ചുവപ്പ് കണ്ടാൽ കാളകൾക്ക് വിറളിപിടിക്കുന്നതു പോലെയാണ് ചിലർക്ക് പച്ച കണ്ടാൽ. പശു മാതാവാണെങ്കിലും അത് ത ങ്ങൾക്കിഷ്ടപ്പെടാത്തവരുടെ കൈയിലോ തൊഴുത്തിലോ കണ്ടാൽ ഉടമകളെ തല്ലിക്കൊന്നെന്നിരിക്കും. പ്രകൃതിയെ ആരാധിക ്കുന്നുണ്ടെങ്കിലും അതിെൻറ പച്ചപ്പ് പതാകയിൽ കണ്ടാൽ അത് കൈയിലേന്തിയവരെയെല്ലാം പാകിസ്താനികളാക്കും. അവര െല്ലാം പാകിസ്താനിലേക്ക് പോകണമെന്ന് വാശിപിടിക്കും. മോദിയുടെ ഇന്ത്യ ഇപ്പോൾ ഇങ്ങനെയൊക്കെയാണ്.
അപ്പോൾ പിന്നെ രാഹുൽ ഗാന്ധിക്ക് മുന്നിലും പിറകിലും പച്ചപ്പതാക കണ്ട് സന്യാസ ിവര്യൻ യോഗി ആദിത്യനാഥ് വേണ്ടാതീനം പറഞ്ഞാൽ കുറ്റം പറയാനാവുമോ? രാഹുൽ ഗാന്ധി മത്സരിക്കാനുള്ള രണ്ടാമത്തെ ഇടമാ യി തെക്കേ ഇന്ത്യയിലെ വയനാട് തിരഞ്ഞെടുത്തപ്പോൾ തന്നെ അമേത്തിയിലെ ഹിന്ദുക്കളെ ഭയന്നുള്ള ഒാട്ടമാണെന്ന് പ്ര ധാനമന്ത്രി നരേന്ദ്ര മോദിയും അനുയായികളും തീർപ്പുകൽപിച്ചിരുന്നു. അദ്ദേഹം പത്രിക നൽകാൻ വയനാട്ടിൽ വന്നപ്പോൾ വ രവേറ്റവരിലും അകമ്പടിയായവരിലും പച്ചപ്പതാകയേന്തിയവരെ കണ്ടപ്പോൾ യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അടക്കമു ള്ളവർക്ക് സമനില നഷ്ടപ്പെട്ടുവെന്ന് പറയാം. കോൺഗ്രസിനെ മുസ്ലിംലീഗ് എന്ന ‘വൈറസ്’ ബാധിച്ചിരിക്കയാണെന്നു ം അത് ഇന്ത്യയെ നശിപ്പിക്കുമെന്നുമായിരുന്നു ആദിത്യനാഥിെൻറ ട്വീറ്റ്. ‘‘മുസ്ലിംലീഗ് ഒരു വൈറസാണ്. അത് ആരെയെങ്കിലും ബാധിച്ചാൽ അവർ രക്ഷപ്പെടില്ല. ഇന്ന് പ്രധാന പ്രതിപക്ഷ പാർട്ടിയായ കോൺഗ്രസിനെ അത് ബാധിച്ചിരിക്കുന്നു. ആലോചിക്കുക, അവർ വിജയിച്ചാൽ എന്തായിരിക്കും സംഭവിക്കുക? ഇൗ വൈറസ് രാജ്യത്താകെ പടരും’’ -അദ്ദേഹത്തിെൻറ മുന്നറിയിപ്പാണ്. രാഹുൽ ഗാന്ധിക്ക് കേരളത്തിലെ മുസ്ലിംലീഗുമായി, വിഭജനത്തിന് കാരണക്കാരായ അതേ ലീഗുമായി ‘രഹസ്യ അജണ്ട’യുണ്ടെന്നുകൂടി യോഗി പറഞ്ഞു.
ഇൗ വാക്കുകൾ ഏറ്റുപിടിക്കാൻ ആളുകളുണ്ടായി. േബാളിവുഡ് നടിയും മോഡലുമായ കോയന മിത്ര അൽപംകൂടി കടന്നുപറഞ്ഞു. ‘‘ആദ്യ വിഭജനം നടത്തിയത് ഭീകരവാദി ജിന്നയാണ്. അടുത്തത് രാഹുലായിരിക്കും. ഇസ്ലാമിക പതാകകളാണ് അദ്ദേഹത്തെ (രാഹുലിനെ) കേരളത്തിലേക്ക് സ്വാഗതം ചെയ്തത്’’ -അവർ ട്വീറ്റ് ചെയ്തു. കോയന മിത്ര തെൻറ ട്വിറ്ററിലെ സന്ദേശത്തോടൊപ്പം, രാഹുലിനെ സ്വീകരിക്കുന്ന ഇസ്ലാമിക പതാകകളുടേതായി കൊടുത്ത ചിത്രമാകെട്ട, 2016 ജനുവരി 30ന് മുസ്ലിംലീഗ് നടത്തിയ പ്രകടനത്തിെൻറ ചിത്രവും. ‘വ്യാജ നിർമിതി’കൾക്ക് പേരുകേട്ടവരാണല്ലോ ഇക്കൂട്ടർ. ‘സ്വന്തം ജനതയെ ഒറ്റുകൊടുക്കാനല്ലാതെ, ‘വൈറസി’നെ കുറിച്ചു പറഞ്ഞ യോഗിക്ക് ഒന്നുമറിയില്ലെന്നാണ് സമാജ്വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവ് പ്രതികരിച്ചത്. അതുതന്നെയാണ് സത്യവും.
മുസ്ലിംലീഗ് വിഭജനം
1906 ഡിസംബർ 30ന് ധാക്കയിൽ രൂപം കൊണ്ട ‘ഒാൾ ഇന്ത്യ മുസ്ലിംലീഗ്’ ഇന്ത്യ-പാക് വിഭജനത്തോടെ പിരിച്ചുവിട്ട് ഇന്ത്യയിൽ ‘ഇന്ത്യൻ യൂനിയൻ മുസ്ലിംലീഗും’ പാകിസ്താനിൽ ‘പാകിസ്താൻ മുസ്ലിംലീഗു’മായി മാറുകയായിരുന്നു. വിഭജനം യാഥാർഥ്യമാവുന്നതിനുമുമ്പ് 1947 ജൂണിൽ നടന്ന സർവേന്ത്യ മുസ്ലിംലീഗ് നാഷനൽ കൗൺസിൽ ഇന്ത്യയിൽ മുസ്ലിംലീഗിെൻറ പ്രവർത്തനം മരവിപ്പിച്ചുനിർത്താൻ തീരുമാനിച്ചു. തുടർന്ന് മുസ്ലിംലീഗ് പിരിച്ചുവിടണമോ പുനരുജ്ജീവിപ്പിക്കണമോ എന്നതു സംബന്ധിച്ച് തീരുമാനമെടുക്കാനായി കൽക്കത്തയിൽ യോഗം ചേർന്നു. ബംഗാളിലെ മുസ്ലിംലീഗ് നേതാവ് എച്ച്.എസ്. സുഹ്രവർദിയാണ് ഇന്ത്യയിൽ അവശേഷിക്കുന്ന മുസ്ലിംലീഗ് നേതാക്കളുടെ യോഗം അദ്ദേഹത്തിെൻറ വസതിയിൽ വിളിച്ചുചേർത്തത്. യോഗത്തിൽ മദിരാശി സംസ്ഥാനത്തെ പ്രതിനിധാനം ചെയ്തത് മുഹമ്മദ് ഇസ്മായിൽ സാഹിബും കെ.എം. സീതി സാഹിബുമായിരുന്നു. 1947 നവംബർ 10, 11 തീയതികളിൽ ചേർന്ന കൽക്കത്ത കൺവെൻഷൻ തീരുമാനമെടുക്കാൻ കഴിയാതെ, സർവേന്ത്യ മുസ്ലിംലീഗിെൻറ നാഷനൽ കൗൺസിൽ വിളിച്ചുചേർക്കാൻ അധ്യക്ഷൻ ജിന്നയോട് ആവശ്യപ്പെടാൻ തീരുമാനിച്ചു പിരിഞ്ഞു.
ജിന്നയുടെ നിർദേശപ്രകാരം ജനറൽ സെക്രട്ടറി ലിയാഖത്ത് അലിഖാൻ നാഷനൽ എക്സിക്യൂട്ടിവും കൗൺസിലും വിളിച്ചുചേർത്തു. 1947 ഡിസംബർ 13ന് നാഷനൽ എക്സിക്യൂട്ടിവ് പാകിസ്താൻ ഗവർണർ ജനറലിെൻറ വീട്ടിലും 14ന് നാഷനൽ കൗൺസിൽ കറാച്ചിയിലെ ഖാലിഖ് ദാനാ ഹാളിലുമാണ് ചേർന്നത്. കൗൺസിലിൽ മദിരാശി സംസ്ഥാനത്തെ പ്രതിനിധാനം ചെയ്തത് ഇസ്മായിൽ സാഹിബിനും സീതി സാഹിബിനും പുറമെ എൻ.കെ. ജമാലി, എൻ.എം. അൻവർ എന്നിവരായിരുന്നു. വിഭജനശേഷമുള്ള ഇന്ത്യയുടെയും പാകിസ്താെൻറയും അവസ്ഥകൾ വിശദീകരിക്കപ്പെട്ട യോഗത്തിൽ സംഘടനയെ പാകിസ്താൻ മുസ്ലിംലീഗ്, ഇന്ത്യൻ മുസ്ലിംലീഗ് എന്നിങ്ങനെ രണ്ടായി വിഭജിക്കാൻ തീരുമാനിച്ചു. പാക് ലീഗിെൻറ കൺവീനറായി ലിയാഖത്ത് അലിഖാനെയും ഇന്ത്യൻ മുസ്ലിംലീഗ് കൺവീനറായി ഇസ്മായിൽ സാഹിബിനെയും കൗൺസിൽ തെരഞ്ഞെടുത്തു.
പാക്, ഇന്ത്യൻ നേതാക്കളുടെ ആശങ്കകളും പ്രതീക്ഷകളും
വിഭജന സമയത്ത് സംഘടനക്ക് ബാങ്കിൽ 17 ലക്ഷം രൂപയുടെ നിക്ഷേപമുണ്ടായിരുന്നു. ആ തുക മുഴുവൻ ഇന്ത്യൻ മുസ്ലിംലീഗിന് നൽകാമെന്ന് ലിയാഖത്ത് അലിഖാൻ പറഞ്ഞെങ്കിലും സ്വീകരിക്കാൻ ഇസ്മായിൽ സാഹിബ് കൂട്ടാക്കിയില്ല. ‘ഇൗ പണം സ്വീകരിച്ചാൽ ഇന്ത്യയിൽ മുസ്ലിംലീഗ് ഉണ്ടാക്കാൻ പാകിസ്താനിൽനിന്ന് പണം കൊണ്ടുവന്നു’ എന്ന ആക്ഷേപം നേരിടേണ്ടിവരുമെന്നായിരുന്നു അദ്ദേഹത്തിെൻറ ഭയം. ഇൗ ഭയത്തിന് അടിസ്ഥാനമുണ്ടായിരുന്നുവെന്ന് പിന്നീട് തെളിയുകയും ചെയ്തു. ഒരിക്കൽ ഭരണഘടന നിർമാണസഭയിൽ പ്രസംഗിക്കവെ സർദാർ പേട്ടൽ, ഇസ്മായിൽ ഇന്ത്യയിൽ മുസ്ലിംലീഗിെൻറ പ്രവർത്തനം തുടരുന്നത് പാകിസ്താനിൽ നിന്നുള്ള പങ്ക് കിട്ടാനാണെന്ന് ആക്ഷേപമുന്നയിച്ചിരുന്നു. പാകിസ്താെൻറ ലക്ഷ്യം ഇന്ത്യയെ തകർക്കലും ഇന്ത്യയുടെ ലക്ഷ്യം പാകിസ്താനെ തകർക്കലുമാണെന്ന് കണക്കുകൂട്ടുന്നവർക്കും പ്രചരിപ്പിക്കുന്നവർക്കും വിഭജന ശേഷം പാക് നേതാക്കളും ഇന്ത്യൻ നേതാക്കളും ഇരുരാജ്യങ്ങളെ കുറിച്ചും കൈമാറിയ ആശങ്കയും പ്രതീക്ഷകളും മറുപടിയാവേണ്ടതാണ്. അത് പുതിയ ഇന്ത്യൻ സാഹചര്യത്തിൽ ഏറെ പ്രസക്തവുമാണ്.
കറാച്ചിയിൽ ചേർന്ന സർവേന്ത്യ മുസ്ലിം ലീഗിെൻറ അവസാന കൗൺസിലിനുശേഷം ഇന്ത്യയിൽനിന്നുള്ള മുസ്ലിംലീഗ് പ്രതിനിധികളുമായി ജിന്ന നടത്തിയ കൂടിക്കാഴ്ചയിൽ, ഇന്ത്യൻ മുസ്ലിംകളുടെ പ്രശ്നങ്ങൾ എക്കാലവും തെൻറ മനസ്സിലുണ്ടാവുമെന്നും അവർ അപകർഷബോധം വെടിഞ്ഞ് രാജ്യത്തോട് കൂറുപുലർത്തുന്ന ഉത്തമ പൗരന്മാരായി ഇന്ത്യയിൽ ജീവിക്കണമെന്നുമാണ് ജിന്ന ഇന്ത്യൻ നേതാക്കളെ ഉപദേശിച്ചത്. തുടർന്ന് പാക് പ്രധാനമന്ത്രി ലിയാഖത്ത് അലിഖാനുമായി നടത്തിയ കൂടിക്കാഴ്ചയിൽ ഇസ്മായിൽ സാഹിബ് പറഞ്ഞത് ചരിത്രം രേഖപ്പെടുത്തിയതാണ്.
‘‘ഇന്ത്യൻ മുസ്ലിംകളുടെ കാര്യത്തിൽ താങ്കൾ ഒരിക്കലും ഇടപെടരുത്. ഞങ്ങൾ സ്വന്തം ഉത്തരവാദിത്തങ്ങൾ നിറവേറ്റി അവകാശങ്ങൾ നേടിയെടുക്കാൻ കഴിവുള്ളവരാണ്. ഗവൺമെൻറും ഭൂരിപക്ഷ സമുദായവും ഞങ്ങളെ കുറ്റക്കാരെന്ന് വിധിച്ചാലും അത്തരം പരീക്ഷണങ്ങളെയെല്ലാം ഞങ്ങൾ നേരിട്ടുകൊള്ളും. ഇന്ത്യൻ മുസ്ലിംകൾക്ക് എന്തുതന്നെ സംഭവിച്ചാലും അവർ എന്തൊക്കെ ദ്രോഹങ്ങൾക്ക് വിധേയരായാലും അതിന് പ്രതികാരമായി ഒരിക്കലും നിങ്ങൾ പാകിസ്താനിലെ ഹിന്ദുക്കളോട് പെരുമാറരുത്. പാകിസ്താനിലെ ഹിന്ദുക്കളെ സംരക്ഷിക്കുകയും അവരോട് നല്ലനിലയിൽ പെരുമാറുകയും ചെയ്യേണ്ടത് നിങ്ങളുടെ കടമയാണ്. ആ മാർഗത്തിലൂടെ-ആ ഒരൊറ്റ മാർഗത്തിലൂടെ മാത്രമാണ് നിങ്ങൾക്ക് ഞങ്ങളെ സഹായിക്കാൻ കഴിയുക.’’
മുസ്ലിംലീഗ് പിരിച്ചുവിടേണ്ടതായിരുന്നു?
മുസ്ലിംലീഗ് പിരിച്ചുവിടണമെന്ന് ബ്രിട്ടീഷ് സർക്കാറിനും ഇന്ത്യയിലെ ചില മുസ്ലിം നേതാക്കൾക്കും ആഗ്രഹമുണ്ടായിരുന്നു. എച്ച്.എസ്. സുഹ്രവർദി കൽക്കത്തയിൽ കൺവെൻഷൻ വിളിച്ചുചേർത്തത് ഇൗ ലക്ഷ്യത്തോടെയായിരുന്നെങ്കിലും പാളിപ്പോവുകയായിരുന്നു. സ്വാതന്ത്ര്യ പ്രഖ്യാപനത്തിനു ശേഷവും ഇന്ത്യയിൽ ഗവർണർ ജനറലായി തുടർന്നിരുന്ന മൗണ്ട് ബാറ്റൺ പ്രഭുവും അദ്ദേഹത്തിെൻറ താൽപര്യത്തിൽ പ്രധാനമന്ത്രി ജവഹർലാൽ നെഹ്റുവും ലീഗ് പിരിച്ചുവിടാൻ ഇസ്മായിൽ സാഹിബിൽ സമ്മർദം ചെലുത്തി. അദ്ദേഹം വഴങ്ങിയില്ലെന്നു തന്നെയാണ് പിന്നീട് നടന്ന സംഭവങ്ങൾ തെളിയിച്ചത്.
ഇന്ത്യയിൽ അവശേഷിക്കുന്ന മുസ്ലിംലീഗ് നാഷനൽ കൗൺസിൽ അംഗങ്ങൾ 1948 മാർച്ച് 10ന് മദ്രാസ് മൗണ്ട് റോഡിലെ സർക്കാർ അതിഥി മന്ദിരത്തിൽ (ഇന്നത്തെ രാജാജി ഹാൾ) ഇസ്മായിൽ സാഹിബിെൻറ അധ്യക്ഷതയിൽ യോഗം ചേർന്ന് ‘സ്വാതന്ത്ര്യാനന്തര ഇന്ത്യയിലെ മാറിയ സാഹചര്യം കണക്കിലെടുത്ത് മുസ്ലിം സമൂഹത്തിെൻറ രാഷ്ട്രീയ, സാമൂഹിക, വിദ്യാഭ്യാസ പുരോഗതിക്കായി മുസ്ലിംലീഗ് തുടരണം’ എന്ന പ്രമേയം 14നെതിരെ 37 വോട്ടുകൾക്ക് പാസാക്കി (യോഗത്തിലേക്ക് 147 പേരെ പ്രതീക്ഷിച്ചിരുന്നെങ്കിലും 51 പേരാണ് പെങ്കടുത്തത്). തുടർന്ന് ഇസ്മായിൽ സാഹിബ് പ്രസിഡൻറും മഹ്ബൂബ് അലി ബേഗ് ജനറൽ സെക്രട്ടറിയുമായി ‘ഇന്ത്യൻ യൂനിയൻ മുസ്ലിംലീഗി’ന് രൂപം നൽകി.
ഇന്ത്യൻ മുസ്ലിംലീഗ് പതാക പാക് പതാകയോ?
ഒാൾ ഇന്ത്യ മുസ്ലിംലീഗ് പാകിസ്താൻ മുസ്ലിംലീഗും ഇന്ത്യൻ യൂനിയൻ മുസ്ലിംലീഗുമായി വിഭജിക്കപ്പെട്ടപ്പോൾ പതാകയിലും മാറ്റംവന്നു. കടുംപച്ച പ്രതലത്തിൽ മധ്യത്തിലായി വെള്ളനിറത്തിലുള്ള ചന്ദ്രക്കലയും നക്ഷത്രവുമുൾപ്പെടുന്നതായിരുന്നു സർവേന്ത്യ മുസ്ലിംലീഗിെൻറ പതാക. പാകിസ്താൻ രൂപവത്കരിക്കപ്പെട്ടപ്പോൾ ഇൗ പതാക തന്നെയാണ് ചെറിയ മാറ്റത്തോടെ അവർ തങ്ങളുടെ ഒൗദ്യോഗിക പതാകയായി സ്വീകരിച്ചത്. ഇടതുഭാഗത്ത് കട്ടിയുള്ള വെള്ളവരയും ബാക്കി പച്ചപ്രതലത്തിൽ മധ്യത്തിലായി വെള്ളനിറത്തിൽ വലത്തോട്ട് തിരിച്ചുവെച്ചിട്ടുള്ള ചന്ദ്രക്കലയും നക്ഷത്രവും ഉൾപ്പെടുന്നതാണ് പാക് പതാക. ഇന്ത്യൻ യൂനിയൻ മുസ്ലിംലീഗിെൻറ പതാകയിൽ കട്ടിയുള്ള വെള്ളവരയില്ല. മാത്രമല്ല, മുകളിൽ ഇടത്തേ മൂലയിൽ ഇടത്തോട്ടു തിരിച്ചുവെച്ച രീതിയിലാണ് വെള്ള ചന്ദ്രക്കലയും നക്ഷത്രവുമുള്ളത്.
‘പച്ച’യായി കാണുന്നതെല്ലാം പാകിസ്താനാണെന്നും മുസ്ലിം തീവ്രവാദമാണെന്നും തെറ്റിദ്ധരിപ്പിക്കുന്ന രീതി സംഘ്പരിവാർ ശക്തികൾ ഇന്നും ഇന്നലെയും തുടങ്ങിയതല്ല. പതിറ്റാണ്ടുകൾക്കുമുമ്പ് താനൂർ കടലിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ട പച്ചനിറത്തിലുള്ള ബോട്ട് പാക് ചാരന്മാർ വന്നിറങ്ങിയതാണെന്ന് പ്രചരിപ്പിക്കപ്പെട്ടിരുന്നു. എന്നെങ്കിലും പുലരുമെന്ന പ്രതീക്ഷയിലാണ് ഗീബത്സിയൻ തന്ത്രം തുടർച്ചയായി പയറ്റുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.