രാജ്യത്തെ ബഹുഭൂരിപക്ഷം വരുന്ന ഹിന്ദുക്കളുടെ കുത്തകാവകാശം ഏറ്റെടുത്ത് രക്ഷകനായി ചമയാൻ ന്യൂനപക്ഷങ്ങളെ കുറ്റക്കാരും ഇരകളുമാക്കുന്ന വെറുപ്പിന്റെ രാഷ്ട്രീയമാണ് മോദി എക്കാലവും പയറ്റുന്നത്
സ്വത്വവും അന്തസ്സും കെടുത്തിക്കളയാനുള്ള ആസൂത്രിത ശ്രമത്തിൽ രണ്ടാംകിട പൗരന്മാരായി കഴിയേണ്ടി വരുന്നവരാണ് ഇന്ന് ഇന്ത്യയിലെ മുസ്ലിംകൾ. പ്രധാനമന്ത്രി നരേന്ദ്ര മോദി നയിക്കുന്ന കേന്ദ്രമന്ത്രി സഭയിൽ ഒരൊറ്റ മുസ്ലിം ഇല്ല. രാജ്യസഭയിലോ ലോക്സഭയിലോ മുസ്ലിം പ്രതിനിധി വേണ്ടെന്നാണ് ബി.ജെ.പിയുടെ തീരുമാനം. ഭരണനിർവഹണത്തിന്റെ പ്രധാന പദവികളിൽ എവിടെയും മുസ്ലിംകളെ പരിഗണിച്ചിട്ടില്ല.
ബി.ജെ.പിയുടെ നേതൃപദവികളുടെയും വെളിമ്പുറത്താണ് മുസ്ലിംകൾ. ന്യൂനപക്ഷകാര്യത്തിനു പ്രത്യേക മന്ത്രാലയവും മന്ത്രിയും ഉണ്ടായിരുന്നത് വേണ്ടെന്നുവെച്ചു. ന്യൂനപക്ഷങ്ങൾക്കുള്ള ബജറ്റ് വിഹിതം ഓരോ വർഷവും വെട്ടിക്കുറച്ചുവരുന്നു. മുസ്ലിംകളുടെ വിദ്യാഭ്യാസപരമായ ഉയർച്ചക്ക് വേണ്ടി സ്ഥാപിച്ച മൗലാന ആസാദ് ഫൗണ്ടേഷൻ ഒന്നുമല്ലാതായി.
മുസ്ലിം കുട്ടികൾക്കു വേണ്ടിയുള്ള സ്കോളർഷിപ്പുകൾ നാമമാത്രമായി. ചരിത്രത്തിൽനിന്നും വർത്തമാന കാലത്തുനിന്നു തന്നെയും മുസ്ലിം പേരുകൾ പോലും മായ്ച്ചുകളയുന്നു. രാജ്യത്ത് ഏറ്റവും പിന്നാക്കം നിൽക്കുന്നവരിൽ പട്ടിക വിഭാഗങ്ങളേക്കാൾ മോശം സ്ഥിതിയിലാണ് മുസ്ലിംകളെന്ന് സച്ചാർ സമിതി കണ്ടെത്തിയ ശേഷം മോദിസർക്കാറും ബി.ജെ.പിയും ചെയ്ത കാര്യങ്ങളാണ് ഇവ.
രാജ്യത്ത് 140 കോടി ജനങ്ങളിൽ 20 കോടി മുസ്ലിംകളുണ്ടെന്നാണ് കണക്ക്. 97 കോടി വരുന്ന വോട്ടർമാരുടെ 14.2 ശതമാനം മുസ്ലിംകളാണ്. എങ്കിലും ഇപ്പോൾ നടക്കുന്ന ലോക്സഭ തെരഞ്ഞെടുപ്പിൽ ബി.ജെ.പി മത്സരിപ്പിക്കുന്നവരുടെ പട്ടികയിൽ മുസ്ലിംകൾ അത്യപൂർവം. എങ്ങാനും അവരെ മത്സരിപ്പിക്കുന്നത് ജയിപ്പിക്കാനുമല്ല.
നരേന്ദ്ര മോദി മുഖ്യമന്ത്രിയായിരിക്കെ 2002ൽ മുസ്ലിംകൾ ഗുജറാത്തിൽ നേരിട്ടത് വംശഹത്യയാണ്. പ്രധാനമന്ത്രിയായ ശേഷം ഡൽഹിയിലും നടന്നു വംശീയാതിക്രമം. ബി.ജെ.പി ഭരണത്തിനുകീഴിൽ ബാബരി മസ്ജിദ് തകർത്ത കേസിലെന്ന പോലെ, ഗുജറാത്ത് വംശഹത്യയിലെയും പ്രതികൾ ഒന്നിനുപിറകെ ഒന്നായി ഒറ്റക്കും കൂട്ടായും രക്ഷപ്പെട്ടു.
ബിൽക്കീസ് ബാനുവിനെ കൂട്ടബലാത്സംഗം ചെയ്ത കേസിലെ പ്രതികളെ മാലയിട്ട് ജയിലിന് പുറത്തേക്ക് സ്വീകരിച്ചതടക്കം നീതി-നിയമവാഴ്ചയെ പല്ലിളിച്ചുകാണിച്ച നിരവധി സംഭവങ്ങൾ അനുബന്ധമായുണ്ട്. ഗുജറാത്ത് വംശഹത്യയെക്കുറിച്ച ഒരു ചോദ്യത്തിന്, ഓടിച്ചു പോകുന്ന കാറിനടിയിൽ പട്ടിക്കുഞ്ഞിനോട് തോന്നുന്ന വികാരവുമായി അതിനെ സമീകരിച്ചു സംസാരിച്ചയാളാണ് നരേന്ദ്ര മോദി.
ഹം പാഞ്ച്, ഹമാര പച്ചീസ് എന്ന കണക്കിൽ ജനസംഖ്യ പെരുപ്പിക്കുന്ന, പഞ്ചറൊട്ടിച്ചു കഴിയേണ്ട കൂട്ടരാണ് അവരെന്ന തന്റെ കാഴ്ചപ്പാടും പൊതുസമൂഹവുമായി മുമ്പേ പങ്കുവെച്ചിട്ടുണ്ട്. ഗുജറാത്ത് വംശഹത്യയിലും ഡൽഹി അതിക്രമത്തിലും മണിപ്പൂർ കലാപത്തിലുമെല്ലാം നരേന്ദ്രമോദിക്കു കീഴിൽ കൊടിയ അനീതി ഏറ്റുവാങ്ങിയവരാണ് രാജ്യത്തെ ന്യൂനപക്ഷങ്ങൾ.
പൗരത്വ നിയമ ഭേദഗതിയിലൂടെ പൗരത്വത്തിന് മതം മാനദണ്ഡമാക്കിയത് മോദിയുടെ നേതൃത്വത്തിലുള്ള സർക്കാറാണ്. അയൽപക്ക രാജ്യങ്ങളിൽ നിന്ന് ഇന്ത്യയിലെത്തുന്ന മുസ്ലിംകളല്ലാത്തവർക്ക് പൗരത്വം നൽകണമെന്ന വ്യവസ്ഥയാണ് ആ നിയമപരിഷ്കാരത്തിലൂടെ ഉണ്ടായത്.
വിവേചനത്തിന്റെയും പുറന്തള്ളലിന്റെയും കഥകൾ ഇതിൽ ഒതുങ്ങുന്നതല്ല. രാജ്യത്തെ ബഹുഭൂരിപക്ഷം വരുന്ന ഹിന്ദുക്കളുടെ കുത്തകാവകാശം ഏറ്റെടുത്ത് രക്ഷകനായി ചമയാൻ ന്യൂനപക്ഷങ്ങളെ കുറ്റക്കാരും ഇരകളുമാക്കുന്ന വെറുപ്പിന്റെ രാഷ്ട്രീയമാണ് മോദി എക്കാലവും പയറ്റുന്നത്.
അധികാരത്തിൽ മൂന്നാമൂഴത്തിന് ശ്രമിക്കുന്ന ലോക്സഭ തെരഞ്ഞെടുപ്പ് മുന്നോട്ടുപോകുമ്പോൾ മോദിയുടെ വർഗീയ-വിഭാഗീയ വചനങ്ങൾ എന്തൊക്കെയാവുമെന്ന ആശങ്ക സ്വാഭാവികമായും എവിടെയും നിറഞ്ഞു നിൽപുണ്ടായിരുന്നു. കഴിഞ്ഞ ഏതാനും ദിവസങ്ങളായി ആ വിദ്വേഷ രാഷ്ട്രീയം ശക്തമായി പുറത്തുചാടി.
മതനിരപേക്ഷ-ജനാധിപത്യ-ബഹുസ്വര സങ്കൽപങ്ങളിൽ വിശ്വസിക്കുന്ന ഇന്ത്യയുടെ ഭരണസാരഥിയും ബി.ജെ.പിയുടെ പ്രധാന താരപ്രചാരകനുമായ നരേന്ദ്ര മോദിയുടെ ക്രിമിനൽ കുറ്റത്തിന്റെ പരിധിയിൽ വരുന്ന പെരുമാറ്റച്ചട്ട ലംഘനത്തിനുമുന്നിൽ, സ്വതന്ത്രവും നിഷ്പക്ഷവും നീതിപൂർവകവുമായ തെരഞ്ഞെടുപ്പ് ഉറപ്പാക്കാൻ ഭരണഘടനാപരമായ ബാധ്യതയുള്ള തെരഞ്ഞെടുപ്പു കമീഷൻ കണ്ണുപൂട്ടി നിൽക്കുകയാണ് ചെയ്തത്.
അരുതാത്ത പ്രസംഗങ്ങളുടെ വിദ്വേഷ രാഷ്ട്രീയവുമായി മോദി പല ദിവസങ്ങൾ മുന്നോട്ടുപോയ ശേഷം മാത്രം അദ്ദേഹത്തോടല്ല, അദ്ദേഹത്തിന്റെ പാർട്ടിയോട് വിശദീകരണം തേടിയ വിധേയ സമീപനമാണ് തെരഞ്ഞെടുപ്പു കമീഷനിൽനിന്ന് ഉണ്ടായത്. ആർക്കെതിരെയും മുഖംനോക്കാതെ നടപടിയെടുക്കുമെന്ന മുന്നറിയിപ്പുകളൊക്കെ വെറും പാഴ്വാക്ക്.
ഇത് ടി.എൻ. ശേഷന്റെയോ, ജെ.എം. ലിങ്ദോയുടെയോ കാലമല്ല. പ്രധാനമന്ത്രി നിയമിച്ച തെരഞ്ഞെടുപ്പു കമീഷണർമാരാണ് ഇപ്പോൾ തെരഞ്ഞെടുപ്പു നടത്തുന്നത്. അത് വോട്ടുയന്ത്രത്തെപ്പോലെ തെരഞ്ഞെടുപ്പു പ്രക്രിയയുടെ സംശുദ്ധിയും വിശ്വാസ്യതയുമാണ് ചോർത്തിക്കളഞ്ഞത്.
പൂർത്തിയാക്കാൻ ബാക്കിയുള്ള മുസ്ലിം അപരവത്കരണ അജണ്ടക്ക് വോട്ടു ചോദിക്കുകയാണ് നരേന്ദ്ര മോദി കഴിഞ്ഞ ദിവസങ്ങളിലെ വിദ്വേഷ പ്രസംഗങ്ങളിലൂടെ ചെയ്തുകൊണ്ടിരിക്കുന്നത്. കോൺഗ്രസോ ഇൻഡ്യ മുന്നണിയോ അധികാരത്തിൽ വന്നാൽ പട്ടികവിഭാഗ, ഒ.ബി.സി സംവരണം പിടിച്ചു പറിച്ച് മുസ്ലിംകൾക്കുകൂടി നൽകുമെന്ന മുന്നറിയിപ്പോടെ, ഹിന്ദുത്വാവേശവും മുസ്ലിം പകയും കുത്തിവെച്ച് വിവിധ ഹിന്ദുവിഭാഗങ്ങളുടെ വോട്ടു സമാഹരിക്കാൻ ശ്രമിക്കുന്നു.
ഹിന്ദു സ്ത്രീകളുടെ കെട്ടുതാലി പറിച്ചെടുത്തു ‘ഒത്തിരി കുട്ടികൾ ഉള്ളവർ’ക്ക് വീതം വെക്കുമെന്നുവരെ പറഞ്ഞ് ഭീതി പരത്തുകയാണ്. അതിൽ രാജ്യത്തെ ഹിന്ദു ജനസാമാന്യമാകെ കീഴ്പ്പെട്ടുപോകുമോ? അതല്ല, മുസ്ലിംകളെ ഒറ്റപ്പെടുത്തുകയും ശത്രുവായി കാണുകയും ചെയ്യുന്ന കുതന്ത്രം തിരിച്ചറിയുമോ? അതാണ് കാതലായ ചോദ്യം.
തുടക്കത്തിൽ പറഞ്ഞ രീതികളിലെല്ലാം മുസ്ലിം വിരോധം നടപ്പാക്കിയിട്ടും ഈ തെരഞ്ഞെടുപ്പിൽ മോദിയുടെയും ബി.ജെ.പിയുടെയും കണക്കു കൂട്ടലിനൊത്ത മുന്നേറ്റം ഉണ്ടാകുന്നില്ല എന്നതാണ് യാഥാർഥ്യം. തിരിച്ചടിയുടെ ഭയപ്പാട് നിറഞ്ഞുനിൽക്കുകയും ചെയ്യുന്നു. 400 സീറ്റിന്റെ അവകാശവാദങ്ങളിൽനിന്ന് കേവല ഭൂരിപക്ഷത്തിനുവേണ്ട സംഖ്യ ഒപ്പിച്ചെടുക്കുകയെന്ന വെല്ലുവിളിയിലേക്ക് എടുത്തെറിയപ്പെട്ട സ്ഥിതിയിലാണ് മോദിയും ബി.ജെ.പിയും.
അതെങ്ങനെ സംഭവിച്ചു? സംഘ്പരിവാർ സംഘങ്ങൾ ‘തലൈവർ’ ആയി വിശേഷിപ്പിക്കുന്ന മോദിയുടെ ഭാഷ്യങ്ങൾ ജനം മുമ്പത്തെപ്പോലെ അതേപടി ഏറ്റെടുക്കുന്നില്ല. ആ സ്ഥിതി ഉണ്ടാക്കിയത് മുസ്ലിം വോട്ടർമാരല്ല. മറിച്ച്, ബി.ജെ.പിയെ പിന്തുണച്ചുപോന്ന ഹിന്ദുവോട്ടർമാരുടെ ചിന്താഗതിയിൽ രൂപപ്പെടുന്ന മാറ്റം തന്നെയാണ്.
ബഹുഭൂരിപക്ഷം വരുന്ന ഹിന്ദു വോട്ടർമാർക്കിടയിൽ മോദിക്കു സ്വീകാര്യത കുറഞ്ഞു. ന്യൂനപക്ഷവിരുദ്ധ രാഷ്ട്രീയം ഇത്രമേൽ പയറ്റിയിട്ടും ഈ തെരഞ്ഞെടുപ്പിൽ സീറ്റെണ്ണം കുറയാമെന്ന ആശങ്ക ബി.ജെ.പിയിൽ വർധിച്ചിരിക്കുന്നു. അയോധ്യയിലെ പ്രാണപ്രതിഷ്ഠയുടെ അർമാദവും മുസ്ലിം വിദ്വേഷവും ഒരുപോലെ കുത്തിവെച്ചിട്ടും സ്വന്തം വോട്ടുബാങ്ക് ആവേശം കാട്ടുന്നില്ല.
അതുകൊണ്ട് സാമുദായിക ധ്രുവീകരണത്തിന് ആക്കം കൂട്ടുന്ന പ്രകോപനപരമായ പ്രസംഗങ്ങൾക്ക് മോദി തന്നെ മുന്നിട്ടിറങ്ങുന്നു. പ്രതിപക്ഷത്തിന്റെ ജാതി സെൻസസ് മുദ്രാവാക്യത്തെ മുസ്ലിം സംവരണ വിരോധത്തിലൂടെ മറികടക്കാനും ശ്രമിക്കുന്നു.
എന്നാൽ, പട്ടികവിഭാഗക്കാരും ഒ.ബി.സികളും അതിദുർബലരും അടങ്ങുന്ന ഭൂരിപക്ഷ സമുദായക്കാരായ വോട്ടർമാരുടെ പിന്തുണ കുറഞ്ഞ് മോദിയുടെ രാഷ്ടീയ ഗ്രാഫ് താഴ്ന്ന ഗുരുതരമായ പ്രശ്നം മറികടക്കാൻ ഇപ്പോഴത്തെ അറ്റകൈ പ്രയോഗങ്ങൾക്ക് സാധിക്കുമോ? ആ വലിയ ചോദ്യത്തിനു മുന്നിലാണ് ഇന്ന് തെരഞ്ഞെടുപ്പു രംഗം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.