നവതി പ്രായം അനുഗ്രഹിച്ച ആയിരം പൂർണചന്ദ്രന്മാരെ കണ്ട മലയാളത്തിന്റെ മഹാനായ എഴുത്തുകാരനെക്കുറിച്ച് എന്തെങ്കിലും എഴുതാൻ പേനയെടുക്കുമ്പോൾ ആദ്യം ഓർമവരുന്നത് ‘നാലുകെട്ടി’നെപ്പറ്റി എഴുതുമ്പോൾ ഞാനുപയോഗിച്ച ഇതേ തലക്കെട്ടാണ്. എന്തുകൊണ്ടാണ് ഇത്തരം ആവർത്തനങ്ങൾ വേണ്ടിവരുന്നത് എന്നാലോചിച്ചാൽ മനുഷ്യന് ലഭ്യമായ ജീവിതം ഒന്നേയുള്ളൂ എന്ന വാക്യമാണ്. നാമെല്ലാം ജീവിച്ചുതീർക്കുന്ന ഒറ്റ ജീവിതത്തെക്കുറിച്ച് ഒരേ കാര്യം മാത്രമേ നമുക്കോരോരുത്തർക്കും പറയാനുള്ളൂ. എം.ടിയെപ്പോലുള്ള എഴുത്തുകാർ ഈ ഒരു ജീവിതത്തിൽ അനേകം ജീവിതങ്ങൾ ജീവിച്ചുതീർക്കും. ബഷീറും തകഴിയും മാധവിക്കുട്ടിയും കോവിലനും ഒ.വി. വിജയനുമൊക്കെ ഇങ്ങനെ ഏകജീവിതത്തെ അനേകമായി പരിവർത്തിപ്പിച്ചവരാണ്.
മരുമക്കത്തായത്തിന്റെ ഇരുമ്പുഹസ്തങ്ങൾ ശൈഥില്യമുണ്ടാക്കിയ ബന്ധങ്ങളുടെ നെരിപ്പോടിൽനിന്നാണ് എം.ടിയുടെ ജീവിതവും എഴുത്തും പിറവിയെടുക്കുന്നത്. ഒരു ദേശത്തിന്റെ സ്വാതന്ത്ര്യവും ജനാധിപത്യവും ലഭ്യമാകുന്നതിനു മുമ്പുള്ള അരക്ഷിതമായ ബന്ധങ്ങളിലൂന്നിയായിരുന്നു ഈ എഴുത്തുകാരന്റെ ജീവിതം. അത് നിർമിച്ച വിഹ്വലതകളും ആത്മനിന്ദയും കൈമാറിയ ജീവിതപരിസരങ്ങൾ തന്റെ ജനനത്തോടെ ആരംഭിക്കുന്ന ഋതുപരിണാമത്തിന്റെ നോട്ടപ്പാടുകളിലാണ് എം.ടിയൻ കഥകൾ ആഖ്യാനപ്പെടുന്നത്. ഈ ഋതുപരിണാമം കേരളത്തിന്റെ മൊത്തം സാമൂഹിക ജീവിതത്തിലുണ്ടാക്കിയ രാഷ്ട്രീയമാറ്റങ്ങൾ നമ്മുടെ ചരിത്രത്തിന്റെ ഭാഗമാണ്.
ഫ്യൂഡൽ-മരുമക്കത്തായ അധികാരത്തിന്റെ ഉരുക്കുമുഷ്ടിയിൽ പെട്ടുപോയ മരുമക്കൾ തട്ടുമ്പുറത്തെ അമ്മാവനെ കോഴിക്കറിയിൽ വിഷം ചേർത്ത് കൊന്നതിനെപ്പറ്റി നാലുകെട്ടിന്റെ ഇംഗ്ലീഷ് പതിപ്പിന്റെ മുഖവുരയിൽ എം.ടി എഴുതുന്നുണ്ട്. രാഷ്ട്രത്തിന്റെ സ്വാതന്ത്ര്യസമരത്തേക്കാൾ വലിയൊരു സമരം മലബാറിൽ നായർ തറവാടുകൾക്ക് അതത് തറവാടുകളിൽതന്നെ വേണ്ടിവന്ന കാലത്ത് അതിന്റെ ക്രൗര്യങ്ങളേറ്റുവാങ്ങി കാറ്റും വെളിച്ചവും കടക്കുന്ന ചെറിയൊരു വീട്ടിലേക്കുള്ള ഋതുഭേദമാണ് എം.ടിയെ മലയാളി വായനക്കാർക്ക് അഭിമതനാക്കിയത്. എം.ടി തിരക്കഥയെഴുതിയ സിനിമകളുടെ പ്രമേയങ്ങളും ചെറുകഥകളുടെയും നോവലുകളുടെയും പ്രമേയങ്ങളും ഒന്നുതന്നെയാണ്.
ലോക മഹായുദ്ധംപോലുള്ള സമൂഹത്തിൽ വിള്ളലുണ്ടാക്കുന്ന ദുരന്തങ്ങൾക്കു ശേഷം വരുന്ന പ്രത്യാഘാതങ്ങൾ തന്നെയാണ് മരുമക്കത്തായവും സൃഷ്ടിച്ചതെന്ന് എം.ടിക്കഥകളുടെ ആഴങ്ങളിലേക്ക് പോകുന്നവർക്ക് കണ്ടെത്താൻ കഴിയും. സാഹിത്യരചനയും പത്രാധിപരുടെ ജോലിയും ചലച്ചിത്ര തിരക്കഥ എഴുത്തും ചേർന്ന പല പല ജന്മങ്ങൾ ചേർന്ന ഒരൊറ്റ ജന്മത്തിന്റെ അസാധാരണമായ കരുത്ത് ആ സൃഷ്ടികൾക്ക് കാണാൻ കഴിയും. അവ മധ്യവർത്തി വായനസമൂഹത്തിന്റെ ജീവിതക്കണ്ണാടികളാണ്. കേരളത്തിന്റെ സാമൂഹിക പരിവർത്തനങ്ങളിൽ ഏറ്റവും പ്രധാനമായത് ഭൂപരിഷ്കരണമാണ് എന്ന് ഒരിക്കൽ അഭിപ്രായപ്പെടുകയുണ്ടായി. ഫ്യൂഡൽ പ്രസ്ഥാനം തകരുമ്പോഴാണല്ലോ ഒരിക്കലും ഭൂമി സ്വന്തമായിട്ടില്ലാത്ത കുടിയാന്മാർക്ക് (സാധാരണക്കാർക്ക്) അവ ലഭ്യമാവുന്നത്.
ഭൂപരിഷ്കരണ പ്രസ്ഥാനത്തിന്റെ പ്രായോഗികതയിൽ ധാരാളം അപാകതകളുണ്ടായിരുന്നു എന്നത് ഇന്ന് നമുക്കറിയാം. എന്നാൽ, സാധാരണക്കാരനും ഭൂമി ലഭ്യമാകുന്നതിന് കാരണമായ ഭൂപരിഷ്കരണം അവരുടെ പുരോഗതിക്കുവേണ്ടി ലക്ഷ്യംവെച്ച ഒരു പ്രസ്ഥാനമായിരുന്നു എന്നത് സത്യമാണ്. ചെറുമക്കൾ ജന്മിമാർക്കെതിരെ തിരിയുന്ന ഒരു നോവലെഴുതി ‘നാലുകെട്ടി’നു മുമ്പ് താൻ കീറിക്കളഞ്ഞതായി എം.ടി രേഖപ്പെടുത്തിയിട്ടുണ്ട്. പുരോഗമന പ്രസ്ഥാനത്തിന്റെ സോദ്ദേശ്യനിർമിതികളെ കവച്ചുവെക്കുന്ന രചനാപടുത വിളംബരം ചെയ്യുന്ന സൃഷ്ടികളാവണം സാഹിത്യം എന്ന അദ്ദേഹത്തിന്റെ വിചാരങ്ങൾ കർണാടക സാഹിത്യത്തിലെ യു.ആർ. അനന്തമൂർത്തിയുടെ വംശവൃക്ഷ തൊട്ടുള്ള സൃഷ്ടികൾ കൊണ്ടുവന്ന മാനങ്ങൾക്കൊപ്പം നിൽക്കുന്നതാണ്.
കഴിഞ്ഞുപോയ ഫ്യൂഡൽ ജീവിതം അരക്കിട്ടുറപ്പിച്ച എല്ലാ ജീവിതവിരുദ്ധതകളേയും തല്ലിത്തകർത്ത് ചെറുകുടുംബങ്ങൾ തേടുന്ന ബന്ധ ദൃഢതയിലേക്ക് മനുഷ്യജീവിതത്തെ കരകയറ്റുന്ന രചനാവ്യവഹാരമായിരുന്നു അദ്ദേഹത്തിന്റെ ഓരോ കഥകളും.
ഈ എഴുത്തുകാരന് കേരളത്തിന്റെ നാഡിഞരമ്പായ നിളാനദി സ്വന്തമായിരുന്നു. ഫ്യൂഡൽ കാലത്തും ഈ നദി അവിടെയുണ്ടായിരുന്നു. തന്റെ ഋതുപ്പകർച്ചയുടെ കാലത്ത് താൻ അതുവരെ വെട്ടിപ്പിടിച്ചതെല്ലാം വെൺമണൽപോലെ ഒഴിഞ്ഞുപോകുന്നത് എഴുത്തുകാരൻ നിസ്സഹായനായി നോക്കുന്നത് ഈ രചനയിലൂടെയാണ്. തന്റെ രചനകളിലെ മനുഷ്യകഥാപാത്രങ്ങൾക്ക് നഷ്ടമായ അസ്തിത്വത്തെ വീണ്ടെടുക്കാൻ ശ്രമിക്കുന്നതുപോലെതന്നെ തന്റെ ആലംബമായ നിളാനദിയുടെ അസ്തിത്വവും വീണ്ടെടുക്കാനുള്ള അപാരമായ ശ്രമം ‘കുമരനെല്ലൂരിലെ കുളങ്ങളി’ൽ കാണാം.
നദിയുടെ മക്കളും ചെറുമക്കളുമാണ് ഒരു ദേശത്തെ കുളങ്ങളും കിണറുകളും. അവ വഹിച്ചിരുന്ന ജീവിതത്തിന്റെ സുരക്ഷാബന്ധങ്ങൾ ഫ്യൂഡൽ കാലഘട്ടത്തിലെ ജീവിതത്തെ സുദൃഢമാക്കിയിട്ടുണ്ട്. അധികാരബന്ധങ്ങളാണ് അന്നതിന്റെ വിതരണത്തെ തടസ്സപ്പെടുത്തിയത്. ജനാധിപത്യകാലത്തെ മനുഷ്യബന്ധങ്ങൾ സുരക്ഷിതമാക്കുന്നതുപോലെ തന്നെയാണ് എം.ടിക്ക് തനിക്ക് ആത്മബലം തന്ന നിളാനദിയെ ദുരന്തങ്ങളിൽനിന്ന് രക്ഷിക്കുക എന്നത്.
പത്രാധിപരായിരിക്കേ മാതൃഭൂമി ആഴ്ചപ്പതിപ്പിന്റെ പുറങ്ങളിൽ നിളാനദിയും മണലെടുപ്പും ഒരു സജീവ വിഷയമായി നിരന്തരം എഴുതിയിട്ടുണ്ട്. മനുഷ്യേതര ജീവികൾക്കുകൂടി അവകാശപ്പെട്ട ഈ ഭൂമിയിലെ നദിയും കുളങ്ങളും താൻ എഴുതിക്കൊണ്ടിരിക്കുന്ന മനുഷ്യർക്കായി ഉപകരിച്ചാൽ മാത്രമേ ഈ പ്രപഞ്ചത്തിന് നിലനിൽപ്പുള്ളൂ എന്ന് എം.ടിക്കറിയാമായിരുന്നു. കുമരനെല്ലൂർ ചിത്രീകരിക്കുന്ന സമയത്ത് പട്ടാമ്പിയിലെ മണൽതിട്ടയിലെ ഒരു വലിയ കുഴിയിൽ മണലെടുത്തുകൊണ്ടിരുന്ന തൊഴിലാളികൾ കൈക്കോട്ടുകൊണ്ട് യദൃച്ഛയാ വെട്ടിയത് അവരുടെ മുന്നിൽ സൂര്യന് പുറംതിരിഞ്ഞുനിൽക്കുന്ന എം.ടിയുടെ നിഴലിന്റെ കഴുത്തിലാണ്.
ഇത്തരം യാദൃച്ഛികതകൾ ആ ചിത്രത്തിൽ ധാരാളമുണ്ട്: ഒരു നദിക്ക് നഷ്ടമായതെല്ലാം തിരിച്ചെടുക്കാൻ മറ്റൊരു ജന്മംകൂടി എഴുത്തുകാരൻ ആഗ്രഹിക്കുന്നുണ്ടാവാം. ആത്മകഥയെഴുതാത്ത എം.ടി കുമരനെല്ലൂരിലെ കുളങ്ങളെയാവാം ആത്മകഥയായി എഴുതിയത്. നിളാനദി തന്നെയാണ് അദ്ദേഹത്തിന്റെ ആത്മകഥ. തന്റെ തറവാട് പൊളിച്ച് അദ്ദേഹം ഇറങ്ങിനടന്നത് ആ നദിയിലെ കടവിലേക്കാണ്. താൻ നിർമിച്ച കാറ്റും വെളിച്ചവുമുള്ള കൊച്ചുവീട്ടിലും അദ്ദേഹത്തിന് മണലെടുപ്പുകാർ സ്വൈരം തന്നില്ല. മനുഷ്യേതര ജീവികളുടെ ആവാസസ്ഥലമായ നിളയിലും ജനാധിപത്യാധികാരങ്ങൾ കൈക്കോട്ടുകൊണ്ട് കൈവെക്കുന്നത് എം.ടി നിസ്സഹായനായി കാണേണ്ടി വരുന്നു, നവതിക്കാലത്ത്. നവതി ആശംസകൾ സഫലമാവട്ടെ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.