നീരജ് ചോപ്രക്കൊപ്പം ലേഖകൻ

(ഫയൽ ചിത്രം)

2014 നവംബർ അവസാന വാരം.ദേശീയ ജൂനിയർ അത്‌ലറ്റിക് ചാമ്പ്യൻഷിപ് ജയവാഡയിലെ ഇന്ദിരഗാന്ധി സ്റ്റേഡിയത്തിൽ പൊടിപൊടിക്കുന്നു. വർഷങ്ങളായി കേരളത്തിന്റെ ഓവറോൾ ആധിപത്യത്തിന് ഹരിയാന, പ്രത്യേകിച്ച് ആൺകുട്ടികളുടെ ടീം ഭീഷണിയാകുന്ന കാലം. വിജയവാഡയിൽ കേരളം പക്ഷേ ജേതാക്കളായി. പി.യു. ചിത്രയും ജിസ്ന മാത്യുവും ശ്രീശങ്കറുമെല്ലാം കേരളത്തിന്റെ പ്രതീക്ഷകൾ കാത്തു.

പതിവുപോലെ, ഞങ്ങൾ മലയാള മാധ്യമ പ്രവർത്തകർ വിജയവാഡയിലും സജീവമായിരുന്നു. ദേശീയ ജൂനിയർ മീറ്റിലും സ്കൂൾ മീറ്റിലും മത്സരങ്ങളിൽ ഞങ്ങൾക്ക് താൽപര്യം കേരളത്തിന്റെ വിജയമാണ്. പിന്നെ, മറ്റ് സംസ്ഥാനങ്ങൾക്ക് വേണ്ടി മികച്ച പ്രകടനം നടത്തിയവരെക്കുറിച്ച് വാർത്ത ചെയ്യും. പ്രോക്സിമിറ്റി എന്ന സാധനം ജേണലിസത്തിൽ പ്രധാനമാണല്ലോ. അസാധാരണ മികവുപുലർത്തുന്ന ഇതര സംസ്ഥാന താരങ്ങളെക്കുറിച്ചും എഴുതാറുണ്ട്. പത്രത്തിലെ സ്ഥലപരിമിതിയും വിഷയമാണ്. ഏതായാലും ഹരിയാനയിലെ ചില താരങ്ങളുടെ ഗംഭീര പ്രകടനം കേരള ക്യാമ്പിലും ചർച്ചയായെന്ന് തോന്നുന്നു. ടീമിനൊപ്പമുള്ള പരിശീലകരിലും പരിശീലകമാരിലും ചിലർ അടക്കം പറഞ്ഞു, ഹരിയാനയിലെ പയ്യന്മാർ ഉഡായിപ്പാണെന്ന്.

ചിന്തിച്ചപ്പോൾ ദൃഷ്ടാന്തമുണ്ട്. 2011ൽ റാഞ്ചി മീറ്റിൽ പ്രായ തട്ടിപ്പിൽ ഹരിയാനക്കാർ പിടിക്കപ്പെട്ടതും ബിർസ മുണ്ട സ്റ്റേഡിയത്തിൽ സുരക്ഷസേനയോടുവരെ അലമ്പുണ്ടാക്കിയതും ഓർമ വന്നു. എന്താണ് ഹരിയാനക്കാരെക്കുറിച്ച് വിജയവാഡയിൽ സംശയം തോന്നാൻ കാരണം? അത്യുഗ്രൻ പ്രകടനമാണ് പലരുടേതും. ഏറ്റവും ഗംഭീരം അണ്ടർ 18 ജാവലിൻ ത്രോയിൽ ഒരു പയ്യന്റെ ഏറായിരുന്നു. 76.50 മീറ്റർ എറിഞ്ഞ് അവൻ റെക്കോഡിട്ടു. 700 ഗ്രാമാണ് അണ്ടർ 18 വിഭാഗം ജാവലിന്റെ ഭാരം. സീനിയർ വിഭാഗത്തിൽ (അണ്ടർ 20) 800 ഗ്രാമും. ഈ വിഭാഗത്തിൽ ഒന്നാമനായ ഗുജറാത്തുകാരൻ ബീരേന്ദ്ര സിങ് 70.76 മീറ്റർ മാത്രമാണ് എറിഞ്ഞത്.

കാര്യങ്ങൾ ഇത്രയായ സ്ഥിതിക്ക് ഹരിയാനക്കാരുടെ പ്രകടനത്തിൽ പ്രായതട്ടിപ്പും ഉത്തേജകവുമെല്ലാം സംശയിച്ചു. ഹരിയാന താരങ്ങളെയും കോച്ചുമാരെയും സമീപിച്ചു. പയ്യന്മാരോട് പ്രായം ചോദിച്ചു. പലരും ഒഴിഞ്ഞു മാറി. ഞങ്ങൾ ആ ‘അന്വേഷണാത്മക പത്രപ്രവർത്തനം’ അവിടെ അവസാനിപ്പിച്ചു.

അന്ന് റെക്കോഡിട്ട പയ്യനും ആ കൂട്ടത്തിലുണ്ടായിരുന്നു. നീരജ് ചോപ്ര എന്നായിരുന്നു അവന്റെ പേര്. മഹാന്മാരായ കായിക താരങ്ങളുടെ അമാനുഷിക നേട്ടങ്ങൾ കണ്ടപ്പോൾ എതിരാളികൾക്ക് മുമ്പും സംശയമുയർന്നിരുന്നു. ധ്യാൻചന്ദിന്റെ സ്റ്റിക്കിൽ പന്ത് ഒട്ടിപ്പിടിക്കുന്നതായി എതിർ ഹോക്കി താരങ്ങൾ ആരോപിച്ചതായി കേട്ടിട്ടുണ്ട്. നീരജിന്റെ കുതിപ്പിന്റെ തുടക്കമായിരുന്നു വിജയവാഡ മീറ്റ്. നീരജ് വിജയവാഡയിൽ കുറിച്ചത് മീറ്റ് റെക്കോഡിനുമപ്പുറം അണ്ടർ 18 ആൺകുട്ടികളുടെ പുതിയ ദേശീയ റെക്കോഡ് കൂടിയായിരുന്നു. ഈ നേട്ടം പക്ഷേ, അന്ന് സംഘാടകർ പരിഗണിച്ചില്ല. അത്രയൊന്നും മികവുപുലർത്താത്ത ഷോട്ട്പുട്ട് താരത്തിനായിരുന്നു മികച്ച താരത്തിനുള്ള പുരസ്കാരം.

പ്രതിഭയുടെ പൊൻതിളക്കത്തിൽ കളങ്കമില്ലാതെ മുന്നേറുന്ന നീരജിന്റെ മത്സരങ്ങൾ പിന്നെയും റിപ്പോർട്ട് ചെയ്യാൻ അവസരമുണ്ടായി. ഏഷ്യൻ അത്‌ലറ്റിക് ചാമ്പ്യൻഷിപ്പും സൗത്ത് ഏഷ്യൻ ഗെയിംസും. രണ്ടിടത്തും റെക്കോഡോടെയായിരുന്നു സ്വർണം. 2017ൽ ഭുവനേശ്വറിൽ നടന്ന ഏഷ്യൻ ചാമ്പ്യൻഷിപ്പിന്റെ പിറ്റേന്ന് ഒഡിഷ മുഖ്യമന്ത്രി നവീൻ പട്നായിക് പത്തുലക്ഷം രൂപ വീതം സ്വർണമെഡൽ ജേതാക്കൾക്ക് സമ്മാനിച്ചിരുന്നു. ഒരു മുഖ്യമന്ത്രിയുടെ അഭിനന്ദനവും കാഷ് അവാർഡും ആദ്യമായായിരുന്നു നീരജിന് കിട്ടിയത്. ഭാവിയിലെ പരിശീലനത്തിന് ഈ തുക ചെറിയ കൈത്താങ്ങാകുമെന്നും സൂപ്പർ താരം അഭിപ്രായപ്പെട്ടിരുന്നു. പി.ടി. ഉഷയെയും അഞ്ജു ബോബി ജോർജിനെയും ഏറെ ആരാധിക്കുന്ന നീരജ് ചോപ്രയുടെ നേട്ടത്തിന് സാക്ഷിയായി അഞ്ജുവും ഇന്ത്യൻ സംഘത്തിലുണ്ടായിരുന്നു. ഒളിമ്പിക്, ലോക ചാമ്പ്യൻഷിപ് നേട്ടങ്ങളും കടന്ന് നീരജ് ഇന്ത്യയുടെ കായിക അടയാളമായി കാലം അടയാളപ്പെടുത്തും.

l

Tags:    
News Summary - National Junior Athletic Championship

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-11-14 01:21 GMT