മലപ്പുറം ജില്ലയിലെ പെരിന്തൽമണ്ണയിൽ സബ് കലക്ടറായാണ് എന്റെ സിവിൽ സർവിസ് ജീവിതം ആരംഭിക്കുന്നത്. സബ് കലക്ടർ ഓഫിസിൽ ഇരുപതോളം ജീവനക്കാരുണ്ടായിരുന്നു. ഒരു കുടുംബം പോലെയായിരുന്നു ഞങ്ങളെല്ലാവരും കഴിഞ്ഞിരുന്നത്. മലപ്പുറം ജില്ലയുടെ 60 ശതമാനം പ്രദേശവും പെരിന്തൽമണ്ണ സബ്ഡിവിഷന് കീഴിലായിരുന്നു. പഴയകാല വള്ളുവനാടിന്റെ എല്ലാ അർഥത്തിലുള്ള പ്രൗഢിയും സൗന്ദര്യവും നിറഞ്ഞ പ്രദേശമായിരുന്നു പെരിന്തൽമണ്ണ. അങ്ങാടിപ്പുറം തിരുമാന്ധാംകുന്ന് ക്ഷേത്രവും പൂന്താനം ഇല്ലവും പട്ടിക്കാട്-ശാന്തപുരം സ്ഥാപനങ്ങളും ധാരാളം മഖാമുകളുമെല്ലാം ഉൾപ്പെടുന്ന വൈവിധ്യപൂർണമായ, സാംസ്കാരിക സമ്പന്നമായ പ്രദേശം. ലളിത മനസ്കരായിരുന്നു അന്നാട്ടുകാർ. ജീവിതത്തിലെ ഹൃദ്യമായ ഓർമകളിൽ പലതും പെരിന്തൽമണ്ണയുമായി ബന്ധപ്പെട്ടതാണ്, ഇന്നും.
ഹിയറിങ്ങുകളും കോടതി നടപടികളുമൊക്കെയായി നല്ല തിരക്കുപിടിച്ച ഔദ്യോഗിക ജീവിതമായിരുന്നു അവിടെ. അതിലെല്ലാം എന്നെ സഹായിച്ചിരുന്നത് കൂടെയുണ്ടായിരുന്ന ഉദ്യോഗസ്ഥരായിരുന്നു.
ആദ്യകാലത്ത് അക്കൂട്ടത്തിലുണ്ടായിരുന്ന ഒരാളെ ഓർത്തുപോവുകയാണ്. വിദ്യാഭ്യാസ യോഗ്യതയിൽ ഏറെ മുന്നിലായിരുന്നു അദ്ദേഹം. പക്ഷേ, ഫയലുകളിലൊന്നും നിയതമായ അഭിപ്രായം അദ്ദേഹത്തിനില്ലായിരുന്നു. എങ്ങും തൊടാത്ത പ്രകൃതം. അനുഭവ പരിചയം ഇല്ലാത്തതുകൊണ്ടാവാം എന്നാണ് ആദ്യം കരുതിയത്. എന്നാൽ, സ്വന്തം കാര്യങ്ങളിലെല്ലാം കൃത്യതയോടെ അദ്ദേഹം ഇടപെടുന്നത് കാണാമായിരുന്നു. ഇദ്ദേഹം വഴി വരുന്ന ഫയലുകളിൽ എനിക്ക് ഇരട്ടിപ്പണിയാണ്. കൃത്യമായ കുറിപ്പ് ഇല്ലാത്തതുകൊണ്ട് കൂടുതൽ സമയം അവയിൽ ചെലവഴിക്കേണ്ടിവരുമായിരുന്നു. ഇടക്കിടെ അദ്ദേഹത്തെ കാണാതാവുകയും ചെയ്യും. അവധി മുൻകൂട്ടി അറിയിക്കുന്ന പതിവുമില്ല. പിന്നീട് വന്ന് ഒരോ ഒഴിവുകഴിവുകൾ പറയുകയും നിവൃത്തിയില്ലാതെ ഞാൻ അവധി അംഗീകരിക്കുകയും ചെയ്യും. മറ്റു ഉദ്യോഗസ്ഥർ ഇദ്ദേഹത്തിന്റെ ഈ പ്രകൃതത്തെക്കുറിച്ച് പലതവണ എന്നെ ഉണർത്തിയിരുന്നു. പരിധി വിടുമ്പോൾ ഞാൻ ശകാരിക്കും. അദ്ദേഹം അത് നിസ്സംഗനായി നിന്ന് ശ്രവിക്കും.
അതിനിടെയാണ് അദ്ദേഹത്തിന് സ്വന്തം നാട്ടിലേക്ക് സ്ഥലംമാറ്റം ലഭിച്ചത്. നല്ല തിരക്കുള്ള കാലമായിരുന്നു അത്. സ്ഥലംമാറ്റം അറിഞ്ഞപ്പോൾ ഞാൻ പറഞ്ഞു: ‘‘നാട്ടിലേക്ക് സ്ഥലം മാറ്റം ലഭിച്ചല്ലോ, നല്ല കാര്യം, പക്ഷേ, പഴയ രീതികളെല്ലാം മാറ്റാൻ ശ്രമിക്കണം. ഫയലുകളിൽ കൃത്യമായ അഭിപ്രായം എഴുതാൻ ശ്രദ്ധിക്കണം. നമുക്കിവിടെ ഇപ്പോൾ നല്ല തിരക്കുള്ള സമയമാണല്ലോ. കുറച്ചുദിവസം കൂടി ഒന്ന് സഹായിച്ചിട്ട് പോകണം’’.
അത്രയും നാളും ഒരു കാര്യത്തിലും തിരിഞ്ഞുനിന്ന് മറുത്ത് ഒരു വാക്ക് പറയാത്ത ആ വ്യക്തി അന്ന് രൂക്ഷമായി പ്രതികരിച്ചു. ‘‘എനിക്ക് നാളെ തന്നെ പോയേ മതിയാവൂ, എന്നെ വിടുതൽ ചെയ്യണം. അല്ലാത്ത പക്ഷം, സാർ ചെയ്യുന്നത് നീതികേടാകും’’. പരോക്ഷമായ ഒരു ഭീഷണി!
മറ്റു ജീവനക്കാരോട് വിഷയം പങ്കുവെച്ചപ്പോൾ അവർ ഒരേ സ്വരത്തിൽ പറഞ്ഞു. ‘‘അയാളെ വിടുന്നതാണ് നല്ലത്. സ്വന്തം കാര്യം മാത്രം നോക്കുന്ന അയാൾ ഇവിടെ തുടരുന്നത് ഞങ്ങൾക്കും ബുദ്ധിമുട്ടാണ്’’.
ഒരു ജീവനക്കാരൻ കുറയുമെങ്കിലും ഈ കൂട്ടായ്മയുടെ ഒരുമ നിലനിൽക്കാൻ കക്ഷി പോകുന്നതാണ് നല്ലത് എന്ന് എനിക്കും തോന്നി. പിറ്റേദിവസം തന്നെ അദ്ദേഹത്തിന് വിടുതൽ നൽകുകയും ചെയ്തു.
വർഷങ്ങൾ കഴിഞ്ഞ് സീനിയർ പദവികളിൽ ഇരിക്കുമ്പോൾ ഒരു കീഴുദ്യോഗസ്ഥൻ ഇയാളെക്കുറിച്ച് ചോദിച്ചു. ഇന്നയാൾ സാറിന്റെ കൂടെ ജോലി ചെയ്തിട്ടുണ്ടോ എന്ന്. നേരിയ ഓർമ എന്നിൽ തെളിഞ്ഞു. ഫയലുകൾ കൃത്യമായി നോക്കാത്ത, നിലപാട് എടുക്കാത്ത ഒരാളെയാണോ ഉദ്ദേശിക്കുന്നത് എന്നായി ഞാൻ. ആ ഉദ്യോഗസ്ഥൻ അത്ഭുതപ്പെട്ട് പറഞ്ഞു. ‘‘ആ കക്ഷി തന്നെ, അങ്ങനെ തന്നെയാണ് അയാളിപ്പോഴും. ഇപ്പോൾ സസ്പെൻഷനിലുമാണ്’’. ‘‘എങ്ങും തൊടാതെ നിൽക്കുന്നവർക്ക് സസ്പെൻഷന് സാധ്യത കുറവാണല്ലോ, അവർ എവിടെയും ഒപ്പിടാറില്ല, ഒന്നിലും ഒരു നിലപാട് എടുക്കാറുമില്ല. പിന്നെയെങ്ങനെ അത് സംഭവിച്ചു? ’’-ഞാൻ ആകാംക്ഷപ്പെട്ടു.
‘‘ചെയ്യേണ്ട ജോലികൾ കൃത്യമായി ചെയ്യില്ല, ആദ്യമൊക്കെ മറ്റുള്ളവരുടെ അധികജോലികൊണ്ട് അത് നികത്തപ്പെട്ടു. ഒരു ഘട്ടമായപ്പോൾ സഹപ്രവർത്തകർ സഹകരിക്കാതെയായി. അയാൾ ഓഫിസിൽ ഒറ്റപ്പെട്ടു. അതിനിടയിൽ പറ്റിയ അക്കിടിയാണ് സസ്പെൻഷനിലെത്തിച്ചത്. വിവരമറിഞ്ഞതോടെ ഓഫിസിൽ ആരോ മധുരം വിതരണംചെയ്യുക വരെയുണ്ടായി’’-അദ്ദേഹം കൂട്ടിച്ചേർത്തു.
ഈ സംഭവത്തിൽനിന്ന് സാമാന്യജീവിതത്തിലേക്ക് ചില പാഠങ്ങളും മുന്നറിയിപ്പുകളുമുണ്ട്. ചുറ്റുമുള്ളവരോട് ഒട്ടും പ്രതിബദ്ധതയില്ലാതെ, ഒന്നിനോടും ഉത്തരവാദിത്തമില്ലാതെ ഒരാൾക്ക് ജീവിക്കാനാകും. എല്ലാ ഉത്തരവാദിത്തങ്ങളും മറ്റുള്ളവരുടെ തലയിലിട്ട്, സ്വന്തം കാര്യം മാത്രം നോക്കി ഒരാൾക്ക് കുറച്ചുനാളൊക്കെ മുന്നോട്ടുപോകാനുമാകും. അത്തരത്തിലുള്ള ധാരാളം പേരെ നമുക്കുചുറ്റും കാണാനാകും.
അണുകുടുംബ ക്രമത്തിലേക്ക് നാം മാറിയ ശേഷം കൂട്ടായ്മയുടേതായ ഐശ്വര്യം പലരിൽനിന്നും ചോർന്നുപോവുകയും അവനവനിലേക്ക് വല്ലാതെ പരിമിതപ്പെടുകയും ചെയ്തിട്ടുണ്ട്. ഇങ്ങനെയുള്ള ഒരാൾ മതിയല്ലോ ഒരു കൂട്ടായ്മയുടെ താളം തെറ്റിക്കാൻ. നൂറ് പഴുത്ത മാമ്പഴമുള്ള കൊട്ടയിലെ ഒരു കെട്ട മാമ്പഴത്തെപ്പോലെയാകുമവർ. ഏത് കൂട്ടായ്മക്കും ഇത്തരത്തിലുള്ളവർ ബാധ്യതയാണ്. നമ്മുടെ സ്കൂളുകളിലും കോളജുകളിലും ഓഫിസുകളിലും ഈ പ്രകൃതമുള്ള കുറേ പേരെ കാണാം.
അവർക്ക് സമൂഹത്തിന് ഒന്നും നൽകാനില്ല. അവരിൽ ആർക്കും പ്രതീക്ഷയുമില്ല. അവർക്ക് വല്ല തിരിച്ചടിയും നേരിടുമ്പോൾ മറ്റുള്ളവർ നിസ്സംഗരായി നോക്കിനിൽക്കും. എന്നെന്നേക്കുമായി അവരെ മറന്നുപോവുകയും ചെയ്യും. സമൂഹത്തോട് ഉത്തരവാദിത്തവും പ്രതിബദ്ധതയും ഉള്ളവരായിരിക്കുക എന്നത് ഒരു വിജയിയുടെ അനിവാര്യ ഗുണമാണ്. ഒറ്റക്ക് എല്ലാം നേടിക്കളയാം എന്നത് തികഞ്ഞ മിഥ്യാധാരണയുമാണ്. കൂട്ടായ യത്നങ്ങളാണ് വലിയ വലിയ വിജയങ്ങൾ സാധ്യമാക്കിയിട്ടുള്ളത്.
വിഖ്യാത റഷ്യൻ നോവലിസ്റ്റ് ദസ്തയോവിസ്കിയുടെ പരിഹാസം പുരണ്ട ഒരു വാക്യമിങ്ങനെ.
‘‘ഞാൻ പറയുന്നു, ലോകം തുലഞ്ഞാലും സാരമില്ല, എനിക്ക് എപ്പോഴും എന്റെ ചായ കിട്ടണം.’’
ഈ ചായ നമുക്ക് വേണമോ എന്നതാണ് ചിന്താവിഷയം!
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.