പ്രീണിപ്പിച്ച് പ്രീണിപ്പിച്ച് മുസ്ലിം സമുദായത്തെ ഇരുമുന്നണികളും എവിടെ കൊണ്ടെത്തിച്ചു എന്ന കണക്കു പരിശോധിക്കാം. ഐക്യകേരളം പിറവിയെടുത്ത് ആറര പതിറ്റാണ്ടിനുള്ളിൽ ഇവിടെ 48 ചീഫ് സെക്രട്ടറിമാർ ഉണ്ടായി. അതിൽ ഒരാൾ പോലും കേരളത്തിലെ മുസ്ലിം സമുദായത്തിൽനിന്ന് നിയമിക്കപ്പെട്ടിട്ടില്ല
യു.ഡി.എഫ് ഭരണകാലത്ത് കേൾക്കാറുണ്ടായിരുന്ന സ്ഥിരം പല്ലവിയായിരുന്നു മുസ്ലിംകൾ അവിഹിതമായി എന്തൊക്കെയോ നേടിയെടുക്കുന്നു എന്നത്. അതിന്റെ ഉച്ചിയിലാണ് രണ്ടാം ഉമ്മൻ ചാണ്ടി സർക്കാറിന്റെ കാലത്തെ യുക്തിരഹിതമായ അഞ്ചാം മന്ത്രി വിവാദമുയർന്നത്. വെറും 72 എം.എൽ.എമാർ മാത്രമുള്ള ഭരണമുന്നണിയിൽ 21 എം.എൽ.എമാരുണ്ടായിരുന്ന മുസ്ലിം ലീഗിന്, 20 അംഗ മന്ത്രിസഭയിൽ അഞ്ചാമതൊരു അംഗത്തെക്കൂടി നൽകുന്നത് കൊടിയ വർഗീയ പാതകമായി അന്നു ചിത്രീകരിക്കപ്പെട്ടു. സംസ്ഥാന ജനസംഖ്യയിൽ നാലിലൊന്നിൽ കൂടുതൽ ഔദ്യോഗികമായും മൂന്നിലൊന്നോളം അനൗദ്യോഗികമായും വരുന്ന ഒരു സമുദായത്തിന്റെ രാഷ്ട്രീയ പ്രാതിനിധ്യത്തിന്റെ തിരസ്കാരം കൂടിയായിരുന്നു അത്. അതേ സമയം, പിണറായി സർക്കാറിൽ ഒരേ സമുദായക്കാരായ പത്തോളം മന്ത്രിമാരുണ്ടായത് മലയാളി ജീവിതത്തിൽ ഒരുവിധ ‘സാമുദായിക അസന്തുലിതത്വവും’ സൃഷ്ടിച്ചതുമില്ല.
ഭരണമുന്നണിയിൽ മുസ്ലിം ലീഗ് മുഖ്യ ഘടകകക്ഷിയായിരിക്കുമ്പോഴാണ് പൊതുവേ ‘മുസ്ലിം പ്രീണന’ ആരോപണം വ്യാപകമാവാറ്. എസ്.എൻ.ഡി.പി, എൻ.എസ്.എസ് കക്ഷികൾക്ക് എന്തെങ്കിലും അവിഹിതമായി നേടാനുള്ളതിന് മുന്നോടിയായിട്ടാണ് ഇത് സജീവമാകാറുള്ളത് എന്നതാണ് അനുഭവം. അടിസ്ഥാനരഹിത ആരോപണങ്ങൾ ഉന്നയിച്ച് ഭൂരിപക്ഷ സമുദായം അസംതൃപ്തരാണെന്ന പ്രതീതി സൃഷ്ടിച്ച് സർക്കാറിനെ ഇമോഷനൽ ബ്ലാക്ക്മെയിൽ ചെയ്യുന്ന രീതിയാണിത്. മുഖ്യമന്ത്രിയും മറ്റു മന്ത്രിമാരും പെരുന്നയിലും കണിച്ചുകുളങ്ങരയിലും പറന്നെത്തി അടുത്ത കാബിനറ്റിൽ ഇക്കൂട്ടരുടെ ഉദ്ദിഷ്ട കാര്യം പാസാക്കി കൊടുക്കുന്നതുവരെ ഇതുതുടരും. ഇതുവഴി അവിശ്വസനീയമായ അവിഹിത നേട്ടങ്ങൾ തന്നെ ഇവരൊക്കെ കൈയടക്കി. സംസ്ഥാന ബജറ്റിൽവരെ ഫണ്ട് വകയിരുത്തിക്കൊടുത്ത വിചിത്ര സംഭവത്തിന് ഇക്കഴിഞ്ഞ വർഷം കേരളം സാക്ഷിയായി. നഗരഹൃദയത്തിൽ സെൻറിന് കോടിയിലേറെ വിലയുള്ള ഭൂമി സർക്കാറിൽ നിന്നു സൗജന്യമായി പതിച്ചുവാങ്ങുക, ഉന്നത വിദ്യാഭ്യാസ രംഗത്തും പൊതുവിദ്യാഭ്യാസ രംഗത്തും ഡസൻ കണക്കിന് സ്ഥാപനങ്ങളുടെയും നൂറുകണക്കിന് തസ്തികകളുടെയും മുടങ്ങിക്കിടക്കുന്ന നിയമനാംഗീകാരം അവിഹിതമായി നേടിയെടുക്കുക, പെരുന്നയിലെയും കണിച്ചുകുളങ്ങരയിലെയും നേതാക്കന്മാരുടെ കൽപന പ്രകാരം സർക്കാറിന്റെ താക്കോൽ സ്ഥാനങ്ങളിൽ നിയമനം നൽകുക തുടങ്ങിയ ഒരു ബഹുതല ഗുണഭോക്തൃ അഭ്യാസമാണ് കുറച്ചു കാലമായി നടന്നുവരുന്നത്.
ആനുകൂല്യങ്ങൾ കാക്ക കൊത്തിക്കൊണ്ടുപോകുന്നതുകണ്ട് ഇളിഭ്യരായി ഇരിക്കാനാണ് കാക്കാമാരുടെ നിയോഗം. അവർക്ക് ആകെയുള്ളത് വഖഫ് ബോർഡും ഹജ്ജ് കമ്മിറ്റിയും.
യു.ഡി.എഫ് കാലവും വിട്ട് ഇപ്പോൾ ഇടതു ഭരണത്തിലും മുസ്ലിംകൾ അവിഹിത നേട്ടങ്ങളുണ്ടാക്കുന്നു എന്നാണ് ദുരാരോപണം. 2015 നവംബറിൽ കോഴിക്കോട് അഴുക്കുചാലിൽ വീണ ഇതര സംസ്ഥാന തൊഴിലാളികളായ നരസിംഹന്റെയും ഭാസ്കർ റാവുവിന്റെയും ജീവൻ രക്ഷിക്കാൻ എടുത്തുചാടി ജീവഹാനി സംഭവിച്ച ഓട്ടോറിക്ഷ തൊഴിലാളി നൗഷാദിന് നൽകിയ മരണാനന്തര ധനസഹായത്തിൽപോലും ജാതി കണ്ടെത്തിയ വെള്ളാപ്പളി നടേശനാണ് ഇപ്പോഴും വിദ്വേഷ പ്രചാരണവുമായി മുന്നിലുള്ളത്.
പ്രീണിപ്പിച്ച് പ്രീണിപ്പിച്ച് മുസ്ലിം സമുദായത്തെ ഇരുമുന്നണികളും എവിടെ കൊണ്ടെത്തിച്ചു എന്ന കണക്കു പരിശോധിക്കാം. ഐക്യകേരളം പിറവിയെടുത്ത് ആറര പതിറ്റാണ്ടിനുള്ളിൽ ഇവിടെ 48 ചീഫ് സെക്രട്ടറിമാർ ഉണ്ടായി. അതിൽ ഒരാൾ പോലും കേരളത്തിലെ മുസ്ലിം സമുദായത്തിൽനിന്ന് നിയമിക്കപ്പെട്ടിട്ടില്ല.
രണ്ട് കേന്ദ്ര സർവകലാശാലകൾക്ക് പുറമെ സംസ്ഥാനത്ത് 14 സർവകലാശാലകളാണ് യു.ജി.സിയുടെയും സംസ്ഥാന സർക്കാറിന്റെയും നിയമന നിയന്ത്രണത്തിൽ പ്രവർത്തിക്കുന്നത്. സംസ്ഥാനത്തെ മിക്കവാറും എല്ലാ പ്രധാന സമുദായങ്ങൾക്കും ഈ സർവകലാശാലകളുടെ വൈസ് ചാൻസലർമാരായി വേണ്ടതിലധികം പ്രാതിനിധ്യം ലഭിച്ചപ്പോൾ മുസ്ലിം സമുദായത്തിൽനിന്ന് ഒരാൾ പോലും ഇപ്പോൾ ഈ പദവിയിൽ ഇല്ല. കുറച്ചുമുമ്പ് പുതുതായി രൂപവത്കരിക്കപ്പെട്ട സർവകലാശാലയിൽ ഒരു മുസ്ലിം അക്കാദമീഷ്യനെ നിയമിച്ചപ്പോൾ സാക്ഷാൽ വെള്ളാപ്പള്ളി തന്നെ നിലവിളിച്ചു, സർവകലാശാലകളിലും ജിഹാദികൾ എത്തുന്നു എന്ന്.
സംസ്ഥാനത്ത് രണ്ട് ഡസനിൽ അധികം സ്റ്റാറ്റ്യൂട്ടറി കമീഷനുകൾ ഇപ്പോൾ നിലവിലുണ്ട്. 150ലേറെ പേരാണ് ഇത്തരം കമീഷനുകളിൽ ചെയർമാനും അംഗങ്ങളുമായി പ്രവർത്തിച്ചുവരുന്നത്. ഇതിൽ വെറും നാലുപേരാണ് മുസ്ലിം സമുദായത്തിൽനിന്ന് നിയമിക്കപ്പെട്ടത്. മിക്കവാറും കമീഷനുകളിൽ ഇവർക്ക് യഥാക്രമം ചീഫ് സെക്രട്ടറി, പ്രിൻസിപ്പൽ സെക്രട്ടറി പദവികളും അതിനനുസരിച്ച ശമ്പളവും മറ്റ് ആനുകൂല്യങ്ങളും ലഭിച്ചു വരുന്നു. മറ്റു പല സംസ്ഥാനങ്ങളിലും സമാന സ്വഭാവത്തിലുള്ള ചില കമീഷനുകളിലെ ചെയർമാനും അംഗങ്ങൾക്കും വെറും സിറ്റിങ് അലവൻസ് മാത്രമാണ് നൽകാറുള്ളത്. എന്നാൽ, സാമ്പത്തികമായി കുത്തുപാളയെടുത്ത കേരളം ചെലവ് നിയന്ത്രണത്തിന്റെ ഭാഗമായിപ്പോലും ഈ പണംതീനി കമീഷനുകൾക്ക് സാമ്പത്തിക അച്ചടക്കം കൊണ്ടുവന്നിട്ടില്ല. പലപ്പോഴും സർവിസിൽ നിന്ന് വിരമിച്ച ഉന്നത ഉദ്യോഗസ്ഥർക്കു പുനർനിയമനവും തോറ്റ എം.എൽ.എമാരെയും ഭരണകക്ഷിയോട് ആഭിമുഖ്യമുള്ള രാഷ്ട്രീയക്കാരെയും മറ്റും കുടിയിരുത്താനുള്ള ഇടമായിക്കൂടി ഇടത്-വലത് കക്ഷികൾ ഇതിനെ മാറ്റിയിട്ടുണ്ട്.
ഇനി, സംസ്ഥാന മന്ത്രിസഭയിലേക്ക് വരാം. ഇരുപത് അംഗ മന്ത്രിസഭയിൽ ജനസംഖ്യാനുപാതികമായി കുറഞ്ഞത് ആറു പേരെങ്കിലും വരേണ്ടതാണ്. രണ്ടുപേരാണ് മുസ്ലിം സമുദായത്തെ പ്രതിനിധാനംചെയ്ത് ഇപ്പോൾ കാബിനറ്റിലുള്ളത്. ഈ മന്ത്രിമാർക്ക് എല്ലാവർക്കും കൂടി 489 പേഴ്സനൽ സ്റ്റാഫ് ഉണ്ടെന്നാണ് ഔദ്യോഗിക കണക്ക്. ഇതിൽ മുസ്ലിംകളെ ‘സദാ പ്രീണിപ്പിക്കുന്ന’ പിണറായി വിജയന്റെ ഓഫിസിൽ കയറി നോക്കുക, പ്രൈവറ്റ് സെക്രട്ടറി മുതൽ അഡീഷനൽ സെക്രട്ടറി വരെയുള്ള ഉന്നത തസ്തികകളിൽ മാത്രം 14 പേരുണ്ട്. അതിൽ ഏറ്റവും കുറഞ്ഞ റാങ്കായ അഡീഷനൽ സെക്രട്ടറിയുടെ അടിസ്ഥാന ശമ്പളം 1,23,700 രൂപയാണ്, മറ്റ് ആനുകൂല്യങ്ങൾ പുറമേ. ഇതിൽ ഒരാൾ പോലും മുസ്ലിം സമുദായത്തിൽനിന്ന് ഇല്ല. സമാന തസ്തികകളിൽ മാത്രം മറ്റ് 20 മന്ത്രിമാരുടെ ഓഫിസുകളിൽ ശരാശരി നൂറിലധികം പേരുണ്ട്. കുറ്റം പറയരുതല്ലോ, മുസ്ലിം സമുദായത്തിൽനിന്ന് ഈ ഓഫിസുകളിൽ രണ്ടുപേരുണ്ട്.
130ലധികം വരുന്ന പൊതുമേഖല സ്ഥാപനങ്ങളിൽ മുസ്ലിം സമുദായത്തിൽ നിന്നുള്ള ചെയർമാന്മാരുടെയും എം. ഡിമാരുടെ എണ്ണവും ഒറ്റ അക്കത്തിലൊതുങ്ങുന്നു. സി.പി.എം. നേതൃത്വം കൊടുക്കുന്ന ഇടതുമുന്നണിയിലെ 99 എം.എൽ.എമാരിൽ 15 പേരാണ് മുസ്ലിം സമുദായത്തിൽ നിന്നുള്ളത്. കോൺഗ്രസ് ആകട്ടെ എപ്പോഴും മുസ്ലിം പ്രാതിനിധ്യം മുസ്ലിം ലീഗിന്റെ അക്കൗണ്ടിൽ മാത്രം ടാലി ചെയ്യാനാണ് ശ്രമിച്ചുവരുന്നത്.
പ്രാതിനിധ്യ ജനാധിപത്യത്തിൽനിന്ന് ഈ സമുദായത്തെ മാറ്റിനിർത്താനുള്ള ബോധപൂർവമായ ശ്രമം തന്നെയാണിത്. ഇടത്, ഐക്യമുന്നണികൾ മുസ്ലിംകളെ കേവലം വോട്ടർമാരായി മാത്രം ഉപയോഗിച്ചുവരുന്ന പൊതുരീതി കൂടി ഇവിടെയുണ്ട്. നിയമനിർമാണ സഭകളിലും ഭരണനിർവഹണ രംഗത്തും നീതിന്യായ കോടതികളിലുമൊക്കെയുള്ള മുസ്ലിം പ്രാതിനിധ്യക്കുറവിന്റെ വിവരണത്തിന് ഒരു നെടുനീളൻ പട്ടിക തന്നെ വേണ്ടിവരും. എന്നിട്ടും മുസ്ലിം പ്രീണനത്തെക്കുറിച്ചുള്ള അപക്വമായ പ്രസ്താവനകൾക്കുനേരെ സർക്കാർ മൗനം ഭജിക്കുന്നത് അത്യാപത്കരമായ രാഷ്ട്രീയ നയമാണ്.
(മുസ്ലിം എംപ്ലോയീസ് കൾചറൽ അസോസിയേഷൻ-മെക്ക സംസ്ഥാന പ്രസിഡന്റും സംസ്ഥാന ന്യൂനപക്ഷ ക്ഷേമ വകുപ്പ് മുൻ ഡയറക്ടറുമാണ് ലേഖകൻ)
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.