മണിപ്പൂരിലെ വംശഹത്യയുടെ വെറും സാക്ഷിയല്ല, ഇരയാണ് ഞാൻ. സാംസ്കാരിക വൈവിധ്യങ്ങൾ ഘോഷിക്കുന്ന ഇന്ത്യയിലെ മണിപ്പൂരിൽ എന്റെ സഹോദരിമാർ, മക്കൾ, പ്രായമായ സ്ത്രീകൾ, സഹോദരങ്ങൾ എല്ലാവരും മനുഷ്യത്വരഹിത പീഡനങ്ങൾക്കിരയാവുകയാണ്.
സഹോദരിമാർ പീഡിപ്പിക്കപ്പെടുന്ന ഒരു വിഡിയോ ദിവസങ്ങൾക്കുമുമ്പ് ലോകമൊട്ടുക്ക് പ്രചരിച്ചിരുന്നു. മണിപ്പൂരിൽ നടക്കുന്ന മനുഷ്യത്വരഹിതമായ കലാപത്തിലേക്കുള്ള ഒരു കണ്ണാടിമാത്രമാണത്. ന്യൂനപക്ഷ വിഭാഗങ്ങൾ, ആദിവാസി ഗ്രൂപ്പുകൾ പ്രത്യേകിച്ച് കുക്കി വിഭാഗത്തിലെ ക്രൈസ്തവർ, മുസ്ലിംകൾ എന്നിവരാണ് മനുഷ്യമനഃസാക്ഷിയെ ഉലക്കുന്ന ഇത്തരം ആക്രമണങ്ങൾക്ക് ഇരയാകുന്നത്.
ന്യൂനപക്ഷ വിഭാഗങ്ങളെ സാമൂഹികമായും സാമ്പത്തികമായും രാഷ്ട്രീയമായും നിരായുധരാക്കാനുള്ള ശ്രമങ്ങൾ നിരവധി നാളുകളായി നടക്കുന്നു. അതിന്റെ തുടർച്ചയാണ് രണ്ടര മാസത്തോളമായി മണിപ്പൂരിൽ നടക്കുന്ന വംശഹത്യ. ഭരണഘടന അനുവദിച്ചുതരുന്ന സംസാരിക്കാനും ആശയങ്ങൾ പ്രചരിപ്പിക്കാനുമുള്ള സ്വാതന്ത്ര്യം മേൽപറഞ്ഞ വിഭാഗങ്ങൾക്ക് ഇന്ന് മണിപ്പൂരിൽ ഇല്ല.
കുക്കി വിഭാഗങ്ങൾ ഏറ്റവും കൂടുതൽ താമസിക്കുന്ന മലയോര സ്ഥലങ്ങളിൽനിന്നുള്ള വാർത്തകൾ കാലങ്ങളായി തമസ്കരിക്കപ്പെടുന്നു. പുറത്തുവരുന്നതിലേറെയും വ്യാജവാർത്തകളാണ്. 99 ശതമാനം മാധ്യമങ്ങളും റിപ്പോർട്ട് ചെയ്യുന്ന വാർത്തകൾ ഇംഫാലിലെ താഴ്വരയിൽനിന്നുള്ള മെയ്തേയി ഗ്രൂപ്പുകളുടെ വായ്ത്താരികളോ ബി.ജെ.പി അനുകൂല പ്രൊപഗാണ്ടയോ ആണ്.
വളരെക്കുറച്ച് മാധ്യമങ്ങളും പ്രതിപക്ഷ പാർട്ടി നേതാക്കളും മണിപ്പൂരിലെ ഗോത്രവിഭാഗത്തിലേക്ക് കടന്നുചെന്നതുകൊണ്ടു മാത്രമാണ് മാസങ്ങൾ പിന്നിട്ട വംശഹത്യ സംഭവങ്ങളിൽ ചിലതെങ്കിലും പുറത്തുകൊണ്ടുവരാനായത്. വൈറലായ വിഡിയോയിൽ കണ്ടതുപോലുള്ള നിരവധി സംഭവങ്ങൾ ഉണ്ടായി.
നൂറുകണക്കിന് വീടുകൾ ചുട്ടെരിക്കപ്പെട്ടു. എന്നാൽ, ഇതൊന്നും പുറത്തെത്തുന്നില്ല. കുക്കികളെയും പിന്നാക്ക വിഭാഗക്കാരെയും ഉന്നമിട്ടുള്ള ആക്രമണങ്ങളാണ് ബി.ജെ.പിയുടെ ആശീർവാദത്തോടെ, മുഖ്യമന്ത്രിയുടെ കാർമികത്വത്തിൽ നടത്തുന്നത്. പൊലീസിനോ നീതിന്യായ സംവിധാനത്തിനോ സ്വതന്ത്രമായി ജോലിചെയ്യാൻ കഴിയാത്ത സ്ഥലമായി മണിപ്പൂർ മാറി.
കുക്കികൾ താമസിക്കുന്നയിടങ്ങളിൽനിന്ന് സർക്കാർ ഉദ്യോഗസ്ഥർക്കോ മറ്റ് പദവി വഹിക്കുന്നവർക്കോ സ്വകാര്യ മേഖലയിൽ ജോലി ചെയ്യുന്നവർക്കോ ഇംഫാലുമായി ബന്ധപ്പെടാൻ സാധിക്കാത്ത അവസ്ഥയാണിന്നും. ആർക്കും ഓഫിസിലെത്താൻ കഴിയുന്നില്ല. കുക്കി വിഭാഗത്തിൽനിന്നുള്ള ഉദ്യോഗസ്ഥരുടെ വീടുകൾപോലും കലാപകാരികൾ ഒഴിവാക്കിയില്ല.
കുക്കി കുട്ടികൾ നാളുകളായി അവർക്ക് വിദ്യാഭ്യാസം നിഷേധിക്കപ്പെട്ട അവസ്ഥയിലാണ്. പലരും ഭയം മൂലം മക്കളെ സ്കൂളിൽ വിടുന്നില്ല. മലയോരമേഖലയിലെ സ്കൂളുകൾ പലതും ദുരിതാശ്വാസ ക്യാമ്പുകളാണ്. സ്കൂൾ തുറന്നുവെന്ന് ബിരേൻ സിങ് സർക്കാർ അവകാശപ്പെടുന്നെങ്കിലും യാഥാർഥ്യം മറ്റൊന്നാണ്.
ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾ പലതും ക്ലാസുകൾ നടത്തുന്നുണ്ടെങ്കിലും കലാപത്തിന് ഇരയാക്കപ്പെട്ട ഗ്രാമങ്ങളിൽനിന്നും മറ്റുമുള്ള കുട്ടികൾക്ക് അതും നിഷേധിക്കപ്പെടുന്നു. ഇന്റർനെറ്റ് ഇല്ലാത്തതിനാൽ ഓൺലൈൻ വിദ്യാഭ്യാസവും കിട്ടുന്നില്ല. പലരുടേയും ഭാവി ഇരുളടഞ്ഞ നിലയിലാണ്.
നിരവധി മെഡിക്കൽ വിദ്യാർഥികൾക്കും സിവിൽസർവിസ് പഠിതാക്കൾക്കും ക്ലാസുകൾ നഷ്ടപ്പെടുന്നു. യു.ജി.സിയും യു.പി.എസ്.സിയും എസ്.എസ്.സിയും നടത്തുന്ന പരീക്ഷകളൊന്നും ഇവിടുത്തെ ഒരുവിഭാഗം വിദ്യാർഥികൾക്കും ഉദ്യോഗാർഥികൾക്കും എഴുതാൻ കഴിയുന്നില്ല.
മലയോര മേഖലകളിലുള്ള ആശുപത്രികളുടെ അവസ്ഥയും ശോചനീയം. മരുന്നില്ല, ആവശ്യത്തിന് ജീവനക്കാർ എത്തുന്നില്ല. ഇംഫാലിലെ എയർപോർട്ട്, മറ്റ് സഞ്ചാര മാർഗങ്ങൾ, വിദഗ്ധ ചികിത്സ ലഭിക്കുന്ന ആശുപത്രികൾ ഇവിടങ്ങളിലൊന്നും കുക്കി വിഭാഗത്തിന് നിലവിൽ എത്താൻ സാധിക്കില്ല.
വിരളമായ കുടുംബാരോഗ്യ കേന്ദ്രങ്ങളും ജില്ല ആശുപത്രികളും മാത്രമാണ് ചികിത്സക്കായി ഗോത്രവിഭാഗങ്ങൾക്ക് ഏക ആശ്രയം. ഇവിടങ്ങളിലൊന്നും മതിയായ ചികിത്സ സംവിധാനമോ ഡോക്ടർമാരെയോ നഴ്സുമാരെയോ മരുന്നുകളോ ലഭിക്കാത്ത സ്ഥിതിയാണ്. അത്യാവശ്യ ചികിത്സ വേണ്ട ഗർഭിണികൾക്കോ പ്രായമായവർക്കോ ഗുരുതര രോഗം ബാധിച്ചവർക്കോ ചികിത്സതന്നെ നിഷേധിക്കപ്പെടുന്നു.
റോഡ് മാർഗം മിസോറമിലേക്കോ നാഗാലാൻഡിലേക്കോ എത്തുകമാത്രമാണ് പോംവഴി. ഈ യാത്രയിൽ എപ്പോൾ വേണമെങ്കിലും ആക്രമിക്കപ്പെടാവുന്ന സ്ഥിതിയാണ്. ഇംഫാലിലെ ആശുപത്രിയിലേക്ക് നാലുവയസ്സുള്ള കുഞ്ഞിനെ കൊണ്ടുപോകവെ ആംബുലൻസ് തടഞ്ഞുനിർത്തി അമ്മയെയും കുഞ്ഞിനെയും ചുട്ടെരിച്ചതുൾപ്പെടെ മനുഷ്യത്വവിരുദ്ധതയുടെ അങ്ങേയറ്റമാണ് അവിടെ നടക്കുന്നത്.
പള്ളികളും സ്മാരകങ്ങളും വ്യാപകമായി തകർക്കപ്പെട്ടു. ആരാധനസ്വാതന്ത്ര്യം ഇല്ലാതായി. 77 ദിവസത്തിനു ശേഷമെങ്കിലും മോദിമൗനം ഭഞ്ജിച്ചത് മണിപ്പൂരിന് പുറത്തുനടക്കുന്ന പ്രതിഷേധങ്ങളുടെ ഫലമാണ്.
ഇന്ത്യയെപ്പോലൊരു മതേതര രാജ്യത്ത് എവിടെപ്പോയി നിയമങ്ങൾ, എവിടെയാണ് നിയമവാഴ്ച. മകളും സഹോദരിമാരും പീഡിപ്പിക്കപ്പെടുന്ന മണിപ്പൂരിൽ എവിടെപോയി ഒളിച്ചു നിങ്ങളും ‘ബേട്ടി ബച്ചാവോ ബേട്ടി പഠാവോ’ എന്നിങ്ങനെയുള്ള വായ്ത്താരികളും? മോദിയോടും അമിത് ഷായോടുമാണ് ഈ ചോദ്യം.
ഇന്ത്യ ഒരു മതേതര ജനാധിപത്യ രാജ്യമാണെന്നാണ് നാമെല്ലാവരും വിശ്വസിക്കുന്നത്. എന്നാൽ, ബി.ജെ.പി സർക്കാറിന് കീഴിൽ ഈ രാജ്യത്തെ അവകാശങ്ങളെല്ലാം അവർ നിശ്ചയിക്കുന്ന വിഭാഗങ്ങൾക്കുമാത്രമായി പരിമിതപ്പെടുന്നു. പ്രതിപക്ഷ പാർട്ടികളും രാജ്യത്തെ മറ്റ് സംഘടനകളും മണിപ്പൂരിലെ കലാപത്തെ പ്രതിരോധിക്കുന്നുണ്ട്. അതുകൊണ്ടെങ്കിലും മണിപ്പൂരിന്റെ മുറിവുണങ്ങുമെന്നാണ് നമ്മുടെ പ്രതീക്ഷ.
(കുക്കി ക്രൈസ്തവ സമൂഹത്തിനിടയിൽ പ്രവർത്തിക്കുന്ന ആക്ടിവിസ്റ്റ് ആയ ഡോ. ലംതിൻതാങ് ഹൗകിപ് വെൽഫെയർ പാർട്ടി തൃശൂരിൽ സംഘടിപ്പിച്ച വംശഹത്യ പ്രതിരോധ സംഗമത്തിൽ നടത്തിയ പ്രഭാഷണം) -തയാറാക്കിയത് കെ.പി. ഷിജു
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.