന്ത്രങ്ങൾക്കെതിരെ ശക്തമായ മറുപടി നൽകാൻ ഓരോ ഇന്ത്യക്കാരും മുന്നിട്ടിറങ്ങുന്ന സുദിനം വരുകതന്നെ ചെയ്യും. മതനിരപേക്ഷ ഇന്ത്യയെ അങ്ങനെ അ ല്ലാതാക്കാനുള്ള പ്രവർത്തനങ്ങളിൽ സംഘ്പരിവാർ മുഴുകവെ നാനാജാതി മതസ്ഥർ ഒരുമയോടെ മുന്നേറുന്ന ലോകത്തെ ഏറ്റവും വലിയ മതനിരപേക്ഷ ജനാധിപത്യ രാജ്യമായി നിലനിർത്താനുള്ള ദൗത്യവുമായി നാം ഓരോരുത്തരും സജീവമാവുക.
(കയ്പമംഗലം മണ്ഡലത്തിൽ നിന്നുള്ള നിയമസഭ സാമാജികനും സി.പി.ഐ നേതാവുമാണ്)
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.