സർക്കാറിന്റെ ഇത്തരം മാധ്യമ മാരണ നടപടികൾ തിരുത്തിക്കുന്നിടത്ത് എഡിറ്റേഴ്സ് ഗിൽഡ് അടക്കമുള്ള സംഘടനകളും പൊതുസമൂഹവും നിസ്സഹായരാവുേമ്പാൾ ചില കോടതി നടപടികൾ ആശ്വാസകരമാകുന്നുണ്ട്. ഇന്റർനെറ്റ് പ്ലാറ്റ്ഫോമുകളിൽ പ്രസിദ്ധീകരിക്കുന്ന വ്യാജ വാർത്തകൾക്ക് തടയിടാൻ സെൻസർഷിപ്പെന്നു പറയാതെ പ്രസ് ഇൻഫർമേഷൻ ബ്യൂറോ(പി.ഐ.ബി)ക്കു കീഴിൽ കൊണ്ടുവന്ന ഫാക്ട് ചെക്കിങ് യൂനിറ്റ്, എഡിറ്റേഴ്സ് ഗിൽഡ്, സ്റ്റാന്റപ് കൊമേഡിയൻ കുനാൽ കമ്ര, അസോസിയേഷൻ ഫോർ ഇന്ത്യൻ മാഗസിൻസ് എന്നിവയുടെ ഇടപെടലിനെ തുടർന്ന് സുപ്രീംകോടതി സ്റ്റേ ചെയ്തിരിക്കുകയാണ്. കേന്ദ്ര സർക്കാറുമായി ബന്ധപ്പെട്ട് സമൂഹ മാധ്യമങ്ങളിൽ വരുന്ന വാർത്തകൾ വ്യാജമാണോ എന്ന് തീരുമാനിക്കാനുള്ള അധികാരം ഫാക്ട് ചെക്ക് യൂനിറ്റിന് നൽകിക്കൊണ്ട് മാർച്ച് 20ന് ബുധനാഴ്ച വൈകി ഇറക്കിയ ഉത്തരവാണ് 24 മണിക്കൂർ തികയും മുമ്പ് സുപ്രീംകോടതി സ്റ്റേ ചെയ്തത്
‘‘ഇന്ന്, ഞാന്‍ ഇന്ത്യ വിടുകയാണ്. 25 വര്‍ഷം മുമ്പ് ഒരു വിദ്യാര്‍ഥിയായി വന്ന് 23 വര്‍ഷം പത്രപ്രവര്‍ത്തകയായി ജോലിചെയ്ത രാജ്യം. ഞാന്‍ വിവാഹം കഴിച്ചതും എന്റെ മകനെ വളര്‍ത്തിയതും ഇവിടെയാണ്. എന്റെ വീട് എന്ന് വിളിക്കുന്ന സ്ഥലം ഇതാണ്. ഇവിടെനിന്ന് പോകാന്‍ ഇന്ത്യ ഗവണ്മെന്റ് എന്നെ നിര്‍ബന്ധിതയാക്കുകയാണ്.
മതിയായ കാരണങ്ങളോ ന്യായീകരണങ്ങളോ നല്‍കാതെ, എന്നെ കേള്‍ക്കാതെ 16 മാസം മുമ്പ് ആഭ്യന്തര മന്ത്രാലയം ഒരു മാധ്യമപ്രവര്‍ത്തക എന്നനിലയില്‍ ജോലി ചെയ്യാനുള്ള എന്റെ അവകാശം നിഷേധിച്ചു’’-
ഇക്കഴിഞ്ഞ ഫെബ്രുവരി 16ന് ഇന്ത്യ വിടുംമുമ്പ് ഫ്രഞ്ച് മാധ്യമ പ്രവർത്തക വനേസ ഡഗ്നാക് കുറിച്ചിട്ട കണ്ണീരിൽ കുതിർന്ന യാത്രാമൊഴിയാണിത്. ഇന്ത്യയെ അപകീർത്തിപ്പെടുത്തുന്ന വാർത്തകൾ പ്രസിദ്ധീകരിച്ചുവെന്നാരോപിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രാലയം വനേസക്ക് അവരുടെ ‘ഓവർസീസ് സിറ്റിസൺ ഓഫ് ഇന്ത്യ’ (ഒ.ഐ.സി) കാർഡ് റദ്ദാക്കാതിരിക്കാൻ കാരണമുണ്ടെങ്കിൽ ബോധിപ്പിക്കാൻ നോട്ടീസ് നൽകിയിരുന്നു.
മറുപടിയും ഇന്ത്യയിലെ 30 വിദേശ മാധ്യമ പ്രവർത്തകരുടെ നിവേദനവും മുഖവിലക്കെടുക്കപ്പെട്ടില്ല. അതോടെ നാല് ഫ്രഞ്ച് മാധ്യമങ്ങളുടെ ദക്ഷിണേഷ്യ ലേഖികയായി 23 വർഷമായി ഡൽഹി കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന വനേസക്ക് ഇന്ത്യ വിടേണ്ടിവന്നു.
ഇന്ത്യയിൽ സ്വതന്ത്ര മാധ്യമപ്രവർത്തനം നേരിടുന്ന വെല്ലുവിളികളുടെ ഒരുദാഹരണം മാത്രമാണിത്. മേയ് മൂന്ന് ലോക മാധ്യമ സ്വാതന്ത്ര്യ ദിനമായി ആചരിക്കുേമ്പാൾ ആശങ്കപ്പെടുത്തുന്നത് ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമായ ഇന്ത്യയിലെ മാധ്യമ സ്വാതന്ത്ര്യം തന്നെയാണ്.
വിസ പുതുക്കിക്കിട്ടാത്തതിനാൽ ആസ്ട്രേലിയൻ ബ്രോഡ്കാസ്റ്റിങ് കോർപറേഷൻ (എ.ബി.സി) ദക്ഷിണേഷ്യ ബ്യൂറോ ചീഫ് അവനി ഡയസ് ഏതാനും ദിവസം മുമ്പാണ് ഇന്ത്യവിട്ടത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വിമർശിച്ച് 2019ൽ ടൈം മാഗസിനിൽ ലേഖനമെഴുതിയ ആതിഷ് തസീറിന്റെ ഒ.ഐ.സി ഇന്ത്യ റദ്ദാക്കിയിരുന്നു.
ആതിഷിന്റെ പിതാവ് പാക്കിസ്ഥാനിയെന്ന വിവരം മറച്ചുവെച്ചെന്ന് ആരോപിച്ചായിരുന്നു നടപടി. 2022ൽ ഡൽഹിയിൽ വന്നിറങ്ങിയ ഇന്ത്യൻ വംശജനായ അമേരിക്കൻ മാധ്യമപ്രവർത്തകൻ അങ്കദ് സിങ്ങിനെ ഒ.ഐ.സി ഉണ്ടായിട്ടും തിരിച്ചയച്ചു. അങ്കദ് നിർമിച്ച ഡോക്യുമെന്ററി ഇന്ത്യവിരുദ്ധമെന്ന് ആരോപിച്ചായിരുന്നു തിരിച്ചയക്കൽ.
എട്ട് പതിറ്റാണ്ട് മുമ്പ് (1940) രാജ്യത്ത് സംപ്രേഷണം ആരംഭിച്ച ബി.ബി.സി അതിന്റെ ലൈസൻസ് ജീവനക്കാർ ആരംഭിച്ച സ്വകാര്യ സംരംഭമായ ‘കലക്ടിവ് ന്യൂസ് റൂമി’ന് കൈമാറി ഇന്ത്യയിലെ ന്യൂസ് റൂമിന്റെ പ്രവർത്തനം അവസാനിപ്പിച്ചത് ഈയിടെയാണ്. ബ്രിട്ടനു പുറത്ത് 200 ജീവനക്കാരുള്ള ബി.ബി.സിയുടെ ഏറ്റവും വലിയ ന്യൂസ് റൂം നിർത്തേണ്ടിവന്നത് സർക്കാർ ഇടപെടലുകൾ മൂലമാണ്.
2002ലെ ഗുജറാത്ത് കലാപത്തിൽ നരേന്ദ്ര മോദിയുടെ പങ്ക് വ്യക്തമാക്കുന്ന ‘ഇന്ത്യ: ദ മോദി ക്വസ്റ്റ്യൻ’ എന്ന ഡോക്യുമെന്ററി സംപ്രേഷണം ചെയ്തതോടെയാണ് ബി.ബി.സി മോദി സർക്കാറിന്റെ ഹിറ്റ്ലിസ്റ്റിലാകുന്നത്. തുടർന്ന് ബി.ബി.സിയുടെ മുംബൈ, ഡൽഹി ഓഫിസുകൾ ആദായനികുതി വകുപ്പ് റെയ്ഡ് ചെയ്തു. വൻ പിഴയും ചുമത്തി. ഒരു വർഷമായി വേട്ടയാടൽ തുടരുന്ന പശ്ചാത്തലത്തിലാണ് ബി.ബി.സിയുടെ പിൻമാറ്റം.
സോഷ്യൽ മീഡിയ സ്ഥാപനങ്ങളും ഇതേരീതിയിലുള്ള നടപടികൾ നേരിടുന്നുണ്ട്. പ്രവർത്തനത്തിന് കൂടുതൽ നിയന്ത്രണങ്ങൾ കൊണ്ടുവരുന്ന 2021ലെ ഐ.ടി നിയമഭേദഗതിക്കെതിരെ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളായ വാട്സ്ആപ്പും ഫേസ്ബുക്കും കോടതിയെ സമീപിച്ചിരിക്കുകയാണ്. ഉപഭോക്താക്കളുടെ സ്വകാര്യതയിൽ വിട്ടുവീഴ്ച ചെയ്യേണ്ടിവന്നാൽ ഇന്ത്യ വിടേണ്ടിവരുമെന്ന് വാട്സ്ആപ് മേധാവികൾ ഡൽഹി ഹൈകോടതിയിൽ വ്യക്തമാക്കിയിരിക്കുകയാണ്.
ഇന്ത്യൻ മാധ്യമങ്ങളും മാധ്യമപ്രവർത്തകരും ഭരണകൂടത്തിന്റെ ഭാഗത്തുനിന്നു നേരിടുന്ന പീഡനങ്ങൾ നിരവധിയാണ്. ചൈന അനുകൂല പ്രചാരണം നടത്തുന്നതിന് വൻ തുക കൈപ്പറ്റിയെന്നാരോപിച്ച് ന്യൂസ് ക്ലിക് പോർട്ടൽ സ്ഥാപകനും ചീഫ് എഡിറ്ററുമായ പ്രബിർ പുർകായസ്ത, എച്ച്.ആർ മേധാവി അമിത് ചക്രവർത്തി എന്നിവരെ യു.എ.പി.എ ചുമത്തിയാണ് അറസ്റ്റ് ചെയ്തത്. കേസിൽ 8000 പേജുള്ള കുറ്റപത്രം കോടതിയിൽ സമർപ്പിച്ചുകഴിഞ്ഞു.
ഫാക്ട് ചെക്കിങ് പോർട്ടലായ ആൾട്ട് ന്യൂസ് സഹസ്ഥാപകൻ മുഹമ്മദ് സുബൈർ മുതൽ സിദ്ദീഖ് കാപ്പൻവരെയുള്ള മാധ്യമപ്രവർത്തകരുടെ അനുഭവങ്ങളും ഉദാഹരണം. ഭീകരബന്ധം ആരോപിച്ച് അഞ്ചു വർഷം ജയിലിലടച്ച കശ്മീരി മാധ്യമ പ്രവർത്തകൻ ആസിഫ് സുൽത്താന്‍ തെളിവില്ലെന്ന് കണ്ടെത്തി കോടതി ജാമ്യം കൊടുത്തപ്പോൾ ഉടനെ മറ്റൊരു കേസിൽപെടുത്തി വീണ്ടും അറസ്റ്റു ചെയ്തു.
സർക്കാർ വിമർശകരായ മാധ്യമപ്രവർത്തകരുടെ ഫോൺ ഇസ്രായേൽ ചാര സോഫ്റ്റ് വെയറായ പെഗസസ് ഉപയോഗിച്ച് ചോർത്തുന്ന സംഭവങ്ങളും പുറത്തുവന്നുകഴിഞ്ഞു.
നിയമ നടപടികൾ നേരിടുന്ന മാധ്യമസ്ഥാപനങ്ങളും മാധ്യമ പ്രവർത്തകരും ഇനിയുമേറെയുണ്ട്.
വിലക്കുവാങ്ങാൻ കഴിയുന്നവയെ വിക്കുവാങ്ങിയും നിയമത്തിന്റെ വാളുപയോഗിച്ച് വരുതിയിൽ നിർത്തേണ്ടവരെ വരുതിയിൽ നിർത്തി തങ്ങളുടെ ഇംഗിതത്തിനനുസൃതമായി മാധ്യമങ്ങളെയും മാധ്യമപ്രവർത്തകരെയും തെളിക്കുക എന്ന തന്ത്രമാണ് കേന്ദ്രം പയറ്റിക്കൊണ്ടിരിക്കുന്നത്.
മാധ്യമ മാരണത്തിന് നിയമവഴികൾ
ഐ.ടി നിയമഭേദഗതിക്കു പുറമെ, ഇക്കഴിഞ്ഞ പാർലമെന്റിന്റെ ശീതകാല സമ്മേളനം പ്രതിപക്ഷ ബെഞ്ചുകളെ ശൂന്യമാക്കി പാസാക്കിയെടുത്ത പത്രമാരണ ബില്ലാണ് 'പത്ര-ആനുകാലിക രജിസ്ട്രേഷൻ ബിൽ.’ പത്ര-ആനുകാലിക രജിസ്ട്രേഷൻ സുഗമമാക്കാനുള്ള ബിൽ, പത്ര-ആനുകാലികങ്ങളുടെ രജിസ്ട്രേഷൻ, നടത്തിപ്പ് എന്നിവ സംബന്ധിച്ച് പ്രസ് രജിസ്ട്രാർ ജനറലിന് പൂർണാധികാരം നൽകുന്നതാണ്.
ആനുകാലികങ്ങളുടെയും പ്രസാധകരുടെയും പക്കലുള്ള ഏതു രേഖകൾ പരിശോധിക്കാനും അവയുടെ പ്രവർത്തനവുമായി ബന്ധപ്പെട്ട ഏതു സ്ഥലങ്ങളിലും പരിശോധന നടത്താനും പിഴ ചുമത്താനും പ്രസ് റജിസ്ട്രാർ ജനറലിന് അധികാരമുണ്ടാവും.
ഉടമയോ പ്രസാധകനോ രാജ്യസുരക്ഷക്ക് എതിരായ ഏതെങ്കിലും പ്രവർത്തനത്തിന്റെ പേരിൽ യു.എ.പി.എ കേസിൽ പെട്ടാൽ ആനുകാലികത്തിന്റെ റജിസ്ട്രേഷൻ റദ്ദാക്കാൻ പ്രസ് റജിസ്ട്രാർ ജനറലിന് അധികാരം നൽകുന്നതു കൂടിയാണ് പാർലമെന്റ് പാസാക്കിയ നിയമം.
സർക്കാറിന്റെ ഇത്തരം മാധ്യമ മാരണ നടപടികൾ തിരുത്തിക്കുന്നിടത്ത് എഡിറ്റേഴ്സ് ഗിൽഡ് അടക്കമുള്ള സംഘടനകളും പൊതുസമൂഹവും നിസ്സഹായരാവുേമ്പാൾ ചില കോടതി നടപടികൾ ആശ്വാസകരമാകുന്നുണ്ട്.
ഇന്റർനെറ്റ് പ്ലാറ്റ്ഫോമുകളിൽ പ്രസിദ്ധീകരിക്കുന്ന വ്യാജ വാർത്തകൾക്ക് തടയിടാൻ സെൻസർഷിപ്പെന്നു പറയാതെ പ്രസ് ഇൻഫർമേഷൻ ബ്യൂറോ(പി.ഐ.ബി)ക്കു കീഴിൽ കൊണ്ടുവന്ന ഫാക്ട് ചെക്കിങ് യൂനിറ്റ് (എഫ്.സി.യു), എഡിറ്റേഴ്സ് ഗിൽഡ്, സ്റ്റാന്റപ് കൊമേഡിയൻ കുനാൽ കമ്ര, അസോസിയേഷൻ ഫോർ ഇന്ത്യൻ മാഗസിൻസ് എന്നിവയുടെ ഇടപെടലിനെ തുടർന്ന് സുപ്രീംകോടതി സ്റ്റേ ചെയ്തിരിക്കുകയാണ്.
കേന്ദ്ര സർക്കാറുമായി ബന്ധപ്പെട്ട് സമൂഹ മാധ്യമങ്ങളിൽ വരുന്ന വാർത്തകൾ വ്യാജമാണോ എന്ന് തീരുമാനിക്കാനുള്ള അധികാരം ഫാക്ട് ചെക്ക് യൂനിറ്റിന് നൽകിക്കൊണ്ട് മാർച്ച് 20ന് ബുധനാഴ്ച വൈകി ഇറക്കിയ ഉത്തരവാണ് 24 മണിക്കൂർ തികയും മുമ്പ് സുപ്രീംകോടതി സ്റ്റേ ചെയ്തത്.
അഭിപ്രായ സ്വാതന്ത്ര്യവുമായി ബന്ധപ്പെട്ട ഗൗരവമേറിയ ഭരണഘടനാ ചോദ്യങ്ങൾ ഉൾപ്പെട്ട വിഷയമാണെന്ന് വ്യക്തമാക്കിയാണ് ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് സ്റ്റേ അനുവദിച്ചത്. ബോംബെ ഹൈകോടതിയിൽ ഇതുമായി ബന്ധപ്പെട്ട കേസിൽ അന്തിമ വിധിയുണ്ടാകുന്നതുവരെയാണ് സ്റ്റേ.
ഇന്ത്യയിലെ വിദേശ മാധ്യമങ്ങളെയും മാധ്യമ പ്രവർത്തകരെയും കെട്ടുകെട്ടിക്കുേമ്പാൾ ഇന്ത്യയിലെ മാധ്യമങ്ങളെയും മാധ്യമ പ്രവർത്തകരെയും കെട്ടിപ്പൂട്ടിക്കുകയും ചെയ്യുന്നതിനുള്ള നടപടികളാണ് ഇപ്പോൾ ഇന്ത്യയിൽ നടക്കുന്നതെന്ന് സംശയിക്കണം. ഇന്ത്യയിൽ സ്വതന്ത്ര മാധ്യമപ്രവർത്തനം അനുദിനം ദുഷ്കരമായിക്കൊണ്ടിരിക്കെ, ‘റിപ്പോർേട്ടഴ്സ് വിതൗട്ട് ബോഡേഴ്സ്’ എന്ന അന്താരാഷ്ട്ര സംഘടന പുറത്തുവിട്ട റിപ്പോർട്ടനുസരിച്ച് ആഗോള മാധ്യമ സ്വാതന്ത്ര്യ സൂചികയിൽ ഇന്ത്യയുടെ സ്ഥാനം 161 ആണ്.
ലോക മാധ്യമങ്ങളും മാധ്യമപ്രവർത്തകരും ഏറ്റവും കൂടുതൽ വെല്ലുവിളികൾ നേരിടുന്ന കാലഘട്ടം കൂടിയാണ് കടന്നുപോകുന്നത്. ഇന്റർനാഷനൽ ഫെഡറേഷൻ ഓഫ് ജേണലിസ്റ്റ്സ് (ഐ.എഫ്.ജെ) പുറത്തുവിട്ട കണക്കനുസരിച്ച് 2023ൽ ലോകത്ത് കൊല്ലപ്പെട്ട മാധ്യമപ്രവർത്തകരുടെ എണ്ണം 120 ആണ്. ഇതിൽ ഒരാളുടേതു മാത്രമാണ് അപകട മരണം. 11 പേർ വനിതകളാണ്. നാലു പേർ യൂറോപ്പിലും മൂന്നുപേർ യുക്രെയ്നിലുമാണ് കൊല്ലപ്പെട്ടത്.
68 ശതമാനം പേർ കൊല്ലപ്പെട്ടത് ഇസ്രായേൽ-ഫലസ്തീൻ സംഘർഷത്തിലാണ് എന്നതാണ് ഞെട്ടിപ്പിക്കുന്ന വസ്തുത. ‘ജേണലിസ്റ്റുകളുടെ മരണവർഷം’ എന്ന് വിശേഷിപ്പിക്കാവുന്ന 2023ലെ കണക്കുകൾ പുറത്തുവിട്ട്ച ഐ.എഫ്.ജെ ജനറൽ സെക്രട്ടറി ആന്റണി ബെല്ലൻഗർ അഭിപ്രായപ്പെട്ടത്, ‘മാധ്യമ പ്രവർത്തകരുടെ സുരക്ഷയും സ്വാതന്ത്ര്യവും സംരക്ഷിക്കുന്നതിനുള്ള സുപ്രധാന നടപടികൾ സ്വീകരിക്കാൻ ലോക രാജ്യങ്ങളെ നിർബന്ധിക്കുന്ന ഒരു അന്താരാഷ്ട്ര സംവിധാനം എത്രത്തോളം ആവശ്യമാണെന്ന് 2023ലെ മാരകമായ കണക്കുകൾ വ്യക്തമാക്കുന്നു’ എന്നാണ്. ഇതുമായി ബന്ധപ്പെട്ട് അന്താരാഷ്ട്ര സമ്മേളനം വിളിക്കാനും ഐ.എഫ്.ജെ ലോക രാഷ്ട്രങ്ങളോട് ആവശ്യപ്പെട്ടിട്ടുണ്ട്.
ഭീതിതമായ ഈ അവസ്ഥയിലും മാധ്യമലോകം നമിക്കേണ്ട മാധ്യമപ്രവർത്തകനാണ് അൽജസീറ അറബിക് ചാനൽ ഗസ്സ ബ്യൂറോ ചീഫ് വാഇൽ അൽ ദുഹ്ദുഹ്. നുസൈറാത്തിലെ അഭയാർഥി ക്യാമ്പിൽ 2023 ഒക്ടോബർ 28ന് ഇസ്രയേൽ നടത്തിയ മിസൈൽ ആക്രമണത്തിൽ കൊല്ലപ്പെട്ട മകന്റെ മൃതദേഹം കൈയിലേന്തി നിൽക്കുന്ന വാഇലിന്റെ രൂപം ലോക മനസ്സാക്ഷിക്ക് മറക്കാനാവില്ല.
ഭാര്യയെയും രണ്ടു മക്കളെയും അടക്കം എട്ടു കുടുംബാംഗങ്ങളെ നഷ്ടപ്പെട്ട വാഇൽ തുടർന്നും ഫലസ്തീനിൽ നിന്നുള്ള വാർത്തകൾ പുറംലോകത്തെത്തിക്കുന്നതിൽ വ്യാപൃതനായിരുന്നു. അതിനിടെ ഡിസംബർ 15ന് ഖാൻ യൂനുസിലുണ്ടായ മിസൈൽ ആക്രമണത്തിൽ സന്തത സഹചാരിയായ കാമറ മാൻ സാമിർ അബൂ ദഖ കൊല്ലപ്പെടുകയും വാഇലിന് പരിക്കേൽക്കുകയും ചെയ്തു. വിദഗ്ധ ചികിൽസക്കായി ഇപ്പോൾ ഖത്തറിലുള്ള വാഇലിനെ കേരള മീഡിയ അക്കാദമി ‘മീഡിയ പേഴ്സൻ ഓഫ് ദി ഇയർ’ ആയി തിരഞ്ഞെടുത്തിട്ടുണ്ട്.
നമീബിയയുടെ തലസ്ഥാനമായ വിൻഡോയകിൽ 1991ൽ ഒരു കൂട്ടം ആഫ്രിക്കൻ മാധ്യമപ്രവർത്തകർ ഒത്തുചേർന്ന് സ്വതന്ത്രവും ബഹുസ്വരവുമായ മാധ്യമ പ്രവർത്തനത്തിനായി ഒരു പ്രഖ്യാപനം നടത്തി. 'വിൻഡോയക് ഡിക്ലറേഷൻ' എന്നാണിത് അറിയപ്പെടുന്നത്. '93ൽ ആഫ്രിക്കൻ ആഭ്യന്തര യുദ്ധത്തിന്റെ ഭാഗമായി മാധ്യമ പ്രവർത്തകർ ആക്രമണങ്ങൾക്കിരയായപ്പോഴാണ് ഐക്യരാഷ്ട്ര സഭ മേയ് മൂന്ന് ലോക മാധ്യമ സ്വാതന്ത്ര്യ ദിനമായി പ്രഖ്യാപിച്ചത്.
അധികാരി വർഗത്തിനും ജനാധിപത്യ വിരോധികൾക്കുമെതിരെ വിരൽ ചൂണ്ടുന്നതിനാൽ മാധ്യമ പ്രവർത്തകർ നിരന്തരം വേട്ടയാടപ്പെടുന്നു. അതുകൊണ്ടുതന്നെ വലതുപക്ഷത്തേക്ക് ചാഞ്ഞുകൊണ്ടിരിക്കുന്ന ലോകത്ത്, പ്രത്യേകിച്ച് ഇന്ത്യയിൽ മാധ്യമ സ്വാതന്ത്ര്യ ദിനത്തിനായുള്ള മുറവിളി കൂടുതൽ ഉച്ചത്തിൽ ഉയരേണ്ടതുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.