‘2011ൽ മഅ്ദനിയുടെ ജാമ്യാപേക്ഷ പരിഗണിച്ച രണ്ടംഗ സു പ്രീംകോടതി ബെ ഞ്ചിൽ സീനിയർ ജഡ്ജിയായിരുന്നു ഞാൻ. സഹജഡ്ജി വിസമ്മതിച്ചതിനാലാണ് അന്ന് ജാമ്യം ലഭിക്കാതിരുന്നത് എന്നോർക്കുമ്പോൾ എനിക്ക് ഇപ്പോഴും ദുഃഖം തോന്നാറുണ്ട്’’
ഇന്ത്യ വൈവിധ്യങ്ങളുടെ നാടാണ്. നിരവധി മതങ്ങൾ, ഭാഷകൾ, സംസ്കാരങ്ങൾ എല്ലാമുള്ള രാജ്യം. കേരളത്തിലുമുണ്ട് ഇതെല്ലാം. മലയാളികളാണ് യഥാർഥ ഇന്ത്യയെ പ്രതിനിധാനം ചെയ്യുന്നതെന്ന് മുമ്പൊരിക്കൽ ഫേസ്ബുക്കിൽ എഴുതിയ കുറിപ്പിൽ ഞാൻ പറഞ്ഞിരുന്നു.
വൈവിധ്യങ്ങളുടെ ഈ രാജ്യത്ത് നാം വിവിധ മതങ്ങളെയും ജാതികളെയും ബഹുമാനിക്കുന്നവരുമായിരുന്നു. നിർഭാഗ്യവശാൽ കഴിഞ്ഞ കുറച്ചു കാലങ്ങളായി ചില നിക്ഷിപ്ത താൽപര്യക്കാർ വിവിധ മതങ്ങളിലും ജാതിയിലുംപെട്ടവർക്കിടയിൽ വിദ്വേഷം പരത്താനും ധ്രുവീകരണത്തിനും ശ്രമിക്കുന്നു.
അബ്ദുന്നാസിർ മഅ്ദനിയുടെ കേസും അത്തരത്തിലുള്ള ഒന്നായാണ് ഞാൻ കാണുന്നത്. ദക്ഷിണ കേരളത്തിലെ ഒരു മതപ്രബോധകൻ മാത്രമായിരുന്നു മഅ്ദനി. കോയമ്പത്തൂർ ബോംബ് സ്ഫോടനക്കേസിൽ തെറ്റായി പ്രതിചേർക്കപ്പെട്ട് 1998 മുതൽ 2007 വരെ ഒമ്പതു വർഷം അദ്ദേഹത്തിന് ജയിലിൽ കിടക്കേണ്ടിവന്നു.
2007ൽ നിരപരാധിത്വം തെളിയിക്കപ്പെട്ടതിനെ തുടർന്ന് ജയിൽമോചിതനായ അദ്ദേഹം ബംഗളൂരു സ്ഫോടനക്കേസിൽ പ്രതിചേർക്കപ്പെട്ട് 2010ൽ വീണ്ടും ജയിലിലായി. 2011ൽ അദ്ദേഹത്തിന്‍റെ ജാമ്യാപേക്ഷ സുപ്രീംകോടതിയിൽ പരിഗണിച്ച രണ്ടംഗ ബെഞ്ചിൽ ഞാൻ സീനിയർ ജഡ്ജിയായിരുന്നു. ജാമ്യം അനുവദിക്കണമെന്ന നിലപാടായിരുന്നു എനിക്കുണ്ടായിരുന്നത്.
എന്നാൽ, എന്നോടൊപ്പമുണ്ടായിരുന്ന ജൂനിയർ ജഡ്ജി വിയോജിച്ചതോടെ കേസ് ചീഫ് ജസ്റ്റിസിന്‍റെ ബെഞ്ചിലേക്കു മാറ്റുകയായിരുന്നു. സഹജഡ്ജി വിസമ്മതിച്ചതിനാലാണ് മഅ്ദനിക്ക് അന്ന് ജാമ്യം ലഭിക്കാതിരുന്നത് എന്നോർക്കുമ്പോൾ എനിക്ക് ഇപ്പോഴും ദുഃഖം തോന്നാറുണ്ട്.
1998-2007, 2010-2022 അങ്ങനെ രണ്ടു കാലയളവുകളിൽ 22 വർഷങ്ങളായി മഅ്ദനി തടവിൽ കഴിയുകയാണ്. ബംഗളൂരുവിലെ വീട്ടുതടങ്കലിൽപോലും കർശന ഉപാധികളോടെയാണ് അദ്ദേഹം കഴിയുന്നത് എന്നതിനാൽ അതിനെയും തടവായിതന്നെ വേണം കണക്കാക്കാൻ.
നമ്മുടെ നാട്ടിലെ പൊലീസിനെക്കുറിച്ച് ചില കാര്യങ്ങൾ എനിക്ക് പറയാനുണ്ട്. ക്രിമിനൽ കുറ്റകൃത്യങ്ങളിൽ ശാസ്ത്രീയമായാണ് അന്വേഷണം നടത്തേണ്ടത്. ഷെർലക് ഹോംസ് കഥകളിലൊക്കെ നാം വായിക്കാറുണ്ട്, അദ്ദേഹം എങ്ങനെയാണ് കുറ്റകൃത്യം നടന്ന സ്ഥലത്തു പോകുന്നതെന്നും വിരലടയാളം, രക്തക്കറകൾ എന്നിവ പരിശോധിക്കുന്നതും എന്നുമൊക്കെ.
അമേരിക്കൻ അന്വേഷണ വിദഗ്ധർ കുറ്റകൃത്യം നടന്ന സ്ഥലത്തു പോയി അന്വേഷണം നടത്തുന്നതും ശാസ്ത്രീയമായി വിശകലനം നടത്തുന്നതും യൂട്യൂബിലും മറ്റും നാം കണ്ടിട്ടുണ്ട്. എന്നാൽ, നമ്മുടെ രാജ്യത്ത് ശാസ്ത്രീയമായ അന്വേഷണം നടത്താനുള്ള ഒരുവിധ പരിശീലനവും പൊലീസിന് നൽകുന്നില്ല.
പാശ്ചാത്യരാജ്യങ്ങളിലേതുപോലെ ശാസ്ത്രീയ ഉപകരണങ്ങളോ സൗകര്യങ്ങളോ ഒന്നുമില്ല. അതിനാൽതന്നെ ശരിയായ രീതിയിൽ അന്വേഷണം നടത്താൻ അവർക്ക് കഴിയാറുമില്ല. പക്ഷേ, ഏതെങ്കിലുമൊരു കുറ്റകൃത്യം സംഭവിച്ചാൽ അടിയന്തരമായി കേസ് തെളിയിച്ചില്ലെങ്കിൽ സസ്പെൻഷൻ നേരിടേണ്ടിവരുമെന്ന ഭീഷണി ഇവർക്ക് ലഭിക്കാറുണ്ട്.
അത്തരമൊരവസ്ഥയിൽ പൊലീസ് ഉദ്യോഗസ്ഥർക്ക് എന്തു ചെയ്യാൻ കഴിയും? ഒരു ഗ്രാമത്തിൽ ഒരു മോഷണം നടന്നു എന്നു കരുതുക. പൊലീസ് അറസ്റ്റ് ചെയ്യുന്നത് കല്ലുവിനെയാണെന്ന് സങ്കൽപിക്കുക. ക്രൂരമായി മർദിക്കപ്പെടുന്നതോടെ എല്ലാ കുറ്റവും സമ്മതിക്കാൻ അയാൾ തയാറാകും. സമാനമായ രീതിയിലാണ് ബോംബ് സ്ഫോടനക്കേസുകളിലും അന്വേഷണം നടന്നുകൊണ്ടിരിക്കുന്നത്.
പൊലീസിന് അറിയില്ല ആരാണ് സ്ഫോടനം നടത്തിയതെന്ന്. എന്നാൽ, കുറ്റം തെളിയിച്ചേ പറ്റൂ. സ്ഥിരമായി ഏതെങ്കിലും മുസ്‍ലിം യുവാവിനെ പിടിച്ച് തെളിവില്ലാതെ പ്രതിയെന്ന് മുദ്രകുത്തും. പിന്നീട് എല്ലാ കുറ്റങ്ങളും അവരുടെ തലയിൽ കെട്ടിവെക്കുന്നതാണ് പൊലീസ് അവലംബിക്കുന്ന രീതി. ഇതേ കാര്യംതന്നെയാണ് അബ്ദുന്നാസിർ മഅ്ദനിയുടെ കാര്യത്തിലും സംഭവിച്ചത്.
കോയമ്പത്തൂർ ബോംബ് സ്ഫോടനക്കേസിൽ പ്രതിയാക്കപ്പെട്ട് ഒമ്പതു വർഷമാണ് അദ്ദേഹം കോയമ്പത്തൂർ സെൻട്രൽ ജയിലിൽ കഴിഞ്ഞത്. വിചാരണക്കാലയളവിലൊന്നും ജാമ്യം ലഭിച്ചതുമില്ല. ഒടുവിൽ നിരപരാധിയെന്നു കണ്ട് വിട്ടയച്ചു. അദ്ദേഹത്തിന് നഷ്ടപ്പെട്ട ഒമ്പതു വർഷങ്ങൾ ആരാണ് തിരിച്ചുനൽകുക? ബംഗളൂരു ബോംബ് സ്ഫോടനക്കേസിന്‍റെ വിചാരണ 13 വർഷമായി തുടരുകയാണ്.
ഈയവസരത്തിൽ കേസിന്‍റെ ശരിതെറ്റുകളിലേക്ക് കടക്കാതെ ഞാൻ മറ്റൊരു കാര്യം പറയട്ടെ. ഞാൻ കർണാടകയുടെ പുതിയ മുഖ്യമന്ത്രിക്ക് ഒരു കത്തെഴുതി. അതിന്‍റെ കോപ്പി കേരള മുഖ്യമന്ത്രിക്കും അയച്ചിട്ടുണ്ട്. കേസിന്‍റെ ശരിതെറ്റുകളിലേക്കു കടക്കാതെ ഞാൻ അഭ്യർഥിച്ചത് ഒരേയൊരു കാര്യം മാത്രമാണ്. മാനുഷിക പരിഗണന വെച്ചുകൊണ്ട് മഅ്ദനിക്ക് മാപ്പുനൽകണം.
പ്രമേഹബാധിതനാണ് അദ്ദേഹം. മഅ്ദനിയുടെ കിഡ്നി പ്രവർത്തനക്ഷമമല്ലാത്തതിനാൽ ഡയാലിസിസ് നടന്നുകൊണ്ടിരിക്കുകയാണ്. അദ്ദേഹം മരിച്ചുകൊണ്ടിരിക്കുകയാണ്. പക്ഷാഘാതം പിടിപെട്ട് അദ്ദേഹത്തിന്‍റെ പിതാവ് രോഗശയ്യയിലാണ്. ഈയവസ്ഥയിൽ മഅ്ദനിയെ മോചിപ്പിക്കണം എന്നു മാത്രമാണ് എനിക്ക് പറയാനുള്ളത്.
രണ്ടു മാർഗങ്ങളാണ് നമുക്കു മുന്നിലുള്ളത്. ജുഡീഷ്യറിയുടെ നിയമപരമായ വഴിക്കു പുറമെ മാപ്പുനൽകലിന്‍റെ മറ്റൊരു മാർഗംകൂടി ഇന്ത്യൻ ജുഡീഷ്യറിയുടെ മുന്നിലുണ്ട്. ജുഡീഷ്യറിയുടെ നൂലാമാലകളിലൂടെ പോകുമ്പോൾ നടപടികൾ അനന്തമായി നീളും.
ബംഗളൂരു സ്ഫോടനക്കേസിൽ 13 വർഷമായി വിചാരണ നീളുകയാണ്. പക്ഷേ, മാപ്പുനൽകലിന്‍റെ വഴിക്ക് പരിഹാരം കൂടുതൽ വേഗത്തിൽ കാണാൻ കഴിയും. ഗവർണർക്കാണ് മാപ്പു നൽകാൻ കഴിയുക. കർണാടകയിലെ മാറിവന്ന സർക്കാറിന് ഇക്കാര്യത്തിൽ വലിയ പങ്ക് വഹിക്കാനുണ്ട്. പുതിയ മുഖ്യമന്ത്രി ഗവർണർക്ക് കത്തെഴുതി മഅ്ദനിയെ മോചിപ്പിക്കണമെന്ന് ആവശ്യപ്പെടണം.
ഭരണഘടനയുടെ 161ാം വകുപ്പ് അനുസരിച്ച് ഇതിനുള്ള സവിശേഷമായ അധികാരം ഗവർണർക്കുണ്ട്. ഈ സാധ്യത ഉപയോഗപ്പെടുത്തി അബ്ദുന്നാസിർ മഅ്ദനിയെ മോചിപ്പിക്കാൻ മുഖ്യമന്ത്രിക്ക് ഗവർണറോട് ആവശ്യപ്പെടാം. കേരള മുഖ്യമന്ത്രി ഇക്കാര്യം കർണാടക മുഖ്യമന്ത്രിയോട് ആവശ്യപ്പെടുകയും സമ്മർദം ചെലുത്തുകയും ചെയ്യണം.
ഈ പരിപാടിയുടെ സംഘാടകർ, സർവകക്ഷിസംഘമായെത്തി കേരള മുഖ്യമന്ത്രിയെ കണ്ട് ഇക്കാര്യം അറിയിക്കുമെന്ന് പറഞ്ഞിട്ടുണ്ട്. അത്തരം ഇടപെടലുകൾ ഗുണംചെയ്യും. ഗവർണർമാർ അതത് മുഖ്യമന്ത്രിമാരുടെ, നിയമസഭയുടെ താൽപര്യമനുസരിച്ച് പ്രവർത്തിക്കേണ്ടതുണ്ട്.
അതിനാൽ കർണാടക മുഖ്യമന്ത്രി കർണാടകയിലെ ഗവർണറോട് ഇക്കാര്യം ആവശ്യപ്പെട്ടാൽ ഗവർണർ നിയമപരമായി അക്കാര്യം ചെയ്യേണ്ടതുണ്ട്. അതോടൊപ്പം കേരള മുഖ്യമന്ത്രി ഇക്കാര്യത്തിൽ ഇടപെടണം. അത് മഅ്ദനിയുടെ മോചനത്തിന് വഴിയൊരുക്കിയേക്കും.
(സിറ്റിസൺ ഫോറം ഫോർ മഅ്ദനി ഉത്തര മേഖല കമ്മിറ്റി കോഴിക്കോട്ട് സംഘടിപ്പിച്ച ഐക്യദാർഢ്യ സംഗമം ഉദ്ഘാടനം ചെയ്ത് നടത്തിയ പ്രഭാഷണം)
തയാറാക്കിയത്: അനുശ്രീ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.